http://www.cyberjalakam.com

ജാലകം

Tuesday, April 21, 2009

വെള്ളിയില്‍ തീര്‍ത്ത നാഗരൂപമുള്ള മിഞ്ചി

ഞാനെന്ന ഇരുപതു വയസ്സുകാരന്‍ തിളയ്ക്കുന്ന യൌവനത്തില്‍ ഒരന്തവും കുന്തവും ഇല്ലാതെ ഉത്സവങ്ങളും , പെരുന്നാളുകളും , സിനിമയും ഒക്കെയായി ജീവിതം ഒരു ആഹോഷമായി കൊണ്ടാടുമ്പോള്‍
ശരീരം കുറച്ചധികമായി അതിന്റെ കെമിസ്ട്രി വര്‍ക്ക് ചെയ്തു , വഴിതെറ്റിക്കുന്ന , പ്രലോഭിപ്പിക്കുന്ന ധാരാളം ഹോര്‍മോണുകള്‍ നിര്‍മ്മിച്ചു എന്നെ ഒരുമാതിരി വട്ടം ചുറ്റിച്ചു കൊണ്ടിരുന്ന കാലം
പെണ്‍കുട്ടികളുടെ ഒരു ചിരി , ഒരു നോട്ടം , തെല്ലു നേരത്തെ സാമീപ്യം എല്ലാം ഒരു ലഹരിയായി , അതിനു വേണ്ടി എത്ര ദൂരം വെണമെങ്കിലും ബൈക്കോടിക്കാന്‍, അമ്പല നടയിലോ , പള്ളി പറമ്പിലോ , കല്യാണ വീട്ടിലോ എന്ന് വേണ്ട എവിടെയും ക്ഷമയോടെ എത്ര നേരം വെണമെങ്കിലും കാത്തു നില്ക്കാന്‍ മടിയും, ലജ്ജയും, വകതിരിവും എന്നെ അനുവദിച്ചിരുന്ന മനോഹര കാലം .
അച്ഛന്റെ കൃഷി പണികളില്‍ ചില ചില്ലറ സഹായങ്ങള്‍ എന്റെ ഉത്തരവാദിത്വമായിരുന്നു . പാടത്ത് കീടനാശിനിയടിക്കുക, ചാരം പാറ്റുക, വളമിടുക , കൊയ്ത്തിനു കറ്റ പിടിച്ചു കൊടുക്കുക തുടങ്ങിയ ചില ചില്ലറ ജോലികള്‍.
അച്ഛന്‍ സ്വന്തം സ്ഥലമുള്ളത് പോരാഞ്ഞു കുറച്ചു സ്ഥലം കൂടി പാട്ടത്തിനെടുത്തു വാഴ കൃഷി തുടങ്ങാന്‍ പദ്ധതിയിട്ടു. അതിന്റെ മുഴുവന്‍ ചുമതലയും എനിക്കായിരിക്കും എന്ന് പ്രഖ്യാപിക്കുകയും ചെയ്തു . പഠിത്തവും വാഴകൃഷിയും ഉണ്ടേല്‍ പിന്നെ യാതൊരു ചുറ്റിക്കളീം നടക്കില്ലല്ലോ, എന്ന മുന്‍വിധിയായിരിക്കും അച്ഛനെ അതിനു പ്രേരിപ്പിച്ചതെന്നു തോന്നുന്നു .
പെരിയാറിന്റെ തീരം . തീരത്തോട് ചേര്‍ന്ന് കുറച്ചു പാറകള്‍ . അതിനിപ്പുറം കുറെയേറെ കൃഷി ഭൂമികള്‍ . അധികവും കാടു പിടിച്ചു കിടക്കുന്നിടം . പത്തിരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് തമിഴ് ബ്രാഹ്മണര്‍ താമസിച്ചിരുന്ന മഠങ്ങള്‍ ആയിരുന്നു ആ കൃഷി ഭൂമിയുടെ ഇങ്ങേ അറ്റം എന്ന് കേട്ടിട്ടുണ്ട് . അവരെല്ലാം തന്നെ മഠങ്ങള്‍ വിറ്റു മദ്രാസ്സിലും , മുംബൈക്കും മറ്റും ചേക്കേറി .
സ്ഥലം വാങ്ങിയവര്‍ നല്ല ഉരുപ്പടി തടികള്‍ ഉണ്ടായിരുന്ന മഠങ്ങള്‍ പൊളിച്ചു വിറ്റു കാശാക്കി . വല്ല നിധിയും ഉണ്ടാകും എന്ന് മോഹിച്ചു തറ വരെ കുഴിച്ചെടുത്തു . ആര്‍ക്കോ സ്വര്‍ണ നാണയങ്ങള്‍ കിട്ടിയെന്നും കേട്ടിട്ടുണ്ട്
അവിടെ പ്രേതബാധയുള്ള സ്ഥലമാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ടായിരുന്നു .അച്ഛനോ എനിക്കോ അതിലൊന്നും തരിമ്പും വിശ്വാസം ഇല്ലായിരുന്നു . അന്ന് ആ ചുറ്റുവട്ടത്ത് പൊടി പൊടിച്ചു നടന്നിരുന്ന വാറ്റു ചാരായക്കാരുടെ പ്രചരണം ആയിട്ടാണ് ചെറുപ്പക്കാരൊക്കെ അതിനെ കണക്കിലെടുത്തത് .
ഞാനാണെങ്കില്‍ ആ പെണ്‍ പ്രേതത്തെ കാണാന്‍ അതിയായി ആഗ്രഹിക്കുകയും ചെയ്തിരുന്നു .കേട്ടുകേള്‍വി അനുസരിച്ച് അതീവ സുന്ദരിയായിരുന്ന സ്വര്‍ണം എന്നു പേരുള്ള അമ്യാരുകുട്ടിയായിരുന്നു അവള്‍. തന്റെ ഇരുപതാമത്തെ വയസ്സില്‍ വിവാഹിതയായി നാട്ടില്‍ നിന്നും പോയി, മദ്രാസ്സില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചവള്‍ . ഇതൊക്കെ ഞാന്‍ ജനിക്കും മുന്‍പ് നടന്ന കഥകള്‍ .
അമ്മ അവളെക്കുറിച്ച് പറയുന്ന കേട്ടാല്‍ അവളൊരു വിശ്വൈക മോഹിനിയായിരുന്നു എന്ന് തോന്നും .
" വിളഞ്ഞ നെല്‍കതിരിന്റെ നിറം , നീണ്ട കടഞ്ഞെടുതപോലുള്ള കഴുത്ത് , ചുണ്ടുകളും കണ്ണുകളും എല്ലാം രവി വര്‍മ്മ ചിത്രങ്ങളിലേതു പോലെ . നല്ല ഉയരം .തിളങ്ങുന്ന ചുവന്ന കല്ല്‌ വച്ച മൂക്കുത്തി, എന്തൊരു നല്ല പുഞ്ചിരി. അങ്ങ് മുട്ടറ്റം വരെ വിടര്‍ത്തിയിട്ടിരിക്കുന്ന മുടി നിറയെ മുല്ലപ്പൂക്കള്‍ ചൂടിയിരിക്കും. തലയെടുപ്പുള്ള ആ നടത്തം കണ്ണീന്ന് പോകുന്നില്ല . സാക്ഷാല്‍ സ്വര്‍ണ വിഗ്രഹം തന്നെ.”
“മുല്ലപ്പൂക്കളോട് അതിന് ഒരു ഹരം തന്നെയായിരുന്നു. മുല്ലപ്പൂ ചൂടിയിട്ടല്ലാതെ അതിനെ കണ്ടിട്ടില്ലെന്നാണെന്റെ ഓര്‍മ്മ .അമ്പല നടയില്‍ ദീപാരാധന തൊഴാന്‍ നില്‍ക്കുമ്പോള്‍ ചിരാതുകളുടെ വെളിച്ചത്തില്‍ ആ കുട്ടിയങ്ങനെ ജ്വലിച്ചു നിക്കും . കണ്ണ് തുറന്നു പ്രാര്‍ത്ഥിക്കുന്നവരുടെ കണ്ണിലും മനസ്സിലും ആ അമ്മ്യെരു തന്നെ.”
“ഭഗവതി ഇറങ്ങി വന്നാല്‍ ഇതുപോലയിരിക്കും എന്നാ എനിക്ക് തോന്നാറ് . അതിനു കണ്ണ് കിട്ടീതാ .. അതാ ഇങ്ങനെ ഒരു ദുര്‍വിധി . ഇത്രേം സൌന്ദര്യം ആര്‍ക്കും കിട്ടാണ്ടിരിക്കട്ടെ "
അമ്മ വാക്കുകളിലൂടെ ആ സര്‍വ്വാംഗ സുന്ദരിയെ വരച്ചിട്ടു, എന്നിട്ട് ഒന്ന് നെടു വീര്‍പ്പിട്ടു .
" എന്റെ ഓര്‍മ്മയില്‍ അത് പോലൊരു കുട്ടിയെ ഞാന്‍ കണ്ടിട്ടേയില്ല. സിനിമേല്‍ ശ്രീവിദ്യയെ കാണുമ്പോ എനിക്കതിനെ ഓര്‍മ്മ വരും . ഈ നാട് വിട്ടു പോകാന്‍ അതിനു തീരെ ഇഷ്ടം ഒണ്ടായിരുന്നില്ല . വല്ലാതെ കരഞ്ഞിട്ടാ പോയെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് . അതാ അത് മരിച്ചിട്ടും ഇങ്ങോട്ട് തന്നെ വന്നെ "
" അതവരുടെ പറമ്പില്‍ക്കൂടി പാതിരക്കെറങ്ങി നടക്കുംന്നല്യാണ്ട് ആരേം എന്തേലും ചെയ്തതായി കേട്ടിട്ടില്യ . ഒന്ന് പേടിപ്പിക്ക പോലും ചെയ്തിട്ടില്യ . ഒരു സാധുവാര്‍ന്നു , പരമ സാധു " . വല്യമ്മായിയുടെ വക കമന്റ് ..
“ആ അമ്യാര്‍ടെ ചേലില് മയങ്ങി ഏതോ നമ്പൂരിച്ചന്‍ സാള ഗ്രാമം സമ്മാനിച്ചത്രേ. അത് വീട്ടില് വച്ച് പൂജിച്ചാ എല്ലാ ഐശ്വര്യവും വരൂത്രേ . പഷേങ്കില് വെടിപ്പും വൃത്തിക്കും ചെയ്തില്ലേ കുടുംബം നശിക്കും . അതാപ്പവിടെ നടന്നെ, ആ കുട്ടി പോയേപ്പിന്നെ ആരും വേണ്ടും വണ്ണം നോക്കിയെണ്ടാവില്ല , അത്ര തന്നെ . ഈ വക സാധനങള് കുടുംബത്ത് വക്കാണ്ടിരുന്നാ അതാ നല്ലത് , ഐശ്വര്യോം ഇന്ടായില്ലേലും കുടുമ്മം നശിക്കില്ലല്ലോ . " അച്ചമ്മേടെ വക .
അത്രയ്ക്ക് സുന്ദരിയായ ആ പട്ടത്തി കുട്ടിയെ പ്രേതമായിട്ടാണെങ്കിലും കാണാന്‍ ആഗ്രഹിക്കാത്തവന്‍ ഒരു പരമ ബോറനല്ലേ?. പിന്നെ ജനിച്ചു വളര്‍ന്ന നാടിനോടുള്ള അവളുടെ അദമ്യമായ , തീക്ഷ്ണമായ സ്നേഹം , അതെന്നില്‍ സ്വര്‍ണ്ണതോടൊരു ആദരവും ജനിപ്പിച്ചു .
സ്വര്‍ണ്ണമയമായ ലങ്കയുടെ സിംഹാസനം വിഭീക്ഷണന്‍ വച്ച് നീട്ടിയപ്പോള്‍ ശ്രീരാമന്‍ " ജനനീ ജന്മ ഭൂമിശ്ച .. സ്വര്‍ഗാദപീ ഗരീയസീ " (പെറ്റമ്മയും പിറന്ന നാടും സ്വര്‍ഗത്തേക്കാള്‍ മഹത്തരം ) എന്നോ മറ്റോ പറഞ്ഞു അയോധ്യക്ക് തിരിച്ചു പോന്നതല്ലേ.. ജനിച്ചു വളര്‍ന്ന നാടിനോടുള്ള ഉദാത്തമായ സ്നേഹം.
ആ സുന്ദരികുട്ടി പാതിരാവില്‍ അലഞ്ഞു നടക്കുന്നിടമാണ് ഈ കൃഷി സ്ഥലം . മണല്‍ കലര്‍ന്ന നല്ല വളക്കൂറുള്ള മണ്ണായത്കൊണ്ട് വാഴ കൃഷിക്ക് പറ്റിയ ഭൂമി . അച്ഛന് സ്ഥലം നന്നേ ബോധിച്ചു . അതില്‍ നിന്നും ഒരേക്കറോളം സ്ഥലം പാട്ടത്തിനെടുത്തു കൃഷി തുടങ്ങി .
സ്വര്‍ണത്തിന്റെ മഠം ഇരുന്നിടത്തിനു ചുറ്റും കുറെ തുളസിയും , ചെമ്പരത്തിയും , തെച്ചിയും ഒക്കെ ഇപ്പോഴും ഉണ്ട് . പിന്നെ ഒരു ചെമ്പക മരവും അതില്‍ നിറയെ പടര്‍ന്നു കയറിയിട്ടുള്ള മുല്ല വള്ളിയും .
ഒരിക്കല്‍ ഇറുങേ പൂത്ത ചെമ്പകത്തില്‍ അഗ്നിജ്വാലയുടെ നിറമുള്ള പൂക്കള്‍ക്കൊപ്പം വൈഡൂര്യമണിഞ പോലെ നിറയെ മുല്ലപൂക്കള്‍ . ആ സമ്മിശ്ര സുഗന്ധം ആസ്വദിച്ചു ഞാന്‍ കുറെ ഏറെ നേരം തരളിത ഗാത്രനായി , വികാര വിവശനായി അതിന്റെ ചുവട്ടില്‍ നിന്നിട്ടുണ്ട് .
സുഗന്ധം എന്നും, എക്കാലത്തും എന്നെ ഒരു റൊമാന്റിക് മൂഡിലേക്കെത്തിക്കാറുണ്ട്
പിന്നെ ഞങ്ങളുടെ നാട്ടില്‍ ഞാന്‍ കണ്ടിട്ടുള്ള ഒരേയൊരു മുസംബി മരം അവിടെയായിരുന്നു . പിന്നെ ആട്ടുകല്ല് , അമ്മിക്കല്ല് , ഉടഞ്ഞ കുറെ വിഗ്രഹങ്ങള്‍ , കടുത്ത വര്‍ണ്ണങ്ങളിലുള്ള ചായം തേച്ച ചില തൂണുകളുടെ അവശിഷ്ടങ്ങള്‍ അങ്ങനെ എന്തൊക്കെയോ അവിടുത്തെ ഒരു പൊട്ട കിണറില്‍ കിടക്കുന്നതും കാണാം .
കൃഷി തുടങ്ങി കുറഞ്ഞ കാലം കൊണ്ട് ഞാനെന്ന പ്രസ്ഥാനം വെറുമൊരു വ്യക്തിയായി ചുരുങ്ങി തുടങ്ങി
വേനല്‍ ക്കാലമായതോടെ വാഴക്ക്‌ ആഴ്ചയില്‍ രണ്ടു തവണയെങ്കിലും നന കൊടുക്കേണ്ടി വന്നു . തൊട്ടടുത്ത പറമ്പില്‍ ഒരു പത്തിന്റെയോ മറ്റോ കുതിര ശക്തിയുള്ള മോട്ടോര്‍ ഉണ്ടായിരി‌ന്നു . അവിടെ നിന്നും വാഴതോട്ടതിലേക്ക് തോടുണ്ടാക്കി വെള്ളം തിരിച്ചു നനക്കണം .
മണല്‍ കലര്‍ന്ന മണ്ണായതിനാല്‍ വെള്ളം പെട്ടെന്ന് വലിയും , നന്നായി നനച്ചു കുതിര്‍തണമെങ്കില്‍ ഒരു മൂന്നു നാല് മണിക്കൂര്‍ സമയം എടുക്കും .മിക്കവാറും ശനിയാഴ്ച രാവിലത്തെ നന എന്റെ ജോലിയായിരുന്നു. ക്ലാസ്സില്ലല്ലോ
ഈയിടക്കൊരിക്കല്‍ കാലടി ശിവരാത്രിക്ക് പോയി തിരിച്ചെത്തിയത്‌ വെള്ളിയാഴ്ച് രാത്രി പതിനൊന്നു മണിയോടെ . പിറ്റേന്ന് രാവിലെ വേറൊരു യാത്ര പ്ലാന്‍ ചെയ്തിട്ടുണ്ട് . അതുകൊണ്ട് ആ വെള്ളിയാഴ്ച്ച രാത്രി തന്നെ വാഴ നനക്കാമെന്നു കരുതി .
രാത്രി പതിനൊന്നര മണിയോടെ വാഴതോപ്പിലെത്തി . വീട്ടില്‍ ഇക്കാര്യം പറഞ്ഞില്ല. പറഞ്ഞാല്‍ സമ്മതിക്കില്ല , പ്രേതപറമ്പിലേക്ക് , പാതി രാത്രിയില്‍ അതും വെള്ളിയാഴ്ച്ച , സമ്മതിക്കില്ലെന്ന് ഉറപ്പല്ലേ ..
ബൈക്ക് മതിലനകത്തു വച്ചിട്ട് തറവരെ മാന്തിയ മഠത്തിന്റെ അരികിലൂടെ തോട്ടത്തിലേക്ക് നടന്നു.
സ്വര്‍ണത്തിന്റെ ചെമ്പകത്തിലോ, മുല്ല വള്ളികളിലോ പൂക്കളൊന്നും കാണാനില്ല . ഒരുപക്ഷെ അവ നിറ നിലാവിന്റെ പൊന്‍നിറത്തോട് താദാത്മ്യം പ്രാപിച്ചതു മൂലം കാഴ്ചയില്‍ നിന്നും മറഞ്ഞിരിക്കുന്നതാവാം..
മോട്ടോര്‍ പുരയിലെത്തി , മോട്ടോര്‍ സ്റ്റാര്‍ട്ട് ചെയ്തു . വാച്ചൂരി മോട്ടോര്‍ പുരയില്‍ വച്ചു , നനയാതിരിക്കട്ടെ . കൈതോട് തുറന്നു ഒരു അഞ്ചു വാഴ തോട്ടിലേക്ക് ഒരുമിച്ചു വെള്ളം തിരിച്ചിട്ടു .
ഇനിയതെല്ലാം മെല്ലെ മെല്ലെ നനഞ്ഞെത്തണമേങ്കില്‍ കുറഞ്ഞത് ഒരു മണിക്കൂര്‍ വേണം .
കുറച്ചു നേരം പുഴയോട് ചേര്‍ന്നുള്ള പാറകെട്ടില്‍ പോയിരിക്കാം എന്ന് തോന്നി . പൊന്നുരുക്കിയൊഴിച്ച പോലെ പെയ്തിറങ്ങുന്ന നിലാവ് കണ്ടിരിക്കാം .
രാത്രി വല്ലാതെ വളര്‍ന്നിരിക്കുന്നു . പൂര്‍ണ്ണയുടെ പുളിനങളില്‍ ഇള മീനുകളുടെ തുള്ളിയാട്ടങ്ങള്‍ ഓളപ്പരപ്പില്‍ ഇടയ്ക്കിടെ “ബ്ലും” “ബ്ലും” എന്ന ശബ്ദമുയര്‍ത്തി നിശബ്ദതയുടെ നീല യവനിക വകഞ്ഞു മാറ്റി കൊണ്ടിരിന്നു .
ഞാന്‍ മെല്ലെ പാറപ്പുറത്ത് ഇരുന്നു . നല്ല മിനുസമുള്ള പ്രതലം .പകലിന്റെ പരിരംഭണത്തിന്റെ തിരുശേഷിപ്പുകള്‍ പോലെ ചെറിയൊരു ചൂട് ആ രാത്രിയിലും പാറമേല്‍ തങ്ങിനിന്നിരുന്നു .
എനിക്ക് വയലാറിന്റെ വരികള്‍ ഓര്‍മ്മ വന്നു " ഈ വര്‍ണ്ണ സുരഭിയാം ഭൂമിയിലല്ലാതെ കാമുക ഹൃദയങ്ങളുണ്ടോ , സന്ധ്യകളുണ്ടോ , ചന്ദ്രികയുണ്ടോ”
ഈ പാതിരാവില്‍, നിലാവില്‍ പുഴയിലിറങ്ങി നീന്തി തുടിച്ചാലോ എന്നൊരു തോന്നല്‍ . വസ്ത്രങ്ങള്‍ ഓരോന്നായി ഉരിഞ്ഞെടുത്തു ഒരിടത്ത് ഒതുക്കി വച്ചു. ഇപ്പോള്‍ പരിപൂര്‍ണ്ണ നഗ്നന്‍ .
നിലാവിന്റെ പൊന്‍ പ്രഭയില്‍ അനാവൃതമായ എന്റെ ശരീര സൌന്ദര്യം ഞാന്‍ സ്വയം ഒന്ന് വിലയിരുത്തി സംത്രിപ്തിയടഞ്ഞു.
മെല്ലെ ഫാഷന്‍ ചാനലിലെ മോഡലുകള്‍ നടക്കുന്ന പോലെ , പല മോഡലില്‍ നടന്നു നോക്കി . പരിപൂര്‍ണ്ണ നഗ്നനായി . എനിക്ക് ചിരി വന്നു .
എഴുത്തശ്ച്ചന്‍ വാഗ്ദേവതയൊടു " വാനീടുകവ്വെണ്ണമെന്‍ നാവിന്‍മേല്‍ ... നടനം ചെയ്ക.. ...യഥാ കാനനേ ദിഗംബരന്‍ " എന്ന് പ്രാര്‍ത്ഥിചതിന്റെ പൊരുള്‍ എനിക്കിപ്പോഴാണ്‌ മനസ്സിലായത്‌ .
വിജനമായ കാട്ടില്‍ തുണിയില്ലാതെ നടക്കുന്നവന് ആരെ പേടിക്കാന്‍ . അങ്ങ് വിലസുക തന്നെ . ഞാന്‍ ചെയ്യുന്ന പോലെ . ഈ കാട്ടില്‍ ഈ പാതി രാവില്‍ ഒരു മനുഷ്യജീവി പോലും കടന്നു വരാന്‍ തെല്ലും സാധ്യതയില്ല .
ഞാന്‍ പാറമേല്‍ മലര്‍ന്നു കിടന്നു . വെയില്‍ കായുന്ന പോലെ എന്ത് കൊണ്ട് നിലാവ് കാഞ്ഞു കൂടാ . ഈ അര്‍ദ്ധ രാത്രിയില്‍ ഇവിടേയ്ക്ക് ആര് വരാനാണ് , നിലാവില്‍ കുളിച്ച് , പുഴയോരത്തെ കാറ്റേറ്റു നഗ്നനായി കിടക്കുന്ന ഈ മദിക്കുന്ന യൌവനം നുകരാന്‍ ആരാണ് വരിക . കഥകളിലെപ്പോലെ ഏതെങ്ങിലും മത്സ്യ കന്യകമാര്‍ ? പുരാണങളിലെപ്പോലെ രാത്രിന്ജരകളായ അപ്സരസുകള്‍? മാന്ത്രീക കഥകളിലെ കാമാസക്തിയൊടുങ്ങാത്ത വടയക്ഷികള്‍ ? ഇവര്‍ ആരെങ്ങിലും വരുമോ ? . കടുത്ത ഭോഗാസക്തി എന്നില്‍ ഉണര്‍ന്നു .
പക്ഷെ വെറുതെ പോലും ആ സമയത്ത് ആ സുന്ദരി സ്വര്‍ണ്ണമ്മാള്‍ എന്റെ ചിന്തയില്‍ കടന്നു വന്നില്ല .
ഞാന്‍ വെറുതെയെങ്കിലും മെല്ലെ തലയുയര്‍ത്തി ചുറ്റും നോക്കി . ആകാശ മാര്‍ഗേണ , ജലോപരിതലതിലൂടെ , അല്ലെങ്കില്‍ പെട്ടെന്ന് അന്തരീക്ഷത്തില്‍ നിന്നും പ്രത്യക്ഷമായെന്ന പോലെ ഒരു പെണ്ണഴക് വന്നെങ്കില്‍ എന്ന് ഞാന്‍ വല്ലാതെ ആശിച്ചു പോയി . നിലാവിലേക്ക് ഞാനുറ്റു നോക്കി .
ഒരു നവ്യ സുഗന്ധം എന്നെ പൊതിഞ്ഞ പോലെ . ഒരു സ്ത്രൈണ ഗന്ധം എന്റെ നാസികകളെ
ഉണര്‍വുറ്റതാക്കി. മുല്ലപ്പൂക്കളുടെ ഗന്ധം എന്നെ ഉന്മത്തനാക്കി . കുറച്ചു നേരം അങ്ങനെ കിടന്നു .
ഒരു പാദസര ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി . ചെമ്പകപ്പൂ നിറമുള്ള കാല്‍ പാദങ്ങള്‍ . ഒരു കാല്‍ വിരലില്‍ വെള്ളിയില്‍ തീര്‍ത്ത നാഗരൂപമുള്ള മിഞ്ചി. പിന്നെ പതിനെട്ടു മുഴം പട്ടു ചേലയില്‍ പുന്ചിരിച്ചു നില്‍ക്കുന്ന ഒരു പ്രൌഡാംഗന . ഞാന്‍ മെല്ലെ എഴുന്നേറ്റു . എന്റെ നഗ്നതയെ കുറിച്ചൊരു ഉള്‍വിളി കേട്ട് , വല്ലാത്ത ലജ്ജയില്‍ ത്ച്ചടുതിയില്‍ വസ്ത്രം ധരിച്ചു .
ഒളികണ്ണിട്ടും , പിന്നെ ധൈര്യം അവലംബിച്ച് നേരെ നിവര്‍ന്നു നിന്നും ആ ജ്വലിക്കുന്ന സൌന്ദര്യം നോക്കി കണ്ടു വിസ്മയിച്ചു .
ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു സുന്ദരിയായ സ്ത്രീ . നല്ല ഉയരമുള്ള തേജസ്വിനി . കടഞ്ഞെടുത്തപോലുള്ള കഴുത്തഴക് . കഴുത്തില്‍ ഒരു പച്ചക്കല്ലു വച്ച പതക്കം.
ചുവന്ന കല്ലു വച്ച മൂക്കുത്തിയണിഞവള്‍. അഴിച്ചിട്ട കാര്‍കൂന്തല്‍ കെട്ടില്‍ നിറയെ മുല്ലപ്പൂ ചൂടിയിരിക്കുന്നു.
എന്തൊരു വിസ്മയിപ്പിക്കുന്ന സൌന്ദര്യം . തൊട്ടശുദ്ധമാക്കാന്‍ മടി തോന്നിക്കുന്ന കുലീനത.
ഇവള്‍ സ്വര്‍ണ്ണം തന്നെ . എത്രയോ പേരുടെ കാമാതുരമായ രാക്കിനാക്കളില്‍ വിഹരിച്ചിരുന്നവള്‍. അസാമാന്യമായ രൂപ സൌന്ദര്യതാല്‍ കാണികളുടെ ഹൃദയം കവര്‍ന്നവള്‍ .
അവള്‍ കൈനീട്ടി , പുഞ്ചിരിച്ചു കൊണ്ടെന്നെ വിളിച്ചു .
ഞാന്‍ ആ കൈകളില്‍ പിടിച്ചു . എന്തൊരു സ്നിഗ്ദത . പിന്നെ സ്വപ്നത്തിലെന്ന പോലെ അവളെ അനുഗമിച്ചു .
അവള്‍ ചെമ്പക ചുവട്ടിലെത്തി നിന്നു . ചെമ്പക ചുവട്ടില്‍ ധാരാളം മുല്ല പൂക്കള്‍ ഉതിര്‍ന്നു വീണു. ചെമ്പകം നിറയെ അഗ്നി വര്‍ണമുള്ള പൂക്കള്‍ .
സ്വര്‍ണ്ണത്തിന്റെ മഠം ഇതാ ഇവിടെ പുനര്‍ജനിച്ചിരിക്കുന്നു .മുറ്റത്തു അരിമാവ് കൊണ്ട് കോലമിട്ടിരിക്കുന്നു. എനിക്കതിശയം തോന്നി . അവള്‍ അകത്തു കയറി . കൂടെ ഞാനും . അതാ ഒരു ആട്ടു കട്ടില്‍ . അതിലൊരു പട്ടു മെത്തയും ഉരുളന്‍ തലയിണകളും . ഞാന്‍ അതിലിരുന്നു . പിന്നെ സ്വര്‍ണത്തെ നോക്കി . അവള്‍ പുഞ്ചിരി പൊഴിച്ചു കൊണ്ടിരുന്നു . ഞാന്‍ ആ ചിരി കണ്ടു കൊണ്ടിരിക്കേ എന്തോ തകര്‍ന്നു വീഴുന്ന ശബ്ദം .
ഞാന്‍ പിടഞ്ഞെണിറ്റു. ഞെട്ടിയുണര്‍ന്നു പകച്ചു ചുറ്റും നോക്കി . നിലാവിന്റെ തെളിച്ചം കുറഞ്ഞിരിക്കുന്നു . മേഖ പാളികള്‍ മറച്ചതു കൊണ്ടാവാം ഇരുട്ട് തന്നെ . എല്ലായിടവും കനത്ത നിശ്ശബ്ദത . എനിക്ക് പരിസരബോധം വന്നു .
ചുറ്റിനും ധാരാളം മുല്ലപ്പൂക്കള്‍ ചിതറി കിടക്കുന്നു . അതിന്റെ ഉന്മത്ത ഗന്ധം .ഞാന്‍ മെല്ലെ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു .
ചെമ്പക ചുവട്ടിലാണ് കിടക്കുന്നത് . ഒരു ഉണങ്ങിയ തെങ്ങോല തൊട്ടടുത്ത്‌ വീണു കിടക്കുന്നു . "ഓ ഇത് വീണ ഒച്ച കേട്ടാവം ഉണര്‍ന്നത് "
പാറപ്പുറത്ത് കിടന്നിരുന്ന ഞാനെങ്ങിനെ ഇവിടെ ഈ ചെമ്പക ചുവട്ടിലെത്തി? . നഗ്നനായി കിടന്ന ഞാന്‍ എപ്പോഴാണ് വസ്ത്രം ധരിച്ചത്? . വന്നപ്പോള്‍ ഒരൊറ്റ മുല്ലപ്പൂ പോലും അവിടെ കണ്ടില്ല , പക്ഷെ ഇപ്പോള്‍ ? ചിലപ്പോള്‍ തെങ്ങോല വീണപ്പോള്‍ ഉതിര്‍ന്നതാവാം .
ഉറക്കത്തില്‍ എന്നെ കണ്ണ് കെട്ടി കൊണ്ടു വന്നതായിരിക്കുമോ ?. അതോ സ്വപ്നാടനമോ ?
വല്ലാത്ത ഒരു ഭീതി എന്നെ ഗ്രസിച്ചു. പെട്ടെന്ന് ചാടി എഴുന്നേറ്റു ഞാന്‍ വാഴതോട്ടതിലേക്ക് ആഞ്ഞു നടന്നു. ഓടി എന്ന് പറയുന്നതാവും ശരി .
ഭയം കൊണ്ട് എന്റെ ശരീരം വിയര്‍പ്പില്‍ കുളിച്ചു, ചെറുതായി വിറച്ചു കൊണ്ടിരുന്നു . നെഞ്ച് പട പട മിടിക്കുന്ന ശബ്ദം എനിക്ക് തന്നെ കേള്‍ക്കാമായിരുന്നു . ഷര്‍ട്ടിന്റെ ബട്ടന്‍ ഒന്നും ശരിക്കല്ല ഇട്ടിരിക്കുന്നത് .മണ്ണ് പറ്റിയിട്ടുണ്ട് .
ചാല് തുറന്നിരുന്ന വാഴ തോടുകള്‍ നിറഞ്ഞു കവിഞ്ഞു വെള്ളം തൊട്ടടുത്ത വാഴ തോട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു . പെട്ടെന്ന് തന്നെ വെള്ളം വേറെ വാഴതോട്ടിലേക്ക് പൊട്ടിചു വിട്ടു . പൊട്ടിപോയ വാഴതോട് മണ്ണ് വെട്ടിയിട്ട് അടച്ചു .
മോട്ടറിന്റെ അടുത്തേക്ക് പോയി , ഒഴുകി വരുന്ന വെള്ളത്തില്‍ കുളിച്ചു . പിന്നെ പോയി മോട്ടോര്‍ നിറുത്തി . വാച്ച് എടുത്തു നോക്കിയപ്പോള്‍ പുലര്‍ച്ചെ ഒന്നര മണിയായിരിക്കുന്നു . ബൈക്ക് സ്റ്റാര്‍ട്ടു ചെയ്തു വേഗത്തില്‍ ഓടിച്ചു പോയി . എങ്ങോട്ടും നോക്കാതെ .
ഇക്കാര്യമൊന്നും ഞാന്‍ വീട്ടില്‍ പറഞ്ഞില്ല . പക്ഷെ വെള്ളിയില്‍ തീര്‍ത്ത നാഗ രൂപമുള്ള മിഞ്ചിയുടെ കാര്യം ഞാന്‍ അമ്മയോട് ചോദിച്ചു .
അത് കേട്ടപ്പോള്‍ അമ്മക്ക് വല്ലാത്ത അത്ഭുതം . "ഇത് ആരു പറഞ്ഞു . ഞാനോര്‍ക്കുന്നുണ്ട് ആ കുട്ടിയുടെ കാല്‍ വിരലില്‍ സ്ഥിരം ഉണ്ടായിരുന്നു ഒരു വെള്ളിയില്‍ തീര്‍ത്ത നാഗ രൂപമുള്ള മിഞ്ചി. പക്ഷെ ഇപ്പോ നീ ചോദിച്ചപ്പോഴാ അത് ഓര്‍ക്കുന്നത് തന്നെ . “
എനിക്കിതെല്ലാം വല്ലാത്ത വിസ്മയങ്ങളായി തോന്നി . രാത്രിയുടെ വന്യമായ ആ ഏകാന്തത തീര്‍ത്ത അന്തരീക്ഷവും, പിന്നെ എന്റെ ഭാവനകളും , കേട്ടിട്ടുള്ള കഥകളും എല്ലാം ചേര്‍ന്നുണ്ടാക്കിയ ഒരു സ്വപ്നാടനം ആയിരുന്നിരിക്കാം അതെല്ലാം, എന്നൊക്കെ എന്റെ യുക്തി, ബുദ്ധിയോടു സംവദിച്ചു ജയിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു .
പക്ഷെ വെള്ളിയില്‍ തീര്‍ത്ത നാഗ രൂപമുള്ള മിഞ്ചി എന്റെ പ്രന്ഞയില്‍ പൂരിപ്പിക്കാനാവാത്ത സമസ്യ പോലെ കിടന്നു. ചിലപ്പോള്‍ അതൊക്കെ ഞാന്‍ എവിടെ നിന്നെങ്കിലും കേട്ടിട്ടുണ്ടാവും , അല്ലെങ്കില്‍ യാദ്രിശ്ചിക മായി സംഭവിച്ചതാവാം .
എന്ത് പ്രേതം , എന്ത് ആത്മാവ് , ചുമ്മാതെ എന്നൊക്കെ പിന്നീട് തോന്നി
ചാര്‍വാകന്‍ പറഞ്ഞിരിക്കുന്നത് " ഈ ദേഹവും , ആത്മാവും ഒക്കെ ചാരമായി പോകുന്നതാണ് , ഇനിയൊരു തിരിച്ചു വരവില്ല " എന്നല്ലേ ..(ഭസ്മീ ഭൂതസ്യ ദേഹസ്യ , പുനഃരാഗമനം കുത:)
അതെന്തു കുന്തമായാലും ഇതില്‍ അമാനുഷീകമായി ഒന്നും തന്നെ ഇല്ല എങ്കില്‍പ്പോലും ഇനിയൊരിക്കലും വാഴനന രാത്രി വേണ്ടെന്നു വച്ചു .

14 comments:

ശാരദ നിലാവ് said...

ജീവിച്ചിരിക്കുന്നവരെക്കാള്‍ ജീവിതത്തെ സ്നേഹിക്കുന്നവര്‍ അലയുന്ന ആത്മാക്കള്‍ ആയിരിക്കില്ലേ ?

ശ്രീ said...

മിഞ്ചി എന്നാലെന്താണ്? കാല്‍‌വിരലില്‍ ഇടുന്ന മോതിരം ആയിരിയ്ക്കുമല്ലേ?

മിക്കവാറും ആരെങ്കിലും ആ നാഗരൂപമുള്ള മിഞ്ചിയെപ്പറ്റി മാഷ് എവിടെ നിന്നെങ്കിലും കേട്ടിരിയ്ക്കണം. ആ ചിന്ത ഉപബോധമനസ്സിലെവിടെയെങ്കിലും ഉറങ്ങിക്കിടന്നിരിയ്ക്കാം. പിന്നീട് ആ സാഹചര്യത്തില്‍ ഒരു സ്വപ്നം പോലെ അര്‍ദ്ധബോധാവസ്ഥയില്‍ അങ്ങനെയൊക്കെ തോന്നിയതാകണം...

(ഓരോന്ന് പറഞ്ഞ് പേടിപ്പിയ്ക്കാനായിട്ട്...)

എഴുത്ത് നന്നാകുന്നുണ്ട് ട്ടോ

കുമാരന്‍ said...

മനോഹരമായ എഴുത്ത്..
തുടരുക..

മാറുന്ന മലയാളി said...

അതു ശരി വന്ന് വന്ന് പ്രേതത്തോടാ കളി അല്ലേ?...........:)

കുഞ്ഞന്‍ said...

തോട്ടുവാനേ...


മിഞ്ചി(മെട്ടി)കഥ വളരെ കൌതുകകരവും അതേ സമയം വായനക്കാരേയും സസ്പന്‍സില്‍ നിര്‍ത്തുകയും ചെയ്യുന്നു.

പിന്നെ ഇരുപതുവയസ്സും ബൈക്കും പൊരുത്തമാകുന്നില്ലാട്ടൊ..!

നിങ്ങള്‍ക്ക് സോമനാബുലിസം എന്ന രോഗം ഉണ്ടെന്ന് തോന്നുന്നു. കഴിഞ്ഞ പോസ്റ്റിലും പറഞ്ഞിരുന്നു ഏതൊ വേര് കടിച്ചുകൊണ്ട് ലോറിയിലിരുന്ന് ഉറങ്ങിപ്പോയ നിങ്ങള്‍ പിന്നീട് കണ്ണുതുറന്നപ്പോള്‍ ബസ്സിലിരിക്കുന്നതായിട്ടാണെന്ന്. ദേ ഇപ്പോള്‍ ഇവിടേയും പറയുന്നു പാറപ്പുറത്ത് കിടന്നയാള്‍....


“കൃഷി തുടങ്ങി കുറഞ്ഞ കാലം കൊണ്ട് ഞാനെന്ന പ്രസ്ഥാനം വെറുമൊരു വ്യക്തിയായി ചുരുങ്ങി തുടങ്ങി“ ഈ വരികളിലൂടെ ജീവിതത്തിന്റെ ഒരു കാഴ്ച എത്ര ലളിതമായി വര്‍ണ്ണിച്ചിരിക്കുന്നത്.

ഇപ്പോ ഹോര്‍മ്മോണൊക്കെ വറ്റിവരണ്ടുകാണുമെന്ന് കരുതുന്നു.

hAnLLaLaTh said...

ആശംസകള്‍..

ഇഞ്ചൂരാന്‍ said...

അന്നുണ്ടായ ആ സ്വപ്നം .........,
മാഷെ .....
ഇപ്പോളും മറക്കാന്‍ പറ്റുന്നില്ല അല്ലെ ?..
അപ്പൊ സ്വര്‍ണം ഒരു ഒന്നൊന്നര സ്വര്‍ണം തന്നെ .....
അസ്സലായിരിക്കുന്നു ......
ആശംസകള്‍ .....

ഞാന്‍ ചാണ്ടി said...

postum photoyum ishtappettu...
thudarumo ?

ശാരദ നിലാവ് said...

ശ്രീ.......
കുമാരന്‍.....
മാറുന്ന മലയാളി .....
കുഞ്ഞന്‍......
hAnLLaLaTh.....
ഇഞ്ചൂരാന്‍......
ഞാന്‍ ചാണ്ടി ....

തുടങ്ങി കമന്റ്‌ ചെയ്ത എല്ലാവര്ക്കും എന്റെ സ്നേഹം നിറഞ്ഞ , സന്തോഷം നിറഞ്ഞ നന്ദി ..

പിന്നെ കുഞ്ഞന്‍ മാഷേ എന്താ ഈ സോനാബുലിസം ?
വല്ല വൃത്തികെട്ട രോഗവുമാണോ ? ഞാന്‍ ആ ടൈപ്പ് അല്ല മാഷേ ...
ആ വഴിക്കൊന്നും പോയിട്ടേ ഇല്ല .
ചുമ്മാ ചീത്ത പേരുന്ടാക്കല്ലേ ചങ്ങാതി....

നീര്‍വിളാകന്‍ said...

സ്വപ്ന്മായാലും, കാര്യമായാലും നല്ല എഴുത്ത്.... അത് നിര്‍ത്താതെ മുന്നോട്ട് കൊണ്ടു പോകുക!!!

പാവത്താൻ said...

ഹും! പ്രേതത്തെ പോലും വെറുതെ വിടരുത്‌.

വീ കെ said...

കഥ കൊള്ളാട്ടൊ...
പക്ഷെ ചെംബക മരത്തിൽ നിന്നും മുല്ലപ്പൂ വീണതെങ്ങനാന്ന് മനസ്സിലായില്ല.
ചിലപ്പൊ സ്വർണ്ണത്തിന്റെ പണിയാകും..ല്ലെ..?

ശാരദ നിലാവ് said...

സ്വര്‍ണത്തിന്റെ മഠം ഇരുന്നിടത്തിനു ചുറ്റും കുറെ തുളസിയും , ചെമ്പരത്തിയും , തെച്ചിയും ഒക്കെ ഇപ്പോഴും ഉണ്ട് . പിന്നെ ഒരു ചെമ്പക മരവും അതില്‍ നിറയെ പടര്‍ന്നു കയറിയിട്ടുള്ള മുല്ല വള്ളിയും .

ഒരിക്കല്‍ ഇറുങേ പൂത്ത ചെമ്പകത്തില്‍ അഗ്നിജ്വാലയുടെ നിറമുള്ള പൂക്കള്‍ക്കൊപ്പം വൈഡൂര്യമണിഞ പോലെ നിറയെ മുല്ലപൂക്കള്‍ . ആ സമ്മിശ്ര സുഗന്ധം ആസ്വദിച്ചു ഞാന്‍ കുറെ ഏറെ നേരം തരളിത ഗാത്രനായി , വികാര വിവശനായി അതിന്റെ ചുവട്ടില്‍ നിന്നിട്ടുണ്ട് .

ഇത് വീ കെ ചേട്ടന് വേണ്ടി ....

Niram Jubin said...

ശരിക്കും പേടിച്ചു പോയി... പ്രേതത്തെയോര്‍ത്തിട്ടല്ല... പാറപ്പുറത്ത് ദിഗംബരനായിക്കിടക്കുന്ന രംഗമോര്‍ത്ത്... നന്നായിരിക്കുന്നു മാഷേ... നല്ല ഫാന്റസി... ഇനിയുമെഴുതുക...