http://www.cyberjalakam.com

ജാലകം

Saturday, September 12, 2009

ഉള്ളില്‍ റോസ് നിറമുള്ള പേരക്കകള്‍

പ്രസിദ്ധമായ ദേവീ ക്ഷേത്രത്തില്‍ നിന്നും തൊഴുതു മടങ്ങുമ്പോഴാണ് ഒരു മുഖം കാഴ്ചയില്‍ ഉടക്കിയത്. ഭജനം ഇരിക്കുന്നവര്‍ക്കിടയില്‍ നിന്നും എഴുന്നേറ്റു പോകുന്നു . കഴുത്തില്‍ ഒരു ചെറിയ മാന്തളിരിന്റെ രൂപത്തിലുള്ള മറുകുമായി ഒരു മുഖം.


നിബിഡമായ കേശ ഭാരം ജട പിടിച്ചു അനാകര്‍ഷകമായി കിടക്കുന്നു. വിട പറഞ്ഞ സൌന്ദര്യത്തിന്റെ തിരുശേഷിപ്പുകള്‍ നിറഞ്ഞ മുഖം ഉള്ളില്‍ ഒരാന്തല്‍ ഉയര്‍ത്തി .

ഇത് ......രുക്കു.....അമ്മായി.....അല്ലെ ?

സംശയം തീര്‍ക്കാന്‍ അമ്മയെ തിരഞ്ഞപ്പോള്‍ അമ്മയുള്‍പ്പെടെ കൂടെ ഉണ്ടായിരുന്നവര്‍ എല്ലാം... ദൂരെയെത്തിയിരിക്കുന്നു. ..

തിരിഞ്ഞു നോക്കിയപ്പോള്‍ ആ മുഖവും തിരക്കില്‍ മറഞ്ഞു ...

തിരിച്ചു വീട്ടിലേക്കുള്ള യാത്രയിലുട നീളം രുക്കു അമ്മായി ചിന്തകളില്‍ ചിന്തേറിട്ടു കൊണ്ടിരുന്നു ...


കൃഷ്ണമ്മാവന്റെ ഭാര്യയായിരുന്നു രുഗ്മിണി എന്ന രുക്കു അമ്മായി. അമ്മാവന് ഒരു പത്തിരുപത്തഞ്ചു വയസ്സുള്ളപ്പോള്‍ ഏതോ ബ്രോക്കര്‍ ഒപ്പിച്ചു കൊടുത്ത കല്യാണം.

കല്യാണ കാര്യം അമ്മാവന്‍ എന്റെ അമ്മയോട് പറഞ്ഞപ്പോള്‍ ഞാനും അടുത്തുണ്ടായിരുന്നു . ഏതാണ്ട് ഈ വിധം ആയിരുന്നു സംഭാഷണം ..


ഓപ്പോളേ നിക്കൊരു കല്യാണ ആലോചന വന്നീക്കണ്... ഒരു ബ്രോക്കറ് കൊണ്ടോന്നതാ .. ഒറ്റ മോളാ..സുന്ദരി കുട്ടി .. അച്ഛനും അമ്മേം സ്കൂളീന്ന് റിട്ടയറായ ടീച്ചര്‍മാരാ.. ഇഷ്ടം പോലെ സ്വത്തും ഉണ്ട്.


അങ്ങനെ ഒള്ള കുട്ടിയെ നിനക്ക് തര്വോ അവര് .. നീ എട്ടാം തരം വരെല്ലേ പഠിച്ചിട്ടുള്ളൂ .. എടുത്തു പറയത്തക്ക ജോലീം ഇല്ല .. നമ്മുടെ വീട്ടിലാച്ചാ സ്വത്തും മോതലും കാര്യമായിട്ടില്യ താനും .. പിന്നെ എങ്ങിന്യാ കൃഷ്ണാ ഇത് നടക്വാ .. അമ്മക്ക് തീരെ വിശ്വാസായില്ല .


അതല്ലേ ഓപ്പോളേ രസം ... ഈ കുട്ടി ചെറുതിലെ ഒരു ദീനക്കാരിയാര്‍ന്നു .. അതോണ്ടെ സ്കൂളില്‍ പോയിട്ടില്യ.. വീട്ടിലിരുത്തി എഴുത്തും വായനേം പഠിപ്പിച്ചു .. പിന്നെ അവര്‍ക്ക് ദത്തു നിക്കാന്‍ പറ്റിയ ഒരാളെയാ വേണ്ടത് .. ഞാന്‍ പോയി കുട്ടീനെ കണ്ടു .. എനിക്കിഷ്ടായി ..കാണാന്‍ നല്ല ചന്തം ഇണ്ട്..

നീ നിന്റെ ഏട്ടനോട് പറഞ്ഞോ ഇത് .. അവനോടും കൂടെ ഒന്ന് അന്വോഷിക്കാന്‍ പറയട്ടെ .. എന്നിട്ടാവാം .. അവനു നിന്നെക്കാള്‍ കാര്യ വിവരം ഉണ്ട് ..

അങ്ങേര് ആലോച്ചിട്ട് ഈ കല്യാണം നടക്കില്യാ . മൂപ്പര് ഇത് വരെ കെട്ടീട്ടില്ലല്ലോ.. അപ്പൊ ഞാന്‍ കെട്ടാന്‍ സമ്മതിക്കില്യാ ..എന്തേലും കൊറവ് കണ്ടു പിടിച്ചു മൊടക്കെ ഒള്ളു .. ഓപ്പോള് തന്നെ പറഞ്ഞു നടത്തി തരണം.. ഞാന്‍ അളിയനോട് പറയാന്‍ പോവ്വാ ..

അച്ഛനും, വല്യമ്മാവനും കൂടി അന്വോഷിച്ചപ്പോള്‍ സംഗതി കുറെയൊക്കെ സത്യം തന്നെ .. പക്ഷെ പെണ്കുട്ടിയൊരു ദീനക്കാരിയാണെന്നു വിവരം കിട്ടി ...

പെണ്‍കുട്ടിയെ കാണാന്‍ പോയിട്ട് വന്ന പെണ്ണുങ്ങളും പറഞ്ഞു ..കാര്യം കാണാന്‍ സുന്ദരി കുട്ടി തന്നെ .. പക്ഷെ എന്തോ ഒരു വല്ലായ്ക അതിനില്ലേ എന്നൊരു സംശയം .. അതിന്റെ. മട്ടും മാതിരീം കണ്ടിട്ട് ഒരു മാനസീക വളര്‍ച്ച ഇല്ലാത്ത പോലെ ..

പക്ഷെ കൃഷ്ണമ്മാവന്‍ കുലുങ്ങിയില്ല ..എനിക്കിതു മതീ ... എന്ത് കുറവുന്ടെലും ഞാന്‍ സഹിച്ചു .. ബുദ്ധി കുറവുള്ളവരേം കല്യാണം കഴിക്കാന്‍ ആരേലും വേണ്ടേ ..

വല്യമ്മാവന് ദേഷ്യം വന്നു... ഹോ എന്തൊരു ത്യാഗ മനസ്ഥിതി.... ഇവന്‍ പണിയെടുക്കാതെ എങ്ങനെ ഉപായത്തില്‍ ജീവിക്കാം എന്ന് നോക്കി നടക്കുവാ .. അവിടുത്തെ സ്വത്തു കിട്ടൂലോ എന്ന ഒറ്റ കാരണതിലാ ഇവന്‍ ഇത് തന്നെ മതീന്ന് പറയണേ .. എന്തേലും ചെയ്യ് ..വിനാശ കാലേ വിപരീത ബുദ്ധി ..

എന്തായാലും കല്യാണം നടന്നു .. ആഡംബരം നിറഞ്ഞ, ധാരാളം പേര്‍ പങ്കെടുത്ത കല്യാണം.. അമ്മ വീട്ടുകാര്‍ ഒട്ടു മിക്കവാറും പങ്കെടുത്തു .. എല്ലാവരും കൃഷ്ണമ്മാവന്റെ ഭാഗ്യം എന്ന് പറഞ്ഞു ..

പിന്നെ ഒരിക്കല്‍ അമ്മയും ഞാനും അനിയനും രുക്കു അമ്മായിയുടെ വീട്ടില്‍ വിരുന്നു പാര്‍ക്കാനെത്തി.. വല്യ ഗൌരവക്കാരനായിരുന്നു രുക്കു അമ്മായിയുടെ അച്ഛന്‍ . കൊച്ചു കുട്ടികളെ എന്ന പോലെയാണ് രുക്കു അമ്മായിയെ അവര്‍ കൊണ്ട് നടക്കുന്നത്.

6 B ക്ലാസ്സിലെ രാജേശ്വരിയുടെ പോലെ  നല്ല ഭംഗിയുള്ള ചിരി .. സമൃദ്ധമായ മുടി.. കഴുത്തില്‍ ഒരു ചെറിയ മാവില ഉണങ്ങിക്കിടക്കുന്ന പോലെ ഒരു മറുക്. രുക്കു എന്ന രുഗ്മിണി അമ്മായി സുന്ദരി തന്നെ ..

പത്തു വയസ്സുള്ള എന്റെയും , ഏഴു വയസ്സുള്ള അനിയന്റെയും കൂടെ പകല്‍ മുഴുവന്‍ കളിച്ചു നടന്നു രുക്കു അമ്മായി.


ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും വല്യ സന്തോഷം. ഇങ്ങനെ മുതിര്‍ന്ന ഒരാള്‍ ഞങളുടെ കൂടെ ഇതുവരെ കളിക്കാന്‍ കൂടിയിട്ടില്ല .


വൈകിട്ട് അമ്മ എന്നെയും അനിയനെയും പിടിച്ചു കുളിപ്പിച്ചപ്പോള്‍ രുക്കു അമ്മായിയുടെ അമ്മ അമ്മായിയെയും പിടിച്ചു കുളിപ്പിച്ചു... ഞങ്ങള്‍ ഒന്നിച്ചു സന്ധ്യാ നാമം ചൊല്ലി .. രാത്രി ഞങ്ങളുടെ ഒപ്പം രുക്കു അമ്മായിയും വന്നു കിടന്നുറങ്ങി ...


രുക്കു അമ്മായിയുടെ വീട്ടു മുറ്റത്ത്‌ ഒരു വലിയ പേര നിറയെ പേരക്ക പഴുത്തു കിടക്കുന്നു. ടെറസ്സിന്റെ മുകളില്‍ കയറി നിന്നാല്‍ പറിച്ചെടുക്കാം. ഉള്ളില്‍ റോസ് നിറത്തില്‍ കാമ്പുള്ള പേരക്കകള്‍ തിന്നുമ്പോള്‍ എന്ത് മധുരം ..


പിറ്റേന്ന് ഞങ്ങള്‍ തിരിച്ചു പോരും മുന്‍പ് അവരുടെ വിശാലമായ തൊടിയില്‍ ഒരിടത്ത് നിന്ന് അമ്മയും കൃഷ്ണമ്മാവനും സംസാരിക്കുന്നു .. ഞാന്‍ പോയി അമ്മയെ ചുറ്റിപ്പിടിച്ചു നിന്നു.

ഓപ്പോളേ ഇത് വല്ലാത്ത പറ്റായിപ്പോയി .. ഈ പെണ്‍ കൊച്ചിനെ തന്തേം തള്ളേം കൂടെ കൊന്ജിച്ചു.. .കൊണ്ട് നടക്കുവാ .. ഒരു പത്തു പന്ത്രണ്ടു  വയസ്സുള്ള പിള്ളേരുടെ അത്രേ മാനസീക വളര്‍ച്ച ഒള്ളു ഇതിനു .. കണ്ടില്ലേ പിള്ളേരുടെ കൂടെ കളിച്ചു നടക്കുന്നത് ... കല്യാണം കഴിഞ്ഞു ഇത്രേം നാളായിട്ടും തള്ളേടെ കൂടെയാ കിടപ്പ് .. കൊച്ചാണത്രെ.. കൊച്ച് ..

അപ്പൊ ഇതിനു എഴുത്തും വായനേം ഒക്കെ അറിയാംന്നു പറഞ്ഞതോ....

ഉവ്വ .. അവക്കടെ പേരെഴുതും ..അത് വായിക്കേം ചെയ്യും ..അത്ര തന്നെ ..

ഈ തന്തേം തള്ളേം കൂടെ പുറം ലോകം കാട്ടാതെ ഇതിനെ നശിപ്പിച്ചു കളഞ്ഞതാ .. ചെറുപ്പത്തില്‍ എന്തോ ദീനം വന്നു ചാവാറായതാ എന്നും പറഞ്ഞു സ്കൂളിലോ , പിള്ളേരുടെ കൂടെ കളിക്കാനോ ഒന്നും വിടാതെ പൊത്തി പിടിച്ചു വചോണ്ടിരുന്നതാ .പിന്നെ രണ്ടും സാറുമ്മാരല്ലേ... മോള് മന്ദബുന്ധിയാന്നു സ്കൂളില്‍ ‍ അറിഞ്ഞാ മോശമാണെന്നും തോന്നിക്കാണും. ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇതിനെ നന്നാക്കി എടുക്കാമായിരുന്നു.   . ഇപ്പൊ കല്യാണം കഴിഞ്ഞിട്ടും അങ്ങനെ തന്നെ ..

ഞാനിവിടുത്തെ വേലക്കാരനെപ്പോലാ... എല്ലാ പണികളും ചെയ്യണം .. എന്നാലോ അഞ്ചു പൈസ തരുകേമില്ല.. എന്ത് ഉണ്ടാക്കിയാലും നിനക്കുള്ളതല്ലേ എന്നാ ചോദിക്കുമ്പോ പറയുകാ

വിളഞ്ഞ സാധനങ്ങളാ.....എന്റെ ജീവിതം ഇവിടെ കിടന്നു തീരത്തെ ഒള്ളു .

തന്തേം....തള്ളേം ചത്തിട്ടു ഈ മൊതല് കിട്ടാനാണേല്‍ .. ഞാന്‍ ചത്താലും ഇതുങ്ങള് ചാവില്ല.. ഒടുക്കത്തെ ആരോഗ്യമല്ലേ ....

എടാ ദുഷ്ടത്തരം പറഞ്ഞു പഠിക്കല്ലേ.. അവര്‍ക്ക് നല്ല മനസ്സുണ്ടാവാന്‍ പ്രാര്‍ത്ഥിക്കൂ..


പിന്നെ ഒപ്പോള്‍ക്കെന്തേ... നല്ല തമാശ തന്നെ .. എന്ത് ചെയ്യാം ഞാന്‍ തന്നെ എടുത്തു തലേ വെച്ചതല്ലേ ..


പിന്നീടൊരിക്കല്‍ രുക്കു അമ്മായിയുടെ അച്ഛന്‍ വീട്ടില്‍ വന്നു അച്ഛനോട് ദേഷ്യപ്പെട്ടു....


നിന്റെ അളിയനല്ലേ ..അവന്‍ ചെയ്യുന്ന തോന്യാസങ്ങള്‍ നീയും അറിഞ്ഞിരിക്കണമല്ലോ.. അവനു എട്ടും പൊട്ടും തിരിയാത്ത പെണ്‍ കൊച്ചിന്റെ കൂടെ കേറിക്കിടക്കണം .. കൊച്ചിനാണേല്‍ അവന്റെ അടുത്ത് പോകണ പോലും പേടിയാ .. അവന്‍ തരം കിട്ടിയാ അതിനെ ഉപദ്രവിക്കും .. എവിടെ കാശിരിക്കുന്ന കണ്ടാലും എടുത്തു കൊണ്ട് പോകും . കൊച്ചിന് മിഠായി മേടിച്ചു കൊടുത്തു അവന്‍ അതിന്റെ കയ്യീ കിടന്ന രണ്ടു വള ഊരി മേടിച്ചു വിറ്റു. ഒരു പണീം ചെയ്യാതെ കവലയിലെ കുറെ തല്ലിപ്പൊളികളുടെ കൂട്ടും കൂടി നടപ്പാ പണി..... ഇങ്ങനത്തെ ഒരു വൃത്തികെട്ട ബന്ധം എന്റെ കുട്ടിക്ക് കിട്ടീലോ എന്നോര്‍ക്കുംബോഴാ ..

അച്ഛന്‍ മറുപടി പറയാന്‍ നോക്കിയപ്പോള്‍ എന്നെ കണ്ടു ആക്രോശിച്ചു........ അകത്തു കേറിപ്പോടാ......വല്യവര് സംസാരിക്കണോടത്ത്‌ പിള്ളേര്‍ക്കെന്താ കാര്യം .....


പിള്ളേര്‍ക്ക് കേള്‍ക്കാന്‍ പാടില്ലാത്ത എന്തോ അച്ഛന്‍ പറയുന്നുണ്ടാവും ..എനിക്ക് തോന്നി.

ഞാന്‍ സ്ഥലം കാലിയാക്കി.

അതുകൊണ്ട് പിന്നീടെന്തു നടന്നു എന്നെനിക്കറിയില്ല ... കുറച്ചു നാള്‍് കഴിഞ്ഞപ്പോള്‍.. ആ വിവാഹ ബന്ധം വേര്‍ പിരിഞ്ഞു എന്ന് മനസ്സിലായി.

ഉള്ളില്‍ റോസ് നിറത്തില്‍ കാമ്പുള്ള  പേരക്കകള്‍ തിന്നാന്‍ ഇനി ആവില്ലല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്ക് സങ്കടം വന്നു ....

അതൊക്കെ കഴിഞ്ഞിട്ടിപ്പോ വര്ഷം പത്തിരുപത്തഞ്ചു കഴിഞ്ഞിരിക്കുന്നു... കൃഷ്ണമ്മാവന്‍ വേറെ കല്യാണം കഴിഞ്ഞു ഭാര്യയും കുട്ടികളും ഒക്കെയായി ജീവിക്കുന്നു ... കഴിഞ്ഞ കഥകള്‍ ആരും തന്നെ ഓര്‍ക്കുന്നുമില്ല ..

പക്ഷെ ഇന്ന് കണ്ട മുഖം ..അതെന്നെ വല്ലാതെ അസ്വസ്ഥനാക്കി ... വീട്ടിലെത്തിയ പാടെ അമ്മയോട് രുക്കു അമ്മായിയെ കുറിച്ച് ചോദിച്ചു ..

ചോദിച്ചതും ആരോടെങ്കിലും പറഞ്ഞു ആശ്വസിക്കാന്‍ കാത്തിരുന്ന പോലെ ... ഒരു തുലാ മഴ പോലെ അമ്മ പെയ്തു തുടങ്ങി ..

കുറേക്കാലം മുന്‍പ് അവിടെ അടുത്തുള്ളൊരു സ്ത്രീയെ ബസ്സില്‍ വച്ച് കണ്ടപ്പോഴല്ലേ വിവരങ്ങള്‍ അറിഞ്ഞത് ... അതിനെ പിന്നൊരു പോലീസുകാരന്‍, രണ്ടാം കെട്ടുകാരന്‍ കല്യാണം കഴിച്ചത്രേ ..നല്ലവനായി നടിച്ചു കുറെ സ്വത്തൊക്കെ എഴുതി വാങ്ങി വിറ്റു ... പിന്നെ മുക്ക് പണ്ടം കൊണ്ട് വച്ചിട്ട് സ്വര്‍ണവും അടിച്ചു മാറ്റി കടന്നു കളഞ്ഞു. അതിനു ശേഷം അതിന്റെ അച്ഛനും അമ്മേം കെടപ്പിലായി .. കുറെ നാള് ചിക്ത്സേം ഒക്കെയായി പിന്നെ മരിച്ചു പോയെന്നാ കേട്ടത് .. രുഗ്മിണി എവിടെയന്നോന്നും അറിയില്ല .. ഏതെങ്കിലും ബന്ധുക്കുടെ സംരക്ഷണയിലാവും..

കേട്ടപ്പോള്‍  എനിക്ക് വല്ലാത്ത വിഷമം തോന്നി മോനെ... എന്റെ ആങ്ങളക്കും അതില്‍ പങ്കുണ്ടല്ലോ എന്നോര്‍ത്ത് എന്റെ മനസ്സ് നൊന്തു. . കൃഷ്ണനോട് പറയാം എന്നോര്‍ത്തു... പിന്നെ വേണ്ടെന്നു വച്ചു.. അതിന്റെ വിധി .. അവന്‍ പെട്ടെന്ന് പണക്കാരന്‍ ആവാന്‍ ഒരു എളുപ്പ വഴി നോക്കീന്നല്ലാതെ ഇങ്ങനത്തെ കടും കയ്യൊന്നും കൃഷ്ണന്‍ ചെയ്യില്ലായിരുന്നു. ആ പാവം പെണ്‍കുട്ടി  ഇങ്ങനെ അനാഥയാകില്ലായിരുന്നു. ....... അതുകൊണ്ട് കൃഷ്ണനെന്കിലും ഒരു   ജീവിതം ഉണ്ടായല്ലോ എന്ന് .. പിന്നെ ആശ്വസിച്ചു.

അല്ല നീയെന്താ ഇപ്പോ ഇങ്ങനെ ഒരു ചോദ്യം ചോദിക്കാന്‍ കാരണം ... അമ്മക്ക് വല്ലാത്ത അതിശയം ..


കാരണം കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തിനുള്ളില്‍ ഞാന്‍ ഇങ്ങനെ ഒരു കാര്യം ഓര്‍ക്കുന്നതായി പോലും അമ്മക്ക് തോന്നിയിട്ടില്ല.

രുക്കു അമ്മായിയുടെ മുഖശ്ചായ പോലും എന്റെ ഓര്‍മ്മയിലില്ല. ആകെ തെളിഞ്ഞു നില്‍ക്കുന്നത് കഴുത്തിലെ ആ മറുകും .. സമൃദ്ധമായ മുടിയും ..പിന്നെ മുറ്റത്തെ പേരയിലെ ഉള്ളില്‍ റോസ് നിറമുള്ള പേരക്കകളും മാത്രം ..
എന്റെ അസ്വസ്ഥത അമ്മയോട് പങ്കു വെക്കണോ എന്ന് ഞാനും ആലോചിച്ചു

പിന്നെ വേണ്ടെന്നു  തോന്നി ... എന്തിനു വെറുതെ ഉറപ്പില്ലാത്ത കാര്യങ്ങള്‍ പറഞ്ഞു അമ്മയെക്കൂടി വിഷമിപ്പിക്കണം... ഞാന്‍ അമ്പല നടയില്‍ കണ്ടത് ...ഒരു പക്ഷെ അത് മറ്റാരെയെങ്കിലും ആയിരിക്കാം ..അല്ലെങ്കില്‍ അവര്‍ ഭജനമിരിക്കുന്നത് ആവണമെന്നുമില്ല.. ഏതെങ്കിലും ബന്ധുവിന്റെ കൂടെ ക്ഷേത്ര ദര്‍ശനത്തിനു വന്നതുമാകാമല്ലോ...

ഉള്ളില്‍ റോസ് നിറമുള്ള കാമ്പ് നിറഞ്ഞ  പേരക്കകള്‍ കുറച്ചു നാളത്തേക്ക്  എന്റെ ചിന്തകളെ അസ്വസ്ഥമാക്കികൊണ്ടിരുന്നു.

ചിന്തകള്‍ വല്ലാതെ പെരുകുമ്പോള്‍ സാധാരണ ചെയ്യുന്നതുപോലെ ... ചിന്തിച്ചാല്‍ ഒരന്തവുമില്ല ..ചിന്തിക്കാതിരുന്നാല്‍ ഒരു കുന്തവുമില്ല .. എന്നോര്‍ത്തു ..ചിന്തകളെ കുടഞ്ഞെറിയാന്‍ ശ്രമിച്ചു.

 
.........

19 comments:

വീകെ said...

എന്നാലും രുക്ക് അമ്മായിയെ കണ്ടിട്ട് മിണ്ടാതെ പോന്നത് ശരിയായില്ല. ഒന്നുമില്ലങ്കിലും അവിടത്തെ റോസ് നിറത്തിൽ കാമ്പുള്ള പേരക്ക കുറേ തിന്നതല്ലെ....?
മോശമായിപ്പോയി........

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

അവിചാരിതമായി കിട്ടിയതാണി പേരക്കകളുടെ ഫോട്ടോ .. അത് കണ്ടപ്പോള്‍ രുക്കു എന്ന രുഗ്മിണി അമ്മായിയും ഓര്‍മ്മയിലെത്തി .. കുറെ ദിവസം അതെന്നെ ശല്യം ചെയ്തപ്പോള്‍ ഒരു പോസ്റ്റാക്കി സ്വസ്തമാകാന്‍ ഒരു ശ്രമം നടത്തുന്നു..

അരുണ്‍ കായംകുളം said...

മനസ്സ് നിറഞ്ഞു.ഒരു കഥ എന്നതിലുപരി എവിടെയോ ഒരു നൊമ്പരം ബാക്കി ആയി.അച്ഛനും അമ്മയും കൂടി ലാളിച്ച് വഷളാക്കിയ ഒരു പാട് ജന്മങ്ങളെ അറിയാവുന്നതിനാലാവാം

Anil cheleri kumaran said...

പാവം രുക്കു അമ്മായി...

ramanika said...

ചിന്തിച്ചാല്‍ ഒരന്തവുമില്ല ..ചിന്തിക്കാതിരുന്നാല്‍ ഒരു കുന്തവുമില്ല .. എന്നോര്‍ത്തു ..ചിന്തകളെ കുടഞ്ഞെറിയാന്‍ ശ്രമിച്ചു.

pakshe rukku ammayi chinthayil ninnu maayunnilla !

വയനാടന്‍ said...

ഉള്ളിൽ എവിടെയോ കൊളുത്തിക്കിടക്കുന്നല്ലോ സോദരാ ഈ പേരക്കകൾ
:)

അഭി said...

നന്നായിരിക്കുന്നു മാഷെ
ചിലപ്പോഴെങ്ങിലും ജീവിതത്തിന്റെ അടഞ്ഞ കുറെ താഴുകള്‍ തുറക്കാന്‍ ഒരു അവസരം കിട്ടുനത്‌ ഇങ്ങനെ ഓരോനു കാണുമ്പൊള്‍ ആകും

Typist | എഴുത്തുകാരി said...

അതു രുക്കു അമ്മായി ആണെങ്കില്‍ തന്നെ തൊഴാന്‍‍ വന്നതായിരിക്കും എന്നു കരുതിയാല്‍ മതി.

ആ ചുവന്ന പേരക്ക കണ്ടിട്ടു കൊതിയാവുന്നു.

ഞാന്‍ ചാണ്ടി said...

enikkum aa chuvanna perakka kandittu kothiyakunnu.....

nalla smaranakal athinu yogicha vajakangalumayi

VEERU said...

കഥ മുഴുവൻ വായിച്ചു കഴിഞ്ഞപ്പോൾ ഒരു പാട് വർഷങ്ങൾക്കു മുമ്പുണ്ടായിരുന്ന വീട്ടുമുറ്റത്തെ പേരക്കയുടെ മധുരം നാവിലെ രസമുകുളങ്ങളിൽ..അതു തൊണ്ടയിൽ നിന്നിറങ്ങാൻ തടയിടുന്ന ഒരോർമ്മയായി രുക്കു അമ്മായിയും മാറി..

ഗീത said...

ആരെ കുറ്റം പറയാന്‍ കഴിയും. ഓരോരുത്തരുടെ വിധി എന്നാശ്വസിക്കയല്ലാതെ.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

വീ കെ ചേട്ടായി - പതിരുപതഞ്ചു വര്‍ഷം മുന്‍പ് ഒന്നോ രണ്ടോ തവണയെ ഞാന്‍ അവരെ കണ്ടിട്ടുള്ളു. ആ ഓര്‍മ്മ വച്ച് മിണ്ടാന്‍ പോയാല്‍ ശരിയാകുമോ . ഞാന്‍ ഓര്‍ക്കുന്നെന്ന് വച്ച് എന്നെ ഓര്‍ക്കണം എന്നുമില്ലല്ലോ. ബുദ്ധി കുറച്ചു കുറവുള്ള ആളുമായിരുന്നല്ലോ. പിന്നെ കൂടുതല്‍ ആലോചിക്കാനുള്ള സമയവും എനിക്ക് അപ്പോള്‍ കിട്ടിയില്ല.

അരുണ്‍ ... വളരെ ശരിയാണ് ...മാതാപിതാക്കള്‍ ലാളിച്ചു കളഞ്ഞ ജീവിതങ്ങള്‍ ധാരാളമുണ്ട് ..അത് പോലെ പേടിപ്പിച്ചും , പീഡിപ്പിച്ചും, സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ അടിചെല്‍പ്പിച്ചും നശിപ്പിച്ച കുറെ ജീവിതങ്ങളും .

കുമാരന്‍ ... തീര്‍ച്ചയായും അതൊരു പാവം തന്നെയായിരുന്നു. അതിനെ യാതൊരു വിധത്തിലും കുറ്റപ്പെടുത്താന്‍ ആവില്ല .


രമണിക ... ഈ ചിന്തകള്‍ അങ്ങനെ ഇടയ്ക്കിടയ്ക്ക് വന്നും പോയും ഇരിക്കും ..

വയനാടന്‍ .. അഭി ... താങ്ക്സ്

എഴുത്തുകാരി .. അങ്ങനെ ആശ്വസിക്കാന്‍ ശ്രമിക്കുന്നു

ഞാന്‍ ചാണ്ടി .. വീരു .. നന്ദി

ഗീത .. ഇതിനെ വിധി എന്ന് പറയാമോ .. മന്ദബുദ്ധിയായ മകനെ തന്റെ കൂടെ പാടത്തും, പറമ്പിലും എല്ലാം കൊണ്ട് പോയി നല്ലൊരു കാര്‍ഷീക തൊഴിലാളിയാക്കിയ, കാര്യമായ വിദ്യാഭ്യാസവും ലോക വിവരവും ഒന്നും ഇല്ലാത്ത ഒരാളെ എനിക്ക് അടുത്തറിയാം . ഇന്ന് ആ മകന്‍ സ്വന്തമായി അധ്വാനിച്ചു ജീവിക്കാന്‍ പ്രാപ്തനാണ്.

Jayesh/ജയേഷ് said...

ഇങ്ങനെയൊക്കെയല്ലേ ജീവിതം

Jayesh/ജയേഷ് said...
This comment has been removed by the author.
കണ്ണനുണ്ണി said...

ആവശ്യത്തിനു ബുദ്ധി ഉള്ളവര്‍ക്ക് പോലും ഒന്ന് കണ്ണ് തെറ്റിയാല്‍ വീണു പോകുന്ന ഈ ലോകത്ത്... രുക്കു അമ്മായിക്ക് ദൈവം തന്നെ തുണയാകട്ടെ...

തൃശൂര്‍കാരന്‍ ..... said...

നന്നായിട്ടുണ്ട്.
ചിലോപ്പോഴൊക്കെ വീട്ടുകാരുടെ അമിതമായ ആശങ്കകള് കുട്ടികളുടെ വ്യക്തിത്വ വികസനത്തെ ബാധിക്കാറുണ്ട്, അത് പോലെ തന്നെ ആകും അക്കു അമ്മായിയുടെതും .

ഗിരീഷ്‌ എ എസ്‌ said...

ഹൃദ്യമായ എഴുത്ത്‌
ആശംസകള്‍...

smiley said...

സുനിൽ,

ഇതു പോലെ ഒരു രുക്കു അമ്മായി എന്റെ നാട്ടിലും ഉണ്ടു.. പേരു സുമ..
കല്യാണം കഴിഞ്ഞിട്ടില്ല.. അവരുടെ അമ്മ ടീചർ ആയിരുന്നു.. വിരമിച്ചു.. അവർ കഴിഞ്ഞ വർഷം മരിച്ചു.. സുമ അവരുടെ മുടിയിൽ തീ കൊളുത്തി അവർ ആശുപത്രിയിൽ 6 മാസം കിടന്നു പിന്നെ മരിച്ചു.. ആശുപത്രി കിടക്കയിലും അവർക്കുണ്ടായിരുന്ന വേവലാതി സുമയേ ഓർത്തായിരുന്നു.. മരിക്കുവോളവും...

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ജയേഷ് ... ഇതിനെ ഒക്കെ ജീവിതം എന്നാണോ പറയുക ..?

കണ്ണനുണ്ണി ... ഞാനും...അങ്ങനെ പ്രാര്‍ത്ഥിക്കുന്നു ...

ത്രിശൂര്‍കാരന്‍.... നിങ്ങള്‍ പറഞ്ഞത് നൂറു ശതമാനം ശരിയാണ് ..

ഗിരിഷ് എ എസ് ... വളരെ സന്തോഷം..

സ്മൈലി... സുമയുടെ കഥ കേട്ട് നടുക്കം തോന്നി .. സമാനമായ ഒന്ന് ഞാന്‍ വേറെയും .കേട്ടിട്ടുണ്ട് ..

പൊള്ളിക്കരിഞ്ഞ ശരീരവുമായി ഒരമ്മ അതിനു കാരണക്കാരിയായ ബുദ്ധി വളര്‍ച്ചയെത്താത്ത മകളെക്കുറിച്ചോര്‍ത്തു വിലപിക്കുന്നതോര്‍ത്താല്‍ ഒന്ന് നടുങ്ങാത്തവരുണ്ടോ