http://www.cyberjalakam.com

ജാലകം

Monday, September 21, 2009

മെഴുകു തിരി പോലെ ..ഒരു ..പെണ്‍കുട്ടി

തെരുവില്‍  ‍ഉപേക്ഷിക്കപ്പെട്ടവര്‍ക്കായുള്ള അനാഥാലയത്തിന്റെ പ്രാര്‍ഥനാ മുറിക്കു മുന്‍പില്‍വെച്ചാണ് അവളെ കണ്ടത് .


പതിനെട്ടോ ഇരുപതോ വയസ്സ് തോന്നിക്കുന്ന, അല്‍പ്പം തടിച്ച ശരീരമുള്ള , ശരാശരി ഭംഗിയുള്ള പ്രസന്നവതിയായ പെണ്‍കുട്ടി . അവളുടെ കണ്ണുകള്‍ക്കെന്തോ ഒരു പ്രത്യേകത.

അവളുടെ പേര് ഓര്‍ക്കുന്നതേയില്ല . അല്ലെങ്കിലും പേരില്‍എന്ത് പ്രസക്തി . അവളുടെ ജീവിതം ഏതൊരു പേരിനെയും അപ്രസക്തമാക്കാന്‍പോന്ന ഒരു ദുരിത പര്‍വ്വം തന്നെയായിരുന്നു.

എങ്കിലും അവളെ പരാമര്‍ശിക്കുന്നിടത്ത് ഉപയോഗിക്കാന്‍അവളെ “തെരേസ” എന്ന് വിളിക്കാം.

എന്നെ കണ്ടപ്പോള്‍  ‍അവള്‍ ‍കൈ കൂപ്പി പറഞ്ഞു "പ്രൈസ് ദി ലോര്‍ഡ്‌". ഞാനും തിരിച്ചു കൈ കൂപ്പി . അവള്‍ ഒരു പുഞ്ചിരി കൂടി സമ്മാനിച്ച്‌ കൊണ്ട് എന്നെ കടന്നു പോയി .

ഇവിടെ കാണുന്നവരുടെ നോട്ടങ്ങള്‍ക്കും , ചിരികള്‍ക്കും ആത്യഗാധമായ ആഴങ്ങളാണുള്ളത് എന്ന് ഞാന്‍ മുന്‍പേ തിരിച്ചറിഞ്ഞിട്ടുണ്ട്. തെരേസയുടെ ചിരി ഏതില്‍പ്പെടും എന്ന് ഞാന്‍സന്ദേഹിച്ചു .

ഇവിടെ എത്തി ചേരുന്നവരുടെ കഥകള്‍പല വിധമാണ്.....

തിരിച്ചറിവില്ലാത്ത പ്രായത്തിന്റെ ചിന്താശക്തിയില്ലായ്ക മൂലം വീട് വിട്ടു കാമുകനൊപ്പം പോയവര്‍, പ്രണയത്തിന്റെ പ്രലോഭനത്തില്‍പ്പെട്ടു ഭര്‍ത്താവിനെയും, മക്കളെയും വരെ ഉപേക്ഷിച്ചവര്‍

അടക്കാനാവാതെ പോയ ലൈംഗീകാസക്തി മൂലം ബാഹ്യബന്ധങ്ങളിലേര്‍പ്പെട്ടവര്‍, യാത്രാ മദ്ധ്യേ വഴിതെറ്റിപ്പോയവര്‍, ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയവര്‍,

അടുക്കും ചിട്ടയുമായി സൂക്ഷിച്ച ജീവിതം ഒരു നിമിഷത്തെ വികാരാവേശം കൊണ്ട് കൈമോശം വന്നവര്‍

വാര്‍ധക്യത്തില്‍ ‍താങ്ങും തണലും ആകുമെന്ന് പ്രതീക്ഷിച്ച മക്കള്‍, അവരുടെ ഭാര്യയുടെയോ മക്കളുടെയോ എതിര്‍പ്പിനെ തുടര്‍ന്ന് തെരുവിലുപേക്ഷിചിട്ടു പോയപ്പോള്‍ ‍പകച്ചു പോയ അമ്മമാര്‍

മാനസീക രോഗം മൂലം വീട് വിട്ടിറങ്ങിയവര്‍, വീട്ടുകാര്‍ ‍ തന്ത്രത്തില്‍ ഉപേക്ഷിച്ചവര്‍, ചതിയില്‍ ‍പെട്ടോ കുടുംബം പുലര്‍ത്താനോ ‍വ്യഭിചരിച്ചവര്‍... ഒട്ടു മിക്ക പേരും ഒടുവില്‍ ‍തെരുവിലെത്തുന്നു.


തെരുവ് സമ്മാനിക്കുന്ന ദുരിതങ്ങളും , അപമാനവും , വേദനകളും പിന്നെ നിസ്സഹായാവസ്ഥയും .

എല്ലാവരും തെരുവിന്റെ വൈകൃതവും, വൃത്തിഹീനവും , ക്രൂരവുമായ ലൈഗീക ചൂഷണങ്ങളില്‍‍പ്പെടുന്നു. ഒടുവില്‍കടുത്ത മാനസീക രോഗത്തിലേക്ക് വീഴുന്നു.

അപ്പോഴും മാനസീക നില തകരാത്തവരാണു ഭാഗ്യ ഹീനര്‍. അവര്‍  ‍സ്വബോധത്തോടെ എല്ലാം സഹിക്കേണ്ടി വരുന്നു.

ഇതെല്ലാം സ്ത്രീകളുടെ കഥയാണ് . പുരുഷന്മാര്‍ ‍ഇത്രയേറെ അനുഭവിക്കേണ്ടി വരാറില്ല.

അമിതമായ മദ്യപാനം , മയക്കു മരുന്നിന്റെ ഉപയോഗം , പാരമ്പര്യമായുള്ള മാനസീക രോഗങ്ങള്‍ ‍ഇവയാണ് അധികം പേരെയും തെരുവിലെത്തിക്കുന്നത് .

സ്വന്തം കൂടപ്പിറപ്പുകള്‍ ഒരു കറവപ്പശുവിനെപ്പോലെ വരുമാനമെല്ലാം ഊറ്റി എടുത്തിട്ടു ഉപേക്ഷിച്ചവരും , വൃദ്ധരും ഉണ്ട് .

ജീവിതത്തിന്റെ കടുത്ത സമ്മര്‍ദം മൂലം മാനസീക നില തകരാറായ ചിലരും ഉണ്ട് . എം ബി ബീ യെസ്സിന്നു പഠിച്ചിരുന്ന ഒരാളെയും , ഒരു ബി ഫാം കാരനേയും ‍കണ്ടിട്ടുണ്ട് .

സ്വവര്‍ഗരതി മൂലം മനസ്സിന്റെ താളം തെറ്റിയ ഒരു ചെറുപ്പക്കാരനെയും കാണാന്‍ ‍ഇടയായിട്ടുണ്ട് . ചെറു പ്രായത്തില്‍ ലൈംഗീകമായി ചൂഷണം ചെയ്യപ്പെട്ടു ഒടുവില്‍ ‍അതില്‍ ആസക്തനായി, എല്ലാവരാലും വെറുക്കപ്പെട്ടു ജീവിതം നയിക്കേണ്ടി വന്നവന്‍.

പകല്‍ വെട്ടത്തില്‍ ‍പരിഹാസ്യനായും , നിന്ദ്യനായും ആട്ടിയോടിക്കപ്പെടുമ്പോള്‍ ‍ഇരുളിന്റെ മറവില്‍‍ അവന്‍ ‍സ്വാഗതം ചെയ്യപ്പെട്ടിരുന്നു. പുരുഷന്‍ പുരുഷനോട് ചെയ്ത ക്രൂരതയുടെ ഫലം.

ചില സ്ത്രീകള്‍ക്ക് നമ്മെ കാണുമ്പോള്‍  ‍ബോധാബോധങ്ങളുടെ മലക്കം മറിച്ചിലുകള്‍ക്കിടയില്‍ ചിലപ്പോള്‍ ‍കൌമാരത്തിലെ കാമുകനായോ , പ്രണയിച്ചു വഞ്ചിച്ചവനായോ , മരിച്ചു പോയ ഭര്‍ത്താവായോ, സുരതക്രിയകളില്‍  പ്രഗത്ഭനായിരുന്ന ജാരനായോ ഒക്കെ തോന്നിയേക്കാം ..

ആ സ്മ്രിതികളില്‍ ‍അവരുടെ നോട്ട മുറക്കാത്ത കണ്ണുകളി‍ല്‍  ‍പ്രണയമോ, കാമമോ , പകയോ ,വെറുപ്പോ , പ്രതികാരമോ ഒക്കെ മാറി മാറി നിഴലിക്കുന്നത് കാണാം .

ചില അമ്മമാരുടെ മുഖത്ത് വാത്സല്യം വിടരുന്നത് കാണാം. അവര്‍ഓര്‍മ്മകളില്‍ ‍അവരുടെ കുഞ്ഞുങ്ങളെ എണ്ണ തേപ്പിച്ചു കുളിപ്പിക്കുകയും , നാവില്‍സ്വര്‍ണവും, വയമ്പും തൊട്ടു കൊടുക്കുകയും, ശിരസ്സില്‍ രാസ്നാദി തിരുമ്മുകയും ചെയ്യുകയാവാം.

അപ്പോള്‍  ‍അവരുടെ ഇടിഞ്ഞു തൂങ്ങിയ, ഉണങി വരണ്ട  മുലകള്‍  ‍അമ്മിഞ്ഞ പാലു ചുരത്തുന്നുണ്ടാവാം എന്ന്  വേദനയോടെ ഞാന്‍ ഓര്‍ത്തു പോകാറുണ്ട് .


പലരും ചെയ്യുന്ന പ്രവര്‍ത്തികള്‍തുടരെ , തുടരെ ചെയ്തുകൊണ്ടേയിരിക്കും . ചിലര്‍നിസ്സംഗരായി ഇരിക്കും.


ഞാന്‍  ‍തെരേസയുടെ പുഞ്ചിരിയുടെ ഭംഗിയെക്കുറിച്ചും, കണ്ണുകളില്‍ കണ്ട തിളക്കത്തെക്കുറിച്ചും ചിന്തിച്ചിരിക്കെ പ്രാര്‍ഥനാ മുറിയില്‍നിന്നും അവളുടെ പ്രാര്‍ത്ഥന കേള്‍ക്കായി

"അവിടുത്തെ സ്നേഹം എന്നെ ധന്യയാക്കുന്നു

എന്റെ നാഥാ... എന്നെ എന്നും അവിടത്തോട് ചേര്‍ത്ത് നിര്‍ത്തേണമേ

എന്റെ നാഥാ ...എന്റെ ജീവ നാഥാ .."

മനോഹരമായ ശബ്ദം , ആരിലും ഭക്തി പാരവശ്യം ഉണര്‍ത്തുന്ന ആലാപനം .

ഞാനതില്‍ ലയിച്ചു നില്‍ക്കെ അനാഥാലയത്തിലെ എന്റെ പരിചയക്കാരിലോരാള്‍ എന്നെ കടന്നു പോയി .


അവനോടു തെരേസയെക്കുറിച്ച് ചോദിച്ചു ..ആരാ ചെങ്ങാതീ ഈ പാടുന്ന പെണ്‍കുട്ടി . ഇതിനു മുന്‍പ് ഇവിടെ കണ്ടിട്ടേയില്ലല്ലോ ?


ഒരു കന്യാസ്ത്രീ മഠത്തില്‍നിന്നും ഇന്നലെ വന്നതാ . അന്തെവാസിയാകാനല്ല .. കുറച്ചു ദിവസത്തെ സേവനത്തിനു .


നല്ല സ്വരമാധുരി അല്ലെ ?...


ഉം ..മഠത്തില്‍ നിന്നും പടിച്ചതാവും.... അവളൊരു ആസ്ത്മാ രോഗിയാണെന്നാ കേട്ടത് .. ഇപ്പൊ അസുഖമൊന്നും ഇല്ലാത്തത് കൊണ്ടാ ഇങ്ങനെ ഭംഗിയായി പാടുന്നത് .


വീടും വീട്ടുകാരും ഒന്നും ഇല്ലേ ?

ഹൈറേന്ജില്‍ എങ്ങാണ്ടാണ് വീട് .. അപ്പനും, അനിയനും മനോ രോഗികള്‍. ഏതൊക്കെയോ മഠം വക സ്ഥലങ്ങളില്‍ താമസിക്കുന്നു. അമ്മ കന്യാസ്ത്രീകള്‍ നടത്തുന്ന ഏതോ വൃദ്ധ മന്ദിരത്തില്‍. അവര്‍ക്കും ചെറിയ മാനസീക വിഭ്രാന്തികള്‍ഉണ്ട് .

ഒരു ചേച്ചി മാത്രം കല്യാണം കഴിഞ്ഞു കുടുംബമായി ജീവിക്കുന്നു . പക്ഷെ അതുങ്ങളും
കഷ്ടപ്പാടിലാണ് . അന്നന്നത്തേക്കുള്ള അന്നം തേടുന്നവര്‍.

ഇവള്‍ക്ക് പത്തിലോ മറ്റോ പഠിക്കുമ്പോള്‍ വീടിനടുത്തുള്ള പാറമടയില്‍ നിന്നും കരിങ്കല്‍ ചീള് കണ്ണില്‍ കൊണ്ട് ഒരു കണ്ണു നഷ്ടപ്പെട്ടു . പ്ലാസ്റ്റിക് കണ്ണാ വച്ചിരിക്കുന്നെ ..

പിന്നെ പഠിത്തമൊക്കെ നിന്നു. ഇപ്പോള്‍ഏതോ മഠത്തില്‍ സഹായി ആയിട്ട് നില്‍ക്കുന്നു .......

ഇവിടെ എത്തുന്നവരുടെ കഥകള്‍ കേട്ടാല്‍നമുക്ക് കുറെ ദിവസത്തേക്ക് ഉറങ്ങാന്‍കഴിയില്ല . കഥകള്‍ കേട്ട് കേട്ട് ഇപ്പോള്‍ ഒരു നിര്‍വികാരത ആയി തുടങ്ങി . എങ്കിലും തെരേസയുടെ കഥ എന്നെ വേദനിപ്പിച്ചു ...

എങ്കിലും ഇത്രയൊക്കെ ജീവിതത്തില്‍ സംഭവിച്ചിട്ടും ദൈവ സ്നേഹത്തെക്കുറിച്ച് തെരേസ വാഴ്ത്തിപ്പാടുന്നത് കേട്ട് ഞാന്‍അതിശയിച്ചു നിന്നു .

ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് ദൈവത്തെ പഴിക്കുന്നവര്‍, എത്ര ഭാഗ്യം ലഭിച്ചാലും , ദൈവത്തെ സ്തുതിക്കാതെ കൂടുതല്‍ കൂടുതല്‍ നേട്ടങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്ന ഞാനടക്കമുള്ളവര്‍..

അവര്‍ക്കൊക്കെ കാണാന്‍ വേണ്ടിയാവണം തെരേസ മുന്‍പില്‍എത്തിയത് എന്നെനിക്കു തോന്നി.

എനിക്കവളോട് ബഹുമാനം തോന്നി .. അവള്‍ അപ്പോഴും പാടുകയായിരുന്നു

നമ്മെ അപേക്ഷിച്ച് നോക്കുമ്പോള്‍ഒരു തുള്ളി പോലും കിട്ടാത്ത ആ ദൈവ സ്നേഹത്തെക്കുറിച്ചും കാരുണ്യത്തെക്കുറിച്ചും .




……

24 comments:

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

അവള്‍ അപ്പോഴും പാടുകയായിരുന്നു

നമ്മെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഒരു തുള്ളി പോലും കിട്ടാത്ത ദൈവ സ്നേഹത്തെക്കുറിച്ചും കാരുണ്യത്തെക്കുറിച്ചും .

രഘുനാഥന്‍ said...

തീര്‍ച്ചയായും തെരേസ്സ ഓര്‍മയില്‍ തങ്ങി നില്‍കും

VEERU said...

പോസ്റ്റ് വായിച്ചപ്പോൾ തേങ്ങയുടച്ചാഘോഷിക്കാനുള്ള മൂഡ് പോയി...താങ്കൾ പറഞ്ഞതു ശരിയാണ് ..ഇതാണു യഥാർത്ഥ ദൈവ സ്നേഹം ,ഭക്തി, വിശ്വാസം..!!
നൂറു കിലോ സ്വർണ്ണവും ആനയും മാങ്ങയും നട വെയ്ക്കുന്നവരേക്കാൾ ഈ ദുരിതം പേറുന്നവരുടെ പ്രാർത്ഥന ദൈവം കേട്ടിരുന്നെങ്കിൽ !!

Typist | എഴുത്തുകാരി said...

നമ്മള്‍ എന്നും നമ്മുടെ ഇല്ലായ്മകളേക്കുറിച്ചു മാത്രം ചിന്തിച്ചു ദു:ഖിക്കുന്നു. അതു പോലും ഇല്ലാത്ത എത്രയോ പേര്‍ നമ്മുടെ ചുറ്റുമുണ്ടെന്നു് അലോചിക്കാന്‍ ഒരിക്കലും മിനക്കെടാറില്ല. ഒരു നിമിഷം അതോര്‍ത്തിരുന്നുവെങ്കില്‍, നമ്മളെത്ര ഭാഗ്യവാന്മാരാണെന്നു മനസ്സിലായേനേ.

ശ്രീ said...

തെരേസ്സയെ വായനക്കാര്‍ക്കും പരിചയപ്പെടുത്തിയതു നന്നായി മാഷേ.

ഉള്ളത് കൊണ്ടു തൃപ്തി വരാതെ ജീവിയ്ക്കുന്ന ഭൂരിഭാഗം പേര്‍ക്കുമിടയില്‍ തെരേസ്സ ഒരു മാതൃകയാണ്.

★ Shine said...

ഇവിടെ എത്തുന്നവരുടെ കഥകള്‍ കേട്ടാല്‍നമുക്ക് കുറെ ദിവസത്തേക്ക് ഉറങ്ങാന്‍കഴിയില്ല . കഥകള്‍ കേട്ട് കേട്ട് ഇപ്പോള്‍ ഒരു നിര്‍വികാരത ആയി തുടങ്ങി . എങ്കിലും തെരേസയുടെ കഥ എന്നെ വേദനിപ്പിച്ചു ...

ആദ്യമായാണു ഇവിടെ..വളരെ നന്നായി..

കണ്ണനുണ്ണി said...

മനസ്സില്‍ ഒരു നൊമ്പരം ബാക്കി ആക്കിയല്ലോ തെരേസ

പാവപ്പെട്ടവൻ said...
This comment has been removed by the author.
പാവപ്പെട്ടവൻ said...

ഹൃദയസ്പര്‍ശിയായ ഒരു വിവരണം.
ഒരു ജീവിതം കൊണ്ട് അനുഭവിച്ചു തീര്‍ക്കണ്ട വ്യവസ്ഥയില്ലാത്ത മനുഷ്യാവസ്ഥകള്‍. പറഞ്ഞുതീരാത്ത ദുഃഖം ഒരു തെരേസ്സയുടെ പരിചയതിലുടെ മറുവാക്കുതേടുന്നു.
അഭിനന്ദനങ്ങള്‍

ഗീത said...

പാവം തെരേസ.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇതെല്ലാം വായിക്കുമ്പോഴാണ് ,നമ്മളെല്ലാം ഭാഗ്യത്തിന്റെ ഉച്ചകോടിയിൽ നിൽക്കുന്നവരാണെന്നു മനസ്സിലാകുക..അല്ലെ?

മുരളി I Murali Mudra said...

അങ്ങനെ ശാരദ നിലാവിനെയും കണ്ടെത്തി...
വായിച്ചു അഭിപ്രായം ഒക്കെ പിന്നെ അറിയിക്കാം ഇപ്പൊ കിടന്നുറങ്ങട്ടെ.....
(ദോഹ മീറ്റ്‌ നെ കുറിച്ച് എന്റെ പോസ്റ്റ്‌ വരുന്നു...ജാഗ്രതൈ...)

ramanika said...

ഇത് വായിച്ചപ്പോഴാണ് നാം എത്ര ഭാഗ്യവാന്മാര്‍ എന്നറിയുന്നത്......
നല്ല പോസ്റ്റ്‌ !

വാഴക്കോടന്‍ ‍// vazhakodan said...

തെരേസ്സ നമ്മെ ജീവിതത്തെ ഓര്‍മ്മപ്പെടുത്തുന്നു. നല്ല വിവരണം!

ശ്രദ്ധേയന്‍ | shradheyan said...

ഡാ... ഈ പാവം കൃഷിക്കാരന്റെ ഹൃദയം ഒന്ന് തേങ്ങിപ്പോയല്ലോ... ഉള്ളിലുടക്കുന്ന വരികള്‍...

മുരളി I Murali Mudra said...

കഥ ഇപ്പോഴാണ് വായിക്കുന്നത്..നൊമ്പരപ്പെടുത്തി...എന്തായാലും കണ്ണ് തുറന്നു ചുറ്റും നോക്കുന്നുണ്ടല്ലോ...ഭാവുകങ്ങള്‍..

Mohanam said...

മനസ്സിന്റെ സമാധാനം കളയാന്‍ ഓരോന്ന് എഴുതിവിട്ടോളും.........ഹും

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

മനസില്‍ തൊട്ടു

അരുണ്‍ കരിമുട്ടം said...

ഒരു വല്ലാത്ത ഫീലിംഗ്! ആകെ മനസിനെ തട്ടി

രാജീവ്‌ .എ . കുറുപ്പ് said...

അങ്ങനെ എത്ര എത്ര ജീവിതങ്ങള്‍, പല ആവര്‍ത്തി വായിച്ചു ഈ പോസ്റ്റ്‌, മനോഹരം, ചിന്തിക്കാന്‍ മനസിലാക്കാന്‍ ഒരുപാടു ഉണ്ട് ഇതില്‍, നന്ദി മാഷെ ഈ പോസ്റ്റിനു

നരിക്കുന്നൻ said...

മനസ്സിലേക്ക് ആഴ്ന്നിറങ്ങി ഈ വരികൾ. തെരേസ്സ ഇപ്പോൾ എന്റെയും ഒരു നോവായി പടരുന്നു.

അവൾ പാടട്ടേ, ഒരിക്കലും കിട്ടിയിട്ടില്ലാത്ത ദൈവത്തിന്റെ കാരുണ്യത്തെ വാഴ്ത്തി. ഒരിക്കൽ അവളിലും ദൈവത്തിന്റെ അളവറ്റ കാരുണ്യം വർഷിക്കട്ടേ.

Gulzar said...

മനസ്സില്‍ നീറ്റലുണ്ടാക്കി.. മുറിവേല്‍ക്കാത്തത് സ്നേഹം മാത്രം.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

തെരേസയുടെ കഥ വായിക്കുകയും, കമെന്റിടുകയും ചെയ്ത എല്ലാവരോടുമുള്ള നന്ദി രേഖപ്പെടുത്തുന്നു ...

സഹതപിക്കുന്ന കണ്ണുകള്‍ അല്ലാ ..
സഹായിക്കുന്ന കരങ്ങള്‍ ആണ് വേണ്ടത് ..
എന്ന ആശയത്തില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിലായിരുന്നു അന്നവള്‍ ..
ഇപ്പോള്‍ എവിടെയാണെന്നറിയില്ല ..

Anonymous said...

നന്നായിട്ടുണ്ട്