http://www.cyberjalakam.com

ജാലകം

Saturday, December 12, 2009

ദോഹയിലെ മഴ

...................

മലയാളനാട് വൃശ്ചിക കുളിരില്‍ ഉറങ്ങിയുണരുമ്പോള്‍ ദോഹ മഞ്ഞിലമരുകയാണ് പതിവ് . ജോലി കഴിഞ്ഞെത്തിയാല്‍ പെട്ടെന്നെന്തെകിലും കഴിച്ചു ബ്ലാങ്കറ്റിനടിയില്‍ നൂഴ്ന്നു കയറി പുലരും വരെ അലസമായി കിടക്കും . പുലര്‍ച്ചെ മടിയുടെ പാരമ്യത്തില്‍ ഉണര്‍ന്നെണീറ്റ് ഹീറ്റര്‍ ഇട്ടിട്ടു വേണം പ്രഭാത കൃത്യങ്ങള്‍ തുടങ്ങണമെങ്കില്‍. ജോലിക്കിറങ്ങും മുന്‍പ് മുഖത്തും കൈകാലുകളിലും വഴു വഴുത്ത ക്രീം തേച്ചു  മൊരിച്ചില്‍ മാറ്റണം.

പ്രഭാതങ്ങളിലും, സന്ധ്യകളിലും, രാത്രിയിലുമെല്ലാം മരവിപ്പിക്കുന്ന കോട മഞ്ഞു കലര്‍ന്ന കാറ്റ് വീശും. ജാക്കറ്റും, തൊപ്പിയും, കയ്യുറയും ധരിച്ചിട്ടല്ലാതെ വഴി യാത്രക്കാരെ കാണുക ചുരുക്കം.
ഊക്കോടെ കാതില്‍ വന്നലക്കുന്ന പിശറന്‍ കാറ്റേറ്റ്  വേദനിക്കാതിരിക്കാന്‍ ചെവി മൂടിയാവും നടപ്പ് . ഇതില്ലാതെ തണുത്തു വിറച്ചു കൂനിക്കൂടി കൈ മാറത്തു കെട്ടി കാലാവസ്ഥയെ വെല്ലു വിളിക്കാനെന്ന വണ്ണം നടക്കുന്ന അഹങ്കാരികള്‍ മിക്കവാറും മലയാളികള്‍ ആയിരിക്കും. അത് കാണുമ്പോള്‍ മറ്റുള്ള രാജ്യക്കാര്‍ പറയും മുഖ് മാഫി ഹിന്ദി (ബുദ്ധിയില്ലാത്ത ഇന്ത്യാക്കാര്‍).

പക്ഷെ ഇതിനെല്ലാം വിപരീതമായി രണ്ടു ദിവസമായി മഴയാണ് . രാത്രി മഴ പുലര്‍ന്നിട്ടും തോര്‍ന്നിട്ടില്ല . മച്ചിന്‍ മുകളില്‍ തേങ്ങ പെറുക്കിയിടുന്ന പോലെ കുടു കുടു ഇടിമുഴക്കം തുടരെ തുടരെ . വെള്ളം വാര്‍ന്നു പോകാന്‍ യാതൊരു സംവിധാനവുമില്ലാത്ത കെട്ടിടങ്ങള്‍ മിക്കതും ചോര്‍ന്നോലിക്കുന്നു. റോഡുകളില്‍ മഴവെള്ളം ഒഴുകിപ്പോകാന്‍ ഇടമില്ലാതെ കെട്ടിക്കിടന്നു ഗതാഗത തടസ്സം സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നു . സ്വന്തമായി കുടയുള്ള അത്യപൂര്‍വ്വം ചിലര്‍ കുട ചൂടി പോകുന്നുണ്ട് .

 വീടുകളുടെ മേല്‍കൂരകളില്‍ തളം കെട്ടിക്കിടക്കുന്ന വെള്ളം ചിലര്‍ കോരിക്കളയുന്നുണ്ട് . റോഡുകളില്‍ നിന്നും ടാങ്കര്‍ ലോറികള്‍ ഓളം തള്ളുന്ന വെള്ളം വലിച്ചെടുക്കുന്നുമുണ്ട്. ഓടകള്‍ ഇല്ലാത്തതിനാല്‍ നാട്ടിലെപ്പോലെ ചീഞ്ഞു നാറുന്ന വെള്ളം കുത്തിയൊലിച്ചു പോകുന്നത് കാണാനില്ല.

കര്‍ക്കിടപ്പേമാരി പോലെ മഴ തകര്‍ക്കുമ്പോള്‍ ദോഹയും പെരുമ്പാവൂരും ഏറെക്കുറെ ഒരു പോലെ. ചെളിയും, വെള്ളവും , ഈറപ്പും, വിജനമാകുന്ന വീഥികളും എല്ലാം ഒരു പോലെ തന്നെ .

മഴയുടെ മാസ്മരീക ഭാവങ്ങളില്‍ തെല്ലു മാറ്റങ്ങള്‍ മാത്രം .. മഴ മരചില്ലകളിലൂടെ തുള്ളിക്കളിച്ചു പെയ്യുന്നത് .. തെങ്ങോലകളിലൂടെ ഊഞ്ഞാലാടിക്കളിക്കുന്നത് , മേച്ചിലോടിന്റെ തോടുകളിലൂടെ ഊര്‍ന്നു വീണു വൃത്തം വരക്കുന്നത് , കാറ്റിനൊപ്പം ചേര്‍ന്ന് വായ്ത്താരിയുളവാക്കുന്നത്.. ഇലകളിലോളിച്ചു ..കാറ്റിനൊപ്പം ചേര്‍ന്ന് മരം പെയ്യുന്നത് ..ഇലകളുടെയും പൂക്കളുടെയും സുഗന്ധം കവര്‍ന്നു കാറ്റില്‍ കുറുക്കുന്നത് ... ഇതൊക്കെ ദോഹയിലെ മഴക്കന്യമാകുന്നു.


വില്ലയിലെ റൂമുകള്‍ ചോര്‍ന്നോലിച്ചിട്ടു നാട്ടിലെ ഓടിട്ട വീടുകളില്‍ ചെയ്യുന്ന പോലെ ബക്കറ്റും പാത്രങ്ങളും നിരത്തി വെച്ച് വെള്ളം ശേഖരിച്ചു പുറത്തു കളയുന്നു. മഴ വില്ലക്കു പുറത്താണ് പെയ്യുന്നതെങ്കിലും വെള്ളം മൊത്തം വില്ലക്കകത്തു തന്നെ .


അപൂര്‍വ്വമായി ലഭിക്കുന്ന ഈ മഴയുടെ ലഹരിലെന്നോണം ഈന്തപ്പനകള്‍ ഇറുങേ ക്കുളിര്‍ന്നു തരളിത ഗാത്രികളായി നില്‍ക്കുന്ന പോലെ. ഈ മഴ ഒരു പക്ഷെ അവയുടെ എന്നത്തേയും സ്വപ്നമായിരിക്കാം..ഇപ്പോള്‍ സ്വപ്ന സാഫല്യവും ..


ഓഫീസിലേക്കുള്ള വഴിയെ ട്രാഫിക് സിഗ്നലില്‍ വാഹനങ്ങളുടെ നീണ്ട നിര. ഹൈറേന്ജിലെ നാല്‍പ്പതാം നമ്പര്‍ മഴയെ അനുസ്മരിപ്പിക്കും വിധം നൂല് പോലെ പെയ്യുന്ന നേര്‍ത്ത മഴ. ആ മഴയില്‍ക്കുളിച്ചു  സ്ട്രോബെറി കാച്ചികുറുക്കിയ നിറം പൂണ്ട അധരങ്ങളുമായി, മൈലാഞ്ചിയുടെ മൊഞ്ചുള്ള കപോലങ്ങളുമായി , ബ്ലാക്ക് ബെറിയുടെ തിളക്കമാര്‍ന്ന കണ്ണുകളുമായി, ഗോതമ്പിന്റെ നിറം പൂണ്ട അഴിഞ്ഞുലയുന്ന ചുരുള്‍ മുടിയുമായി ഒരു ലബനീസ് പെണ്‍കൊടി സിഗ്നല്‍ മുറിച്ചു കടക്കുന്നു . മഴക്കോ തനിക്കോ മനോഹാരിത എന്ന മട്ടില്‍ കൂസലില്ലാതെ ചുറു ചുറുക്കോടെ അവള്‍ കടന്നു പോയി. മഴയുടെ തണുത്ത പിശറന്‍ കാറ്റിനൊപ്പം പേരറിയാത്ത ഏതോ സുഗന്ധം അവളുടെ  മാസ്മരീക ഭാവങ്ങള്‍ക്കൊപ്പം എന്നെ തഴുകി കടന്നു പോയി. 

ധനുമാസത്തിലെ തിരുവാതിരക്കാറ്റില്‍ കുളിര്‍ന്നിട്ടെന്നോണം ദോഹയിലെ മഴയും കാറ്റും ആസ്വദിച്ചു മെല്ലെ നടക്കവേ ഒന്നു രണ്ടു ഫോണ്‍ കാളുകള്‍ എത്തി. മലയാളി സുഹൃതുക്കളുടെതാണ് .. മഴയും ചെളിയും അവരെ ദുരിതത്തിലാക്കി എന്ന് പരാതിപ്പെട്ടുകൊണ്ട്....മിക്കയിടത്തും വെള്ളക്കെട്ടുകള്‍ .. ഇവിടുത്തെ കടുപ്പം കൂടിയ ചുണ്ണാമ്പ് കല്ല്‌ പോലത്തെ മണ്ണ് വെള്ളത്തെ ഭൂമിയിലേക്ക്‌ താഴാന്‍ അനുവദിക്കുന്നതെയില്ല.
മഴയെ പ്രണയിച്ചും , മോഹിച്ചും , കാല്പ്പനീക ഭാവങ്ങള്‍ നല്‍കിയും പോന്നിരുന്നവര്‍ ആ നോസ്ടാല്‍ജിയ ഒക്കെ വിട്ടൊഴിഞ്ഞ മട്ടുണ്ട്. മഴ ഇപ്പോഴും പെയ്തുകൊണ്ടെയിരിക്കുന്നു.. കൂടെ ഇടിമുഴക്കങ്ങളും ..

37 comments:

ശാരദനിലാവ്‌ said...

രണ്ടു ദിവസമായി പെയ്യുന്ന മഴ ... നാട്ടിലാണെന്ന തോന്നലുളവാക്കുന്നു

കുഞ്ഞൻ said...

mazha mazha kuda kuda....!!!


peyyattangine peyyatte...

കുമാരന്‍ | kumaran said...

മഴ നല്ലതല്ലേ പെയ്യട്ടേന്നേ.. വിഭിന്ന ഭാവങ്ങളില്‍..

പാവപ്പെട്ടവന്‍ said...

ഞങ്ങള്‍ ഇപ്പോഴും മഴയുടെ കുളിരിലാണ്. ദോഹയില്‍ മഴ ഇപ്പോഴും പെയ്തുകൊണ്ടെയിരിക്കുന്നു.നല്ല കുളിര് കാറ്റുകള്‍ വീശിയടിക്കട്ടെ

Nijil said...

സൌദിയിലേയും സ്തിഥി ഇതു തന്നെ...നല്ല തകര്‍പ്പന്‍ മഴയാണ്...

കണ്ണനുണ്ണി said...

മഴ മരചില്ലകളിലൂടെ തുള്ളിക്കളിച്ചു പെയ്യുന്നത് .. തെങ്ങോലകളിലൂടെ ഊഞ്ഞാലാടിക്കളിക്കുന്നത് , മേച്ചിലോടിന്റെ തോടുകളിലൂടെ ഊര്‍ന്നു വീണു വൃത്തം വരക്കുന്നത് , കാറ്റിനൊപ്പം ചേര്‍ന്ന് വായ്ത്താരിയുളവാക്കുന്നത്.. ഇലകളിലോളിച്ചു ..കാറ്റിനൊപ്പം ചേര്‍ന്ന് മരം പെയ്യുന്നത് ..ഇലകളുടെയും പൂക്കളുടെയും സുഗന്ധം കവര്‍ന്നു കാറ്റില്‍ കുറുക്കുന്നത് ... ഇതൊക്കെ ദോഹയിലെ മഴക്കന്യമാകുന്നു.


---കൊതി വരുന്നു

poor-me/പാവം-ഞാന്‍ said...

Thank you for taking me to there ...one mnt let me take a kuTa.

ചാറ്റല്‍ said...

ദോഹയിലെ മഴ, ശരിതന്നെ വല്ലാത്തൊരു സുഖം
നാട്ടിലേക്ക് വിളിച്ചൊന്നു കൊതിപ്പിച്ചു.
പിന്നെ
മഴപെയ്യുമ്പോള്‍ ലബനീസ് പെണ്‍കൊടി സിഗ്നല്‍ മുറിച്ചു കടക്കുന്നത് എന്തിനായിരിക്കാം?
എല്ലാം നല്ലതിനാവാട്ടെ, ആശംസകള്‍

ഏ.ആര്‍. നജീം said...

ഒരുപാട് കാലങ്ങള്‍ക്ക് ശേഷം അങ്ങിനെ രാത്രിമഴയുടെ കിന്നാരവും മൂളിപ്പാട്ടും കേട്ട് ഇന്നലെ കമ്പിളിപ്പുതപ്പിനുള്ളില്‍ ഒതുങ്ങിക്കൂടി കിടന്നുറങ്ങി. രാവിലെ എണീറ്റപോഴല്ലേ സംഗതി ഇത്ര വലിയ മഴയായിരുന്നു എന്നു മനസ്സിലായത്...

പിന്നെ ഡ്യൂട്ടിക്ക് പോയി വന്നു കഴിഞ്ഞപ്പോളേയ്ക്കും മറ്റൊരു കാര്യം കൂടി പഠിച്ചു.. ഈ ബോട്ടും കപ്പലും ഒന്നും ഓടിക്കുന്നത് അത്ര ബല്യ പണിയൊന്നും അല്ല ആര്‍ക്കും സാധിക്കുന്നതാണെന്ന്.

എന്തായാലും അതൊക്കെ വീണ്ടും അയവിറക്കാന്‍ ഈ പോസ്റ്റ് ഉപകരിച്ചൂട്ടോ.. നന്ദി

ശാരദനിലാവ്‌ said...

ചാറ്റല്‍,

മഴ പെയ്തൊഴിഞ്ഞ ഉടനെ മരക്കൊമ്പുകള്‍ക്കിടയിലെ ഇല ചാര്‍ത്തിലൊളിച്ച മഴത്തുള്ളികളെ തഴുകി തലോടി വരുന്ന കാറ്റ്
തനിക്കു വളരെ ഹൃദ്യമാണെന്നു ഒരിക്കല്‍ പറഞ്ഞത് ഞാന്‍ മറന്നിട്ടില്ല ....

ആഗ്നേയ said...

mazha anubhavippichu :-)

VEERU said...

മരുഭൂമിയിൽ പെയ്തിറങ്ങിയ ഹാതുരത്ത്വമുണർത്തുന്ന മഴയെ കുറിച്ചുള്ള വർണ്ണന കൊള്ളാം...തകർത്തു !!
പക്ഷേ യാത്രയിൽ, നൂൽമാല പോലെ വിണ്ണിൽ നിന്നിറങ്ങി വരുന്ന മഴയും ,അപ്രതീക്ഷിതമായ മഴയിൽ തരളിതരായി നിൽക്കുന്ന പനക്കൂട്ടങ്ങളും കാഴ്ചയാകർഷിക്കുന്ന ട്രാഫിക് ജാമും എല്ലാമെല്ലാമുണ്ടായിട്ടും ‘കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ’ എന്നു പറഞ്ഞ പോലെ സുഗന്ധം വരി വിതറിക്കടന്നു പോയ ലെബനീസ് പെൺകൊടിയുടെ ചോര കുടിച്ചപ്പോളേ തൃപ്തിയായുള്ളൂ അല്ലേ !!!

ശ്രീ said...

നാമെവിടെയാണെങ്കിലും മഴ തരുന്നത് ഗൃഹാതുരമായ ഓര്‍മ്മകള്‍ തന്നെ അല്ലേ?

Maya Sajeev said...

തകര്‍ത്തിട്ടുണ്ട് മാഷെ , ഇത്ര മാധുര്യത്തോടെ മഴയെ നുകരുമ്പോഴും ലെബനീസ് പെണ്‍കൊടി
പോയതരിഞ്ഞൂട്ടോ ..........ഗ്രേറ്റ്‌ മാഷെ നല്ല എഴുത്ത് .

Typist | എഴുത്തുകാരി said...

മഴ വന്നാല്ലും ഓര്‍ക്കുന്നതു നാടിനെത്തന്നെ. ധനുമാസമെത്താറായി. എന്നിട്ടും അത്ര വലിയ തണുപ്പൊന്നുമില്ല ഇവിടെ ഇപ്പോള്‍.

അനിൽ@ബ്ലൊഗ് said...

മഴയൊരു സുഖം തന്നെയാണ്.
മഴയത്ത് വണ്ടിയോടിച്ചു നടക്കുക അതിലും രസം.

ശാരദനിലാവ്‌ said...

Kunjan maashe ..മഴ നിലച്ചു കേട്ടോ

Kumaara ...മഴ രൌദ്ര ഭാവത്തില്‍ പെയ്യാതിരിക്കട്ടെ

പാവപ്പെട്ടവന്‍, Nijil ....സൌദിയിലെ മഴയുണ്ടാക്കിയ നാശ നഷ്ടങ്ങളെക്കുറിച്ചുള്ള ചിത്രങ്ങള്‍ അടങ്ങിയ ഇ മെയില്‍ കണ്ടിരുന്നു. മഴയുടെ മനോഹാരിതക്കൊപ്പം അതുണ്ടാക്കുന്ന നാശങ്ങളും , അതെടുക്കുന്ന ജീവിതങ്ങളും , സ്വപ്നങ്ങളും എല്ലാം ഞാന്‍ സൌകര്യ പൂര്‍വ്വം വിസ്മരിച്ചതാണ് ..ക്ഷമിക്കുക

ഏ.ആര്‍. നജീം... ഇനിയും എന്തെല്ലാം പഠിക്കാന്‍ ഇരിക്കുന്നു ... ഓരോന്നും പഠിച്ചു വരുമ്പോഴേക്കും ജീവിതം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത് നാം അറിയുന്നേയില്ല ..അല്ലെ

ശാരദനിലാവ്‌ said...

നന്ദി ആഗ്നേയ .. വാന്ഗ്മയ ചിത്രങ്ങളെ മനസ്സിലെക്കാവാഹിച്ചു , ആസ്വദിക്കാനുള്ള നിങ്ങളുടെ കഴിവിന് ...

കണ്ണനുണ്ണി കൊതിക്കാനെന്തിത്ര ... മഴ വരും.. പോകും ..നാം കണ്‍ തിളക്കി , കാതു കുറുക്കി , മനം നിറച്ചു നോക്കിയാല്‍ പോരെ ..

poor-me/പാവം-ഞാന്‍... Thank u so much

ചാറ്റല്‍, വീരു & മായ സജീവ്‌ ,

ലബനീസ് പെണ്‍ കൊടി, മഴയുടെ മനോഹാരിതക്കൊപ്പം കുട ചൂടാതെ വന്ന മഴയുടെ തന്നെ മാസ്മരീക ഭാവങ്ങളാണ് ... അതിനെ ഉപമിക്കാന്‍ സുന്ദരിയായ പെണ്‍കൊടിയുടെ അംഗ ലാവണ്യത്തെക്കാള്‍, ചാരുതയെക്കാള്‍ മറ്റെന്താണ് ഉതകുന്നത്.... ആ നീള്‍ മിഴികളില്‍ കുരുങ്ങി സിംഹാസനം പോലും വേണ്ടെന്നു വെച്ച പുരുഷ കേസരികളില്ലേ.. ഈ പാവം ഞാന്‍ ഒന്ന് നോക്കുകയല്ലേ ചെയ്തുള്ളൂ

ശാരദനിലാവ്‌ said...

ശ്രീ , മഴ നമുക്കേകിയിട്ടുള്ള സ്മരണകള്‍ക്കനുസരിച്ച് .. അത് നമ്മില്‍ സ്മരണകളുണര്‍ത്തും ..എല്ലാവര്‍ക്കും ഗ്രിഹാതുരത്വം ആവണമെന്നില്ല

Typist | എഴുത്തുകാരി.... കുളിര്‍ നിലാവൊഴുകാത്ത ധനുമാസമുണ്ടോ .. ദശപുഷ്പങ്ങള്‍ കണ്‍ തുറക്കുന്നത് ഈ കുളിരില്‍ അലിയാനല്ലേ .. സല്‍ പതിക്ക് വേണ്ടിയും
ദീര്‍ഖ സുമംഗലിയാവാനും സ്ത്രീകള്‍ ഈ കുളിര്‍ രാവുകളിലല്ലേ വ്രതം നോക്കുന്നത് .. ധനു മാസ രാവുകള്‍ക്ക്‌ കുളിര്‍ തേരിലെറാതെ അണയാനാകുമോ?


അനിൽ@ബ്ലൊഗ് -- എനിക്കു മഴ നനഞ്ഞു നടക്കാനാണ് ഏറെ ഇഷ്ടം, പക്ഷെ വട്ടാണെന്ന് ധരിക്കില്ലേ .. ബൈക്കിലാവുമ്പോള്‍ മഴക്കോട്ടെടുക്കാന്‍ മറന്നതാണെന്ന് ധരിച്ചോളും .. തണുപ്പുള്ള രാവുകളില്‍ ബൈക്കില്‍ പ്രണയാര്‍ദ്രമായ മനസ്സുമായി കുറെ നേരം , തനിച്ചു യാത്ര ചെയ്യുന്നത് എനിക്ക് അതിലേറെ ഇഷ്ടമാണ് ..അപ്പോഴൊക്കെ ഒരു പ്രണയിനി വിരഹത്തിന്റെ വിവശതയോടെ എന്നെ കാത്തിരിക്കുന്നുണ്ടെന്ന് തോന്നാറുണ്ട് ..

Captain Haddock said...

nice...liked it

വീ കെ said...

മഴയുടെ ഭാവങ്ങളുടെ വർണ്ണനയിൽ ഒരു ലെബനീസ് പെൺകൊടി എങ്ങനെ കടന്നു വന്നു.....?!!
എന്തെ ഒരു മലയാളി പെൺകൊടി കടന്നുവന്നില്ല...!!

the man to walk with said...

mazha kulirettu..all the best

മുരളി I Murali Nair said...

ഞാനിവിടെ എത്തുമ്പോഴേക്കും മഴമാറിപ്പോയല്ലോ സുനില്‍..
എങ്കിലും രണ്ടു മൂന്നു ദിവസം മുന്‍പ് ഈ മഴ ഞാനും ഒരു പാട് ആസ്വദിച്ചിരുന്നു...
ഇത്തവണത്തെ മഴ ശരിക്കും നാട്ടിലെ മഴപോലെ തോന്നിച്ചു....മഴപെയ്ത ദിവസങ്ങളിലെല്ലാം വൈകുന്നേരങ്ങളില്‍ ഞാന്‍ പുറത്തു കറങ്ങുകയായിരുന്നു....മഴയത്ത് ഡ്രൈവ് ചെയ്യുന്നതിന്റെ സുഖം..പിന്നെ ഉള്ളിലെ നഷ്ടബോധം..എല്ലാറ്റിനുമൊടുവില്‍ ഇത് കൂടി വായിക്കുമ്പോള്‍ ശരിക്കും നാട് മിസ്സ്‌ ചെയ്യുന്ന പോലെ....

ശ്രദ്ധേയന്‍ said...

കമന്റിലെ ലിങ്കിലൂടെ പോസ്റ്റില്‍ എത്തേണ്ടി വന്നത് നാണക്കേടായല്ലോ? ഇങ്ങനെ ഒരു കുളിര്‍ മഴ ബ്ലോഗില്‍ പെയ്തത് അറിയാതെ പോയതിനു ക്ഷമ ചോദിക്കുന്നു. അത്രയ്ക്ക് ഹൃദ്യമായ വിവരണം. (ഞാന്‍ കഴിഞ്ഞ മാസം നാട്ടിലെ പെരുമഴ ആസ്വദിച്ചു വന്നതിന്റെ ഒരു കെറുവും മനസ്സിലുണ്ട് :))

മോഹനം said...

ഞാനും നനഞ്ഞു

jyo said...

ആ മഴക്കാ‍റ്റ് ഇങ്ങോട്ടൊന്നു വീശിയിരുന്നെങ്കില്‍..ഇവിടെയുള്ള പാവപ്പെട്ടവര്‍ക്ക് ആശ്വാസമായേനെ.


പുതുവത്സരാശംസകള്‍

jayanEvoor said...

നല്ല രസികന്‍ പോസ്റ്റ്‌...

മഴ എവിടെയും ഒരു കാല്‍പ്പനിക അനുഭൂതി പകരുന്നു...

"ധനുമാസത്തിലെ തിരുവാതിരക്കാറ്റില്‍ കുളിര്‍ന്നിട്ടെന്നോണം ദോഹയിലെ മഴയും കാറ്റും ആസ്വദിച്ചു മെല്ലെ നടക്കവേ...."

ആ വരിയിലുണ്ട്, എഴുത്തുകാരന്റെ ഹൃദയം!

വീ കെ said...

‘നിലാവിന്റെ‘ പ്രൊഫൈൽ വായിച്ചപ്പോൾ ഒരു കുസൃതി തോന്നി..
“ഇപ്പോൾ പെരുമ്പാവൂരിൽ താമസം. ഖത്തറിൽ ജോലി ചെയ്യുന്നുവെന്ന്. “
അപ്പോൾ ദിവസവും പോയി വരികയാണൊ...?

നീലാംബരി said...

മഴ എനിക്കും ഒരുപാടിഷ്ടമാണ്‌... ചിരിക്കുമ്പോള്‍ കൂടെ ചിരിക്കുകയും.... കരയുമ്പോള്‍ കൂടെ കരയുകയും ചെയ്യുന്ന മഴ. എനിക്കു ദേഷ്യം വന്നാല്‍ മഴ്യ്ക്കും ദേഷ്യം വരും...
ഞാന്‍ മിണ്ടാതിരുന്നാല്‍ അവള്‍ നിശബ്ദമായി പെയ്തുപോകും...
അങ്ങനെ ഓരോമഴയും എന്റേതുമാത്രമാകുന്നു....
ഞാന്‍ എവിടെ ആയിരുന്നാലും....
ആശംസകള്‍.

raadha said...

എത്ര കഷ്ടം തന്നാലും, മഴ മഴ തന്നെയല്ലേ....മോഹിപ്പിക്കുന്ന, കൊതിപ്പിക്കുന്ന, മനസ്സിനെ രാഗവിലോലമാക്കുന്ന മഴ എന്നും എനിക്ക് പ്രിയപ്പെട്ടത്...വീണ്ടും വൃചികത്തിന്റെ കുളിരില്‍ നിന്ന് മഴയിലേക്ക്‌ പയ്യെ നടത്തിയതിനു നന്ദി!!

താരകൻ said...

മഴയെകുറിച്ചുള്ള വർണ്ണന വളരെ ഹൃദ്യമായിരിക്കുന്നു...

ചേച്ചിപ്പെണ്ണ് said...

ദോഹയില്‍ പെയ്ത മഴ ഞാന്‍ ഇവിടിരുന്നു നനഞ്ഞു , നിലാവേ...
ഇനിയും മഴ പെയ്യട്ടെ ... മഴ നനഞ്ഞ പോസ്റ്റുകളും പെയ്യട്ടെ ...
ആശംസകള്‍

vinus said...

ശെരിയാ .ഗൾഫിൽ മഴ കണ്ടാ മഴയൊട് തൊന്നണ ഇഷ്ട്ടം ഒക്കെ പൊകും. എന്നാലും ചില മഴ ഓർമ്മകൾ അതു കൊണ്ട് വരും

മോഹനം said...

സമാധാനവും സന്തോഷവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു

Mahesh Cheruthana/മഹി said...

എനിക്കും ഏറ്റവും ഇഷ്ടമായ മഴയുമായി എത്തിയതിൽ സന്തോഷം!ഈ " ദോഹയിലെ മഴ" ഞാനും നനഞ്ഞു! തുടരുക!എല്ലാ നന്മകളും ,ആശംസകളും!

khader patteppadam said...

മഴയുടെ കനവുകള്‍ ദോഹയില്‍...നന്നായി

ശ്രീ said...

പുതുവത്സരാശംസകള്‍, മാഷേ
:)