http://www.cyberjalakam.com

ജാലകം

Saturday, January 9, 2010

വയലിന്‍ ‍എന്ന സുന്ദരിയുടെ കഥ

കഴിഞ്ഞു പോയ ഒരു പുതുവത്സര തലേന്ന് കുളിരുന്ന സായം സന്ധ്യയില്‍ വയലിന്‍ എന്ന ഫിലിപ്പീനി സുന്ദരിയോടൊപ്പം ഒരു കഫേയില്‍ ഇരിക്കുകയായിരുന്നു ഈയുള്ളവന്‍.


അവള്‍ തുടരെ തുടരെ സിഗരറ്റ് പുകച്ചു കൊണ്ടേയിരുന്നു . ഞങ്ങളിക്കിടയില്‍ പുക ചുരുളുകള്‍ ഫണല്‍ രൂപത്തില്‍ സാന്ദ്രമായ വെളുത്ത ഗൌണ്‍ വിടര്‍ത്തി നൃത്തം ചെയ്യുകയും.

തല ഒരു വശത്തേക്ക് ചെരിച്ചു, മേശമേല്‍ ഊന്നിയ കയ്യില്‍ താങ്ങികൊണ്ടായിരുന്നു പുകവലി . തന്മൂലം തുറന്നിട്ട ജാക്കറ്റിനിടയില്‍ ഏറെ ഇറക്കി വെട്ടിയ മേലുടുപ്പുകള്‍ക്കിടയിലൂടെ അവളുടെ കടഞ്ഞെടുത്ത പോലുള്ള കഴുത്തഴകും , മാറിടത്തിലെ അനാവൃതമായ ഭാഗത്ത്‌ ഒളി ചിന്നുന്ന ചാരുതയും സ്വര്‍ണ്ണത്തിനു സുഗന്ധം  വന്നാലെന്ന പോലെ അവളുടെ മനോഹാരിതയ്ക്ക് മാറ്റ് കൂട്ടുന്നുണ്ടായിരുന്നു.

അവള്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. അതാണ്‌ ഫിലിപ്പീനികളുടെ പ്രകൃതം. സദാ സംസാരിച്ചുകൊണ്ടിരിക്കും. തഗാലുവിലുള്ള സംസാരം കേള്‍ക്കുമ്പോള്‍ നമ്മള്‍ മലയാളികള്‍ക്ക് ചിലപ്പോള്‍ കുഞ്ഞുങ്ങളെ കൊഞ്ചിക്കുന്ന ഒരു ശൈലി തോന്നിപ്പിക്കുന്ന, തമിഴ് പോലെ ദ്രുതഗതിയില്‍ ഈണത്തില്‍ സംസാരിക്കാവുന്ന ഒഴുക്കുള്ള ഒരു ഭാഷയായി തോന്നും. ചിലപ്പോള്‍ വല്ലാത്ത അരോചകത്വവും.

ഏഴായിരത്തി ഒരുന്നൂറിലധികം ദീപുകളുടെ ഒരു സമൂഹം, അതാണ്‌ ഫിലിപ്പീന്‍സ് എന്ന രാജ്യം. ലുസോണ്‍, വിസായാസ്, മിണ്ടനാവോ എന്നിങ്ങനെ തിരിച്ചിരിക്കുന്നു .

ലുസോണിലെ പാസ്വായി പ്രദേശത്ത് ‍ ജനിച്ചവളാണീ വയലില്‍ ഉര്‍ഡനെറ്റ ദാര്‍. വയലിന്‍ അവളുടെ പേരും , ഉര്‍ഡനേറ്റ അവളുടെ അപ്പന്റെ വീട്ടു പേരും , ദാര്‍ ഭര്‍ത്താവിന്റെ വീട്ടു പേരും . ചിലര്‍ ‍ അമ്മയുടെ വീട്ടു പേരും പേരിന്റെ കൂടെ ചേര്‍ക്കാറുണ്ടെന്നു അവള്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.

തഗാലു ഇവരുടെ ദേശീയ ഭാഷയാണെങ്കിലും പ്രാദേശീകമായി വേറെയും ധാരാളം ഭാഷകളുണ്ട്. ഇവളുടെ നാട്ടു ഭാഷ ബിസായ ആണ്. നമ്മുടെ മലയാളവും, തമിഴും, സംസ്കൃതവും, ഹിന്ദിയും പോലെ എല്ലാറ്റിനും തഗാലുവുമായി നല്ല സാമ്യതകളുണ്ട്.

തഗാലു ഇവര്‍ ഇങ്ഗ്ലിഷ് ലിപിയിലാണ് എഴുതുന്നത്‌ . തഗാലുവിന്റെ തനതായ ലിപി തലമുറകള്‍ക്കിടയില്‍ എവിടെയോ നഷ്ടപ്പെട്ടു പോയിരിക്കുന്നു. അന്ധമായ അമേരിക്കന്‍ അനുകരണ ഭ്രമം ഫിലിപ്പീനികളുടെ ഭാഷയുടെയോ , സംസ്കാരത്തിന്റെയോ പുനര്‍ജീവനതിനുള്ള നിസ്സാര സാധ്യതപോലും ഇല്ലാതാക്കുന്നു.

കാലങ്ങളായി ലിപി ഇല്ലാതിരുന്ന , വാമൊഴിയിലൂടെ മാത്രം അതിജീവിച്ചു പോന്ന കൊങ്ങിണി ഭാഷ ഉന്നമനത്തിനായി ദേവനാഗിരി ലിപി (ഹിന്ദിയും സംസ്കൃതവും എഴുതാനുപയോഗിക്കുന്ന ലിപി) സ്വീകരിച്ചതായി വായിച്ചതോര്‍ക്കുന്നു. വേട്ടയാടപ്പെട്ടു ലോകത്തിന്റെ പല ഭാഗങ്ങളില്‍ ചിന്നി ചിതറിപ്പോയ ജൂതന്മാര്‍ ഇസ്രയേല്‍ വീണ്ടും തടുത്തു കൂട്ടിയപ്പോള്‍ അവരുടെ പൂര്‍വ്വ ഭാഷയായിരുന്ന ഹിബ്രു പുനര്‍ജീവിപ്പിചെടുത്തതും ഭാഷ, സംസ്കാരത്തിന്റെ ജീവസത്ത ആയതിനാലാവണം .

ഒരു രാജ്യത്തിന്റെ സംസ്കാരവും , സാഹിത്യവും , ശാസ്ത്രവും എല്ലാം അതിന്റെ തനതു ഭാഷയിലൂടെയാണ് ശരിയായ രീതിയില്‍ സംവദിക്കുക. language is the vehicle of culture. എന്ന് സോഷ്യോളജി ക്ലാസ്സില്‍ പഠിച്ചത് ഞാനോര്‍ത്തു പോയി . ഭാരതത്തിന്റെ തനതു ഭാഷയായിരുന്ന സംസ്കൃതം ഇന്ന് ഒരു ഭാരതീയനും സംസാരിക്കാത്ത വിധം അന്യമായിരിക്കുന്നത് ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കാം എന്നെനിക്കു തോന്നി.

സിഗരറ്റിന്റെ ചാരം അല്‍പ്പം അവളുടെ കോട്ടിലും, തെല്ലു മാറിലും വീണു കിടക്കുന്നുണ്ട് . ഹൃദയാകൃതിയിലുള്ള പെണ്ടന്റിന്റെ തൊട്ടു താഴെയാണത് പറ്റി ചേര്‍ന്നിരിക്കുന്നത് . ഇപ്പോള്‍ മാറിടം കുറെ ക്കൂടി അനാവൃതമായിരിക്കുന്നു.
" എന്റെ സ്കൂള്‍ , കോളേജ് ജീവിതത്തിലെല്ലാം ഞാന്‍ വളരെ വളരെ ആക്ടിവ് ആയിരുന്നു . നൃത്തം, സംഗീതം, സ്പോര്‍ട്സ്, ഗെയിംസ് എല്ലാറ്റിലും പങ്കെടുത്തു വിജയിക്കുന്ന , നന്നായി പഠിക്കുന്നവള്‍. നിശാ ക്ലബ്ബുകളും , ആണ്‍ കുട്ടികളോടോത്തുള്ള ചുറ്റിക്കളിയും എനിക്കില്ലായിരുന്നു. നിനക്കറിയുമോ ഇതൊന്നും ഒരു ഫിലിപ്പീനി പെണ്ണിന് ഒഴിവാക്കാനാവാത്തതാണ്. എന്നിട്ടും എന്റെ ജീവിതം ……! "

ഇങ്ങനെയും ഫിലിപ്പീനികളോ. അമ്പതു റിയാലിന്റെ മൊബൈല്‍ റീ ചാര്‍ജ് കാര്‍ഡിനും, അന്‍പത്തെട്ടു റിയാലിന്റെ കെന്റക്കി ചിക്കനും വരെ വേണമെങ്കില്‍ ആരോടൊപ്പവും പോകുന്നവര്‍ ‍ എന്നൊക്കെയാണ് കേട്ടിട്ടുള്ളത്.

അവള്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ടേയിരുന്നു. ഞാന്‍ കേള്‍ക്കുന്നതായി ഭാവിക്കുകയും. എന്റെ മുന്നിലിരുന്ന വല്ലാത്ത കടുപ്പവും, ചവര്‍പ്പുമുള്ള ടര്‍കിഷ് കോഫീ തണുത്തു തുടങ്ങി. ശരിക്കും നാട്ടിലെ അഭയാരിഷ്ടതിന്റെ ഓര്‍മ്മയുണര്‍ത്തുന്ന രുചി . പക്ഷെ ആസ്വാദ്യകരമായ സുഗന്ധം. കൊണ്ട് വച്ചപ്പോള്‍ നന്നായി മൊരിഞ്ഞു ക്രിസ്പിയായിരുന്ന ക്രുസാനും, ഡോനട്ടും തണുത്തു തുടങ്ങി. ചോക്ലെറ്റ് ഡോനറ്റ് കൊള്ളാം .ഒരെണ്ണം തിന്നപ്പോള്‍ നല്ല രുചി.

ഒരു കോഫീ കുടിക്കാനും കുറച്ചു നേരം തനിച്ചിരിക്കാനും വന്നതാണിവിടെ. എന്നെ ക്ഷണിച്ചത് അവളാണ്. അവളുടെയും , അവളുടെ ചെങ്ങാതിക്കൂട്ടങ്ങളിലെയും ഒരേയൊരു മലയാളി, അല്ല ഇന്ത്യാക്കാരന്‍ ഈ ഞാന്‍ മാത്രമാണ്. എന്റെ ഏതൊരു തിരസ്കാരവും ഇന്ത്യയുടെ സംസ്കാരമായി ഇവര്‍ കണ്ടെക്കുമെന്ന് ഞാന്‍ വൃഥാ സംശയിച്ചു പോകാറുണ്ട്. ആ സംശയം തന്ന ആശങ്കയാണ് അവളുടെ ക്ഷണം സ്വീകരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് എന്ന് വേണമെങ്കില്‍ പറയാമെന്നു തോന്നുന്നു.

ഇത്തരം ഇന്റര്‍നാഷണല്‍ ബ്രാന്‍ഡട് കോഫി ഷോപ്പുകളില്‍ പോയി എനിക്ക് പരിചയമില്ലാത്തതിനാല്‍ ഓര്‍ഡര്‍ കൊടുത്തതെല്ലാം അവളാണ് .

"കോളേജ് ജീവിതത്തിനിടയിലാണ് റാണ്ടി ദാറിനെ പരിചയപ്പെടുന്നത്. വളരെ വിദൂരത്തിലുള്ള ഒരു ദീപിലാണ്‌ അന്നും ഇന്നും റാണ്ടി ജോലി ചെയ്യുന്നത്. അഞ്ചു വര്‍ഷം ഫോണ്‍ കാളും, കത്തും, ഒക്കെയായി ആ സൌഹൃദം വളര്‍ന്നു. പിന്നീട് അതെ ദീപില്‍ എനിക്കും ഒരു ജോലി കിട്ടിയപ്പോള്‍ ഞങ്ങള്‍ ഒന്നിച്ചു താമസം തുടങ്ങി."

എന്റെ നെറ്റി ചുളിഞ്ഞു " അപ്പോള്‍ കല്യാണം കഴിക്കാതെയോ, അങ്ങനെ ആണോ നാട്ടു നടപ്പ് "

"നിങ്ങള്‍ ഇന്ത്യാക്കാരെപ്പോലെ അറെന്ജ്‌ട് മാരിയേജ് ഞങ്ങള്‍ക്ക് തീരെ പതിവില്ല. അവരവരുടെ ഇണകളെ അവരവര്‍ തന്നെ കണ്ടെത്തും. പിന്നെ കുറച്ചു കാലം ഒന്നിച്ചു താമസിക്കും. പൊരുത്തപ്പെട്ടു പോകുമെന്ന് തോന്നിയാല്‍ കല്യാണം കഴിക്കും.

അതും സിവില്‍ മാരിയേജ് . അതാവുമ്പോള്‍ രണ്ടു പേരുടെയും മാതാപിതാക്കളടക്കം പത്തോ പന്ത്രണ്ടോ പേരുണ്ടാവും . വളരെ ചെലവ് കുറഞ്ഞ വിവാഹം. നിങ്ങളുടേത് പോലുള്ള സ്ത്രീധനം തുടങ്ങിയ പരിപാടിയൊന്നും ഇല്ല .

പിന്നെ വേണമെങ്കില്‍ സിവില്‍ മാരിയേജ് കഴിഞ്ഞു പള്ളിയില്‍ പോയി വിവാഹം നടത്താം. വല്ലാത്ത ചിലവേറിയ പരിപാടിയാണത് . അത് കൊണ്ട് തന്നെ സമ്പന്നര്‍ മാത്രമേ നടത്താറുള്ളൂ. ഞാന്‍ മൂന്നു മാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍ ആയിരുന്നു ഞങ്ങളുടെ വിവാഹം "

ഒരു സിഗരറ്റ് കൂടി അവളുടെ ലിപ്സ്ടിക്കിട്ട ചുണ്ടുകള്‍ക്കും, മെല്ലിച്ച വിരലുകള്‍ക്കും ഇടയ്ക്കു ഞെരിഞമര്‍ന്നു എരിഞ്ഞു തീര്‍ന്നു. അതിന്റെ നടുവൊടിച്ചവള്‍ ചില്ലു പാത്രത്തിലേക്കിട്ടു.

ഇപ്പോള്‍ ഒരു കാലുയര്‍ത്തി മറ്റേക്കാലിന്റെ മുകളില്‍ കയറ്റിയാണിരിപ്പ് .  ചുറ്റു വേലിക്കുള്ളില്‍ നിന്നും പുറത്തേക്കു വളര്‍ന്നു തലനീട്ടുന്ന വിളകള്‍ കൃഷിയിടങ്ങള്‍ക്കപ്പുറത്തു മേയുന്ന കാളക്കുട്ടിയെ മോഹിപ്പിക്കുന്ന പോലെ ക്രീം തേച്ചു മിനുസപ്പെടുത്തിയ ഉരുണ്ട കണങ്കാലുകള്‍ ചെറിയ സ്കര്‍ട്ടിനെ അനുസരിക്കാതെ പുറം കാഴ്ചകളിലെക്കെത്തി നോക്കി അപ്പുറത്തെ ടേബിളിലിരിക്കുന്ന ഈജിപ്ഷ്യന്റെ  കാഴ്ച്ചയെ വ്യാമോഹിപ്പിച്ചുകൊണ്ടിരുന്നു. ഇടയ്ക്കു ഞങ്ങളുടെ നോട്ടങ്ങള്‍ തമ്മിലുടക്കിയപ്പോള്‍ ഒരു ചെറിയ കള്ളചിരി അവന്റെ നോട്ടത്തിലും ഭാവത്തിലും കതിരിട്ടു .

"നിനക്കന്നു എത്ര പ്രായം കാണും " - സൂത്രത്തില്‍ അവളുടെ ഇപ്പോഴത്തെ പ്രായം മനസ്സിലാക്കുകയായിരുന്നു എന്റെ ലക്‌ഷ്യം. ഇവരുടെ പ്രായം കണ്ടു പിടിക്കാന്‍ വല്ലാത്ത ബുദ്ധിമുട്ട് തന്നെ. അത്ര ഭംഗിയായി ശരീരം ശ്രദ്ധിക്കുന്നവരാണിവര്‍. പ്രായഭേദമില്ലാത്ത വസ്ത്ര ധാരണ ശൈലിയും, ഭംഗിയായ മേക്കപ്പും, പ്രസരിപ്പാര്‍ന്ന പെരുമാറ്റവും മൂലം പ്രായം ഊഹിചെടുക്കുക ബുദ്ധി മുട്ട് തന്നെ.

"എനിക്കന്നു ഇരുപത്തി മൂന്ന്. അവനു ഇരുപത്തി ഒന്ന് . എന്നെക്കാള്‍ രണ്ടു വയസ്സ് കുറവ്. നിനക്ക് അത്ഭുതം തോന്നുന്നുണ്ടാവാം. നിങ്ങള്‍ ഇന്ത്യാക്കാരെ പ്പോലെ പ്രായം ഞങ്ങള്‍ക്ക് വിഷയമേ അല്ല .സിവില്‍ മാരിയെജിനുള്ള പ്രായം പെണ്ണിന് പതിനെട്ടും ആണിന് ഇരുപത്തി ഒന്നും ആണ് . പക്ഷെ ഒന്നിച്ചുള്ള ജീവിതമൊക്കെ പലരും പതിനഞ്ചും, പതിനാറും വയസ്സില്‍ ഒക്കെ തുടങ്ങിയിട്ടുണ്ടാവും . അവരുടെ വിദ്യാഭ്യാസവും, കരിയറും അതോടെ മിക്കവാറും നഷ്ടമാവും


വയലില്‍ ഇംഗ്ലീഷ് ടീച്ചര്‍ ആയിരുന്നു ഫിലിപീന്‍സില്‍. അതുകൊണ്ടാവാം നല്ല പൊതു വിജ്ഞാനമുണ്ട്. ഒട്ടു മിക്കവര്‍ക്കും ഇന്ത്യയെക്കുറിചോന്നും വല്യ ധാരണയില്ല.

എന്നെ തിരിച്ചറിയുന്ന ആരും ഇവിടെ ഉണ്ടാവില്ലെന്ന് ഉറപ്പുണ്ടെങ്കിലും, അറിഞ്ഞാല്‍ തന്നെ ഒളിക്കെണ്ടതായ ഒന്നും ചെയ്യുന്നിലെങ്കിലും, ഞാന്‍ സങ്കോചത്തോടെ ഇടയ്ക്കിടെ പരിസര വീക്ഷണം നടത്തി കൊണ്ടിരുന്നു.

അവളാകട്ടെ ‍ യാതൊരു കൂസലുമില്ലാതെ മറ്റൊരു സിഗരറ്റിനു കൂടി തീ കൊളുത്താന്‍ ഒരുങ്ങി. ഞാന്‍ സിഗരട്ട് വലിക്കില്ലെന്ന് അവള്‍ക്കറിയാം, അത് കൊണ്ട് എനിക്ക് വേണമോ എന്നൊരു ചോദ്യം പ്രതീക്ഷിക്കേണ്ട. എനിക്ക് തോന്നി അവള്‍ ആണും ഞാന്‍ പെണ്ണും ആണെന്ന്.

"എന്തൊരു നാശം ഈ ലൈറ്റര്‍ കത്തുന്നില്ല" .. എന്ത് ചെയ്യും ..

പ്ലീസ് അവരോടാ ലൈറ്റര്‍ ഒന്ന് വാങ്ങി വരുമോ ,,

രണ്ടു മേശകള്‍ക്കപ്പുറത്ത് കുറച്ചു മിസ്രികള്‍ ( ഈജിപ്ഷ്യന്‍ ) വട്ടമിട്ടിരുന്നു പുക വലിക്കുന്നുണ്ട് .. അവരെ കാണിച്ചു തന്നിട്ട് വയലിന്‍ കൊഞ്ചി കൊണ്ടപേക്ഷിച്ചു .

ഫീലിപ്പീനികളുടെ വശ്യ ചാരുതയാര്‍ന്ന അപേക്ഷകള്‍ ആരും നിരസിക്കില്ല. അത്രമേല്‍ വിനയവും ലാളിത്യവും കലര്‍ന്ന ആ ചോദ്യ ശൈലികള്‍ കണ്ടു പഠിക്കേണ്ടത് തന്നെ. കാശ് കടം ചോദിച്ചാല്‍ കയ്യിലില്ലെങ്കില്‍ ആരോടെങ്കിലും കടം വാങ്ങിയിട്ടാണെങ്കിലും നമ്മള്‍ കൊടുത്തു പോകും. അത്ര മേല്‍ മനോഹരമായ പെരുമാറ്റ രീതികള്‍. അത് കൊണ്ട് തന്നെ ഫ്രണ്ട് ഓഫീസില്‍ ഇവരോളം ശോഭിക്കുന്ന മറ്റു രാജ്യക്കാര്‍ ഇല്ലെന്നു പറയാം .


എത്ര ശമ്പള മുണ്ടെങ്കിലും അതെല്ലാം ധൂര്‍ത്തടിച്ചു തീര്‍ത്തിട്ട് കടം വാങ്ങുന്നത് ഇവരുടെ വേറൊരു ശൈലി. മലയാളികള്‍ ശമ്പളം കിട്ടിയാല്‍ അത്യാവശ്യത്തിനുള്ളത്‌ കയ്യില്‍ വെച്ചിട്ട് ബാക്കിയെല്ലാം നാട്ടിലെക്കയക്കും. ഇവര്‍ നേരെ തിരിച്ചും . വീട്ടിലെക്ക് അത്യാവശ്യത്തിനുള്ളത്‌ അയച്ചു കൊടുത്തിട്ട് ബാക്കി ഇവിടെ അടിച്ചു പൊളിക്കുന്നു

എന്ത് ചെയ്യാം .. നായ് കോലം കെട്ടിയാല്‍ കുരച്ചല്ലേ പറ്റൂ .. ഞാന്‍ ഈജിപ്ഷ്യന്‍സിനെ സമീപിച്ചു ലൈറ്റര്‍ വാങ്ങി വയലറ്റിനു കൊടുത്തു. അവമ്മാര്‍ കുറച്ചു നേരമായി അവളെ പാളി നോക്കുന്നുണ്ടായിരുന്നു. ഫിലിപ്പീനികള്‍ പാക്കിസ്ഥാന്‍കാരെയും , ഈജിപ്ഷ്യന്‍സിനെയും അധികം അടുപ്പിക്കാറില്ലെന്നാണ് കേട്ടിട്ടുള്ളത് . അതുകൊണ്ടാവാം വയലറ്റ് അവന്മാരെ ഗൌനിക്കുന്നതെയില്ല.

ഫിലിപ്പീനികളുമായി പരസ്യമായി കറങ്ങി നടക്കുന്ന ഇന്ത്യാക്കാരെ പൊതുവേ കാര്യമായി കാണാറില്ല.

 ഗള്ളന്മാര്‍  ‍അധികം പേരും രഹസ്യമായ ബന്ധങ്ങളെ ഇഷ്ടപ്പെടുന്നുള്ളൂ . സുദ്രിടമായ കുടുംബ ബന്ധങ്ങളില്‍ ഉലച്ചില്‍ ഉണ്ടാവാതിരിക്കാന്‍ വേണ്ടിയാവണം രഹസ്യ ബാന്ധവങ്ങള്‍.

സംസാരിച്ചിരിക്കെ അവള്‍ ലാപ് ടോപ്‌ തുറന്നു ഒരു ഫോട്ടോ കാണിച്ചു തന്നു . അതീവ സുന്ദരിയായ ഒരു പെണ്‍കുട്ടി. വളരെ സെക്സിയായ കുറെ അധികം പോസുകള്‍.

എങ്ങിനെ ഉണ്ട് .. ?

വെരി നൈസ് , വെരി സെക്സി ആന്‍ഡ്‌ ഹോട്ട് ... ആരാണിവള്‍ ?

"ഇദ്ദേഹം ഞാന്‍ മുന്‍പ് വര്‍ക്ക്‌ ചെയ്തിരുന്ന സ്ഥാപനത്തിലെ ബോസ്സ് ആണ് "

ഇദ്ദേഹമോ ? ഇതൊരു പെണ്ണല്ലേ ? എനിക്ക് ജിജ്ഞാസ അടക്കാനായില്ല ..


(തുടരും എന്ന് കരുതുന്നു ........)

14 comments:

ശാരദനിലാവ്‌ (സുനില്‍ ‍‍‍പെരുമ്പാവൂര്‍) said...

നാട്ടില്‍ ഉണ്ടായിരുന്നപ്പോള്‍ തന്നെ ഫിലിപ്പീനികളെക്കുറിച്ച് പ്രവാസി സുഹൃത്തുക്കള്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അവരുടെ ജീവിതവും, സംസ്കാരവും കണ്ടും, കേട്ടും അറിഞ്ഞത് പങ്കു വെക്കാന്‍ ശ്രമിക്കുന്നു. വായനക്കൊരു സുഖമുണ്ടാകട്ടെ എന്ന് കരുതി അല്‍പ്പം എരിവും, പുളിയും ചേര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

ശ്രദ്ധേയന്‍ said...

താന്‍ ബിസിയാവുന്നതിന്റെ കാരണം ഇപ്പോഴല്ലേ പിടികിട്ടിയത്..! :)

നല്ല അവതരണ രീതി. ഫിലിപ്പീനികള്‍ ചുറ്റിലും ഉണ്ടെങ്കിലും സുനിലിന്റെ കഥയിലൂടെ പുതിയ കുറെ അറിവുകള്‍ കിട്ടി. നന്ദി, ബാക്കി കൂടി കേള്‍ക്കട്ടെ.

കുമാരന്‍ | kumaran said...

പുക ചുരുളുകള്‍ ഫണല്‍ രൂപത്തില്‍ സാന്ദ്രമായ വെളുത്ത ഗൌണ്‍ വിടര്‍ത്തി നൃത്തം ചെയ്യുകയും.

സൂപ്പര്‍ സുനില്‍....

ചാണക്യന്‍ said...

നല്ല ഒഴുക്കുള്ള എഴുത്ത്...തുടരുക..
ആശംസകൾ....

VEERU said...

തുടരണം ....അഭിപ്രായം മുഴുവൻ വായിച്ചിട്ട് പറയാം ടാ... നിനക്ക് ഞാൻ വച്ചിട്ടുണ്ട് !!

Manoraj said...

നല്ല ഒഴുക്കുള്ള എഴുത്ത്തുടരുക..

കുഞ്ഞൻ said...

മാഷെ..

ഒരു കഥയിലൂടെ, ചരിത്രവും സംസ്കാരവും ജീവിത രീതിയും ആസ്വാദ്യകരമായി പറയപ്പെടുമ്പോൾ..തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുകതന്നെ ചെയ്യും..!

ഓഫ്. വായനക്കാർക്കു വേണ്ടി എരിവും പുളിയും ചേർക്കേണ്ടതില്ല, എഴുത്ത് എഴുത്തിന്റെ വഴിക്കുപോകട്ടെ..

ശ്രീ said...

തുടരൂ മാഷേ. നന്നായി എഴുതുന്നു.

കുഞ്ഞന്‍ ചേട്ടന്‍ പറഞ്ഞതിനെയും അനുകൂലിയ്ക്കുന്നു.

jyo said...

നന്നായി എഴുതി

സന്തോഷ്‌ പല്ലശ്ശന said...

മുഷിയാതെ വായിച്ചു തീര്‍ത്തു... അഭിനന്ദനങ്ങള്‍ ഈ നല്ല എഴുത്തിന്‌... :):)

ചാറ്റല്‍ said...

പഹയാ, പാതിവഴിയില്‍ ഇറക്കിവിടണോ?
കാര്യങ്ങള്‍ ഇത്രയൊക്കെ ആയ സ്ഥിതിക്ക് തുടരാതിരിക്കുമോ?
പൂച്ച പുറത്തു ചാടാതെ നോക്കിയാല്‍ കുടുംബ കലഹം ഒഴിവാക്കാം

raadha said...

ഞാന്‍ അല്പം വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് മിസോറാമില്‍ പോയിട്ടുണ്ട്. ഏതാണ്ട് ഇതേ മാതിരിയുള്ള വസ്ത്ര ധാരണവും, സംസ്കാരവും, പ്രായം തിരിച്ചറിയാന്‍ പറ്റാത്ത ഒരു പ്രകൃതവും ആണ് അവിടെയും. ഈ പോസ്റ്റ്‌ അവിടെ പോയ നാളുകള്‍ ഓര്‍മിപ്പിച്ചു. തീര്‍ച്ചയായും തുടര്‍ന്ന് എഴുതുക...നല്ല വായനാ സുഖം ഉണ്ട് പോസ്റ്റിനു..
ആശംസകള്‍.

വീ കെ said...

ഇന്ത്യാക്കാരന്റെ കണ്ണ് കോഴിക്കൂട്ടിൽ തന്നെയാണല്ലൊ....!!?

അടുത്തതിനായി കാത്തിരിക്കുന്നു...

vinus said...

എന്റെ ഏതൊരു തിരസ്കാരവും ഇന്ത്യയുടെ സംസ്കാരമായി ഇവര്‍ കണ്ടെക്കുമെന്ന് ഞാന്‍ വൃഥാ സംശയിച്ചു .ഈ കരുതലിനും ചിന്തക്കും ഒരു തൂവൽ

ചുറ്റു വേലിക്കുള്ളില്‍ നിന്നും പുറത്തേക്കു വളര്‍ന്നു തലനീട്ടുന്ന വിളകള്‍ കൃഷിയിടങ്ങള്‍ക്കപ്പുറത്തു മേയുന്ന കാളക്കുട്ടിയെ മോഹിപ്പിക്കുന്ന പോലെ
ഇത് തകർത്തു ഒരു വിസിലടിക്കാൻ തോനുന്നു

പിന്നെ കുഞ്ഞൻ പറഞ്ഞ പോലെ ഒരുപാട് കാര്യങ്ങൾ പറഞ്ഞ പോസ്റ്റ് ബാക്കിക്കായീ കാത്തിരിക്കുന്നു