കമലോപ്പുവിനു മൂന്നു മുലകളുണ്ടെന്നറിയാവുന്ന മൂന്നു പുരുഷന്മാരില്‍ ഒരാള്‍ ഞാനായിരുന്നു.അത് ആദ്യം മനസ്സിലാക്കിയ പുരുഷനും ഞാന്‍ തന്നെയായിരിക്കണം.
പക്ഷെ അന്ന് ഞാന്‍ പുരുഷനായിരുന്നില്ല. പന്തലിലേക്ക് പടര്‍ന്നു കയറാന്‍ വേണ്ടി പിടിവള്ളികള്‍ ചുരുട്ടുന്ന ചുരക്കവള്ളികള്‍ പോലെ ബാല്യത്തിന്റെ കുതൂഹലങ്ങളില്‍ നിന്നും കൌമാരത്തിന്റെ കൌതുകങ്ങളിലേക്ക് തിരിച്ചറിയാനാവാത്ത പരിവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരുന്ന ഒരു സാധാരണ നാട്ടിന്‍പുറത്തുകാരന്‍ ആണ്‍കുട്ടിയായിരുന്നു.പകല്‍ സമയങ്ങളില്‍ മുട്ടനാടുകളുമായി ഗുസ്തി പിടിച്ചിരുന്നത് മൂലം ചിലപ്പോഴൊക്കെ ആട്ടിന്‍ചൂരു മണത്തിരുന്ന ഒരാണ്‍കുട്ടി.
വൃശ്ചിക മാസത്തിന്റെ ഒടുവിലോ അതോ മകരമാസത്തിന്റെ തുടക്കത്തിലോ ആയിരുന്നെന്നു തോന്നുന്നു കമലോപ്പു അച്ഛന്റെ തറവാട്ടില്‍ വന്നത്. അതിനും രണ്ടു ദിവസം മുന്‍പേ ഞാനും തറവാട്ടിലെത്തിയിരുന്നു. ഏഴാം ക്ലാസ്സിലെ ക്രിസ്തുമസ് പരീഷ കഴിഞ്ഞുള്ള അവധിയാഘോഷിക്കാന്‍.തറവാടിന്റെ മുന്നിലെ പനിനീര്‍ ചാമ്പ ഇറുങേ പൂത്തു നിന്നിരുന്ന തണുത്ത പ്രഭാതങ്ങള്‍. ചാമ്പത്തണലില്‍ നിറയെ വയലറ്റ് പൂക്കള്‍ പട്ടു വിരിച്ചതുപോലെ പൊഴിഞ്ഞു കിടക്കുന്നുണ്ടായിരുന്നു.
തറവാടിനു പിന്നിലെ കുളത്തിലേക്കുള്ള വഴിയില്‍ നിന്നിരുന്ന മഹാഗണി മരങ്ങള്‍ ഇലകളാണ് പൊഴിച്ചിരുന്നത്. ചുവന്ന ഇലകള്‍.
കമലോപ്പു പുറത്താണെന്നും അടുത്തേക്ക് പോവേണ്ടെന്നും അച്ഛമ്മ പറഞ്ഞത് ഞാന്‍ കണക്കിലെടുത്തില്ല. വീട്ടിലെ ആണുങ്ങളെല്ലാം ശബരിമല വൃതമെടുത്തിരിക്കുന്നതിനാല്‍ അച്ഛന്റെ തറവാട്ടിലേക്ക് തല്‍ക്കാലം മാറ്റിപ്പാര്‍പ്പിച്ചതായിരുന്നു ആ സാധുവിനെ.
അന്ന് പത്തില്‍ തോറ്റു പള്ളികെട്ടിടത്തില്‍ തയ്യലു പഠിക്കാന്‍ പോയിക്കൊണ്ടിരിക്കയായിരുന്നു കമലോപ്പു. ആര്‍ക്കും ഇഷ്ടം തോന്നുന്ന പെരുമാറ്റ രീതികളുള്ള കമലോപ്പു മിഴി ചിമ്മുമ്പോള്‍ തിങ്ങി നിറഞ്ഞ കണ്‍പീലികള്‍ കാറ്റ് പൊഴിക്കുന്നുണ്ടെന്നു തോന്നിക്കും. സിനിമകളില്‍ ശാരദയെ കാണുമ്പോഴൊക്കെ ഓര്‍മ്മയില്‍ കമലോപ്പു തെളിയുന്നത്ര സാമ്യത.
അന്ന് പത്തില്‍ തോറ്റു പള്ളികെട്ടിടത്തില്‍ തയ്യലു പഠിക്കാന്‍ പോയിക്കൊണ്ടിരിക്കയായിരുന്നു കമലോപ്പു. ആര്‍ക്കും ഇഷ്ടം തോന്നുന്ന പെരുമാറ്റ രീതികളുള്ള കമലോപ്പു മിഴി ചിമ്മുമ്പോള്‍ തിങ്ങി നിറഞ്ഞ കണ്‍പീലികള്‍ കാറ്റ് പൊഴിക്കുന്നുണ്ടെന്നു തോന്നിക്കും. സിനിമകളില്‍ ശാരദയെ കാണുമ്പോഴൊക്കെ ഓര്‍മ്മയില്‍ കമലോപ്പു തെളിയുന്നത്ര സാമ്യത.
ആദ്യമൊക്കെ അടുത്തു ചെല്ലുമ്പോള്‍ "ഇങ്ങട്ട് വരണ്ടാ ..ഞാന്‍ പൊറത്താ.. " എന്ന് മന്ത്രിച്ചു . എന്താപ്പ ഈ പൊറത്താവല് എന്ന് പണ്ടേ സംശയം തോന്നീട്ടുണ്ടായിരുന്നു. അച്ഛമ്മയോട് ചോദിച്ചു . അത് കുട്ടാ പെണ്ണുങ്ങളല്ലേ കുടുംബത്തിലെ ജോലീക്കെ എടുക്കാ..അവര്‍ക്കൊരു വിശ്രമം വേണ്ടേന്നു വെച്ചിട്ട് അയ്യപ്പ സ്വാമി പറഞ്ഞു മാസത്തില്‍ മൂന്നാലീസം പെണ്ണുങ്ങള്‍ വിശ്രമിച്ചോട്ടെന്നു. അതാ ഈ പൊറത്താവല്. ഇനീപ്പം നീ ഇതാരോടോം ചോദിക്കേണ്ടാട്ടോ"
“അല്ല അച്ഛമ്മേ അപ്പൊ ഇന്റെ അമ്മ പൊറത്താവണില്ലാലോ”
“അതേ കുട്ടാ അവിടെ വീട്ടില് നിന്റെ അമ്മ മാത്രെല്ലേയുള്ളൂ പെണ്ണായിട്ട്. ഓള് വിശ്രമിച്ചാ പിന്നെ ആരാ നിങ്ങള്‍ക്ക് ഭക്ഷണംണ്ടാക്കി തരികാ. അതോണ്ട് നിന്റെ അമ്മ വിശ്രമം എടുക്കാത്തതല്ലേ “ എന്നച്ഛമ്മ പറഞ്ഞപ്പോള്‍ എനിക്കമ്മയെകുറിച്ചോര്‍ത്തു അഭിമാനം തോന്നി .
രണ്ടു ദിവസം കഴിഞ്ഞു ബോംബെയിലുള്ള ചെറിയച്ഛനും കുടുംബവും വന്നപ്പോള്‍, പത്രാസുകാരി ചെറിയമ്മയും മക്കളും മുറികള്‍ കയ്യടക്കിയപ്പോള്‍ കമലോപ്പുവും അച്ഛമ്മയും ഒരു മുറിയിലായി.കൂടെ ഞാനും. അച്ഛമ്മയുടെ കയറ്റു കട്ടിലിനു കീഴെ കിടന്നു കാല്‍ കൊണ്ട് കയറ്റു കട്ടിലില്‍ കിടന്ന അച്ഛമ്മയെ പൊക്കിയും താഴ്ത്തിയും ഞാന്‍ രസിച്ചതില്‍ അച്ഛമ്മക്ക് വിരോധമൊന്നും ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല എന്റെ അത്തരം വികൃതികള്‍ അവര്‍ ആസ്വദിക്കയും ചെയ്തിരുന്നു.ചെറിയച്ഛന്റെ രണ്ടാമത്തെ മകന്‍ അമന്‍ കിഷോര്‍ അന്ന് സെറിലാക്കിന്റെ മണമുള്ള അര വയസ്സുകാരനായിരുന്നു. ഹിന്ദിക്കാരുടെ പേരിട്ടിട്ടും അവന്‍ നാടന്‍ പിള്ളേരുടെ മാതിരി ആക്രാന്തത്തോടെയാണ് മുലകുടിക്കുന്നതെന്ന് ഞാന്‍ കണ്ടു പിടിച്ചു. മുക്രയിടുന്ന ശബ്ദത്തോടെയുള്ള മുലകുടി എന്നില്‍ കൊതിയും, അസൂയയും നിറച്ചു.
അവനെ തള്ളിമാറ്റിയിട്ടിട്ടു ചെറിയമ്മയുടെ മുലകുടിക്കാന്‍ എനിക്കൊരു ത്വരയുണ്ടായി. കുഞ്ഞിനു മുലകൊടുക്കുന്നിടത്തു വായിനോക്കി നിക്കാണ്ടെ പുറത്തു പോയി കളിക്ക് ചെക്കായെന്നു ചെറിയമ്മ ആക്രോശിക്കുന്നതുവരെ ഞാനവിടെ നിന്നു. ആ ആക്രോശം കൂവനൂറു കുറുക്കിയതുമായി വന്ന കമലോപ്പു കേട്ടിട്ടുണ്ടാവും എന്നോര്‍ത്ത് ഞാന്‍ ലജ്ജിച്ചു.
അവനെ തള്ളിമാറ്റിയിട്ടിട്ടു ചെറിയമ്മയുടെ മുലകുടിക്കാന്‍ എനിക്കൊരു ത്വരയുണ്ടായി. കുഞ്ഞിനു മുലകൊടുക്കുന്നിടത്തു വായിനോക്കി നിക്കാണ്ടെ പുറത്തു പോയി കളിക്ക് ചെക്കായെന്നു ചെറിയമ്മ ആക്രോശിക്കുന്നതുവരെ ഞാനവിടെ നിന്നു. ആ ആക്രോശം കൂവനൂറു കുറുക്കിയതുമായി വന്ന കമലോപ്പു കേട്ടിട്ടുണ്ടാവും എന്നോര്‍ത്ത് ഞാന്‍ ലജ്ജിച്ചു.
അച്ഛമ്മയുടെ വായ്നാറ്റമുള്ള കൂര്‍ക്കംവലിയുടെ കയറ്റിറക്കങ്ങല്‍ക്കിടയിലാണ് കമലോപ്പു എന്നോട് കുട്ടാ നിനക്ക് മുല കുടിക്കണോ എന്ന് ചോദിച്ചത്. ഉത്തരം പറയാതെ ഞാന്‍ കമലോപ്പുവിന്റെ മാറില്‍ പരതി. മാറിലെ ചൂടിനൊപ്പം ക്യുട്ടിക്കൂറ പൌഡറിന്റെ മണം എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു. അമ്മിഞ്ഞപ്പാലിന്റെ മാധുര്യം കൊതിച്ച ഞാന്‍ നിരാശനായി വെറുതെ മാറില്‍ പരതിക്കൊണ്ടേയിരുന്നപ്പോഴാണ് മാറിന്റെ വലതു കക്ഷത്തിനോടുള്ള വശം ചേര്‍ന്ന് മൂന്നാമതൊരു മുല ഞെട്ടു കൂടി കണ്ടു പിടിച്ചത്. മുലയെന്നു പറയാനുള്ള വലിപ്പമില്ലാത്ത അല്‍പ്പം തടിച്ച ഒരു മുല ഞെട്ടു മാത്രം.
കമലോപ്പൂ ഇതെന്താ എന്ന് ചോദിക്കും മുന്‍പേ കൈ തട്ടി മാറ്റിക്കൊണ്ട് ഒരു തേങ്ങല്‍ ..അതിനൊപ്പം ഇതെന്റെ ശാപമാണെന്ന ഒരു ഗദ്ഗദവും. കണ്ണീരൊട്ടിയ മുഖത്തോടെ കമലോപ്പു ഒരമ്മ കുഞ്ഞിനെയെന്നപോലെ എന്നെ ചേര്‍ത്ത് പിടിച്ചുറങ്ങി. അമ്മ അനിയനെ ഗര്‍ഭം ധരിച്ചതുമുതല്‍ എനിക്കു നഷ്ടപ്പെട്ട മാറിലെ ചൂടും, വാത്സല്യവും ഒരിക്കല്‍ക്കൂടി ഞാനറിഞ്ഞു.
പിറ്റേന്നു രാവിലെ തറവാടിനു പിന്നിലെ കുളക്കടവിലേക്കുള്ള വഴിയില്‍ മഹാഗണി മരത്തിനു ചുവട്ടില്‍ ഉമിക്കരികൊണ്ട് ഉളി തേക്കുന്നപോലെ പല്ലുരച്ചു തേച്ചുകൊണ്ടിരുന്നപ്പോള്‍ കമലോപ്പു കുളി കഴിഞ്ഞു വരുന്നു. വഴി നീളെ മഹാഗണി മരങ്ങള്‍ ഇല പൊഴിച്ചിട്ടിരുന്നു. ചുവന്ന തുടുത്ത ഇലകളില്‍ വീണ മഞ്ഞു തുള്ളികള്‍ സൂര്യ പ്രകാശമേറ്റു തിളങ്ങുന്നതിനിടയിലൂടെ നടന്നു വന്ന കമലോപ്പു അതീവ സുന്ദരിയാണെന്ന് തോന്നിച്ചു.
ഞാനിന്നു മടങ്ങിപ്പോകുമെന്നു മുഖമുയര്‍ത്താതെ പറഞ്ഞ കമലോപ്പുവിനോട് വേണ്ടെന്നു വെച്ചിട്ടും ഞാന്‍ ചോദിച്ചു പോയി. ആ മൂന്നാമത്തെ മുലയെപ്പറ്റി. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ, കുറ്റബോധം നിറഞ്ഞ മുഖത്തോടെ കമലോപ്പു എന്റെ കൈ പിടിച്ചുയര്‍ത്തി അവരുടെ തലയില്‍ വെച്ച് അതിനെക്കുറിച്ച് ആരോടും പറയില്ലെന്ന് സത്യം ചെയ്യിച്ചു. ആ മുഖഭാവങ്ങള്‍ അമ്മയുടേത് പോലെ തോന്നിച്ചു.
അതെന്റെ ശാപമാണ് ..അതെന്റെ അമ്മയെകൊന്നു, അച്ഛനെ കൊല്ലാക്കൊല ചെയ്യുന്നു, ഒരിക്കല്‍ അതെന്നെയും കൊല്ലും എന്ന് മന്ത്രിച്ചുകൊണ്ട് അടക്കിവെച്ചൊരു നിലവിളിപോലെ കമലോപ്പു നടന്നകന്നു. മഹാഗണിയുടെ ചുവന്ന ഇലകളില്‍ ചവിട്ടി അവര്‍ നടന്നു പോയപ്പോള്‍ ഉടുത്തിരുന്ന ഈറന്‍ തുണികളില്‍ നിന്നും വെള്ളത്തുള്ളികള്‍ വീണു രണ്ടു ചെറിയ ഇലകള്‍ അവരുടെ പാദങ്ങളില്‍ പറ്റിപ്പിടിച്ചിരുന്നു. മഞ്ഞുകാലത്തെ പ്രഭാതമായതിനാല്‍ പാദങ്ങളമര്‍ത്തി നടന്നിട്ടു പോലും കരിയിലകള്‍ ശബ്ദമുണ്ടാക്കാതെ അമര്‍ന്നു കിടന്നെതേയുള്ളൂ .
എന്റെ വലിയച്ഛന്റെ മകളായിരുന്നു കമലോപ്പു. കമലോപ്പുവിനെ പ്രസവിച്ചതോടെ കമലോപ്പുവിന്റെ അമ്മ മരിച്ചുപോയെന്നു ഞാനെപ്പോഴോ കേട്ടിരുന്നു. കുറച്ചു കാലങ്ങള്‍ക്ക് ശേഷം വലിയച്ഛന്‍ എന്തോ ദീനം വന്നു കിടപ്പിലുമായി. പിന്നെ കമലോപ്പുവിന്റെ അമ്മ വീട്ടുകാരാണ് കാര്യങ്ങളെല്ലാം നോക്കിയിരുന്നത്. എല്ലാം കമലോപ്പുവിന്റെ ജാതക ദോഷം കൊണ്ടായിരുന്നെന്നായിരുന്നു എല്ലാവരും വിശ്വസിച്ചിരുന്നത്. മൂന്നാമത്തെ മുലയാണ് എല്ലാറ്റിനും കാരണമെന്ന് കമലോപ്പു തെറ്റിദ്ധരിച്ചിരിക്കാമെന്നു എനിക്ക് പിന്നീട് തോന്നി.
കമലോപ്പുവിന്റെ പാദങ്ങളില്‍ പതിഞ്ഞ മഹാഗണിയുടെ ചുവന്ന ഇലകളില്‍ നോക്കിയിരുന്ന എനിക്കൊരു എക്കിട്ടം വന്നത് മൂലം കുറച്ചു ഉമിക്കരി തൊണ്ടയിലേക്കിറങ്ങി. കണ്ണ് മിഴിക്കയും, ശ്വാസം മുട്ടുകയും ഒടുവില്‍ ഒക്കാനിക്കയും ചെയ്തു. അന്ന് മുഴുവന്‍ മൂന്നാമത്തെ മുല എന്റെ ചിന്തകളില്‍ തൊണ്ടയില്‍പ്പെട്ട ഉമിക്കരിക്കൊപ്പം അകത്തേക്കും പുറത്തേക്കും ഉള്‍ക്കൊള്ളാനും പുറംതള്ളാനും കഴിയാതെ കുരുങ്ങിക്കിടന്നു.
പിന്നെ കമലോപ്പുവിനെ കണ്ടത് അച്ഛമ്മയുടെ സഞ്ചയനത്തിനു പരീക്ഷയുടെ തിരക്കുകള്‍ക്കിടയിലും ഞാന്‍ തറവാട്ടിലെത്തിയപ്പോഴായിരുന്നു. വല്ലാതെ തടിച്ചു പഴയ സൌന്ദര്യത്തിന്റെ തിളക്കം മങ്ങിത്തുടങ്ങിയ രൂപം. ഇക്കാലത്തിനിടക്ക് അവരുടെ വിവാഹം കഴിഞ്ഞെന്നും രണ്ടാമത്തെ ദിവസം തന്നെ പ്രത്യേകിച്ചൊരു കാരണവും പറയാതെ തന്നെ ഭര്‍ത്താവുപേക്ഷിച്ചു പോയെന്നും ഞാനറിഞ്ഞിരുന്നു. കമലോപ്പുവിന്റെ മൂന്നാമത്തെ മുല അയാളെ ഭയപ്പെടുത്തിയിരിക്കുമെന്നു ഞാനൂഹിച്ചു. കുട്ടിക്യൂറയുടെ ഗന്ധം വശീകരിക്കാതിരിക്കാന്‍ വണ്ണം അന്ധവിശ്വാസിയും , ഭീരുവുമായിരുന്നിരിക്കണം അയാള്‍.
അങ്ങനെ കരുതാന്‍ മറ്റൊരു കഥയും എനിക്ക് കിട്ടിയിരുന്നു. സോഷ്യോളജിയില്‍ എം ഫില്‍ ചെയ്യുന്നതിന്റെ ഭാഗമായി നടത്തിയ റിസേര്‍ച്ചിനിടെ ക്ലൈന്റ് ആയി കിട്ടിയ മാലിനി ദേശ്മുഖ് എന്ന ദേവദാസിയുടെ കഥ. ഇന്ത്യയിലെ ഇന്നും അനുഷ്ടിച്ചു പോരുന്ന പോരുന്ന ചില ഗോത്ര വര്‍ഗ്ഗ ആചാരങ്ങളെക്കുറിച്ചുള്ളതായിരുന്നു എന്റെ റിസേര്‍ച്ച്.
മാലിനി ഒരു ലൈവ് ഡാറ്റാ ബയിസ് ആയിരുന്നു. അനാലിസിസോ, സമ്മറയ്സേഷനോ, സിമുലേഷനോ വേണ്ടാത്ത, കൃത്യതയാര്‍ന്ന ഉത്തരങ്ങള്‍ക്കുവേണ്ടി സ്റ്റാറ്റിസ്ടിക്കലോ, മാത്തമാറ്റിക്കലോ ആയ ഒരു ടൂളുകളും ഉപയോഗിക്കേണ്ടാത്ത ഒരു ലൈവ് ഡാറ്റാ ബയിസ്. ആചാരങ്ങളും, വിശ്വാസങ്ങളും തകര്‍ത്തെറിഞ്ഞ ഒട്ടനവധി ജീവിത സ്വപ്നങ്ങളുടെ ഒരു ശേഖരം തന്നെ ആ സര്‍പ്പസുന്ദരി എന്റെ മുന്‍പില്‍ കുടഞ്ഞിട്ടു.അങ്ങനെ കരുതാന്‍ മറ്റൊരു കഥയും എനിക്ക് കിട്ടിയിരുന്നു. സോഷ്യോളജിയില്‍ എം ഫില്‍ ചെയ്യുന്നതിന്റെ ഭാഗമായി നടത്തിയ റിസേര്‍ച്ചിനിടെ ക്ലൈന്റ് ആയി കിട്ടിയ മാലിനി ദേശ്മുഖ് എന്ന ദേവദാസിയുടെ കഥ. ഇന്ത്യയിലെ ഇന്നും അനുഷ്ടിച്ചു പോരുന്ന പോരുന്ന ചില ഗോത്ര വര്‍ഗ്ഗ ആചാരങ്ങളെക്കുറിച്ചുള്ളതായിരുന്നു എന്റെ റിസേര്‍ച്ച്.
സമൂഹം പുണ്യവല്‍ക്കരിച്ച ദേവദാസിയെന്ന വേശ്യാവൃത്തിയിലേക്ക് മാലിനി ദേശ്മുഖ് എടുത്തെറിയപ്പെടാന്‍ കാരണം അവള്‍ക്കുള്ള മൂന്നു മുലകളായിരുന്നു. അതെന്തോ ശാപം മൂലമുണ്ടായതാണെന്നു കുടുംബത്തിലെല്ലാവരും വിശ്വസിച്ചു. അവളെ ശൈശവ വിവാഹം കഴിച്ചയാള്‍ ആദ്യ രാത്രിയില്‍ അവളുടെ മൂന്നാമത്തെ മുല കണ്ടു അവളേതോ ദുര്‍ദേവതയുടെ അവതാരമാണെന്ന് ഭയന്നു ഉപേക്ഷിച്ചു പോയി. പിന്നീടവള്‍ കുമാരിയാകും മുന്‍പേ തന്നെ ക്ഷേത്രത്തിലേക്ക് സമര്‍പ്പിക്കപ്പെട്ടു.
മൂന്നു മുലകളുള്ളവളുമായി ബന്ധപ്പെട്ടാല്‍ അകാല മരണം സംഭവിക്കുമെന്നൊരു വിശ്വാസമുണ്ടെന്നു അവളില്‍ നിന്നാണ് അറിയുന്നത്. പക്ഷെ ആ അന്ധവിശ്വാസം ഭംഗിയായി മാര്‍ക്കറ്റ് ചെയ്യാന്‍ അവള്‍ക്കായി. തങ്ങളുടെ ശത്രുക്കളെ വശീകരിച്ചു അകാലമരണത്തിലൂടെ ഇല്ലാതാക്കാന്‍ സഹായം തേടിയെത്തിയവരും , അവളോടോപ്പമുള്ള വേഴ്ച ഒരു വെല്ലുവിളിയായിട്ടെടുത്തുവന്നവരും , കൌതുകക്കാഴ്ച കാണാനെത്തിയവരും തുടങ്ങി ധാരാളം ഇടപാടുകാരെ സമ്പാദിക്കാന്‍ മൂന്നു മുലകളാണ് തന്നെ സഹായിച്ചതെന്നു ഒരു കുസൃതിച്ചിരിയോടെ മാലിനി പറഞ്ഞപ്പോള്‍ എനിക്കും ചിരിയടക്കാനായില്ല
എന്റെ വിവാഹത്തിനു ക്ഷണിക്കാനാണ് പിന്നീട് ഞാന്‍ അച്ഛന്റെ തറവാട്ടിലെത്തിയത്. തറവാട് ഭാഗം വെയ്പ്പ് കഴിഞ്ഞു ബോംബെ വിട്ടു നാട്ടില്‍ സ്ഥിരതാമസമാക്കിയ ചെറിയച്ഛനു കിട്ടിയിരുന്നു. പത്രാസുകാരായ മക്കള്‍ ബോംബെ വിട്ടു പോരാന്‍ മടിച്ചു. അതുകൊണ്ടാവാം ചെറിയച്ഛനും, ചെറിയമ്മക്കും വല്ലാത്ത സ്നേഹം. ആ സ്നേഹവായ്പ് രണ്ടു ദിവസം അവിടെ തങ്ങാനെന്നെ നിര്‍ബന്ധിതനാക്കി.
ചെറിയമ്മ പറഞ്ഞാണറിഞ്ഞത് കമലോപ്പുവിനു ഇടയ്ക്കു ഗന്ധര്‍വ്വ ബാധയുണ്ടാകുന്നെന്നു. കഥകളിലൂടെയും , സിനിമയിലൂടെയും മാത്രം കേട്ടും കണ്ടും പരിചയിച്ചിട്ടുള്ള ഗന്ധര്‍വ്വന്‍ ഞങ്ങളുടെ കുടുംബത്തിലും എത്തിയതോര്‍ത്തു എനിക്ക് ചിരി പൊട്ടി. ഗന്ധര്‍വ്വനു പ്രണയം തോന്നാന്‍ തക്ക സുന്ദരികളും നമ്മുടെ കുടുംബത്തിലുണ്ടല്ലേ..ചുമ്മാ ഓരോ ഹാലൂസിനേഷന്‍സ് എന്ന എന്റെ അഭിപ്രായത്തിനു മറുപടിയൊന്നും പറയാതെ ചെറിയമ്മ ധൃതിയില്‍ കറിക്കരിഞ്ഞു കൊണ്ടിരുന്നു.
ചെറിയച്ഛന്റെ ബാല്യകാല സുഹൃത്തും അയല്‍പക്കക്കാരനുമായ പട്ടാളക്കാരന്‍ ജോസപ്പേട്ടനും നാട്ടില്‍ സ്ഥിരതമാസമാക്കിയിരുന്നു. അവിവാഹിതനായിരുന്നു ആരോഗ്യ ദൃഡഗാത്രനായ ജോസപ്പേട്ടന്‍. പട്ടാളക്കഥകള്‍ പറഞ്ഞു ആളുകളെ ബോറടിപ്പിക്കാത്ത ഒരു കമ്യൂണിസ്ടു സഹയാത്രികന്‍. രാത്രിയില്‍ കുളപ്പടവിലിരുന്നു ജോസപ്പേട്ടന്റെ പൈനാപ്പിള്‍ വാഷിട്ടു വാറ്റിയെടുത്ത ചാരായം ചെറുതേന്‍ കൂട്ടിയടിച്ചപ്പോളുള്ള എരിച്ചില്‍ നെഞ്ചു പുകച്ച് , അമാശയമെരിച്ച് എന്റെ പ്രശംസയെ ആലങ്കാരീകമാക്കി. അടുത്തിരിക്കുന്നത് ചെറിയച്ഛനാണെന്ന സങ്കോചത്തെപ്പോലും വിസ്മരിപ്പിച്ചുകൊണ്ട്.
ജോസെപ്പേട്ടാ..ചാരായങ്ങള്‍ സുന്ദരികളെങ്കില്‍ ജോസെപ്പേട്ടന്റെ പൈനാപ്പിള്‍ വാറ്റൊരു ക്ലിയോപാട്രയാണ് ..സാമ്രാജ്യങ്ങളെ മദിപ്പിച്ച, മത്തു പിടിപ്പിച്ചു തന്റെ കാല്‍ക്കീഴിലാക്കിയ, ക്ലിയോപാട്ര..യെന്നു എന്റെ മദ്യലഹരി തുളുമ്പിയപ്പോള്‍ പൈനാപ്പിള്‍ വാറ്റൊന്നുകൂടെ ഒഴിച്ചു തന്നു ജോസപ്പേട്ടന്‍ പറഞ്ഞു ..
നിനക്കറിയുമോ സ്ട്രോബറി പഴച്ചാറില്‍ കുളിച്ചു രസിച്ച ആ വിശ്വസുന്ദരിക്ക് മൂന്നു മുലകളുണ്ടായിരുന്നെന്നു...
മൂന്നു മുലകളോ... ജോസപ്പിനു പറ്റായെന്നു ചെറിയച്ഛന്‍ അട്ടഹസിച്ചപ്പോള്‍ എനിക്ക് ക്യുട്ടിക്കൂറ മണത്തു ..ജോസപ്പേട്ടന്റെ നെഞ്ചില്‍ സ്വര്‍ണ്ണക്കുരിശിനോടൊപ്പം സ്വര്‍ണ്ണം കെട്ടിയ വയലറ്റ് കല്ല് പതിച്ച ഒരു പുലിനഖം ഇളകിയാടി.
കുളക്കടവിലെ നിലാവില്‍ ആ വയലറ്റ് കല്ലിന്റെ തിളക്കം മനോഹരമായി തോന്നി. ആസ്സാമിലെ വിപ്ലവ സംഘടനയുടെ നേതാവായിരുന്ന ദശരത് ചന്ദന്‍ സമ്മാനിച്ചതാണതെന്നു ജോസപ്പേട്ടന്‍ എന്റെ നോട്ടത്തിനുത്തരമായി പറഞ്ഞു. കീഴടങ്ങാന്‍ അര്‍ദ്ധമനസ്സ് കാണിച്ച ചന്ദനും കുടുംബവും അന്ന് രാത്രിയില്‍ ജോസപ്പേട്ടനറിയാതെ പോയൊരു ഒരു വ്യാജ ഏറ്റുമുട്ടലിലൂടെ അതിദാരുണമായി കൊല്ലപ്പെടുകയും ചെയ്തു എന്ന് കേട്ടപ്പോള്‍ വയലറ്റ് കല്ലിന്റെ തിളക്കത്തിനോപ്പം ചതിയും, ചോരയും മണത്തു.
ചന്ദന്‍ ഒരു ധീരനായിരുന്നെന്നും ജോസപ്പേട്ടന് എന്നെങ്കിലും കുട്ടികളുണ്ടായാല്‍ ചന്ദന്റെ മക്കളുടെ പേരായ ഫിസോ എന്നും സുമി എന്നും പേരിടുമെന്നും ജോസപ്പേട്ടന്‍ പറഞ്ഞപ്പോള്‍ ആ സൌഹൃദ ദാര്‍ഡ്യം കണ്ടു ഞാനമ്പരന്നു സന്തോഷിച്ചു.
മടങ്ങിപ്പോവും മുന്‍പേ കമലോപ്പുവിനെ ഒന്ന് കാണണമെന്നു തോന്നി. അവരുടെ വീട്ടിലേക്കുള്ള വഴിയില്‍ മഹാഗണിയുടെ തളിരിലകളാണ് ഇപ്പോള്‍ നീളെ പൊഴിഞ്ഞു കിടക്കുന്നത്. കമലോപ്പുവിന്റെ അമ്മാവനും, അമ്മായിയും മാത്രമേ അവിടെ താമസമുള്ളൂ... രണ്ടിനും നന്നേ പ്രായമായിരിക്കുന്നു.എന്റെ സമപ്രായക്കാരനായ അജയനുള്‍പ്പെടെ അവരുടെ മൂന്നു മക്കളും വിദേശങ്ങളില്‍ .
ചായക്കൊപ്പം അമ്മായി പഴംപുരാണങ്ങളും വിളമ്പി. ഇന്നലേം ബാധയുണ്ടായി. കരച്ചിലും പതം പറച്ചിലുമൊക്കെ പതിവാ. ഈയിടെയായി എന്ത് ശബ്ദം കേട്ടാലും ആരും ശ്രദ്ധിക്കാറില്ല. ഇനി വൈകിയേ ഉറക്കമുണരൂ. കുറച്ചു കഴിഞ്ഞാല്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ ഉറങ്ങിയെഴുന്നേറ്റു വരും. ഇടയ്ക്കു രാത്രിയില്‍ ഇങ്ങനെ ഒരു ബാധ ഉണ്ടാകുമെന്നതൊഴിച്ചാല്‍ ഓള്‍ക്ക് യാതൊരു. കുഴപ്പോല്യാ…. സുന്ദര ഗന്ധര്‍വനാണെന്നാ പ്രശ്നം വെച്ചപ്പോളറിഞ്ഞത്. പണ്ടിവിടെ ഒരു സുന്ദര ഗന്ധര്‍വന്റെ പ്രതിഷ്ഠണ്ടാരുന്നു ..കമ്യൂണിസം തലയ്ക്കു പടിച്ചപ്പോള്‍ നിന്റെച്ഛനാ എടുത്തു പൊട്ടക്കിണട്ടിലെറിഞ്ഞത്. എന്നിട്ടിപ്പോ അതിന്റെ ദുരിതം അനുഭവിക്കണതു ഞങ്ങളും.
വന്‍ മരങ്ങളും, വള്ളിക്കാടുകളും തിങ്ങി നിറഞ്ഞ, നീണ്ടുകൂര്‍ത്ത ചിതല്‍പ്പുറ്റുകളാല്‍ ഭയം ജനിപ്പിച്ചിരുന്ന, സര്‍പ്പക്കാടിന്റെ ശീതളിമയില്‍ നിന്നും കുടിയിറക്കപ്പെട്ട് പറമ്പിന്റെ ഉപേക്ഷിക്കപ്പെട്ടൊരു കോണില്‍, സിമന്റു തറയില്‍ പൊരിവെയില്‍ കൊണ്ടുരുകുന്ന നാഗരാജാവും, നാഗരാജ്ഞിയും ഭക്തനായ വല്യമ്മാവന്റെ റബ്ബര്‍ കൃഷിയുടെ അവശിഷ്ടങ്ങളായി മാറേണ്ടി വന്നിട്ടും ദുരിതങ്ങളൊന്നും ഉണ്ടാക്കുന്നില്ലായെന്നു മുറ്റത്തുണക്കാനിട്ടിരിക്കുന്ന അസംഖ്യം റബ്ബര്‍ ഷീറ്റുകള്‍ എനിക്കുത്തരം തന്നു.
കമലോപ്പുവിന്റെ പേരിലുള്ള ഭാരിച്ച ഭൂസ്വത്തുക്കള്‍ അനന്തരാവകാശികള്‍ ഇല്ലാതെയായാല്‍ വന്നു ചേരുന്നത് അമ്മാവന്റെ മക്കളിലേക്കാണെന്നത് ഈ സുന്ദര ഗന്ധര്‍വന്റെ കഥക്ക് പിന്നിലുണ്ടോ എന്നൊരു സംശയം എന്നിലുണ്ടാക്കാതെയിരുന്നില്ല. ചെറിയമ്മയുടെ മൌനത്തിനു പിന്നിലും അതായിരിക്കുമെന്നു ഞാന്‍ വെറുതെ സന്ദേഹിച്ചു.
മുറിയില്‍ മയങ്ങിക്കിടക്കുന്ന കമലോപ്പു. ക്യുട്ടിക്കൂറ പൌഡര്‍ മണം എന്റെ കണ്ണുകളെ ദൃഡത നഷ്ടപ്പെട്ട മാറിടത്തിലേക്കും വലതു കക്ഷത്തിനടുത്തുള്ള മൂന്നാമത്തെ മുലയിലേക്കും നയിച്ചു. എനിക്ക് മാത്രം വായിച്ചെടുക്കാവുന്ന ചിലപ്പോള്‍ സുന്ദര ഗന്ധര്‍വനും അറിയാവുന്ന ആ മുലഞെട്ടുള്ള തടിപ്പ് നോക്കിയിരിക്കെ തലയിണയോട് ചേര്‍ന്ന് എന്നെ ഞെട്ടിച്ചു കൊണ്ട് ഒരു പുലിനഖം. സ്വര്‍ണ്ണം കെട്ടിയ വയലറ്റ് കല്ലുവെച്ച പുലിനഖം. സുന്ദര ഗന്ധര്‍വന്റെ പുലി നഖം. അല്ല ദശരഥ് ചന്ദന്റെ പുലി നഖം .. പട്ടാളക്കാരന്‍ ജോസപ്പേട്ടന്റെ പുലി നഖം.
ഒരു കൌതുകത്തിനു ഞാനതെടുത്ത് പോക്കറ്റിലിട്ടു. ആ മയക്കത്തില്‍ കമലോപ്പുവിനു ഒരു നവവധുവിന്റെ ഭാവങ്ങളുണ്ടെന്നു എനിക്കു തോന്നിപ്പോയി. അവരുടെ ചാരുത വര്‍ദ്ധിച്ചതായി കവിളിലെ അരുണിമ വെളിവാക്കി.
ചിലപ്പോള്‍ വല്ലാതെ ഉത്തേജിതയായി സ്വപ്നലോകത്തിലെന്നവണ്ണം ചിരിക്കയും, പാടുകയും മറ്റു ചിലപ്പോള്‍ കഠിനമായ വിഷാദത്തില്‍പ്പെട്ടു പൊട്ടിക്കരയുകയും, ആളുകളില്‍ നിന്നും ഒറ്റപ്പെട്ടു ഭയന്നിട്ടെന്നപോലെ ഒളിച്ചു കഴിയുകയും ചെയ്യുന്ന ഉന്മാദിനിയായ കമലോപ്പു.
ആ അവധിക്കാലം മാത്രമല്ല എന്റെ ജീവിതത്തിലുടനീളം എന്നെ അസ്വസ്ഥമാക്കാന്‍ പോന്ന കമലോപ്പുവിന്റെ ചിത്തഭ്രമം ജോസപ്പേട്ടന്റെ മരണം കൊണ്ടുണ്ടായതാണെന്ന് മനസ്സിലാക്കാന്‍ എനിക്കേറെ ആലോചിക്കേണ്ടി വന്നില്ല. അതും വിഷം തീണ്ടിയുള്ള ദാരുണമായ മരണം. ഒരു പക്ഷെ എനിക്ക് മാത്രം മനസ്സിലാക്കാന്‍ കഴിഞ്ഞ കാരണം
കമലോപ്പുവിനെ കാണാന്‍ ചെല്ലുമ്പോള്‍ ഉണങ്ങി മെലിഞ്ഞു അസ്ഥികൂടം പോലുള്ളൊരു രൂപം മഹാഗണിച്ചുവട്ടില്‍ തളര്‍ന്നിരിക്കയായിരുന്നു. മഹാഗണി മരങ്ങളുടെ നീണ്ടുരുണ്ട കായകള്‍ പൊട്ടി വിത്തുകള്‍ കാറ്റില്‍ പറന്നു കിടന്നു. തണുത്തിട്ടെന്നപോലെ ഒരു നീല കിടക്കവിരി പുതച്ചു ചാരുകസേരയില്‍ കിടന്നതുകൊണ്ട് മാറിനോടു ചേര്‍ന്നുപോയ മൂന്നു മഹാഗണി വിത്തുകള്‍ എന്റെ സങ്കല്‍പ്പങ്ങള്‍ക്കും അതീതമായിരിക്കുമെന്നു തോന്നിച്ചു. നിഗൂഡത ചൂഴ്ന്നുനില്‍ക്കുന്നൊരു കുലീനസൌന്ദര്യം ഇപ്പോഴുമാ മുഖത്തുണ്ടെന്നത് എന്നെ വല്ലാതെ അതിശയിപ്പിച്ചു
എനിക്കു ജോസപ്പേട്ടനോട് ദേഷ്യം തോന്നി. ധീരനായിരുന്ന, പട്ടാളക്കഥകള്‍ പറഞ്ഞു ബോറടിപ്പിക്കാത്ത, കമ്മ്യൂണിസ്റ്റുകാരനായ ജോസപ്പേട്ടന്‍ അല്‍പ്പം ധൈര്യം കാട്ടിയിരുന്നെങ്കില്‍ , അതോ മൂന്നു മുലകള്‍ നല്‍കിയ അപകര്‍ഷതാ ബോധത്തില്‍ നിന്നുളവായ കമലോപ്പുവിന്റെ അധൈര്യമാണോ ഫിസോയ്ക്കും , സുമിക്കും ജന്മം നല്‍കാതെ ഈ മഹാഗണിച്ചുവട്ടില്‍ ഇങ്ങനെയൊരു ചിതല്‍ പുറ്റുപോലെ .
എല്ലാമറിയുന്ന ഒരേ ഒരാളെന്ന നിലയില്‍ എനിക്കും ചിലതൊക്കെ ചെയ്യാമായിരുന്നു എന്നൊരു കുറ്റബോധം എന്നെ പിടികൂടി ..ക്യുട്ടിക്കൂറ മണത്തിന്റെ ഒരു പാപബോധം എന്നെ എല്ലായ്പ്പോഴും കമലോപ്പുവില്‍ നിന്നും അകറ്റി നിറുത്തിയിരുന്നെന്നു ഞാനോര്‍ത്തു .
മഹാഗണി മരങ്ങളുടെ കായ്കള്‍ ഇളം ചൂടില്‍ പൊട്ടി വിത്തുകള്‍ പാറിപ്പറന്നു പൊഴിഞ്ഞു കൊണ്ടേയിരുന്നു...അപ്പോഴും.
ചിത്തഭ്രമത്തിനിടക്കുള്ള ധ്യാനാത്മകമായ ഒരു ശാന്തതയിലായിരുന്നു കമലോപ്പു. മിഴികളിലെ തിളക്കവും വരണ്ട ചിരിയും എന്നെ തിരിച്ചറിഞ്ഞതായി തോന്നിപ്പിച്ചു.മെല്ലെ അടുത്ത് ചെന്ന് ഉമിക്കരി തൊണ്ടയില്‍ കുടുങ്ങിയ അസ്വസ്ഥതയോടെ ക്യുട്ടിക്കൂറ മണക്കാത്ത കൈ പിടിച്ചു ആ പുലിനഖം വെച്ചു കൊടുത്തപ്പോള്‍ ഞാനാ മുഖത്ത് പ്രതീക്ഷിച്ച തിളക്കവും സായൂജ്യവും ഒന്നുമുണ്ടായില്ല. അത്തരം തിരിച്ചറിവുകളുടെ ലോകത്ത് നിന്നും അവര്‍ യാത്രയായിട്ട് കാലമേറെയായിരുന്നു.
തിരിച്ചും മറിച്ചും നോക്കിയിട്ട് ശിശു സഹജമായൊരു നിഷ്കളങ്കതയോടെ അവരതെനിക്ക് തിരിച്ചു തന്നു. സ്വബോധത്തിന്റെ നേര്‍ത്തൊരു പ്രകാശമെങ്കിലും എന്നെങ്കിലുമൊരുദിനം കമലോപ്പുവിന്റെ സ്മൃതികളെ സജീവമാക്കുമെന്നും , ആ നിമിഷങ്ങളില്‍ അമൂല്യമായൊരു നിധി പോലെ അവരതിനെ സ്വീകരിച്ചു സൂക്ഷിക്കുമെന്നും പ്രതീക്ഷിച്ചു കൊണ്ട് ഞാനതു ചെറിയച്ഛനെ ഏല്‍പ്പിച്ചു.
കുറെയേറെ ചോദ്യങ്ങള്‍ ചെറിയച്ഛന്റെ മുഖത്ത് മിന്നിമാഞ്ഞു, എന്റെ വിശദീകരണങ്ങള്‍ ഇല്ലാതെ തന്നെ അവക്കുള്ള ഉത്തരങ്ങളും.
