http://www.cyberjalakam.com

ജാലകം

Tuesday, June 14, 2011

ഒരു അമ്മിഞ്ഞക്കൊതിയന്റെ കഥ ....ഒരു ഇടയന്റെയും

അതിരാവിലെ മൊബൈല്‍ ചിലച്ച കേട്ടു നോക്കിയപ്പോള്‍ തറവാട്ടില്‍ നിന്നാണ് വിളി
.
"മോനെ അമ്മയാ ..നീ എണീറ്റായിരുന്നോ? നീ പറഞ്ഞ പോലെ നന്ദിനി രാത്രി തന്നെ പെറ്റൂട്ടോ..നെറ്റീല് ചുട്ടിയൊള്ള ഒരു കാള കുട്ടി"

എനിക്കതിശയമായി. ഇന്നലെ ഞാന്‍ പറഞ്ഞതായിരുന്നു " അമ്മേ പശു ഇന്ന് പ്രസവിക്കുംന്നു തോന്നണൂട്ടോ.. രാത്രിയാവാനും മതി, കുറച്ചു പയ്തൊണ്ടി വെട്ടി വെച്ചോളൂ അകിടൊക്കെ ചുരന്നിരിക്കിണ്, വയറും ഇടിഞ്ഞേണ്ട് "

ഇന്നലെ തറവാട്ടില്‍ ചെന്ന് അമ്മയേം കൂട്ടി ഷോപ്പിങ്ങിനു പോയപ്പോഴായിരുന്നു പറഞ്ഞത്. അത് കൊണ്ട് അമ്മ എന്റെ വീട്ടിലേക്കു വരാതെ തറവാട്ടിലേക്ക് ദൃതിയില്‍ മടങ്ങുകയായിരുന്നു.

അമ്മക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ ഞാനും അമ്മയും കൂടി തനിച്ചാണ് പോവുക. ഞങ്ങള്‍ മാത്രമായുള്ള യാത്രകള്‍ അമ്മയെ വല്ലാതെ സന്തോഷിപ്പിക്കുന്നുന്ടെന്നു എനിക്കറിയാം. അത്തരം യാത്രകളില്‍ ഞാന്‍ ഒരു ഭര്‍ത്താവും, അച്ഛനും, അല്ലാതാകുന്നു. അമ്മയുടെ മകന്‍ മാത്രമാകുന്നു.

ചിലപ്പോള്‍ ഭാര്യയേയും, മക്കളെയും എല്ലാം ഒഴിവാക്കി തറവാട്ടില്‍ തനിച്ചു തങ്ങുന്ന ശീലവും എനിക്കുണ്ട് . അപ്പോള്‍ ഞാന്‍ ബാല്യത്തിലേക്ക് , കൌമാരത്തിലേക്ക് ,യൌവനാരംഭത്തിലേക്ക് ഒരു മനോയാനമിറക്കും. എന്റെ മുറിയില്‍ ഞാന്‍ വായിച്ചതും, പഠിച്ചതുമായ പുസ്തകങ്ങള്‍ , ഞാന്‍ സ്വപ്നങ്ങള്‍ കണ്ടുറങ്ങിയ എന്റെ പഞ്ഞി കിടക്കയും,തലയണയും.

ബുക്ക്‌ ഷെല്‍ഫില്‍ ഉറങ്ങുന്ന പുസ്തക കൂമ്പാരങ്ങള്‍ല്ക്കിടയില്‍ ഓരോ അധ്യയന കാലഘട്ടങ്ങളുടെയും പര്യവസാനങ്ങളില്‍ കുറിക്കപ്പെട്ട കുറെ ഓട്ടോ ഗ്രാഫുകള്‍
ഗതകാലസ്മരണകളിലേക്ക് പൊന്‍വളയിട്ട കൈകളാല്‍ കൈതപ്പൂമണം തൂകി എന്നെ വരവേല്‍ക്കും.

വേര്‍പാടിന്റെ, വിരഹത്തിന്റെ, തിരിച്ചറിയാനാകാതെ പോയ വികാരങ്ങളുടെ, തിരിച്ചറിഞ്ഞിട്ടും അന്യോന്യം തുറന്നു പറയാന്‍ ധൈര്യമില്ലാതെ പോയ മോഹങ്ങളുടെ , തീവ്രസൌഹൃദങ്ങളുടെ എല്ലാം തിരുശേഷിപ്പുകളായി   കുറെ ഓട്ടോ ഗ്രാഫുകള്‍. അവ എത്ര ഹൃദ്യമാണ്.

രണ്ടോ അതിലേറെയോ മുതിര്‍ന്ന കുട്ടികളുടെ അമ്മയോ അപൂര്‍വ്വം ചിലരെങ്കിലും അമ്മൂമ്മയോ ആയിട്ടുള്ള ഹൃദയങ്ങളുടെ കൌമാരകാല തുടിപ്പുകളും, നിശ്വാസങ്ങളും ഉണ്ടതില്‍. ചിലരുടെ സഹോദരീ തുല്യമായ സ്നേഹവും വിസ്മരിക്കാവുന്നതല്ല. 


തൊടിയില്‍ ഞാന്‍ നട്ടു വളര്‍ത്തിയ ചെടികളും  മരങ്ങളും .എല്ലാത്തിനും വാചാലമായ കഥകളുണ്ട് . സൌഹൃദങ്ങളുടെ , പ്രണയത്തിന്റെ , രതിയുടെ, ഭക്തിയുടെ അങ്ങനെ വിവിധ വികാര വിചാരങ്ങളുടെ പ്രവാഹമാണ് . അത് തനിച്ചു തന്നെ ആസ്വദിക്കണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ട് .

അടുക്കള വശത്തു നില്‍ക്കുന്ന മരുന്ന് ചെമ്പരത്തി കുംബകപ്പിള്ളിയിലെ നളിനാക്ഷി വല്യമ്മ കൂവപ്പടിയില്‍ നിന്നും കൊണ്ട് വന്നതാണ് . എനിക്ക് കഷായം ഉണ്ടാക്കാന്‍.

തൊഴുത്തിനടുത്തു നില്‍ക്കുന്ന പനിനീര്‍ച്ചാമ്പ ബിരുദ പഠനകാലത്തെ പ്രണയിനി സമ്മാനിച്ചതാണ്‌.  വടക്ക് വശത്തു നില്‍ക്കുന്ന മഹാഗണി ഞാനും അനിയനും കൂടി നട്ടതാണ്.

കിഴക്കേ പറമ്പിലെ ഇരുമ്പന്‍പുളി ചുവട്ടിലായിരുന്നു എന്റെ അവധിക്കാല പഠനങ്ങള്‍.

സര്‍പ്പക്കാവിനടുത്തുള്ള അത്തിമര ചുവട്ടില്‍ വെച്ചാണ് എന്റെ ബാല്യകാലസഖി കൌമാരത്തിലേക്കോടിയൊളിച്ചത് .

തോട്ടിറമ്പിലുള്ള കരിമ്പനയോലകള്‍ക്കും, ആമ്പല്‍ കുളത്തിനും , കുടപ്പനകള്‍ക്കും, ഈറ്റക്കാടിനും  സംവദിക്കാന്‍ നിറം മങ്ങാത്ത, സുഗന്ധം മായാത്ത എത്രയോ സ്മരണകള്‍.

"പിന്നെ മോനെ മറൂളയും പെറ്റൂന്നു തോന്നണു, ഞാന്‍ അങ്ങട്ട് ചെല്ലട്ടെ ..അല്ലേല്‍ പശുവെങ്ങാനും തിന്നു കളഞ്ഞാലോ ...നീയെപ്പഴാ വര്വാ ...."

"ഞാന്‍ എഴുന്നേല്‍ക്കുന്നതേ  ഒള്ളു അമ്മേ , ഇനീപ്പോ ഇതറിഞ്ഞാ കുട്ടികളും കൂടെ വരണ്ടാവും , അവള്‍ ഇന്ന് ലീവാണോ എന്നറിയില്ല. ഞാന്‍ സമയം പോലെ അങ്ങോട്ടെത്തിക്കോളാം."

എനിക്ക് തിടുക്കമായി. വെക്കേഷന് എത്തിയ ദിവസം തറവാട്ടിലായിരുന്നു താമസം. പിന്നെ ഇടയ്ക്കിടെ പോക്കും വരവും ആയി ദിവസങ്ങള്‍ പോയി. ആദ്യ ദിവസത്തില്‍ നന്ദിനിപ്പശു  അടുപ്പം കാണിച്ചതേയില്ല. മൂന്നു വര്‍ഷമായി അവള്‍ വീട്ടിലെ അംഗമായിട്ട്.

എന്റെ പ്രവാസ ജീവിതത്തിനിടക്ക്  വന്നത് കൊണ്ട് ഞങ്ങള്‍ തമ്മില്‍ വല്യ പരിചയം ആയിട്ടില്ല .  പക്ഷെ രണ്ടാമത്തെ ദിവസം തന്നെ നന്ദിനിയെ മെരുക്കിയെടുത്തു. എന്നോടിണങ്ങാത്ത ആടുമാടുകളില്ല എന്നുള്ള ആത്മ വിശ്വാസമായിരുന്നു അതിനു പിന്നില്‍.

ഞാനൊരു ഇടയനായിരുന്നു.ആടുകളും, പശുക്കളും കൂത്താടിതിമിര്‍ക്കുന്ന ഓര്‍മ്മകളുടെ വര്‍ണ്ണാഭമായ ഒരു പട്ടു കമ്പളം ചുരുളഴിഞ്ഞു നീണ്ടു നിവരാന്‍ തുടങ്ങി.

ശൈശവത്തില്‍ ഓര്‍മകളില്‍ പതിഞ്ഞ ആദ്യ ശബ്ദങ്ങളില്‍ പ്രധാനപ്പെട്ടത് തൈര് കലക്കുന്ന ശബ്ദമായിരുന്നു. അത് കേട്ടാണ് ഞാന്‍ ഉണര്‍ന്നു വരുന്നത് തന്നെ. തെക്കിനിയില്‍ ഒരു തൂണിനോട് ചേര്‍ന്ന് അച്ഛമ്മ ഒരു വലിയ പലകയിലിരുന്നു തൈര് കലക്കുന്നുണ്ടാവും. വലിയ കലത്തില്‍ കടകോലു തിരിഞ്ഞു കളിക്കും.ചെറിയ തിരമാലകള്‍ നുരയും. കടകോലിന്മേല്‍ കയറുരഞ്ഞുരഞ്ഞു ധാരാളം പാടുകള്‍.

"കുട്ടാ നീ തേവരെ തൊഴുതു, വായും കഴുകി വരൂ " അച്ഛമ്മയുടെ സ്ഥിരം പല്ലവി
അറവാതിലിനു  മുന്‍പില്‍ നിലവിളക്ക് തെളിയിച്ചിട്ടുണ്ടാവും. അത് തൊഴുതു വായും, മുഖോം കഴുകി വന്നാല്‍ പിന്നെ അച്ഛമ്മയുടെ മടിയിലാണ് ഇരിപ്പ് . അച്ഛമ്മ തൈര് കലക്കികൊണ്ടേയിരിക്കും.

തൈര് മോരായി തുള്ളി കളിക്കുന്ന താളം കേട്ടു ചിലപ്പോള്‍ വീണ്ടും ഉറക്കം വരും. അച്ഛമ്മയുടെ വെളുത്ത റൌക്കയുടെ ഇടയിലൂടെ ചൂടുള്ള അമ്മിഞ്ഞയിലേക്ക് മുഖം പൂഴ്ത്തി ഉറങ്ങാന്‍ ശ്രമിക്കും .
അച്ഛമ്മ ഇക്കിളി പൂണ്ടിട്ടു ദേഷ്യപ്പെടുന്നതായി ഭാവിക്കും. "എണീക്ക് ചെക്കാ നാണമില്ലാതെ ... അമ്മിഞ്ഞ കുടിച്ചു ചെക്കന് പൂതി മാറീട്ടില്ല, അതെങ്ങിനെ കുട്ട്യോള്‍ക്ക് മതിയാവും വരെ മുലകൊടുക്കണ്ടേ .."   അത് അമ്മക്കിട്ടുള്ള ഒരു ഒളിയമ്പാണ് . 

അനിയനും ഞാനും തമ്മില്‍ രണ്ടു വയസ്സിന്റെ മാറ്റമേ ഒള്ളു. അത് കൊണ്ട് തന്നെ എന്റെ മുലകുടി കാര്യമായി നടന്നില്ല. അനിയന്റെ പ്രസവിക്കാന്‍ അമ്മ ആശുപത്രിയില്‍ പോയപ്പോള്‍ വരുന്നതും നോക്കി കാത്തിരിക്കുകയായിരുന്നു. മുലകുടിക്കാന്‍ . അമ്മ വന്നതറിഞ്ഞ് ഓടി എത്തിയപ്പോള്‍ അതാ കട്ടില്‍ അമ്മയുടെ കൂടെ വേറെ ഒരു സാധനം . അതും എനിക്കവകാശപ്പെട്ട മുലയും കുടിച്ചു കൊണ്ട്.

അന്ന് കരഞ്ഞു കൊണ്ട് അച്ഛമ്മയുടെ കൂടെ കൂടിയതാണ് .
പിന്നെ കുറെക്കാലം അച്ഛമ്മയുടെ മാറിലെ ചൂടേറ്റു കിടന്നു. പാല്‍ വറ്റിയ അമ്മിഞ്ഞ നുണഞ്ഞുറങ്ങി.   

മോരും വെണ്ണയും വേര്‍പെടുമ്പോള്‍ അതീവ ശ്രദ്ധയോടെ പഴുത്ത പ്ളാവില കൊണ്ട് അച്ഛമ്മ വിദഗ്ദമായി വെണ്ണ വേര്‍തിരിച്ചെടുക്കും. പിന്നെ രണ്ടു കയ്യിലും കുറച്ചു വെണ്ണ കഴിക്കാന്‍ തരും. ചെറിയ പുളിരസമുള്ള നറുവെണ്ണ. പിന്നെ കുറച്ചു തീരെ പുളിയില്ലാത്ത മോരും കുടിച്ചു കൊണ്ടാണ് അന്നെന്റെ ദിവസങ്ങള്‍ ആരംഭിക്കുന്നത് തന്നെ.

അമ്മ അടുക്കളയില്‍ എന്തേലും തിരക്കിലാവും. " ഇന്നും ഉണ്ടായീലോ നിന്റെ അച്ഛമ്മക്ക്‌ ഇന്റെ മേല് ഒരു കുറ്റം കണ്ടു പിടിക്കാന്‍. നിനക്കേ ദീനം വന്നിട്ട് നീയുണ്ടായി മുപ്പതാം ദിവസം കഷായക്കാലം അടുപ്പത് കേറ്റീതാ. പിന്നെ നാലാം വയസ്സിലാ അത് താഴെ ഇറക്കീത്. ഈ തൊടീലൊള്ള ഇക്കണ്ട പച്ച മരുന്നെല്ലാം അതിനു വേണ്ടി നട്ടു പിടിപ്പിച്ചതാ.

മുലപ്പാല് അധികം കൊടുക്കരുതെന്ന് വൈദ്യന്‍ പറഞ്ഞിട്ടാ നിന്റെ മുലകുടി കുറച്ചത് . അതിനെ എന്നെ കുറ്റം പറഞ്ഞിട്ടെന്താ കാര്യം. ഇഷ്ടല്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം. അത്ര തന്നെ . എന്നാപ്പിന്നെ  അവരോടു തരാന്‍ പറ.

"അച്ഛാ ഞങ്ങള്‍ റെഡി , നമുക്ക് പോകാം" മക്കള്‍ രണ്ടു പേരും റെഡിയായി , ഭാര്യ വരുന്നില്ല .

"അതേ തറവാട്ടില്‍ പശു പ്രസവിച്ചൂന്നു പറഞ്ഞു എനിക്ക് ലീവെടുക്കാന്‍ പറ്റില്ല. അല്ലേല്‍ തന്നെ മൊത്തം ലീവെടുക്കലാ. " (ആത്മഗതം ..അല്ലേല്‍ ഇവള്‍ ജോലിക്ക് പോയിട്ടല്ലേ കുടുംബം നടത്തുന്നത്. ഇവള്‍ ഓഫീസില്‍ ചെന്നില്ലേല്‍ അവിടെ എന്ത് സംഭവിക്കാന്‍ , കൂടുതല്‍ എന്തേലും പറഞ്ഞാല്‍ എന്നാല്‍ പിന്നെ നിങ്ങള്‍ എന്നേം കുഞ്ഞുങ്ങളേം  അങ്ങോട്ട്‌ കൊണ്ട് പോ എന്ന് പറയും , പിന്നെ വെകേഷന്‍ ദിവസങ്ങള്‍ സന്തോഷകരമാകണമെങ്കില്‍ ചിലതെല്ലാം കണ്ടില്ല കേട്ടില്ല എന്ന് നടിക്കേണ്ടി വരും )

തറവാട്ടില്‍ പോകുന്ന വഴി അനിയന്റെ വീട്ടില്‍ കയറി അവന്റെ കുട്ടികളെയും കൂട്ടി. എല്ലാവരും കൂടി പശുവിന്റെയും, കാളകുട്ടിയുടെയും കൂടെ കൂടി ആകെ ബഹള മയം.

വീട്ടിലെ എല്ലാ കാളകുട്ടികള്‍ക്കും പേര് ഗോവിന്ദന്‍ . പശുക്കള്‍ എല്ലാം നന്ദിനി . ഇടയ്ക്കു കുത്തും തൊഴിയുമായി ഒരു ബഹളക്കാരി നന്ദിനി ഉണ്ടായിരുന്നു.  അവള്‍ക്കു ആ പേര് ചേരാത്തതുകൊണ്ട്‌ അനിയന്‍ മൂരാച്ചി എന്ന് വിളിച്ചു പോന്നു.

ഗോവിന്ദനെ തൊടുന്നതും , അവന്റെ കൂടെ കളിക്കുന്നതും ഒന്നും നന്ദിനിക്ക് അത്ര ഇഷ്ടപ്പെടുന്നില്ല. ഗോവിന്ദന്‍ ആകട്ടെ എല്ലാം പുതുമയാണ്, ഈ ഭൂമിയും , അവന്റെ അമ്മയും, കുട്ടികളും, അവരുടെ കളികളും എല്ലാം., കുറെ ഓടുക പിന്നെ പോയി മുല കുടിക്കുക ..ഇത് തന്നെ പണി ...

" അച്ചമ്മേ ഈ ഗോവിന്ദന്‍ എപ്പോഴും അമ്മിഞ്ഞ കുടി തന്നെ"  മോള്‍ ഉറക്കെ വിളിച്ചു പറയുന്ന കേട്ടു കുട്ടികള്‍ എല്ലാവരും കൂടി ആര്‍ത്തു വിളിച്ചു ..അമ്മിഞ്ഞ ..അമ്മിഞ്ഞ.. 

അമ്മയും കിട്ടിയ അവസരം പാഴാക്കിയില്ല..:" നിന്റെ ഈ ഗള്‍ഫുകാരന്‍ അച്ചനുണ്ടല്ലോ ഒരു അമ്മിഞ്ഞ കൊതിയനായിരുന്നു. എന്റെ അമ്മിഞ്ഞ പോരാഞ്ഞു ഇവനേ.. ഇവന്റെ അച്ചമ്മേടെം മുലകുടിച്ചിട്ടുണ്ട്. പിന്നെ ഈ അടുത്ത വീട്ടിലെ പിള്ളേര്‍ക്ക് അവരുടെ അമ്മമാര്‍ മുല കൊടുക്കുമ്പോള്‍ ഇവന്‍ പോയി കൊതിയോടെ നോക്കി നില്‍ക്കും. അപ്പോള്‍ അവരും പാവം തോന്നി മുല കൊടുക്കും. അമ്പലക്കടവില്‍ കുളിക്കാന്‍ ചെല്ലുമ്പോള്‍ പെണ്ണുങ്ങളുടെ മുല പുറത്തു കണ്ടാല്‍ ഇവന്‍ അപ്പോഴേ കിടന്ഞ്ഞു കാറിച്ച തുടങ്ങും. അമ്മിഞ്ഞ താട്ടെ , അമ്മിഞ്ഞ താട്ടെന്നു പറഞ്ഞോണ്ട്.  ഇപ്പൊ വല്യ ആളായീന്നാ ഇവന്റെ ഭാവം.

ഈശ്വരാ മാനം പോയല്ലോ, അമ്മ ഇങ്ങനെ ഒരു ചതി ചെയ്യും എന്ന് തീരെ കരുതിയില്ല. ഇനി ഇപ്പോള്‍ കുട്ടികള്‍ ഇത് എവിടെയൊക്കെ എത്തിക്കുമോ എന്തോ.

ഭാര്യ ഓഫീസില്‍ പോയത് നന്നായി. അല്ലേല്‍ അവളുടെ വക കഥയും കൂടെ വന്നാല്‍ ..ഹോ ആലോചിക്കാനേ വയ്യ

കുട്ടികള്‍ എന്റെ ചുറ്റും കൂടി വിളി തുടങ്ങി, അമ്മിഞ്ഞ താട്ടെ , അമ്മിഞ്ഞ താട്ടെ .. 

കുട്ടികളുടെ ശ്രദ്ധ തിരിക്കാന്‍ ഞാന്‍ പറഞ്ഞു .." അച്ഛന്‍ ഒരു കഥ പറയാം, അച്ഛന്‍ ഇടയനായിരുന്ന കഥ "
(തുടരണം എന്ന് കരുതുന്നു )

18 comments:

റിനി ശബരി said...

കലക്കി മാഷേ ..
ഗൃഹാതുരത്വത്തിന്റേ നേര്‍ത്ത മുഖം ഈ വരികളിലുണ്ട്
ഞാനുമൊരു അമ്മകൊതിയനാ .. കൂടേ പ്രവാസിയും ..
ഇങ്ങനെയുള്ള വരികള്‍ സാധാരണ ഒരു നനവ് പടര്‍ത്താറുന്റ് ..
പക്ഷേ ഇതു ഒരു ഉണര്‍വാണ് നല്‍കിയത്
എന്റേ അമ്മയുടേ ചാരേ ഓടിചെല്ലാന്‍ വെമ്പി മനസ്സ്
ഈ എഴുത്തിന്‍ ഹൃദയം നിറഞ്ഞ നന്ദീ ..

നികു കേച്ചേരി said...

അപ്പോ നാട്ടിൽ പോയി കണ്ടില്ല കേട്ടില്ലാന്നൊക്കെ വെച്ച് ഇതൊക്കെ കൂടെ കൊണ്ടുപോന്നൂല്ലേ!!!

വീകെ said...

അമ്പടാ.. അമ്മിഞ്ഞക്കൊതിയാ....!!
എപ്പോ എത്തി...?

ചാണ്ടിച്ചൻ said...

"അമ്പലക്കടവില്‍ കുളിക്കാന്‍ ചെല്ലുമ്പോള്‍ പെണ്ണുങ്ങളുടെ മുല പുറത്തു കണ്ടാല്‍ ഇവന്‍ അപ്പോഴേ കിടന്ഞ്ഞു കാറിച്ച തുടങ്ങും"
ഇപ്പോഴും ആ സ്വഭാവത്തിന് മാറ്റം വന്നിട്ടുണ്ടെന്ന് തോന്നുന്നില്ല :-)

"വീട്ടിലെ എല്ലാ കാളകുട്ടികള്‍ക്കും പേര് ഗോവിന്ദന്‍"
അടുത്ത തവണ ഒരു ചേഞ്ച്‌ന് "ചാണ്ടിച്ചന്‍" എന്നാക്ക് :-)

സുനിലേ....നാടും, വീടും ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ടെന്ന് വരികളിലെ വികാരം വിളിച്ചു പറയുന്നു...
ഹൃദയസ്പര്‍ശിയായ എഴുത്ത്....ഞാന്‍ വായിച്ച പോസ്റ്റുകളില്‍ ഏറ്റവും മികച്ചത്....

ഉസ്മാന്‍ പള്ളിക്കരയില്‍ said...

വളരെ ഹ്ര്‌ദ്യമായി.

ശ്രദ്ധേയന്‍ | shradheyan said...

അമിഞ്ഞപ്പാലിന്റെ മധുരവും മണവുമുള്ള എഴുത്ത്. തറവാടും തൊടിയും കുളവും സുനിലെന്റെ ഹൃദയസ്പൃക്കായ എഴുത്തും ഒരായിരം ഓര്‍മകളെ ഉണര്‍ത്തി. വെണ്ണ കടയുന്നതിന്റെ കൗതുകം എനിക്കും ബാല്യത്തിലേക്കുള്ള തിരിച്ചു പോക്കാണ്. ആശംസകള്‍.. തുടരുക.

@ചാണ്ടി: :))

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

റിനി എന്ന അമ്മകുഞ്ഞേ അഭിപ്രായങ്ങള്‍ക്ക് നന്ദി ...

നിക്കൂ ...നീയാണീ എഴുത്തിനു പ്രചോദനം .... നീ ചോദിച്ചതുകൊണ്ടു മാത്രമാണ് എഴുതിയത് .

വീകേ ചേട്ടായി ഞാന്‍ നാട്ടില്‍ വെച്ച് നിങ്ങളെ വിളിച്ചിരുന്നു ..പക്ഷെ നിങ്ങളെ തലേന്ന് തന്നെ മടങ്ങി പോയി എന്നറിഞ്ഞു ..

ചാണ്ടിച്ചാ....ഞാന്‍ അമ്മയോട് പറഞ്ഞിട്ടുണ്ട് ..ഗോവിന്ദന്‍ ഒരു കുറുമ്പന്‍ ആണെങ്കില്‍ അവന്റെ പേര് നമുക്ക് ചാണ്ടിച്ചന്‍ എന്നാക്കാം എന്ന് ..(കുറെ കാലമായി അമ്പലകടവില്‍ കുളിക്കാന്‍ പോവാറില്ല )

പള്ളിക്കരയില്‍ ..താങ്ക്സ്..

ശ്രദ്ധേയന്‍ ..ഈ സ്മരണകളാണ് നമ്മെ സജീവമാക്കുന്നത് .. നമ്മുടെ ചേതനകളെ ഉദ്ദീപിപ്പിക്കുന്നത് , നാം ജീവനോടെ ഇരിക്കുന്നു എന്ന് നമ്മെ തന്നെ ബോധ്യപ്പെടുത്തുന്നത് ...

Kalam said...

സുനില്‍,
വല്ലാതെ ഉള്ളില്‍ തൊടുന്ന എഴുത്ത്.
ഗൃഹാതുരമായ ബാല്യകൌമാര ഓര്‍മ്മകളിലേക്ക് ആഴ്ത്തികൊന്ടു പോകുന്നു.

പുതിയ അവകാശി വന്നപ്പോള്‍, അമ്മയുടെ സാമീപ്യവും അമ്മിഞ്ഞയും നഷ്ടമായ, അച്ഛമ്മയുടെ പാല് വറ്റിയ അമ്മിഞ്ഞ നുണഞ്ഞു കരഞ്ഞുറങ്ങുന്ന രണ്ടു വയസ്സുകാരന്റെ ചിത്രം വേദനിപ്പിച്ചു.
പരിഭവമേതുമില്ലാത്ത ഈ പറച്ചിലിന്നിടയിലും ആ കണ്ണീരു കാണാതിരിക്കാന്‍ വയ്യ.

Hats off to your writing style!

കുഞ്ഞന്‍ said...

എഴുതാനറിയാവുന്നവന്റെ എഴുത്ത്..!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നല്ല 'അച്ഛന്‍'!
വശ്യസുന്ദരശൈലിയില്‍ എഴുതിയ കഥ ലാളിത്യഭംഗിയാല്‍ മികച്ചു നില്‍ക്കുന്നു..
പുതുതലമുറകള്‍ക്ക് ഇതൊക്കെ അന്യം!

Rejeesh Sanathanan said...

മനസ്സിനെ സ്പര്‍ശിക്കുന്ന വരികള്‍ക്ക് ഒരു ഉദാഹരണം...എല്ലാ ആശംസകളും

Muralee Mukundan , ബിലാത്തിപട്ടണം said...

ഇതൊക്കെയാണ് ഈ മനോഹരമായ എഴുത്തുകൾ എന്നൊക്കെ പറയുന്നത് കേട്ടൊ സുനിൽ ഭായ്
“വേര്‍പാടിന്റെ, വിരഹത്തിന്റെ, തിരിച്ചറിയാനാകാതെ പോയ വികാരങ്ങളുടെ, തിരിച്ചറിഞ്ഞിട്ടും അന്യോന്യം തുറന്നു പറയാന്‍ ധൈര്യമില്ലാതെ പോയ മോഹങ്ങളുടെ , തീവ്രസൌഹൃദങ്ങളുടെ എല്ലാം തിരുശേഷിപ്പുകളായി കുറെ ഓട്ടോ ഗ്രാഫുകള്‍. അവ എത്ര ഹൃദ്യമാണ്.“

അഭിനന്ദനങ്ങൾ...

vayal said...

ഒരാള്‍ പറയുന്നത് തന്നെ കഥയാകുന്ന അനുഭവം ....ഇടയന്മാര്‍ ആണ് ലോകത്ത് വലിയ വിപ്ലവങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത് ...ഇടയന്മാരും ഇടയന്മാരെക്കുരിച്ചുള്ള കഥകളും ....കുറച്ചു കൂടി ആറ്റിക്കുറുക്കിയാല്‍ കൂടുതല്‍ നന്നാകുമായിരുന്നു .....സ്നേഹത്തിന്റെ അകിട് ചുരന്നു മനസ്സിലേക്ക് കിനിയുന്ന അനുഭവം സൃഷ്ടിച്ചതിനു നന്ദി ...

smitha adharsh said...

മധുരം...ഈ ഓര്‍മ്മകള്‍..
അതി മധുരം...ഈ അമ്മിഞ്ഞമണം പേറിയ പോസ്റ്റ്‌..
'തുടരണം എന്നുണ്ട്' എന്ന് കണ്ടു...തുടരുമല്ലോ..തുടരണം..
പിന്നെ.......തൊഴുത്തിനടുത്തു നില്‍ക്കുന്ന പനിനീര്‍ച്ചാമ്പ ബിരുദ പഠനകാലത്തെ പ്രണയിനി സമ്മാനിച്ചതാണ്‌..
പ്രണയ സമ്മാനമായി പനിനീര്‍ പൂവ് എന്നൊക്കെ കേട്ടിട്ടുണ്ട്. പ്രണയ സമ്മാനമായി ഈ 'പനിനീര്‍ചാമ്പ' എന്നൊക്കെ ആദ്യായിട്ട് കേള്‍ക്ക്വാ..

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

കലാം ..നന്ദി ... പുതിയൊരു കുട്ടി വരുമ്പോള്‍ അവഗണിക്കപെടുന്ന മൂത്ത കുട്ടിയുടെ വേദനകള്‍ എല്ലാ വീട്ടിലെയും മൂത്ത കുട്ടികള്‍ ഒട്ടു മിക്കവാറും അനുഭവിചിട്ടുണ്ടാവും
കുഞ്ഞന്‍ താങ്കളുടെ അഭിനന്ദനത്തിന്റെ ധാരാളിത്തത്തിനു നന്ദി ..
താങ്ക്സ് ഇസ്മു ..താങ്ക്സ് മാറുന്ന മലയാളി ..
മുരളീ ഭായ് ..വളരെ സന്തോഷം ,,,
വയല്‍ (അസീസ് മാഷെ എഴുത്ത് ആട്ടിക്കുറുക്കാന്‍ ശ്രമിക്കാം ..ഇടയന്‍ മാര്‍ക്ക് ചിന്തിക്കാന്‍ ധാരാളം സമയമുണ്ടല്ലോ )
സ്മിത ടീച്ചര്‍ .. ടീച്ചര്‍മാരുടെ സൂഷ്മ പരിശോധനാപാടവം അസൂയാവഹം തന്നെ ..പ്രണയിനി സമ്മാനിച്ചു എന്നെ പറഞ്ഞിട്ടുള്ളൂ .. പ്രണയ സമ്മാനം എന്ന് പറഞ്ഞിട്ടില്ല . പുള്ളിക്കാരിയുടെ വീട്ടില്‍ ഒരിക്കല്‍ പോയപ്പോള്‍ മുറ്റം നിറയെ വയലറ്റ് കാര്‍പെറ്റ് വിരിച്ചപോലെ പനി നീര്‍ ചാമ്പയുടെ പൂക്കള്‍ പൊഴിഞ്ഞു കിടക്കുന്നു. അന്ന് മടങ്ങി പോന്നപ്പോള്‍ അതിന്റെ ഒരു തൈ അവള്‍ തന്നതാണ്. മനസ്സിലായോ ....

ചാറ്റല്‍ said...

രണ്ടാമത്തെ ദിവസം തന്നെ നന്ദിനിയെ മെരുക്കിയെടുത്തു. തന്നോടിണങ്ങാത്ത ആടുമാടുകളില്ല ....ആളുകളും, പ്രത്യേകിച്ചും ഫിലിപ്പിനോ പെണ്‍കുട്ടികള്‍!!!!!
ചുരുക്കത്തില്‍ വെണ്ണയും, പശുക്കളും, കുളക്കടവും, അമ്മിഞ്ഞയോടുള്ള ഒടുങ്ങാത്ത കൊതിയും ഒരു ഒരു ശ്രീ കൃഷ്ണന്‍ ടെച്ചുണ്ട്, മതിയക്കിക്കോണം ഈ അമ്മിഞ്ഞ സ്നേഹം പൂതന വരും പൂതന........
നല്ല രസത്തോടെ വായിച്ചു, നന്ദി

പ്രവീണ്‍ കാരോത്ത് said...

ഒന്നസൂയപ്പെടുതട്ടെ, നാലാം വയസ്സുവരെ ഞാനും കുടിച്ചു മടിച്ചു എന്ന് പറഞ്ഞ്!

mad malayali said...
This comment has been removed by the author.