http://www.cyberjalakam.com

ജാലകം

Wednesday, March 18, 2009

കിളി മന്ജാരോയിലെ രാപ്പകലുകള്‍ - ഭാഗം രണ്ട്


എന്റെ ആശങ്കള്‍ക്ക് തല്‍ക്കാലം വിരാമമിട്ടുകൊണ്ട് ...........
ഞങ്ങള്‍ അവന്റെ കുടുംബ വീട്ടില്‍ ചേക്കേറി . ബുദ്ധന്റെ ഒരു ചിത്രവും , ചെറിയൊരു വിഗ്രഹവും അവിടെ കണ്ടു . അവന്റെ മുത്തശ്ശന്‍ ഒരു നേപ്പാളി ബുദ്ധമതക്കാരന്‍ ആയിരുന്നത്രെ . അങ്ങേരുടെ സമുദായപ്പേരാണ് ഈ ഗുരുന്ഗ് . അല്ലാതെ ഇവര്‍ക്കിപ്പോള്‍ നേപ്പാളുമായോ, ബുദ്ധമതവുമായോ യാതൊരു ബന്ധവുമില്ല .

ഒരു ടിന്നില്‍ ‍ നിന്നും കുറച്ചു പൊടിയെടുത്തു അവന്‍ ഒരു കാപ്പിയുണ്ടാക്കി. കാപ്പി തൊണ്ടും പിന്നെ മറ്റെന്തൊക്കെയോ സുഗന്ധ ദ്രവ്യങ്ങളും ചേര്‍ത്ത സ്വാദിഷ്ടമായ ഒന്ന് . പിന്നെ ഒരു വിശിഷ്ടമായ സാധനം , അത് മുകളില്‍ ഒരു ചെറിയ കമ്പിയില്‍ കെട്ടി തൂക്കി ഇട്ടിരിക്കുകയായിരുന്നു . കാരറ്റ് കൊണ്ട് ഉണ്ടാക്കുന്ന ഒരു മധുര പലഹാരം . എനിക്ക് ഹല്‍വ തിന്നുന്ന ഒരു രുചി തോന്നി . പക്ഷെ അത്രക്കും സോഫ്റ്റ് അല്ല , നല്ല ഹാര്‍ഡ് ആണ് . ചിലപ്പോള്‍ കാരറ്റ് കൃഷി സമൃദ്ധമായി വിളവെടുക്കുംബോഴോ , വില കുറവ് നേരിട്ട് ചിലവാകാതെ ഇരിക്കൊമ്പോഴോ ഒക്കെ ഉണ്ടാക്കുന്നതാണ് ഈ " കുല്‍ വാന്‍ " എന്ന് വിളിക്കുന്ന പലഹാരം . കാരറ്റ് ഉരലില്‍ ഇട്ടിടിച്ചു പിഴിഞ്ഞ് ചാറെടുത്ത്‌ പഞ്ചസാരയും, ഏലക്കായും, കശുവണ്ടി പ്പരിപ്പും ചേര്‍ത്ത് കനത്തില്‍ നമ്മുടെ നാട്ടിലെ ഇടണ ഇല പോലെ സുഗന്ധമുള്ള ഒരു ഇലയില്‍ തേച്ചു വെയിലില്‍ പല ദിവസങ്ങളായി ഉണക്കിയെടുത്തതാണ് " കുല്‍ വാണ്‍ ". ഇതിന്റെ മണം കിട്ടിയാല്‍ പാമ്പ് വരുമത്രേ . അതാണ്‌ ഭംഗിയായി പൊതിഞ്ഞു കമ്പിയില്‍ കെട്ടി തൂക്കിയിടുന്നത് . പാമ്പ് നോണ്‍ വെജ് അല്ലെ കഴിക്കുന്നത്‌ , പിന്നെ ഈ വെജ് ടേസ്റ്റ് ചെയ്യാന്‍ വരുമോ. എനിക്ക് സംശയം തോന്നി.

പിന്നെ ഞാന്‍ ചോദിയ്ക്കാതെ തന്നെ ഉദയ് അവനെക്കുറിച്ച് പറഞ്ഞു തുടങ്ങി.

ബി എസ് സി അഗ്രികാലചര്‍ ലാസ്റ്റ് സെമ്മിന് പഠിക്കുന്നു . പഠന സൌകര്യത്തിനും, ജ്യേഷ്ഠന്റെ ജോലി സൌകര്യത്തിനും വേണ്ടി അവന്റെ കുടുംബം പട്ടണത്തിലേക്ക് കുടിയേറിയിരിക്കുന്നു . അവര്‍ക്കിവിടെ കുറെ കൃഷി ഭൂമിയുണ്ട് . കൃഷി കാര്യങ്ങള്‍ ഒരു അകന്ന ബന്ധുവിനെ ഏല്‍പ്പിച്ചിരിക്കുന്നു . അതിന്റെ കാര്യങ്ങള്‍ നോക്കാന്‍ എല്ലാ മാസവും അവനോ ജ്യെഷ്ടണോ ഇവിടെ വരും . അവനും ഗുല്‍ബര്‍ഗ്ഗിനു പോകുന്ന വഴിയായിരുന്നു. ഇങ്ങനെ ഒക്കെ സംഭവിച്ച സ്ഥിതിക്ക് ഈ മാസത്തെ കൃഷിയിട സന്ദര്‍ശനം ഇക്കൂടെ തീര്‍ത്തേക്കാം എന്ന് കരുതിയത്രേ .

ഞാന്‍ എന്നെ കുറിച്ചും ചുരുക്കി വിശദീകരിച്ചു , ഒരു കൊച്ചു കുട്ടിയുടെ കൌതുകത്തോടെ അവന്‍ എല്ലാം കേട്ടിരുന്നു . അവന്റെ കണ്ണുകളില്‍ കൌതുകത്തിന്റെ തിരയിളക്കം കണ്ടിരിക്കാന്‍ എനിക്ക് നന്നേ രസം തോന്നി .

" ഈ കിളി മന്ജാരൊയില്‍ മലയാളികളുണ്ടാകുമോ"

എന്റെ ജിജ്ഞാസ ഉണര്‍ന്നു . മലയാളികള്‍ ചെന്നെത്താത്ത സ്ഥലം കുറവാണല്ലോ എന്ന തെല്ലു അഹങ്കാരതോടെയാണ് ഞാന്‍ ചോദിച്ചത് .

ഇല്ല, അവന്‍ പറഞ്ഞു .

ഇവിടെ ഉള്ളവരെല്ലാം തന്നെ പത്തഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായിരുന്ന വിജയ നഗര സാമ്രാജ്യത്തിന്റെ പിന്‍ തുടര്‍ച്ചയാണ്, ആ മഹാ സാമ്രാജ്യത്തിന്റെ തകര്‍ച്ചയെ കുറിച്ച തളികോട്ട യുദ്ധത്തെ തുടര്‍ന്ന് പലായനം ചെയ്തു ഈ കിളി മന്ജാരോയില്‍ വന്നവരാണ് .
ഇന്നും സ്മരണകളില്‍ ഹരിഹര രായരും , ബുക്ക രായരും , കൃഷ്ണ ദേവരായരും,നിറഞ്ഞു നില്‍ക്കുന്നവര്‍.

അവരുടെ തനതായ കലാ രൂപങ്ങളിലൂടെ ആ പോയ്പോയ നല്ല കാലത്തെ അനുസ്മരിക്കുന്നവര്‍ .
കൃഷ്ണ നദിയും , തുംഗ ഭദ്രയും , പിന്നെ വിജയ നഗരത്തിന്റെ ജൈത്ര യാത്രയില്‍ വീണു പോയ ഹൊയ്സാല , റെഡഡി , ഗജപതി തുടങ്ങിയ സാമ്രാജ്യങ്ങള്‍ . കന്നടയും , തമിഴും , സംസ്കൃതവും , തെലുങ്കും ഇട കലര്‍ന്ന ഒരു ഭാഷ . ശരിക്കും ഒരു നാഗരീക ജനത . ദക്ഷിണ ഇന്ത്യയിലെ ഒരു മഹത്തായ സാമ്രാജ്യത്തിന്റെ തിരു ശേഷിപ്പുകള്‍ . എനിക്ക് വല്ലാത്ത ഒരു ഉള്‍ കുളിരു കോരി , എന്നിലെ സോഷ്യോളാജിക്കാരന്‍ കൂടുതല്‍ കൂടുതല്‍ ശ്രദധാലുവായി .

പുറമേ നിന്നുള്ള കുടിയേറ്റങ്ങളും , വിവാഹ ബന്ധങ്ങളും ഇവിടെ പ്രോത്സാഹിപ്പിക്കാറില്ല . അത് കൊണ്ട് തന്നെ മറ്റു നാടുകാര്‍ ഇവിടെ വളരെ കുറവാണ് . അപ്പൂര്‍വ്വം ചില മറു നാട്ടുകാര്‍, ഇവിടെയെത്തി ഈ മനോഹാരിതയില്‍ ലയിച്ചു ചേരാന്‍ കൊതിച്ചവര്‍, ഇവിടെയുള്ളവരുടെ അനുവാദത്തോടെ, വിവാഹ ബന്ധത്തിലൂടെ ഇവിടത്ത്തുകാരായിട്ടുണ്ട്. മലയാളികള്‍ ‍ ആരും തന്നെ ഉള്ളതായി അറിവില്ല . ഉദയ് പറഞ്ഞു നിര്‍ത്തി .

എനിക്കതിശയം തോന്നി . ഒരു സ്വപ്നലോകത്തെത്തിയ പോലെ. എല്ലായിടവും ചുറ്റി നടന്നു കാണാന്‍ ഞാന്‍ വെമ്പല്‍ പൂണ്ടു . പിന്നീടുള്ള ദിവസങ്ങള്‍ എങ്ങനെ കടന്നു പോയെന്നറിയില്ല .
പ്രത്യേക ജനങ്ങള്‍, പ്രത്യേക വസ്ത്ര ധാരണം , ആചാരങ്ങള്‍ , അനുഷ്ടാനങ്ങള്‍ എല്ലാം വളരെ വ്യത്യസ്തം . ദൈവങ്ങള്‍ മാത്രം ഹിന്ദു ദൈവങ്ങള്‍ . വളരെ വ്യത്യസ്തംമായൊരു അനുഭവം . ഉദയിന്റെ കൂടെ അവരുടെ കൃഷി സ്ഥലങ്ങളിലും , നാട്ടിലും , അവിടെയുള്ള പുഴകള്‍ , കുളങ്ങള്‍ , നീരുറവകള്‍ , ക്ഷേത്രങ്ങള്‍ എല്ലാം കറങ്ങി നടന്നു കണ്ടു . പിന്നെ ഒരു ദിവസം അവന്റെ ഒരു ബന്ധുവിന്റെ വീട്ടില്‍ നിന്നും അവര്‍ പ്രാദേശികമായി വാറ്റിയെടുക്കുന്ന നാടന്‍ ചാരായം , "ചാംബ " ചെറു തേന്‍ ചേര്‍ത്ത് , ഉപ്പു പുരട്ടിയുണക്കിയ കോവക്ക ടച്ചിംഗ് ആക്കി കുടിച്ചത് വളരെ രസകരമായിരുന്നു . അവന്‍ രണ്ടു മൂന്നു കുപ്പി കൂടി വാങ്ങുന്നതും കണ്ടു .


അവിടെ നിന്നും മടങ്ങുന്നതിനു രണ്ടു ദിവസം മുന്‍പാണ് , ഒരിട വഴിയിലൂടെ ഒരു വൈകുന്നേരം , ഞങ്ങള്‍ നടക്കുമ്പോള്‍ ഒരു കുതിര വണ്ടി കടന്നു പോയി . അതിലെ ജാലക വിരി വകഞ്ഞ് മാറ്റി കാവി പുതച്ച രണ്ടു കണ്ണുകള്‍ എന്നെ ഉറ്റു നോക്കുന്നത് കണ്ടു ഞാനൊന്നു പകച്ചു . ഞാന്‍ തിരിഞ്ഞു ഉദയിനെ നോക്കിയപ്പോഴേക്കും ജാലകവിരികള്‍ പൂര്‍വ്വ സ്ഥിതിയിലായി . ആ കണ്ണുകള്‍ കാണാതായി .

ഉദയ് പറഞ്ഞു " സ്വാധിയാണ്, ഇവിടുത്തെ സമ്പന്നനായ ദിവാകരറെഡ്ഡിയുടെ ഭാര്യ .
സന്യാസിനിയാണ് "

" സന്യാസിനിയോ ആ കണ്ണുകളിലെ തിളക്കം കണ്ടിട്ട് ജീവിതത്തിനോട് അത്യധികമായി ആസക്തിയുള്ളതായി തോന്നുമല്ലോ .. ഞാനെന്റെ തോന്നല്‍ മറച്ചു വച്ചില്ല "

അതെന്തോ , ഇവിടെ സന്യാസിനിയാകണമെങ്കില്‍ ജീവിത വിരക്തി വരണം എന്നൊന്നും ഇല്ല . ഭര്‍ത്താവ് രോഗബാധിതനായോ , അപകടം സംഭവിച്ചോ , മരണാസന്നനായി കിടക്കുമ്പോള്‍ അയാളുടെ അനുവാദത്തോടെ , ഭാര്യക്ക് വേണമെങ്കില്‍ സന്യാസം സ്വീകരിക്കാം. വൈധവ്യത്തില്‍ നിന്നും രക്ഷപ്പെടാം . സമൂഹത്തില്‍ ആദരവും ബഹുമാനവും കിട്ടും , ഒട്ടു മിക്ക പൊതു ചടങ്ങുകളിലും പങ്കെടുക്കാം. എന്തിന് രാഷ്ട്രീയത്തില്‍ വരെ . പക്ഷെ വിധവയായാല്‍ ഇതൊന്നും അനുവദിക്കില്ല . ധാരാളം പരിമിതികള്‍ ഉണ്ട് .

ദിവാകര റെഡ്ഡി മരിക്കും മുന്‍പ് ഇവര്‍ സന്യാസം സ്വീകരിച്ചു. അപര്‍ണ എന്നാണവരുടെ പേര്. ഈ നാട്ടുകാരി അല്ല . ബോംബെക്കാരി ആണെന്ന് തോന്നുന്നു . നിങ്ങള്‍ കുറച്ചു കാലം ബോംബയില്‍ ഉണ്ടായിരുന്നതല്ലേ , പരിചയം ഉണ്ടാകുമോ . പക്ഷെ അവരുമായി ക്ഷേത്രത്തില്‍ വച്ചേ സംസാരിക്കാന്‍ അനുവാദം ഉള്ളു .

പിന്നെ ഉദയ് ഈ സന്യാസിനികളെ കുറിച്ച് പറഞ്ഞു . ഇവരുടെ ഇപ്പോഴത്തെ മാതാജി അതീന്ദ്രിയ ശക്തികള്‍ ഉള്ള ആളാണത്രേ. എല്ലാ നല്ല കാര്യങ്ങള്‍ക്കും ഈ ഗ്രാമീണര്‍ മാതാജിയുടെ അനുഗ്രഹം നേടും . അവരുടെ വാക്ക്കള്‍ക്കു ഈ സമൂഹം വളരെ വില കൊടുക്കുന്നു . ഈ സ്വാധി അപര്‍ണ്ണ ബഹിന്ജി ആയിരിക്കുമത്രേ അടുത്ത മാതാജി .

എന്തോ ഒരു ദുരന്തം നേരിടാനെന്ന പോലെ എന്റെ ഹൃദയം അതിദ്രുതം മിടിച്ചു കൊണ്ടിരിന്നു. അതിന്റെ കാരണം ഞാന്‍ തേടിയെങ്കിലും അത് പാഴ് ശ്രമമായി ..

പക്ഷെ " അപര്‍ണ്ണ " ആ പേര് എന്നെ പൂര്‍വ്വ സ്മ്രിതികളുടെ പവിഴമല്ലി പൂക്കള്‍ ഉതിര്‍ന്നു വീണ, യവ്വനാരംഭതിന്റെ പളുങ്ക് കല്പ്പടവുകളിക്ക് കൊണ്ട് പോയി ....

"അപര്‍ണ്ണ" ആ പേര് കേട്ടപ്പോള്‍ തന്നെ എന്റെ നാസാരന്ധ്രങ്ങള്‍ ഒരു ഇള നീരിന്റെ ഗന്ധം വാസനിച്ചു.

ലിപ് സ്റ്റിക്കിന്റെ രുചി ചുണ്ടില്‍ കിനിഞ്ഞു ,

" മാര്‍ഗഴി തിങ്കളാല്ലവാ " എന്ന ഗാനം കാതില്‍ പതിഞ്ഞു,

നൃത്ത ചുവടുകളുമായി ഒരു സുന്ദരീ ശില്‍പം കണ്ണില്‍ തെളിഞ്ഞു .

പിന്നെ ഒരു പ്രാരബ്ധ ക്കാരനായ , ദുര്‍ബല കാമുകനെയും ഓര്‍മ്മ വന്നു. അസഹ്യതയോടെ ഞാന്‍ തലകുടഞ്ഞു .

"എന്താ ..എന്ത് ..പറ്റി ... പെട്ടെന്ന് അപ്സെറ്റ് ആയല്ലോ " അവന്റെ ഉദ്വേഗം നിറഞ്ഞ അന്വോഷണം ..

ആ കാവി പുതച്ച , തിളങ്ങുന്ന കണ്ണുകള്‍ എനിക്ക് പരിചയം ഉള്ളതല്ലേ. എന്തോ എനിക്കങ്ങനെ തോന്നി

അതിനെ പിന്തുടരേണ്ടതുണ്ടെന്നും ......

പക്ഷെ അതെന്നെ തീരാത്ത ഹൃദയ വേദനയിലെക്കും , അസ്വസ്ഥത യിലേക്കും നയിക്കുമെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല ......

7 comments:

Unknown said...

vayana seelam ellnjittupolum njan otta iruthathinu angu vayichu poyi..sarikkum a gramathil aanennu thonni.....simple and magical writing...hope it resume sooooon

ജിജാസ് said...

വളരെ നന്നായിട്ടുണ്ട്...തുടരൂ...

Anonymous said...

interesting and good one..

ശ്രീ said...

കൂടുതല്‍ നന്നാകുന്നുണ്ട്, തുടരട്ടെ

ചങ്കരന്‍ said...

വായിക്കുന്നുണ്ട്.. തുടരട്ടെ...

കുഞ്ഞന്‍ said...

മാഷെ...ആ കാരറ്റ് ഹലുവ..ഹായ് വായില്‍ വെള്ളമൂറുന്നു..

ആ അപര്‍ണ്ണയില്‍ എന്തൊക്കയൊ ദുരൂഹതകള്‍ ഉണ്ടല്ലൊ സുനിലാ...തുടരട്ടെ...

മണിലാല്‍ said...

തോട്ടുവയിലേക്ക് വരുന്നുണ്ട്,മോഹിപ്പിച്ചതല്ലെ.