http://www.cyberjalakam.com

ജാലകം

Tuesday, March 31, 2009

കിളി മന്ജാരോയിലെ രാപ്പകലുകള്‍ - ഭാഗം അഞ്ച്

മുംബൈ ... അതിവേഗം പായുന്ന മനുഷ്യര്‍ , ചിന്തകളെക്കാളേറെ വേഗത്തിലോടുന്ന ഇലക്ട്രിക്‌ ട്രെയിനുകള്‍

പകലുകളും രാത്രികളും ഒരു പോലെ പ്രകാശ പൂരിതമായ , ശബ്ദമാനമായ മുംബൈ..

പകലുകളിലെ ഗതി വേഗം കൊണ്ടുളവായ ക്ഷീണം മറന്നു , ആലക്തീക ദീപങ്ങളുടെ വര്‍ണ്ണങ്ങള്‍ വാരിപുതച്ചു, ഒരഭിസാരികയെപ്പോലെ അണിഞോരുങ്ങുന്ന മുംബൈ ...

മനോഹരമായ രംഗ പടങ്ങള്‍ക്ക് പിന്നില്‍ വ്യഭിചാരവും , അധോലോകവും , പിന്നെ പാവപ്പെട്ടവന്റെ നെടുവീര്‍പ്പുകളും, ഗദ്ഗദങ്ങളും അമര്‍ത്തിയൊതുക്കുന്ന മുംബൈ ...

ഇടുങ്ങിയ ഗലികളിലൂടെ , എരുമചാണകം മണക്കുന്ന ഇടവഴികളിലൂടെ , അപരിചിതത്വം നിറഞ്ഞ ആള്‍കൂട്ടങ്ങല്‍ക്കിടയിലൂടെ, വലിഞ്ഞു മുറുകിയ , പുഞ്ച്ചിരി നഷ്ടപെട്ട മുഖങ്ങള്‍ക്കു മുന്നിലൂടെ എന്റെ പുതിയ ജീവിതം യാന്ത്രികമായി എന്നാല്‍ അതി വേഗത്തില്‍ ഒഴുകാന്‍ തുടങ്ങി .

എന്റെ സ്കൂള്‍ സുഹൃത്തായിരുന്ന ഗോപാലകൃഷ്ണന്‍ ഒരു ജോലി ശരിയാക്കി തരാമെന്നു പറഞ്ഞതു കൊണ്ടാണ് ഞാന്‍ മുംബെക്ക് പോയത് . അപര്‍ണക്ക് നേരിടേണ്ടി വന്ന ദുരന്തം ആ യാത്രക്ക് ആക്കം കൂട്ടി എന്ന് മാത്രം .

ഗോപി എനിക്ക് ശരിയാക്കി തന്ന ജോലി ഒരു പുതിയ ഓഫീസില്‍ ആയിരുന്നു . ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഓഫീസ് . പുതിയ ഓഫീസ് ആയതിനാല്‍ അധികം ജോലികള്‍ ഉണ്ടായിരുന്നില്ല .

ഇടയ്ക്കു വല്ലപ്പോഴും എന്റെ ബോസ്സിന്റെ മകള്‍ കോകില ഓഫീസില്‍ വരുമായിരുന്നു . കുറച്ചു കാലം കൊണ്ട് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി . എന്റെ അച്ചടി ഭാഷയിലുള്ള ഹിന്ദി കേള്‍ക്കുന്നത് അവള്‍ക്കു നല്ല രസമുള്ള ഒരു നേരം പോക്കായിരുന്നു .

സംഗീതത്തെയും , ചിത്ര രചനയെയും സ്നേഹിചിരുന്നവള്‍ , അല്ല അഗാധമായി പ്രണയിചിരുന്നവള്‍ ..
വാന്‍ ഗോഗിന്റെ നക്ഷത്രങ്ങളുള്ള രാത്രിയും, സൂര്യകാന്തി പൂക്കളെയും , എനിക്ക് പരിചിതമാക്കിയത് ആ മറാട്ടി സുന്ദരിയാണ് .. കോകിലാ സെന്‍ ..

കാണാന്‍ ശരാശരിയിലും മികച്ച ഒരു മറാട്ടി പെണ്‍കൊടി . ഒരു ഇരുപത്തിമൂന്ന് വയസ്സുകാരി. ചുരുണ്ട മുടിയും , ഭംഗിയുള്ള കണ്ണുകളും , കുസൃതി നിറഞ്ഞ പെരുമാറ്റവും എനിക്ക് വല്ലാതെ ഇഷ്ടമായി . അല്പം കൂടുതല്‍ തടിച്ചുരുണ്ട നിതംബം രൂപ ഭംഗിക്ക് തെല്ലു മങ്ങലേല്‍പ്പിച്ച പോലെ എനിക്ക് തോന്നി .

എടുത്തു പറയത്തക്ക ഒരു കുറവുണ്ടായിരുന്നത് അവളുടെ ഇടതു കാല്‍ അല്‍പ്പം നീളം കുറവുണ്ടായിരുന്നു എന്നതാണ് . അതവളുടെ നടത്തയെ ചെറുതായി വികലമാക്കി . കാണുന്നവരുടെ ശ്രദ്ധയെ അത് കൌതുകവും , അനുകമ്പയും , പിന്നെ സഹതാപവും ആക്കി മാറ്റാന്‍ പോന്നതായിരുന്നു . ആ വൈകല്യം അവളെ വല്ലാതെ വേദനിപ്പിച്ചിരുന്നു , അവള്‍ക്കു വരുന്ന വിവാഹ ആലോചനകളെയും.

എന്നോടുള്ള പെരുമാറ്റത്തില്‍ കുറഞ്ഞ കാലം കൊണ്ട് അവള്‍ അതിരു കവിഞ്ഞ സ്വാതന്ത്രം കാണിച്ചു . ഒരളവുവരെ നിശബ്ദം ഞാനത് അനുവദിക്കുകയും, ആസ്വദിക്കുകയും ചെയ്തിട്ടല്ലേ എന്ന് പിന്നീടെനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ പ്രോത്സാഹിപ്പിച്ചിട്ടില്ല, അത് സത്യം .

ഒരിക്കല്‍ കൂടി വേദനിക്കുവാണോ , ആരേയെങ്കിലും വേദനിപ്പിക്കുവാനോ ഞാന്‍ ആഗ്രഹിച്ചില്ല . ഇനിയൊരു വിയോഗം കൂടി താങ്ങാന്‍ വയ്യെനിക്ക്‌.

ഓഫീസ് ചെയറിലിരിക്കുമ്പോള്‍ പിന്നിലൂടെ വന്നു എന്റെ ജോലികളിലേക്ക് എത്തി നോക്കുന്നത് അവളുടെ ഒരു ശീലമായിരുന്നു . അവളുടെ ചൂടുള്ള നിശ്വാസങ്ങള്‍ എന്റെ ചെവിക്കു പിന്നില്‍ എന്നെ കോരിത്തരിപ്പിച്ചിരുന്നു. ചിലപ്പോള്‍ അവള്‍ മൃദുവായി എന്റെ ചെവിയില്‍ കടിക്കുകയും , കവിളില്‍ നുള്ളുകയും, ചുമലുകളില്‍ അമര്‍ത്തിപ്പിടിക്കുകയും ചെയ്തു . ഇതെല്ലാം എന്നെ വല്ലാതെ അമ്പരപ്പിച്ചു .

" എന്നെ എന്റെ ജോലി ചെയ്യാന്‍ അനുവദിക്കൂ , മറാട്ടികളുടെ തല്ലു കൊണ്ട് ചാവാന്‍ എനിക്ക് തീരെ താത്പര്യമില്ല " ഞാന്‍ കോപം നടിച്ചു ..

"പിന്നെ ഇവിടെ മുംബെ ഭരിക്കുന്നത്‌ നീയല്ലേ . ഒരു ജോലിക്കാരന്‍ … തല്ലു കൊള്ളാന്‍ യോഗമുണ്ടെങ്കില്‍ എവിടെ ചെന്നാലും കിട്ടിക്കോളും . " അവള്‍ക്കു പിന്നെയും തമാശ ..

"കോകിലാ... ഈ മദ്രാസ്സിയെ നീ പ്രണയിക്കുന്നുണ്ടോ " പിന്നീടൊരിക്കല്‍ ഞാന്‍ കളി വാക്കെന്ന പോലെ കാര്യമറിയാന്‍ ശ്രമിച്ചു.

അവള്‍ ചിരിയുടെ പളുങ്ക് ഗോലികള്‍ ചൊരിഞ്ഞു , പിന്നെ മെല്ലെ പറഞ്ഞു
"ഇതൊക്കെ ഒരു കളികൂട്ടുകാരിയുടെ നേരമ്പോക്കായി കണ്ടാല്‍ മതി ചെങ്ങാതി .. എനിക്കെന്നെ അറിയാം , നിങ്ങളെയും"

പക്ഷെ ആ വാക്കുകളുടെ നിഷ്കളങ്കത അവളുടെ ശബ്ദതിനുണ്ടായിരുന്നില്ല എന്നെനിക്കു തോന്നി.

അപര്‍ണ്ണയുടെ കാര്യത്തില്‍ എന്ത് ചെയ്യാനാകുമെന്ന് എനിക്കൊരു പിടിയും കിട്ടിയില്ല . ആരോട് അന്വോഷിക്കും . എനിക്ക് പരിചയം ഉള്ളത് ഗോപിയെ മാത്രം .
ജോലിക്ക് പോക്കും വരവും കഴിഞ്ഞാല്‍ പിന്നെ റൂമില്‍ വന്ന് പാല്‍‌ തിളപ്പിച്ച്, ബ്രെഡും ഓംലെറ്റും ഉണ്ടാക്കി കഴിച്ചു കിടക്കാനുള്ള സമയമേ കിട്ടൂ . പിന്നെ ആകെയുള്ളത് ഞായറാഴ്ച .. അന്ന് അലക്കും ..ഇസ്തിരിയിടലും .. ഒരുമാതിരി യാന്ത്രീക ജീവിതം .

പിന്നെയൊരിക്കല്‍ ഞാന്‍ എന്റെ കഥ കൊകിലയോടു പറഞ്ഞു ... അവള്‍ സഹതപിച്ചില്ല , പക്ഷെ ഒരു വിയോഗത്തിന്റെ വേദന അവളുടെ ഉള്ളിലും ഉണ്ടെന്നു എനിക്ക് തോന്നി , ആ കണ്ണുകളില്‍ മിഴിനീര്‍ തിളങ്ങി നിന്നു.

ഒരാഴ്ചക്ക് ശേഷം കോകില അപര്‍ണ്ണയെക്കുറിച്ചുള്ള ചില വിവരങ്ങള്‍ കണ്ടെത്തി തന്നു.

" നീ പറയുന്ന സതീഷ് കുറച്ചു അധോലോക ബന്ധം ഉണ്ടായിരുന്ന ആളാണത്രെ .. അവരുമായി ഉണ്ടായ ഏതോ അഭിപ്രായ വ്യത്യാസമാണയാളുടെ കൊലയില്‍ കലാശിച്ചത് . അപര്‍ണ്ണ എവിടെപ്പോയെന്നറിയില്ല . നീ ഇതാരോടും അന്വോഷിക്കതിരിക്കുന്നതാണ് ബുദ്ധി , പോലീസ് ഈ കേസ് ഇപ്പോഴും അന്വേഷിക്കുന്നുണ്ട് . നീ അതിന്റെ ഇടക്ക് ചെന്ന് ചാടിയാ എന്താ സംഭവിക്കുക എന്നറിയില്ല , അത് അപകടമേ വരുത്തു.."

എന്ത് ചെയ്യണമെന്നു എനിക്കറിയില്ലായിരുന്നു , ഈ മഹാ നഗരത്തില്‍ ഭാഷ പോലും നന്നായി കൈകാര്യം ചെയ്യാനറിയാത്ത ഞാന്‍ , അധോലോകവുമായി ഇടപെടേണ്ടി വന്നാല്‍ ഒന്നുകില്‍ മരണം , അല്ലെങ്കില്‍ ജയിലഴികള്‍ക്കകത്ത് . മറ്റൊരു പര്യവസാനം ഉണ്ടാവില്ലെന്ന് ഗോപിയും പറഞ്ഞതോടെ ഞാന്‍ എല്ലാം വിധിക്ക് വിട്ടുകൊടുത്തു . അതാണല്ലോ എന്നെപ്പോലുള്ള ദുര്‍ബലന്മാര്‍ക്കുള്ള എളുപ്പ വഴി. എനിക്ക് എന്നോട് അവന്ഞ തോന്നി .

പിന്നെ കുറെ നാളത്തേക്ക് കോകിലയും , അവളുടെ സൌഹൃദവും , ജോലി തിരക്കും ...
എന്റെ ജീവിതം രസകരമായി മുന്‍പോട്ടു നീങ്ങി ..

രണ്ടു വര്‍ഷം അങ്ങനെ കടന്നു പോയി .. കോകിലയുടെ കല്യാണം വന്നെത്തി ...
കല്യാണ ആലോചന മുതല്‍ സകല കാര്യങ്ങളും അവള്‍ എന്നോട് പറഞ്ഞിരുന്നു

എങ്കിലും അവള്‍ കല്യാണം ക്ഷണിക്കാനെത്തിയപ്പോള്‍ എനിക്കൊരു വിമ്മിഷ്ടം തോന്നി .. ഒരു ഗദ്ഗദം നെഞ്ചില്‍ കുറുകി ..

വീന്ടുമൊരു നഷ്ടബോധം , ഒരു വിയോഗത്തിന്റെ ഹൃദയ വേദന ...

ഞങ്ങള്‍ക്കിടയില്‍ സൗഹൃദമല്ലാതെ
മറ്റൊന്നുമില്ലായിരുന്നു, എങ്കില്‍ കൂടി ഒരു തളര്‍ച്ച എന്നെ പൊതിഞ്ഞു ..

പുഞ്ചിരിയോടെ വിവാഹ ക്ഷണ പത്രം എനിക്ക് നേരെ നീട്ടി ,

പിന്നെ എന്റെ മുന്‍പില്‍ വന്നു നിന്ന് മുഖമുയര്‍ത്തി അപ്രതീക്ഷിതമായി എന്നെ കെട്ടിപ്പിടിച്ചു എന്റെ കവിളില്‍ ചുംബിച്ചു ....ഒരടക്കിയ തേങ്ങല്‍ എന്റെ കാതില്‍ വന്നലച്ചു .. പെട്ടെന്ന് തന്നെ തിടുക്കപ്പെട്ടു അകന്നു മാറി .. ഞാന്‍ തരിച്ചു നിന്നു.. ഇതൊരു തമാശയായി എനിക്ക് തോന്നില്ല .

അവളുടെ കണ്ണുകള്‍ കലങ്ങിയിരിക്കുന്നു , കണ്ണ് നീര്‍ ഉരുണ്ടു കൂടി ചാലിട്ടോഴുകുന്നു....

പിന്നെ എന്റെ കണ്ണുകളിലേക്കു ഒരിക്കല്‍ കൂടി നോക്കിയിട്ട് അവള്‍ നടന്നകന്നു ...

എന്നോടൊന്നും പറയാതെ ... എന്റെ ഒരു മറു വാക്ക് പോലും കേള്‍ക്കാതെ ..

എനിക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല ... എന്ത് പറയാന്‍ ..

എങ്കിലും എന്താണവളെ കരയിപ്പിച്ചത് .... എന്റെ ചിന്തകള്‍ ഒരുത്തരം തേടിയലഞ്ഞു

ചിലപ്പോള്‍ ഒരു ഗാഡ സൗഹൃദത്തിന്റെ , എന്നെന്നെക്കുമുള്ള വിയോഗത്തിന്റെ തീവ്രതയാവാം ...

അതൊരുപക്ഷേ നിരന്തരമായ സമ്പര്‍ക്കം കൊണ്ടും , സഹവാസം കൊണ്ടും ഉളവായ ഒരു തരം മമതയായിരുന്നിരിക്കാം ...

അല്ലെങ്കില്‍ ശിഥിലമായ ഒരു പ്രണയത്തിന്റെ നൊമ്പരം കരളിലും കനവിലും കൊണ്ടു നടക്കുന്നവനോടുള്ള അനുകമ്പയാവാം .....

അതുമല്ലെങ്കില്‍ ഒരിക്കലും സംഭവ്യമല്ലാത്ത ഒരു പ്രണയ സ്വപനങളുടെ പടിയിറക്കം ആയിരുന്നിരിക്കാം ..

ചിന്തകള്‍ അത്രക്കോളം എത്തിയപ്പോള്‍ എന്നെയൊന്നു വിറച്ചു ...

അവളെന്നെ പ്രണയിച്ചിരുന്നിരിക്കുമോ ... ഉത്കടമായ എന്നാല്‍ ഗോപ്യമായ ആ വികാര തള്ളിച്ചയാണോ അവളെ കരയിച്ചത് ...

സ്ത്രീകളുടെ വികാര വിചാരങ്ങള്‍, അവയുടെ പ്രകടനങ്ങളും , പ്രതിഫലനങളും എന്നെ വിസ്മയാധീനനാക്കി ..... ജീവിതത്തില്‍ അന്നോളമിന്നോളം അതെന്നെ ഒരുപാട് തവണ ചിന്തിപ്പിച്ചിട്ടുണ്ട് ....

ആര്‍ഭാടം നിറഞ്ഞ വിവാഹം ... അതിന്റെ ധാരാളം ചുമതലകള്‍ എനിക്കുമുണ്ടായിരുന്നു

എല്ലാം കഴിഞ്ഞപ്പോള്‍ , വല്ലാത്തൊരു ശൂന്യത തോന്നിയപ്പോള്‍ , ജീവിതം വിരസമായപ്പോള്‍ മുംബെയോടു വിട പറഞ്ഞു വീണ്ടും നാട്ടിലെത്തി ....

ഒരു പാട് വീര്‍പ്പു മുട്ടിക്കുന്ന ഓര്‍മകളുമായി , ഭാവിയെ കുറിച്ചുള്ള ഉത്കണ്ടകളുമായി.

വീണ്ടും അപര്‍ണയെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നെ വീര്‍പ്പു മുട്ടിക്കാന്‍ തുടങ്ങി ..
കോകിലയുടെ സ്നേഹത്തില്‍ , സാമീപ്യത്തില്‍ ഞാന്‍ അവളെ മറന്നില്ലേ എന്ന തോന്നല്‍ എന്നില്‍ കുറ്റബോധം ഉളവാക്കി ..

ഒരു ദയയുമില്ലാതെ കാലം ഒഴുകി ഒഴുകി പോയ്കൊണ്ടിരുന്നു .... ഇടക്കെന്റെ ഏകാന്ത നിമിഷങ്ങളില്‍ ഞാന്‍ അപര്‍ണ്ണയുടെ ഓര്‍മകളില്‍ മുഴുകി ... ആ മാര്‍ഗഴി തിങ്കളോടോത്ത്.….ആ ഇളനീര്‍ ഗന്ധം നുകര്‍ന്ന്…
അപൂര്‍വ്വമായി ചിലപ്പോള്‍ കൊകിലയെ കുറിച്ചും ഓര്‍ത്തു ...

പിന്നെ ഇപ്പോളാണ് അപര്‍ണ്ണ ഇത്രയേറെ സജീവ സാന്നിന്ധ്യമായി എന്റെ ഓര്‍മ്മകളെ സമ്പന്നമാക്കുന്നത്

ഇവിടെ ഈ കിലിമന്ജാരൊയില്‍ ഞാന്‍ കണ്ട തീക്ഷ്ണതയുള്ള , കാവി പുതച്ച കണ്ണുകള്‍ ..അത് അപര്‍ണ്ണയുടെതാകുമോ ....

വല്ലാത്തൊരു ഉദ്വേഗം എന്നില്‍ നിറഞ്ഞു .....

7 comments:

ശാരദനിലാവ് said...

സ്ത്രീകളുടെ വികാര വിചാരങ്ങള്‍, അവയുടെ പ്രകടനങ്ങളും , പ്രതിഫലനങളും എന്നെ വിസ്മയാധീനനാക്കി ..... ജീവിതത്തില്‍ അന്നോളമിന്നോളം അതെന്നെ ഒരുപാട് തവണ ചിന്തിപ്പിച്ചിട്ടുണ്ട് ....

സ്വാമി കുക്കുടാനന്ദ said...

"എടുത്തു പറയത്തക്ക ഒരു കുറവുണ്ടായിരുന്നത് അവളുടെ ഇടതു കാല്‍ അല്‍പ്പം നീളം കുറവുണ്ടായിരുന്നു എന്നതാണ്"
അതോ വലതുകാലിന് അല്പം നീളം കൂടുതല്‍ ആയിരുന്നോ?
തുടക്കത്തില്‍ "കഥ ഇതുവരെ" ഒന്ന് ചുരുക്കി പറഞ്ഞാല്‍ നന്നായിരു‌നു...ഇപ്പോള്‍ ആകെ റിലെ പോയി..ഇനി കണക്ഷന്‍ കിട്ടനമെന്കില്‍ ആദ്യം മുതല്‍ വായിക്കണം...

ശ്രീ said...

എഴുത്ത് നന്നാകുന്നുണ്ട് മാഷേ... എല്ലാം ഓരോ അനുഭവങ്ങള്‍ അല്ലേ?

വീ കെ said...

ബാക്കി കൂടി ഇങ്ങു പോരട്ടെ...എന്നിട്ട് പറയാം.

Anonymous said...

good

ഇഞ്ചൂരാന്‍ said...

എന്നോടുള്ള പെരുമാറ്റത്തില്‍ കുറഞ്ഞ കാലം കൊണ്ട് അവള്‍ അതിരു കവിഞ്ഞ സ്വാതന്ത്രം കാണിച്ചു . ഒരളവുവരെ നിശബ്ദം ഞാനത് അനുവദിക്കുകയും, ആസ്വദിക്കുകയും ചെയ്തിട്ടല്ലേ എന്ന് പിന്നീടെനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ പ്രോത്സാഹിപ്പിച്ചിട്ടില്ല....
ഇല്ലേ ഇല്ലേന്നു.....
സത്യം പറ ഇനിയെങ്ങിലും ആ ചെറുകഥ എന്നാ ലേബല്‍ മാറ്റിയിട്ടു ആത്മകഥ എന്നാക്കരുതോ ?
തുടക്കത്തില്‍ "കഥ ഇതുവരെ" ഒന്ന് ചുരുക്കി പറഞ്ഞാല്‍ നന്നായിരു‌നു...
പിന്നെ ഒടുക്കത്തെ സ്പീഡ് , ബോംബെലെ ഇലക്ട്രിക്‌ ട്രെയിനെ പോലെ .....
ഭയാനകം പക്ഷെ മനോഹരം
ആ കോകില സെന്‍ ഇപ്പൊ എന്ത് ചെയ്യുന്നു ?
അപര്‍നയോ?............................................................................. പറയൂ വേഗം ചങ്ങാതി ...

കുഞ്ഞന്‍ said...

കഥയുടെ തലങ്ങള്‍ മാറി മറയുന്നു. കൂടുതല്‍ നന്നായിക്കൊണ്ടിരിക്കുന്നു മാഷെ,മാറി നിന്ന് ഞാന്‍ എല്ലാം വായിക്കുന്നുണ്ട്. തുടരട്ടെ ഈയാത്ര