http://www.cyberjalakam.com

ജാലകം

Tuesday, February 16, 2016

മഴപ്പാറ്റകൾ

മഴപ്പാറ്റകൾ

ഒറ്റനോട്ടത്തിൽതന്നെ ആരുടേയും ശ്രദ്ധയാകർഷിക്കുന്ന ഒരാൾ . ആത്മാവിലൊളിപ്പിച്ചത്പോലും വായിച്ചെടുക്കുമെന്നു ഭയപ്പെട്ടുപോകുന്ന നോട്ടം, ആരെയും ആജ്ഞാനുവർത്തിയാക്കിമാറ്റാൻപോന്നത്ര മൂർച്ചയുള്ള ശബ്ദം. ഇതൊക്കെയാണ് ബാലൻവല്യച്ഛനിൽ ഞാൻകണ്ട പ്രത്യേകതകൾ

ആർക്കോവേണ്ടിയെന്നോണം സന്ധ്യാനാമം ജപിക്കുകയും അതേസമയം ധരിച്ചിരുന്ന തവിട്ടുനിറമുള്ള  നിക്കറിനാൽ ആവൃതമല്ലാത്ത ശരീരഭാഗങ്ങളിലേക്ക് ചോരകുടിക്കാൻ വെമ്പൽപൂണ്ട് പാഞ്ഞടുത്തുകൊണ്ടിരുന്ന അസംഖ്യം കൊതുകുകളെ ആട്ടിയകറ്റിയും, ഇടക്കൊക്കെ  തച്ചുകൊന്നുകൊണ്ടുമിരുന്ന നേരിയതണുപ്പുള്ളൊരു ഈറൻസന്ധ്യയിലാണ് ബാലൻവല്യച്ഛൻ കയറിവരുന്നത്.

അപ്പോൾതന്നെയായിരുന്നു മഴപ്പാറ്റകളുടെ വരവും. ഇടിമുഴക്കത്തോടെയുള്ള തുലാമഴ പെയ്തുതോർന്നിട്ട് അധികനേരമായിട്ടില്ല. ആദ്യമൊരെണ്ണം നിലവിളക്കിന്റെ പൊൻനിറമുള്ള തീനാളത്തിൽ പറന്നെത്തി ചിറകുകരിഞ്ഞ് വിളക്കിലെ എണ്ണയിൽ വീണിഴഞ്ഞു. ഈയലുകളെന്നാണ് വീട്ടിൽ ഇവയെ പറഞ്ഞു കേട്ടിട്ടുള്ളത്. ഈയാംപാറ്റകൾ എന്ന് പാഠപുസ്തകത്തിൽ എവിടെയോ വായിച്ചതുമോർക്കുന്നു. വീണ്ടും രണ്ടുമൂന്നെണ്ണംകൂടി വന്നെത്തി വിളക്കിലെ തിരിയണക്കുംവിധം ചിറകടിച്ച്, തീച്ചൂടേറ്റ് എണ്ണയിൽ കുഴഞ്ഞുവീണു. ചിറകുകരിഞ്ഞ മണം. ഉത്സവപ്പറമ്പുകളിൽനിന്ന് വാങ്ങുന്ന പൊരി വറുത്തെടുത്തപോലെ തവിട്ടുനിറത്തില്ചിറകറ്റഈയാംപാറ്റകൾ പിടക്കുന്നു.

ലളിതാസഹസ്രനാമമാണ് ജപിക്കുന്നത്. ലളിതാദേവിയുടെ ആയിരം നാമങ്ങൾ. ശ്രദ്ധയോടെ, ഉച്ചാരണശുദ്ധിയോടെവേണം ജപിക്കാൻ . തെറ്റിപ്പോയാൽ വീണ്ടും ആദ്യംമുതൽ തുടങ്ങണം . ഭണ്‍ഡകാസുരനുമായി സമസ്തദേവിഭാവങ്ങളും യുദ്ധം ചെയ്യുന്നു . സംസ്കൃതപദങ്ങളുടെ ആധിക്യംമൂലം ഉച്ചാരണംതെറ്റാൻ അനേകസാധ്യതകളുള്ള ഭാഗം. അതിനിടക്ക് അതീവശ്രദ്ധയോടെയാണ് ചിറകുകരിഞ്ഞു വിളക്കെണ്ണയിൽവീണ്  ഊർദ്ധ്വൻവലിക്കുന്ന തവിട്ട്നിറമുള്ള പൊരിക്കൂട്ടങ്ങളെ സാമ്പ്രാണിത്തിരികൊണ്ട് തോണ്ടിയെറിയലും , കരിന്തിരികത്തി താഴ്ന്നുപോകുന്ന തിരിനാളങ്ങളെ ജ്വലിപ്പിക്കുന്നതും, കൊതുകുകളോട് പൊരുതുന്നതും.

"
ജപം നിർത്തിനെടാ, എന്നിട്ട് വിളക്കണച്ചോളൂ, മഴപ്പാറ്റകളുടെ വരവാ , മഴതോർന്ന് മണ്ണുവലിഞ്ഞാ ചെലപ്പോ ഇവ കൂട്ടമായിട്ട് ജന്മമെടുക്കും. ഷിപ്രജന്മങ്ങൾ, നിമിഷജീവികൾ, ദ്രുതമരണവും"

ബാലൻവല്യച്ഛൻറെ ലഹരിയിലിഴഞ്ഞവാക്കുകൾക്കൊപ്പം എണ്ണിയാലൊടുങ്ങാത്ത മഴപ്പാറ്റകൾ കൂട്ടംകൂട്ടമായെത്തി വിളക്കണച്ചുകളഞ്ഞു. അവറ്റകൾ കൂടുതൽകൂടുതൽ വീടിനകത്തേക്ക് കടന്നെത്താതിരിക്കാൻ വാതിലുകളും ജനാലകളും അടക്കേണ്ടിവന്നു. കാട്ടുതേക്ക്തേങ്ങുന്ന  ജനൽപ്പാളികൾ വലിച്ചടച്ചപ്പോൾ അതിനിടയിൽപ്പെട്ട് ചതഞ്ഞരഞ്ഞ ചാഴിയുടെ ശവഗന്ധം പച്ചമല്ലിയിലയുടേതുപോലെ എന്നെ ചെടിപ്പിച്ചു. എന്തായാലും മഴപ്പാറ്റകളെന്ന പ്രയോഗം ഈയാംപാറ്റയെന്നതിനേക്കാൾ എനിക്കിഷ്ടപ്പെട്ടു. വിളിക്കൊരു കാവ്യഭംഗിയുള്ളതുപോലെ .

ഉറക്കത്തിൻറെ ആഴക്കയങ്ങളിലേക്ക് ഒലിച്ചിറങ്ങുമ്പോഴാണ് ബാലൻവല്യച്ഛൻറെ മന്ത്രജപംകേൾക്കുന്നത്. ആവർത്തിച്ചു ചൊല്ലിക്കൊണ്ടിരിക്കുന്ന മന്ത്രങ്ങളിൽ ചിലത് ഒരു കൌതുകംകൊണ്ട് ഉറക്കത്തെ തട്ടിനീക്കി ഹൃദിസ്ഥമാക്കി. പിന്നെ ബാലൻവല്യച്ഛനെ ചൊല്ലിക്കേൾപ്പിച്ചു. വിസ്മയപ്പെട്ടുപോയ വല്യച്ഛൻ വിളക്ക്തെളിയിച്ച് ദുർഗ്രഹമായ ഒരുമന്ത്രംകൂടി ജപിച്ചിട്ട് ചൊല്ലിക്കേൾപ്പിക്കാൻ ആവശ്യപ്പെട്ടു. ഗ്രഹണശക്തിയിലും ഉച്ചാരണശുദ്ധിയിലുമുള്ള മികവുകണ്ടിട്ടാവണം നെറുകയിൽ കൈചേർത്ത്പിടിച്ച് പ്രാർത്ഥിച്ചു.

കണ്ണഞ്ചിപ്പിക്കുന്നൊരു മിന്നൽപ്പിണർ മുറിയെ പ്രകാശപൂരിതമാക്കിക്കടന്നുപോയി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് മുറിയുടെ കോണിൽ കെടുത്തിവെച്ച നിലവിളക്ക് തെളിഞ്ഞുകത്തുന്നു. വല്യച്ഛൻറെ ആഹ്ലാദംനിറഞ്ഞശബ്ദം ഒരു പ്രാർത്ഥനപോലെ കേട്ടു. 

എന്റെ മാന്ത്രീകപാരമ്പര്യം നിനക്ക്കൈമാറാൻ ഉപാസനാമൂർത്തികൾ അനുവദിച്ചിരിക്കുന്നു.
ഇടിമിന്നൽകൊളുത്തിയ നിലവിളക്കിന്റെപ്രഭയിൽ ചമ്രംപടിഞ്ഞിരുന്നു ഉപാസനാമൂർത്തികളുടെ മൂലമന്ത്രങ്ങൾ  ഹൃദ്ധിസ്ഥമാക്കിയപ്പോൾ ഭയന്നുവിറക്കുന്നുണ്ടായിരുന്നെകിലും  അജ്ഞാതമായൊരുആനന്ദം എന്നെ ചൂഴ്ന്നുനിന്നു. മൂലമന്ത്രം സ്വീകരിച്ചുകഴിഞ്ഞപ്പോൾ മുറിയിലാകെ പാലപ്പൂമണംപരന്നു.

രണ്ടു താളിയോലക്കെട്ടുകൾ തന്നുകൊണ്ട് വല്യച്ഛന്റെശബ്ദം വിറപൂണ്ടു  
എൻറെ മാന്ത്രീകപാരമ്പര്യം നിനക്ക് കൈമാറിയിരിക്കുന്നു. ഉപാസനാമൂർത്തികൾ നിന്നിൽ പ്രസാദിച്ചിരിക്കുന്നു. ഈ താളിയോലക്കെട്ടുകൾ നഷ്ടപ്പെടുത്തിക്കളയരുത്, സമയംപോലെ ഇതെല്ലാം ഹൃദിസ്ഥമാക്കി ഉരുക്കഴിക്കണം. എനിക്കിനി അധികകാലം ആയുസ്സുണ്ടാവുമെന്നു തോന്നുന്നില്ല

വിളക്കെണ്ണയിൽ കരിഞ്ഞുവീണ മഴപ്പാറ്റകളുടെമണം മുറിയിൽ തങ്ങിനിൽക്കുന്നപോലെ . മഴപ്പാറ്റകളെ ഇല്ലാതാക്കാൻ മന്ത്രമുണ്ടോ എന്നൊരു പൊട്ടചോദ്യം ഞാനറിയാതെചോദിച്ചുപോയി.

മഴപ്പാറ്റകൾ സാധുപ്രാണികളല്ലേ. നിനക്ക് നെൽപ്പാടങ്ങളിലെ ചാഴികളെ തുരത്തിയോടിക്കാൻ സാധിക്കുന്ന ചാഴിമന്ത്രം ഉപദേശിച്ചുതരാംഎന്നൊരു ഗൌരവത്തിൽ പറഞ്ഞുകൊണ്ട് ചാഴി മന്ത്രം ഉപദേശിച്ചതും പലയാവർത്തിച്ച് ഞാൻ ഹൃദിസ്ഥമാക്കി.

പുഞ്ചപ്പാടത്ത്  നെൽമണികളിലെ  അരിപ്പാൽ  ഉറച്ച് അരിയാവുന്നതിനുമുമ്പാണ് ചാഴികൾ പറന്നെത്തുന്നത്. അരിപ്പാൽ കുടിച്ചുവറ്റിച്ച്  നെൽമണികളെ പതിരാക്കി നെൽപ്പാടം നശിപ്പിക്കുന്ന കീടബാഹുല്യം കണ്ട് നിരാശരായിനിൽക്കുന്ന  കൃഷിക്കാരുടെമുൻപിൽ  വെറുമൊരുപയ്യനായഞാൻ  ചാഴിമന്ത്രമെന്ന നിഗൂഡമന്ത്രംകൊണ്ട് റോബർട്ട്   ബ്രൗണിന്റെ പൈഡ് പൈപ്പറിലെ കുഴലൂത്തുകാരൻ  എലികളെ തുരത്തിയപോലെ ചാഴികളെതുരത്തി അവരെ അത്ഭുതപ്പെടുത്തും.  മാന്ത്രീകഭാഷയിൽപറഞ്ഞാൽ  ആവാഹിച്ചെടുത്ത് ഉച്ചാടനംചെയ്യും. പിന്നെ അവരുടെ വരുംതലമുറകളെയെല്ലാം പാടശേഖരങ്ങളിൽ വിലക്കിനിർത്തും. 

എന്റെ സ്വപ്നങ്ങളിൽ , സങ്കൽപ്പങ്ങളിൽ , മനോവ്യാപാരങ്ങളിൽ  ഞാനൊരു മാന്ത്രികൻ. ഐതിഹ്യമാലയിലെ കടമറ്റത്ത് കത്തനാരെപ്പോലെ, സൂര്യകാലടി നമ്പൂതിരിയെപ്പോലെ, വായിച്ചറിഞ്ഞിട്ടുള്ള മറ്റനേകം മാന്ത്രീകരെപ്പോലെ അമാനുഷീകത പുതച്ച് വിഹരിച്ചു. വല്യച്ഛന്റെ ഉപാസനാമൂർത്തികളായ വാർത്താളിയും, ചാമുണ്ടിയും എൻറെ ആജ്ഞാനുവർത്തികളായി നിൽക്കുന്നത് ഭാവനയിൽകണ്ട് ആഹ്ലാദിച്ചു.    ആസന്നമായ മദ്ധ്യവേനലവധിക്കാലത്ത് താളിയോലകൾ  പഠിച്ചുപ്രയോഗിക്കണമെന്ന് രഹസ്യമായി പദ്ധതിയിട്ടു.

ഏതാനും ആഴ്ചകൾക്ക്ശേഷം നെല്ലുപുഴുങ്ങാനിട്ടിരുന്ന അടുപ്പിൽ വരിക്കപ്ലാവിന്റെ വലിയവേരുകൾ തള്ളിക്കയറ്റി തീച്ചൂട്കൂട്ടിക്കൊണ്ടിരിക്കുമ്പോഴാണ് ബാലൻവല്യച്ഛന്റെ മരണവാർത്തയറിഞ്ഞത്. ഒരുഞെട്ടലോടെ പുഴുക്കുചെമ്പിന്റെ മുകളിൽ  നെല്ല് വേഗത്തിൽവെന്തുകിട്ടാൻ നനച്ചിട്ട ചണച്ചാക്ക് പെട്ടെന്ന് വലിച്ചുതാഴെയിട്ടു. നെല്ല് വേവാതെ അങ്ങിനെചെയ്തതെന്തിന് എന്നോർത്ത്   ചണചാക്ക് വീണ്ടും തിരികെയിട്ടു.

സമയം മഴ പെയ്തേക്കുമെന്ന് പ്രവചിച്ചുകൊണ്ട് മുറ്റത്ത് വേനൽതുമ്പികൾ  ഉഷ്ണനൂലുകൾ നൂൽക്കുന്നുണ്ടായിരുന്നു. പോക്കുവെയിലിന്റെ വാടിയ ഒരിതൾ മരച്ചില്ലകൾക്കിടയിലൂടെ ഊർന്നുവീണ് എന്റെ കാലിനോരംചേർന്ന് നിലംപറ്റിക്കിടന്നു.
എന്റെ ഗുരുവാണ് ഇല്ലാതായിരിക്കുന്നത്. മാന്ത്രീകജീവിതത്തില്നയിക്കേണ്ട, എന്നെ ഒരുക്കിയെടുക്കേണ്ട, സ്വന്തം മാന്ത്രീകപാരമ്പര്യം ഉപാസനാമൂർത്തിയുടെ മൂലമന്ത്രത്തോടൊപ്പം എന്നെ വിശ്വസിച്ചേല്പ്പിച്ച ഗുരു. അടക്കാനാവാത്ത സങ്കടത്തോടെ വിതുമ്പിക്കരഞ്ഞതിനിടക്ക് വല്യച്ഛൻ എന്നെയേൽപ്പിച്ചുപോയ താളിയോലകളെക്കുറിച്ച് അച്ഛനോട് അറിയാതെപറഞ്ഞുപോയി. 

കമ്യൂണിസ്റ്റ്കാരനായ അച്ഛന്കോപംകൊണ്ട് വിറച്ചു. ബാലന്വല്യച്ഛനെ അന്ധവിശ്വാസിയെന്നും, സാമൂഹ്യദ്രോഹിയെന്നുമൊക്കെ വിളിച്ചാക്രോശിച്ചു.  ശാസ്ത്രം പഠിക്കുന്നവന്ഇത്രയ്ക്കു വിഡ്ഢിയാവരുതെന്ന് എന്നെ താക്കീത്ചെയ്തു. ഒടുവിൽ താളിയോലകെട്ടുകൾ  കണ്ടെടുത്ത് മനുഷ്യൻ ചന്ദ്രനിൽ സ്ഥിരതാമസംവരെ തുടങ്ങി. എന്നിട്ടും അവൻറെ കുറേ താളിയോലേം, മന്ത്രോംഎന്നാക്രോശിച്ചുകൊണ്ട്  അടുപ്പിലേക്കെറിഞ്ഞു.

വെന്തു തുടങ്ങിയ നെൽമണികളുടെ  ഉമിത്തോട്പൊട്ടി, ശ്വാസംമുട്ടിയിട്ടെന്നപോലെ വാപിളർന്ന് തവിട്ടുനിറംകലർന്ന അരിവെളുപ്പ് പുറത്തുവന്നു. തിളച്ചുമറിയുന്ന വെള്ളത്തോടൊപ്പം പകുതിവെന്ത ഏതാനും നെൽമണികൾ   ചെമ്പിന്റെ വക്കിലൂടെ ഊർന്ന് അടുപ്പിലെ കനൽച്ചൂടിൽവീണ്  പൊട്ടിത്തെറിച്ച് മലരായി. പരിസരത്തെങ്ങും പുഴുങ്ങുനെല്ലിന്റെ ഉമിവെന്ത മടുപ്പിക്കുന്നമണംപരന്നു. 

അച്ഛന്റെ കോപം ഒട്ടൊന്നുകുറഞ്ഞു . മെല്ലെ അടുത്തുവന്നു പുറത്ത്തട്ടിക്കൊണ്ടുപറഞ്ഞു " ബുദ്ധിക്കും യുക്തിക്കും നിരക്കാത്ത പുസ്തകങ്ങൾ ഇനി വായിക്കരുത്. കാലം ചവച്ചുതുപ്പിക്കളഞ്ഞ ചവറുപുസ്തകങ്ങളും വിഷയങ്ങളുമാണ് നീ പലപ്പോഴും വായിക്കുന്നത്. ഇമ്മാതിരിയുള്ള വായനയും,, അന്ധവിശ്വാസങ്ങളും നിന്നെയൊരു  ഹിസ്റ്റീരിക്ആയി മാറ്റിക്കളയും. ഇതൊക്കെയൊരു ഹാലൂസിനേഷനാണ്. ഇതിനോടൊക്കെ ഭ്രമമുള്ള, മാനസീകമായി ദുർബലരായ ആളുകളിൽ ഉണ്ടാകുന്ന ഒരു മിഥ്യാബോധമാണിതൊക്കെ. യുക്തിക്കും ബുദ്ധിക്കും നിരക്കാത്തതിനെ തള്ളിക്കളയണം.

അപ്പോഴേക്കും  വരിക്കപ്ലാവിന്റെ വേരിനൊപ്പം ഒരു മാന്ത്രീകപാരമ്പര്യം അഗ്നിനാളങ്ങളായി ജ്വലിച്ച് വെറും അടുപ്പുചാരമായി മാറിക്കഴിഞ്ഞിരുന്നു.. എത്രയെത്ര ദുരാത്മക്കളെ ഒഴിപ്പിക്കേണ്ട, പൈശാചീകശക്തികളെ വിലക്കിനിർത്തേണ്ട, ദുർദ്ദേവതകളെ  ചൊൽപ്പടിയിലാക്കിനിർത്തേണ്ട , ആഗ്രഹിക്കുന്നതെന്തിനേയും കരഗതമാക്കിതരുന്ന അമൂല്യമായ മന്ത്രകെട്ടുകൾ ഭസ്മധൂളികളായി കാറ്റിലുലഞ്ഞ തീനാളങ്ങളിൽ പടർന്ന്  വേദനയോടെ എന്നോട് വിടപറഞ്ഞിരുന്നു. 

കണ്ണടപ്പിച്ചുകളഞ്ഞൊരു  മിന്നൽപ്പിണരിനൊപ്പംതൊട്ടുവന്ന  ശക്തമായൊരു ഇടിമുഴക്കം എന്നെ ഞെട്ടിച്ചുകളഞ്ഞു. കിഴക്കേ അതിരിലൊരു കാളിപ്പന നിന്നുകത്തുന്നത്  ഉൾപ്പിടച്ചിലോടെ ഞാൻകണ്ടു. വല്യച്ഛന്റെ മരണശേഷം സേവാമൂർത്തികൾ മന്ത്രദീക്ഷ സ്വീകരിച്ച അനന്തരാവകാശിയെ തേടിയെത്തിയിരിക്കുകയാണെന്ന് ഒരു നടുക്കത്തോടെ ഞാൻതിരിച്ചറിഞ്ഞു. അവരുടെ ഉപാസകനാവേണ്ട, മന്ത്രോപാസനയാൽ അവരെ പ്രീതിപ്പെടുത്തേണ്ട ഞാൻ സർവ്വവും നഷ്ടപ്പെട്ട് നിസ്സഹായനായിരിക്കുന്നുവാർത്താളിയും, ചാമുണ്ടിയും പിണങ്ങിയാൽ കുടുംബം വേരോടെ പിഴുതെറിയപ്പെടും.

തൃശ്ശൂർ ബ്രഹ്മസ്വം മഠത്തിലെ ചുവർ ചിത്രത്തിൽ നിന്നും ഭീകരിയായ വടയക്ഷി , വെണ്മണി ഇല്ലത്തെ സാധുവായ ഉണ്ണിനമ്പൂതിരിയുടെ നിഷ്കളങ്കതയിൽ അലിഞ്ഞ് അവനെ സ്നേഹിച്ച കഥ ഓർമ്മവന്നു. താളിയോലകൾ നഷ്ടപ്പെട്ടെങ്കിലും ഉപാസനാമന്ത്രങ്ങൾ ജപിച്ച് മൂർത്തികളുടെ പ്രീതിനേടാൻ അതെന്നെ പ്രേരിപ്പിച്ചു.


പക്ഷെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ബാലൻവല്യച്ഛൻ പഠിപ്പിച്ച ഒരൊറ്റമന്ത്രവും എത്രതന്നെ കിണഞ്ഞുശ്രമിച്ചിട്ടും തരിമ്പുപോലും ഓർമ്മയിൽ തെളിയാത്തവണ്ണം മറവിയിലേക്ക് മൊഴിമാറ്റംചെയ്യപ്പെട്ടിരിക്കുന്നു. സത്യവും മിഥ്യയും വേർതിരിച്ചറിയാനാവുന്നില്ല. ചിറകുകരിഞ്ഞ മഴപ്പാറ്റകളുടെ നിഴൽചിത്രങ്ങൾപോലും പ്രജ്ഞയിൽനിന്നും മായ്ച്ചുകൊണ്ട് ബോധതലങ്ങളിലേക്ക് കൂരിരുട്ട് കടന്നുവന്നു