http://www.cyberjalakam.com

ജാലകം

Thursday, April 9, 2009

കിളിമന്ജാരോയിലെ രാപ്പകലുകള്‍ - ഭാഗം ആറ്

“കുറെ നേരമായല്ലോ ചിന്തകളുടെ ലോകത്ത് വിഹരിക്കാന്‍ തുടങ്ങിയിട്ട് . തിരിച്ചു വരൂ , തിരിച്ചു വരൂ ..ഞാനൊരുത്തന്‍ കൂടെയുണ്ടേ "

ഉദയിന്റെ ശബ്ദം എന്നെ ചിന്തകളില്‍ നിന്നും ഉണര്‍ത്തി .. ഞാന്‍ ചുറ്റും നോക്കി ..അവന്‍ കുട്ടികളുടെ പോലെ വഴിയിലൂടെ എന്തോ തട്ടിക്കളിച്ചു കൊണ്ട് നടക്കുന്നു ... നേരം സന്ധ്യയായി കഴിഞ്ഞു ... ഞങ്ങള്‍ ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് ..

കിളി മന്ജാരോയിലെ കുന്നുകള്‍ കട്ട പിടിച്ച ഇരുട്ടിന്റെ കൂമ്പാരമായി മാറികഴിഞ്ഞു ... ചേക്കേറുന്ന കിളികളുടെ ശബ്ദ കോലാഹലങ്ങള്‍ ഒതുങ്ങിയിട്ടില്ല ... ക്ഷേത്രത്തില്‍ നിന്നും തിരിച്ചു പോകുന്നവരുടെ കലപില ശബ്ദങ്ങള്‍ ..

ഞങ്ങള്‍ ക്ഷേത്രത്തില്‍ എത്തി .. അവിടെ ഒരു ഹാളില്‍ സത്സംഗമോ, ഭജനയോ പോലെ എന്തോ നടക്കുന്നത് കണ്ട് ഞങ്ങള്‍ അവിടേക്ക് ചെന്നു .അവിടെ ഭക്ത ജനങ്ങള്‍ക്ക്‌ ഗഹനമായ ആത്മീയ തത്വങ്ങള്‍ , ലളിതമായി പറഞ്ഞു കൊടുക്കുന്ന സ്വാധി അപര്‍ണാ ബഹിന്ജി.

ഞാന്‍ ഞെട്ടിതരിച്ചു പോയി . അതവള്‍ തന്നെ അപര്‍ണാ മാധവന്‍ . അമ്പലവും ഭക്തിയും , മുതലാളിത്ത വ്യവസ്ഥിയുടെ സൃഷ്ടിയാണെന്ന് വിശ്വസിച്ചിരുന്ന വിദ്യാര്‍ഥി പ്രസ്ഥാന ത്തിന്റെ സജീവ പ്രവര്‍ത്തകയായിരുന്നവള്‍

ഒരു രാക്കിനാവില്‍ കണ്ട അവളുടെ കുഞ്ഞുങ്ങള്‍ക്ക് എന്റെ
മുഖഛായ യായിരുന്നെന്നു എന്നോട് കളി പറഞ്ഞവള്‍ , എന്റെ ചുണ്ട്കള്‍ക്ക് കണിവെള്ളരിയുടെ രുചിയാണെന്നു പറഞ്ഞവള്‍ . എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല . വിശ്വസിക്കാതെയും വയ്യായിരുന്നു . കാരണം അവള്‍ എന്നെ മുന്‍പേ തിരിച്ചറിഞ്ഞിരുന്നു .

എന്റെ ശരീരത്തില്‍ നിന്നും ഒരു തരിപ്പുണര്‍ന്നു ... അത് അകാംഷയോ, ഉദ്വേഗമോ, ഉത്സാഹമോ എന്തെന്ന് വിവേചിക്കനാവാത്ത ഒരു വികാര വിസ്ഫോടനം .. ഓരോ അണുവും ത്രസിച്ചുണര്‍ന്നു ..എനിക്കടങ്ങി ഇരിക്കാനായില്ല

ഭക്ത ജനങ്ങള്‍ പിരിഞ്ഞു . ഉദയ് എനിക്കവളെ സന്ദര്‍ശിക്കാനുള്ള അനുമതി വാങ്ങി തന്നു .മുറിയിലുണ്ടായിരുന്ന മറ്റൊരു സ്വാധിയെ അവള്‍ ഒരു നോട്ടം കൊണ്ട് പുറത്തേക്കയച്ചു .

ഞാനാ മുഖത്തേക്ക് ഉറ്റുനോക്കി . ആ പഴയ പുന്ചിരി ഒന്ന് കൂടി കാണാന്‍ ആഗ്രഹിച്ചു .
ഇല്ല ഞാനവളില്‍ പരിചയിച്ച യാതൊരു ഭാവ പ്രകടനങളുമില്ല.. തികച്ചും നിസ്സംഗയായി.. നിര്‍വികാരയായി ..

എനിക്ക് ഒരപരിചിതയുടെ മുന്‍പില്‍ ചെന്നെത്തിയപോലെ തോന്നി ..
എന്റെ നേരെ പ്രണയതോടെയോ, സ്നേഹത്തോടെയോ വേണ്ട ഒരു പരിചയക്കാരനോടെന്ന പോലെ എങ്കിലും ഒന്ന് നോക്കിയിരുന്നെന്കില്‍ എന്ന് ഞാന്‍ ആശിച്ചു പോയി ..

പിന്നെ പരുക്കന്‍ ശബ്ദത്തില്‍ അവള്‍ പറഞ്ഞു തുടങ്ങി .

നിങ്ങളെ ഇവിടെ കാണാന്‍ സാധിക്കുമെന്ന് എനിക്കറിയാമായിരുന്നു . ഞാന്‍ പ്രതീക്ഷിചിരിക്കുകയായിരുന്നു.

അവളുടെ മുഖ ഭാവങ്ങളും. ശബ്ദവും, സംസാര രീതികളും അഗ്നിസാക്ഷി യിലെ ശോഭനയുടെ കഥാപാത്രത്തെ ഓര്‍മിപ്പിച്ചു.

അവള്‍ , അല്ല സ്വാധി അപര്‍ണ്ണ ബഹിന്ജി പറഞ്ഞു കൊണ്ടേയിരുന്നു .... അന്ന് എന്റെ വിവാഹത്തിന് മുന്‍പ് എന്നോട് കാത്തിരിക്കാന്‍ നിങ്ങള്‍ പറഞ്ഞാലോ എന്ന് എനിക്ക് ഭയമുണ്ടായിരുന്നു.

ഒരു വശത്ത് നിങ്ങളോടുള്ള സ്നേഹവും മറു വശത്ത് എല്ലാവര്‍ക്കും പൂര്‍ണ്ണ സമ്മതനായ,സുമുഖനും, സമ്പന്നനുമായ എന്റെ ഭര്‍ത്താവിന്റെ വിവാഹ
ആലോചനയും.. എനിക്ക് അതിനെ നിരസിക്കാന്‍ ഒരു കാരണവും എന്റെ വീട്ടുകാര്‍ക്ക് മുന്‍പില്‍ ഉന്നയിക്കാനില്ല .. അവരെ നിഷേധിച്ചു ഏറെക്കാലം പിടിച്ചു നില്‍ക്കാനും ആവില്ല .
ഏത് തള്ളണം, ഏത് കൊള്ളണം എന്ന് എനിക്കറിയില്ലായിരുന്നു . അതുകൊട്നു തന്നെ തീരുമാനം നിങ്ങള്‍ക്ക് വിട്ടു തരാമെന്നു ഞാന്‍ കരുതി .

വിവാഹം കഴിഞ്ഞു ബോംബക്ക് പോയി , കുറച്ചു നാള്‍ കഴിഞ്ഞപ്പോഴാണ് അയാളുടെ വന്‍ ബിസ്സിനസ്സുകള്‍ക്ക് ഞാന്‍ ചിലരുടെ കൂടെ കിടക്ക പങ്കിടണമെന്ന നിര്‍ബന്ധം തുടങ്ങിയത് . ഞാനെതിര്‍ത്തപ്പോള്‍ അയാള്‍ കരഞ്ഞും , കാലു പിടിച്ചും, ഭീക്ഷണിപ്പെടുത്തിയും ശ്രമിച്ചു നോക്കി . ഒരു വന്‍ ബിസ്സിനെസ്സ് സാമ്രാജ്യം അയാളുടെ ലക്ഷ്യമാണത്രെ. ഞാന്‍ വഴങ്ങിയില്ല . തിരിച്ചു നാട്ടിലേക്കു പോരാന്‍ തുടങ്ങുന്നതിനിടെ ചില ചതികളിലൂടെ അയാളെന്നെ അനുസരിപ്പിച്ചെടുത്തു....പിന്നെ പൂര്‍ണ്ണ ബോധത്തോടെ തന്നെ എനിക്കനുസരിക്കെണ്ടിയും വന്നു .

ആ തടങ്കലില്‍ നിന്നും രക്ഷപെടാന്‍ ആത്മഹത്യയെ എന്റെ മുന്പിലുണ്ടായിരുന്നുള്ളൂ . അതെനിക്ക് ചെയ്യേണ്ടി വരും മുന്‍പ് , ഒരു യാത്രക്കിടയില്‍ അയാളുടെ തന്നെ അധോലോക ബിസ്സിനെസ്സ് പങ്കാളികളുടെ ആക്രമണത്തില്‍ പെട്ട് അയാള്‍ കൊല്ലപെട്ടു. ആക്രമണം നടക്കുമ്പോള്‍ എന്നോട് ഓടി രക്ഷപെട്ടോളാന്‍ അയാള്‍ വിളിച്ചു പറയുന്നുണ്ടായിരു‌നു . എന്നോട് ചെയ്ത ഒരേയൊരു കരുണ .



അന്ന് ഞാന്‍ ഓടിക്കയറിയത് ദിവാകര റെഡ്ഡിയുടെ കാറിലാണ്. അദ്ദേഹം അന്ന് മുംബെയില്‍ ടെക്സ്റ്റയില്‍ ബിസ്സിനെസ്സ് തുടങ്ങിയിട്ടേ ഉള്ളു . എന്റെ കഥകള്‍ കേട്ട അദ്ദേഹം എന്നെ രക്ഷപെടുത്തി ഈ കിളിമന്ജാരോയിലെതിച്ചു. ഭാര്യ മരിച്ചുപോയ അദ്ദേഹത്തിന്‍റെ രണ്ടാം ഭാര്യയായി.

അമ്മ ഇല്ലാത്ത, അയാളുടെ പത്തും, പന്ത്രണ്ടും പ്രായമുള്ള രണ്ടു പെണ്‍കുട്ടികളുടെ അമ്മയായി.

എന്റെ ബുദ്ധിയും , പരിശ്രമവും , ദിവാകര റെഡ്ഡി യുടെ ബിസിനെസ്സ് സാമ്രാജ്യങ്ങള്‍ കൂടുതല്‍ വലുതാക്കി . ഇതിനിടെ ഞാന്‍ ഒരമ്മയായി. അയാള്‍ സ്നേഹത്തോടും , സംരക്ഷണതോടും ഒപ്പം എനിക്ക് തന്ന എന്റെ മകന്‍ മാധവ റെഡ്ഡി .

രോഗ ബാധിതനായി കിടന്നപ്പോള്‍ അദ്ദേഹത്തിന്റെ അനുവാദത്തോടെ ഞാന്‍ സന്യാസം സ്വീകരിച്ചു . കുട്ടികളുടെ സംരക്ഷ്ണക്കും, ബിസ്സിനസ്സിന്റെ നോക്കി നടത്തിപ്പിനും ഇവിടെ വിധവയുടെ വേഷതെക്കാള്‍ മികച്ചത് സന്യാസമായിരുന്നു. എന്‍റെ നിയോഗമായി കരുതി ഞാന്‍ ഈ ജീവിതത്തെ സന്തോഷത്തോടെ , ആത്മാഭിമാനത്തോടെ സ്വീകരിച്ചു .

ഞാന്‍ അമ്പരന്നിരിക്കുകയായിരുന്നു.

ഒരു സിനിമാ കഥ പോലെയോ, അസംഭവ്യമായ ഒരു നോവലിന്‍റെ പര്യവസാനം പോലെയോ ഒക്കെ തോന്നിപ്പിക്കുന്ന ഒരു ജീവിത കഥ . ജീവിതത്തിന്‍റെ തീഷ്ണ ഗന്ധം പ്രസരിപ്പിക്കുന്ന വേദനകളുടെയും , അപമാനങ്ങളുടെയും കഥ .

ഞാന്‍ ശ്വാസം വിടാതെ കേട്ടിരുന്നു...

ഒരു നാട്ടിന്‍ പുറത്തുകാരി പെണ്‍ കുട്ടി , കഴിഞ്ഞ ഒന്‍പതു വര്ഷം കൊണ്ട് അനുഭവിച്ചു തീര്‍ത്ത സങ്കട കടല്‍ . വേദനകളുടെ ദുരിത പര്‍വ്വം.

ഭാര്യയായി , വ്യഭിചാരിണിയായി, കൊലപാതകി എന്ന് വിളിക്കപ്പെട്ട്, രണ്ടാം ഭാര്യയായി, പിന്നെ രണ്ടു കുട്ടികളുടെ വളര്‍ത്തമ്മയായി, അമ്മയായി , ഒരു മികച്ച ബിസിനെസ്സ് കാരിയായി ,

പിന്നെ വിധവയായി , സന്യാസിനിയായി തീര്‍ത്തും നിര്‍വികാരയായി ഇതാ എന്റെ മുന്‍പിലിരിക്കുന്നു ..

കപോലങ്ങളില്‍ മാറി മാറി തുടുത്തു കളിച്ചിരുന്ന വര്‍ണ്ണപ്രഭയില്ല ..
കണ്ണുകളില്‍ തിളക്കമാര്‍ന്ന യൌവ്വനതീഷ്ണതയില്ല....
ശബ്ദത്തില്‍ വശ്യതയോ സരളതയോ ഇല്ല ... തികച്ചും നിസംഗ ഭാവം ..

ദുരന്തങ്ങളുടെ പെരുമഴക്കാലം തനിയെ നനഞ്ഞു തീര്‍ത്ത എന്റെ പ്രിയപെട്ടവള്‍ ...
എനിക്ക് സ്വതന്ത്രമായി സംസാരിക്കാന്‍ പോലും സാധിക്കാത്തത്ര ദൂരെ ...

വിധി അവളോട്‌ കാണിച്ച ക്രൂരതകള്‍ , ഒരു കൈ കൊണ്ട് ക്രൂരമായി പ്രഹരിച്ചു , അപമാനത്തിന്റെ , ഒടുങ്ങാത്ത അഗ്നിയില്‍ ആഹുതി ചെയ്തു , പിന്നെയും പുനര്‍ജന്മങ്ങള്‍ , വേദനകള്‍, നേട്ടങ്ങള്‍ ഒടുവില്‍ ഒരു നിയോഗം പോലെ വീണ്ടുമൊരു കണ്ടു മുട്ടല്‍ .

ഈയുള്ളവന്‍ ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷവും , ഈ മുപ്പതാം വയസ്സിലും പഴയതുപോലെ വിദ്യാര്‍ഥി. കാലപ്രവാഹത്തിന്റെ ഗതിവിഗതികള്‍ക്കിടയില്‍ ചിലത് മാറുന്നു , ചിലതോ മാറ്റമില്ലാതെ തുടരുന്നു ...

അവള്‍ പോകാന്‍ ഒരുങ്ങകയാണ് . “എന്റെ അച്ഛനമ്മമാരെ കാണുമ്പൊള്‍ എന്റെ കഥകള്‍ അവരോടു പറയുക . ഭര്‍ത്താവിനെ കൊന്നു കാമുകനൊപ്പം ഒളിച്ചോടിപ്പോയതല്ല ഞാന്‍ എന്നറിഞ്ഞെങ്കിലും അവര്‍ സന്തോഷിക്കട്ടെ .”

“ഞാന്‍ സന്തോഷമായിരിക്കുന്നു എന്നറിയിക്കുക . ഈ നാടിനെ കുറിച്ചോ എന്നെ ഇവിടെ കണ്ടതിനെ കുറിച്ചോ പറയേണ്ടതില്ല . ഒരു യാത്രക്കിടയില്‍ കണ്ടു മുട്ടിയതാണെന്നു മാത്രം പറയുക .”

“എനിക്കിനി പൂര്‍വ്വാശ്രമം വിധിച്ചിട്ടില്ല . എന്റെ മാതാപിതാക്കളുമായി ഒരു സംഗമവും വിധിച്ചിട്ടില്ല . എന്റെ മകന്‍ അവരുടെ മരണത്തിനു മുന്‍പ് അവരെ വന്നു കാണുന്നുണ്ടാവും . അവര്‍ക്ക് പിണ്‍ഡമൂട്ടാനുള്ള പവിത്രമണിയേണ്ട കൈവിരലുകള്‍ അവന്റെതാണ് .”

“ആരും എന്നെ അന്വോഷിച്ചു വരരുതു . ഈ ഗ്രാമം , ഇവിടെ കണ്ട കാര്യങ്ങള്‍ എല്ലാം ഒരു സ്വപ്നം പോലെ മാത്രം കരുതുക . ഇത് നിങ്ങളുടെ നിയോഗമാണ് . അതാണ്‌ നിങ്ങളെ ഇവിടെ വരുത്തിയതും . “

അവളുടെ പ്രവചനങ്ങള്‍ എന്നില്‍ അമ്പരപ്പിനെക്കാളേറെ അസ്വസ്ഥതയും , ചെറിയൊരു ഭീതിയുമുണര്‍ത്തി .

പുറത്തു ഉദയ് കാത്തു നില്‍ക്കുകയായിരിന്നു .. അവനില്‍ എന്നോട് എന്തൊക്കെയോ ചോദിക്കുവാനുള്ള ഉദ്വേഗം നിറഞ്ഞു നിന്നു.. അത് കണ്ടു കൊണ്ടാണ് അപര്‍ണയും മറ്റു കാവിധാരികളും ഇറങ്ങി വന്നത് ..

അവന്റെ ആ ഉദ്വേഗം ഞങ്ങളെ തമ്മില്‍ എന്നെന്നെക്കുമായി അകറ്റാന്‍ പോകുകയാണെന്നു ഞാനോ ഉദയോ അപ്പോള്‍ മനസ്സിലാക്കിയതെ ഇല്ല ….

(തുടരും ....)

4 comments:

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ദുരന്തങ്ങളുടെ പെരുമഴക്കാലം തനിയെ നനഞ്ഞു തീര്‍ത്ത എന്റെ പ്രിയപെട്ടവള്‍ ...

എനിക്ക് സ്വതന്ത്രമായി സംസാരിക്കാന്‍ പോലും സാധിക്കാത്തത്ര ദൂരെ ...


ഈ കഥ ആറാം ഭാഗമായി .
നീണ്ടു പോകുന്നതില്‍ വിഷമമുണ്ട് .
ക്ഷമിക്കുക.
അടുത്ത ഭാഗം കൊണ്ട് തീര്‍ത്തേക്കാം .

സബിതാബാല said...

ugran....

കുഞ്ഞന്‍ said...

ഈ കഥ വായിക്കുമ്പോള്‍, ഇനിയും അനവധി അദ്ധ്യായങ്ങള്‍ കൂടി ഉണ്ടായാലെന്ന് ആശിച്ചുപോകുകയാണ്. നല്ല കാവ്യാത്മകവായ വരികള്‍..!

ഒരു ടിസ്റ്റിംങ് എന്‍ഡില്‍ കൊണ്ടു നിര്‍ത്തുന്ന പതിവ്,അത് മനോരമ,മംഗളത്തിന്റെ സ്വാധീനമാകാം അല്ലെ മാഷെ....

ശ്രീ said...

ശരിയാണ് മാഷേ, ഒരു സിനിമാക്കഥ പോലെ തന്നെ ഉണ്ട്