http://www.cyberjalakam.com

ജാലകം

Wednesday, June 29, 2011

ധ്രുവങ്ങളിലെ ശീതോഷ്ണങ്ങള്‍...സമദിനെ കണ്ട അതേ ആഴ്ച തന്നെയാണ് ജാനിയെയും കണ്ടത് . രണ്ടും അവിചാരിതമായ കണ്ടുമുട്ടലുകള്‍ . വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം.

ജാനിക്കൊപ്പം രണ്ടു ചെറിയ ആണ്‍ കുട്ടികള്‍ . അതില്‍ ആര്‍ക്കെങ്കിലും സമദിന്റെ മുഖശ്ചായ ഉണ്ടോ എന്ന് ഞാന്‍ തിരഞ്ഞത് ജാനി ശ്രദ്ധിച്ചിരിക്കണം.

പക്ഷെ മറുപടിയോ വിശദീകരണമോ ഒന്നും ഉണ്ടായില്ല. പണ്ടും അവള്‍ അങ്ങനെയാണ് കുറെയേറെ ചോദ്യങ്ങള്‍ നമ്മില്‍ അവശേഷിപ്പിക്കും. ചോദ്യങ്ങളും ഉത്തരങ്ങളും നമ്മള്‍ തന്നെ കണ്ടെത്തണം.

എന്റെ ചോദ്യങ്ങള്‍ അവള്‍ സമദിനെ വിവാഹം കഴിച്ചോ, അതോ അവരുടെ പ്രണയം തകര്‍ന്നോ, അവള്‍ മതം മാറിയോ, അവരൊന്നിച്ച് യാത്ര ചെയ്തോ, അവളുടെ ഭ്രാന്തമായ പ്രണയ സങ്കല്പങ്ങള്‍ ഇപ്പോഴും ഉണ്ടോ, ഇപ്പോഴും അവളുടെ പ്രണയതിരയില്‍ അരെങ്കിലുമൊക്കെ പൊങ്ങുതടികളായ് ചാഞ്ചാടുന്നുണ്ടോഅതില്‍ ഈയുള്ളവും പെടുന്നുണ്ടോ, ഫെമിനിസത്തിന്റെ അടയാളങ്ങള്‍ ഇപ്പോഴും പേറുന്നുണ്ടോ എന്നൊന്നും അല്ലായിരുന്നു.

പിന്നെ എന്തായിരുന്നു അറിയേണ്ടത് എന്ന് ചോദിച്ചാല്‍ ..അതും ഞാന്‍ തന്നെ ആലോചിചെടുക്കേണ്ട ഒരു ചോദ്യമാണ് .

" അമന്‍ , റൊസാരിയോ....ദാ.......ഈ അങ്കിളിനു ഒരു ഹൈ പറയൂ "  ജാനിയുടെ നിര്‍ദ്ദേശം കേട്ടിട്ട് രണ്ടു ചുണക്കുട്ടികളും എന്റെ കൈ പിടിച്ചു കുലുക്കി

"ഹൈ ഹൌ ആര്‍ യു അങ്കിള്‍ " എന്ന് ചോദിച്ചു.

അമന്‍ ഒരു ഹിന്ദി പേരല്ലേ ..റൊസാരിയോ ആന്ഗ്ളോ ഇന്ത്യന്‍ പേരല്ലേ ..അപ്പോള്‍ ഈ കുട്ടികള്‍ ..അമ്മ ഇവള്‍ തന്നെയോ .. അപ്പോള്‍ അച്ഛന്‍ അല്ലെങ്കില്‍ അച്ഛന്‍മാര്‍ ?

"സുഖം തന്നെയല്ലേ ?" എന്നൊരു ചോദ്യം ..അതെ എന്ന് എന്റെ ഉത്തരവും .

പക്ഷെ അടുത്ത ചോദ്യം എന്നെ ഞെട്ടിച്ചു കളഞ്ഞു .

"സുമിതയും മക്കളും സുഖമായിട്ടിരിക്കുന്നല്ലോ അല്ലെ ?"  ഇവളെങ്ങിനെ എന്റെ കുടുംബത്തെക്കുറിച്ചു..ഭാര്യയുടെ പേരു വരെ അറിഞ്ഞിരിക്കുന്നു ?..

ചോദിച്ചിട്ട് കാര്യമില്ല ..അവള്‍ പറയാന്‍ ഉദ്ദേശിക്കുന്നത് മാത്രമേ അവള്‍ പറയൂ ...അതിനു ചോദ്യങ്ങളുടെ ആവശ്യവുമില്ല ..

സുഖമായിട്ടിരിക്കുന്നു ..ജാനിക്ക് സുഖം തന്നെയല്ലേ ?..

"അതെ പരമസുഖം"  എന്ന്  പറഞ്ഞു കൊണ്ട്  അവള്‍ ആ രണ്ടു കുട്ടികളെയും തന്നോട് ചേര്‍ത്ത് പിടിച്ചു . പിന്നെ പുഞ്ചിരി യാത്രമൊഴിയാക്കി കൈ വീശി നടന്നകന്നു .

കുറെയേറെ ചോദ്യങ്ങളും ബാക്കി വെച്ച് കൊണ്ട് ..കുറെയേറെ ഉത്തരങ്ങള്‍ കണ്ടെത്താന്‍ എന്നെ ഏല്‍പ്പിച്ചു കൊണ്ട് .


ജാനിയെ ഞാന്‍ അറിയുന്നത് സമദിന് അവള്‍ അയച്ച ഒരു കത്തില്‍ നിന്നാണ്. വിചിത്രമായ കത്ത്. സമദിന്റെ ബിരുദ കാലത്തെ സഹപാഠിയായിരുന്നു ജാനി. അവരുടെ പ്രണയം വളരെയേറെ ഒളിച്ചു വെച്ച ഒന്നും. ഞാന്‍ മാത്രം സാക്ഷി . പിന്നീടതിന് ഞാന്‍ തന്നെ ചിതയൊരുക്കിയോ ?

"നീ കഥയെഴുതുന്നവനല്ലേ ..ഈ കത്തൊന്നു വായിച്ചോളൂ ആരുടെതാണെന്നൊക്കെ പിന്നീട് പറയാം. ഇതിനെപറ്റി ചോദ്യങ്ങള്‍ ഒന്നും പാടില്ല എന്ന നിബന്ധനയില്‍ തരുന്നു"


ആ കത്ത് ..അതോ കാവ്യമോ ..വിചിത്രമായിരുന്നു ..അതിലൂടെ ഞാന്‍ ജാനിയെ അറിഞ്ഞു ..പക്ഷെ കുറച്ചു മാത്രം ..അതിങ്ങനെ ..

നമുക്ക് രണ്ടു പേര്‍ക്കും തനിച്ചു യാത്ര പോകണം ..
ദൂരേക്ക്‌ ..
നമ്മള്‍ അറിയാത്ത ..
നമ്മളെ അറിയാത്ത ഇടങ്ങളിലേക്ക് ..
മരുഭൂമികളിലേക്ക് ...സമതലങ്ങളിലേക്ക് ,
താഴ്വാരങ്ങളിലേക്കു , കൊടുംകാടുകളിലേക്ക് ..
മഞ്ഞു മലകളിലേക്ക് ..

മരുഭൂമികളില്‍ നമ്മള്‍ വെയില്‍ കൊണ്ടലഞ്ഞു, പരവശതയാര്‍ന്നു മരുപ്പച്ച തേടി നടക്കും. ദാഹം വരണ്ടുണക്കി മരണത്തോളമെത്തുമ്പോളൊരു മരുപ്പച്ച കണ്ടേക്കാം .. പൈദാഹങ്ങള്‍ തീര്‍ത്തു മെയ് തളരുമ്പോള്‍ ഞാന്‍ നിന്നിലൊരു മരുപ്പൂവായ് പൂത്തുലയും.


വനാന്തരങ്ങളില്‍ നമുക്ക് ആദിമവാസികളെപ്പോലെ നഗ്നരായ് നടക്കണം. നഗ്നരായ് തന്നെ കാട്ടു പഴങ്ങള്‍ കഴിക്കയും , കാട്ടു തേന്‍ കുടിക്കയും , മൃഗങ്ങളെപ്പോലെ ഭോഗിക്കയും ചെയ്യണം. അപ്പോള്‍ നിനക്ക് ഞാനെന്റെ വന്യമായ രതി മര്‍മ്മരങ്ങള്‍ കേള്‍പ്പിച്ചു തരും.


താഴ്വാരങ്ങളില്‍ മോഹാലസ്യപ്പെടുതുന്ന തീഷ്ണ ഗന്ധം പരത്തുന്ന പൂക്കള്‍ക്കിടയില്‍ നാം പരസ്പരം പെയ്തിറങ്ങാന്‍ ശ്രമിക്കെ നിന്റെ പരാഗരേണുക്കളേല്‍ക്കുമ്പോള്‍ ഞാന്‍ നിനക്കൊരു അവാച്യമായ രതിമൂര്‍ശ്ച്ച സമ്മാനിക്കും.


പ്രഭാതങ്ങളില്‍ കാട്ടരുവിക്കരയില്‍ നാം നഗ്നരായ് അഭിമുഖമിരുന്നു പ്രകൃതിയുടെ വിളിക്കുത്തരം നല്‍കും. അപ്പോള്‍ നമുക്കിടയില്‍ 
ഒളിക്കാനും മറക്കാനും ഒന്നുമില്ലാത്ത വിധം ലജ്ജയുടെ, 
അപരിചിതത്വത്തിന്റെ അവസാന  അതിര്‍ വരമ്പും മായ്ക്കപ്പെടും.

ഗോത്ര കാലം തൊട്ടു ഇന്നേ വരെ മാറ്റം വന്നിട്ടില്ലാത്ത ആ പ്രാകൃത ശബ്ദങ്ങള്‍ പുറപ്പെടുവിക്കും. അന്ന് തൊട്ടിന്നോളം മനുഷ്യന്‍ ഏകാന്തത നുണയുന്നത് ഈയൊരു കാര്യത്തിലാണല്ലോ.


ആ പ്രാകൃത ശബ്ദങ്ങള്‍ നമ്മെ ആടുകള്‍ക്കും, ഒട്ടകങ്ങള്‍ക്കും, പശുക്കള്‍ക്കും ഇടയിലേക്ക് നയിക്കും . ഒരു പക്ഷെ അവിടെ മുന്തിരിവള്ളികളും, നീര്‍മാതള തോപ്പുകളും കണ്ടില്ലെന്നു വന്നേക്കാം. എങ്കില്‍പ്പോലും അവിടെ വെച്ച് ഞാന്‍ നിനക്കെന്റെ പ്രണയത്തിന്റെ ഉത്തമ ഗീതങ്ങള്‍ ഉരുവിട്ടു തരും.


നാം രാവുകളില്‍ വെറും നിലത്തു മണ്ണിലുറങ്ങും. നിലാവ് പൊഴിയുമ്പോള്‍ നമ്മുടെ നഗ്നതകള്‍ വെട്ടിതിളങ്ങും. അത് കണ്ടു മിന്നാമിനുങ്ങുകള്‍ ലജ്ജിക്കുമ്പോള്‍ നീയെന്നില്‍ നിന്നെ വിതക്കണം. നമ്മുടെ ജീവ കോശങ്ങള്‍ ഒന്നാകുമ്പോള്‍ ഞാനൊരു യാത്രാമൊഴി ഉരുക്കഴിക്കും.


ഇനിയൊരിക്കലും കാണാതിരിക്കാനായി എന്നന്നേക്കുമൊരു വേര്‍പാട് ... കലഹങ്ങളില്ലാത്ത, പരിഭവങ്ങളും, കുറ്റപ്പെടുത്തലുകളും, ആകുലതകളും , ആരോപണങ്ങളും ഇല്ലാത്ത ഒരു ഹ്രസ്വകാല ജീവിതത്തിന്റെ ഓര്‍മ്മ മാത്രം അവശേഷിപ്പിച്ചുകൊണ്ടൊരു യാത്രാമൊഴി. ആ യാത്രയുടെ ഓര്‍മ്മ മാത്രം മതി പിന്നീടെന്റെ ജീവിതത്തിന്.


അഭിസംബോധനകളില്ല,പര്യവസാനിപ്പിക്കലുമില്ല ..ആരെഴുതി ..ആര്‍ക്കെഴുതി എന്നുള്ള തെളിവുകള്‍ അവശേഷിപ്പിക്കാത്ത കത്ത് ..


സമദ് എന്റെ ഹോസ്റല്‍ സഹവാസി ...കോട്ടയത്ത്‌ ബേക്കര്‍ ജന്ഗ്ഷനടുത്തുള്ള ഹോസ്റലില്‍ അടുത്തടുത്തുള്ള മുറികളാണെങ്കില്‍ കൂടി വളരെ കുറഞ്ഞ കണ്ടു മുട്ടലുകള്‍ ..എങ്കില്‍ തന്നെയും ഹൃദ്യമായൊരു സൌഹൃദം ..


ഞാന്‍ കുറച്ചു വൈകി തുടങ്ങിയ പോസ്റ്റ്‌ ഗ്രാജുവേഷന്‍ വിദ്യാര്‍ഥി. സമദും , ജാനിയും അന്ന് ഐ ടി പ്രോഫെഷനുകള്‍ ..രണ്ടു പേരും രണ്ടു  നഗരങ്ങളില്‍ . മൊബൈല്‍ ഫോണ്‍ വ്യാപകമായി തുടങ്ങിയിട്ടില്ല.

സമദിനും ജാനിക്കുമിടയിലേക്ക് ഞാന്‍ എത്തിയതിനു ശേഷം ..അവര്‍ക്കിടയില്‍ കുറെയേറെ മാറ്റങ്ങള്‍.. ഇടതു പക്ഷ ചിന്താഗതിക്കാരനായിരുന്ന സമദ് മതയാഥാസ്ഥികതയിലേക്ക് , സാഹിത്യാഭിരുചിയും, സ്വതന്ത്ര ചിന്താഗതിയും ജാനിയെ ഫെമിനിസത്തിലേക്ക് . ഒന്നിച്ചു പോവാനുള്ള സാധ്യതകള്‍  തീരെ കുറഞ്ഞു വന്നു കൊണ്ടേയിരുന്നു ..

ഇഷ്ടാനിഷങ്ങള്‍ക്കും, കാഴ്ചപ്പാടുകള്‍ക്കും ഉള്ള സമാനത ജാനിക്കും എനിക്കുമിടയില്‍ ഒരു സൌഹൃദം വളര്‍ത്തി..അവര്‍ക്കിടയിലുണ്ടായ അസ്വാരസ്യങ്ങളില്‍ ആശ്വസിക്കാന്‍ എന്നോണം ജാനി അത് ഞാനറിയാതെ മനപൂര്‍വ്വം വളര്‍ത്തി.... പിന്നീടൊരിക്കല്‍ എല്ലാം ശരിയാക്കാനോ അതോ അവസാനിപ്പിക്കാനോവേണ്ടി സമദ് ജാനിയുടെ അതേ നഗരത്തിലേക്ക് മാറ്റം വാങ്ങിപ്പോയി..

ഇടക്കെപ്പോഴോ അവള്‍ വിവാഹത്തിന് രണ്ടു നിബന്ധനകള്‍ വെച്ചതായി സമദ് പറഞ്ഞിരുന്നു . മതം മാറുകയില്ലെന്നും , സ്വര്‍ണ്ണം ധരിക്കുകയില്ലെന്നും . സ്വന്തം മതത്തിന്റെ യാതൊരു ആചാര അനുഷ്ടാങ്ങളും  പാലിക്കാത്തവളായിരുന്നു ജാനി.    ഒരു മതത്തിന്റെയും വൃത്തത്തിനുള്ളില്‍ കിടക്കാന്‍ അവള്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല .. ഒരു പക്ഷെ സ്നേഹത്തിലും പ്രണയത്തിലും എല്ലാം ഇത്തരം വൃത്ത പരിധികളെ അവള്‍ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നിരിക്കണം.

പിന്നീട് ബന്ധങ്ങളറ്റു പോയി ..അതോ മനപൂര്‍വ്വം മുറിച്ചു കളഞ്ഞതോ ..? ചോദ്യങ്ങളേയുള്ളൂ ..ഉത്തരങ്ങളില്ല ..


വര്‍ഷങ്ങള്‍ക്കു ശേഷം സമദിനെ അതേ കോട്ടയത്ത്‌ വെച്ച് തന്നെ ഒരു ഷോപ്പിംഗ്‌  മാളില്‍ കാണുന്നു... എന്നെ കാണാത്തതിനാല്‍ ഒരു പുനസംഗമം മനപൂര്‍വ്വം ഞാന്‍ ഒഴിവാക്കി. ചോദ്യങ്ങളും വേണ്ട ..ഉത്തരങ്ങളും വേണ്ട.. അതേ നഗരത്തില്‍ വെച്ച് തന്നെ ദിവസങ്ങള്‍ക്കു ശേഷം ജാനിയെ കാണുന്നു ...കുറെ ഓര്‍മ്മകള്‍ ഉണര്‍ത്തികൊണ്ട് കുറെ ചോദ്യങ്ങള്‍ അവശേഷിപ്പിച്ചു കൊണ്ട് ..രണ്ടു പേരും തെളിഞ്ഞു മാഞ്ഞു


19 comments:

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

സമദും,ജാനിയും പുത്തൻ തലമുറയിലെ യുവമിഥുനങ്ങളാണു...ഒന്നിൽ മാത്രം ഒട്ടിപ്പിടിക്കാത്ത ദാമ്പത്യങ്ങളുടെ നേർപകർപ്പുകൾ...
സുന്ദരമായി അവതരിപ്പിച്ചിരിക്കുന്നു കേട്ടൊ ഭായ്

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

വായിച്ചു.

നാമൂസ് said...

ബാധ്യതയേതുമില്ലാത്തൊരു ബന്ധം കൊതിച്ച ജാനി.
ഓര്‍മ്മകളില്‍ സൂക്ഷിപ്പാന്‍ നല്ലോര്‍മ്മകള്‍ മാത്രം ആശിപ്പവളും ജാനി. പക്ഷെ, എന്തിന്..? അവളിങ്ങനെ വ്യത്യസ്തയാവാന്‍ ശ്രമിച്ചു...!! ആ... !!!

സുനില്‍ ജീ എഴുത്ത് വല്ലാത്തെ ആകര്‍ഷിക്കുന്നു.

സിദ്ധീക്ക.. said...

ദൂരേക്ക്‌ ..
നമ്മള്‍ അറിയാത്ത ..
നമ്മളെ അറിയാത്ത ഇടങ്ങളിലേക്ക് ..
മരുഭൂമികളിലേക്ക് ...സമതലങ്ങളിലേക്ക് ,
താഴ്വാരങ്ങളിലേക്കു , കൊടുംകാടുകളിലേക്ക് ..
മഞ്ഞു മലകളിലേക്ക് .
എഴുത്തിന്റെ ഭംഗി ഈ വരികളിലൂടെ വ്യക്തമാവുന്നുണ്ട് .
കാലഘട്ടത്തിന്റെ കഥ നന്നായി പറഞ്ഞു

മുഹമ്മദ് സഗീര്‍ said...

കഥ എന്ന ലേബിളിൽ വായിക്കുമ്പോൾ വളരെ ഏറെ പോരായ്മകൾ ഉണ്ട്.മറിച്ച് അനുഭവമാണെങ്കിലും പോരായ്മകൾ ഉണ്ട്.എന്തെന്നാൽ തൊട്ടും തൊടാതെയും നിറയെ സംശയങ്ങൾ ബാക്കിയാകുന്നു.എഴുത്തിയ ആൾക്കും വായനക്കാർക്കും.പ്രേമലേഖനം അതിന്റെ എല്ലാ അതിർ വരമ്പുകളും ഭേതിച്ച് ഒരു തത്ത്വമസ്വിയായി പോയി!

THABARAK RAHMAN said...

VISHADHAMAAYA COMMENT PINEEDU

smiley said...
This comment has been removed by the author.
smiley said...

ജാനിക്ക് നുടിസ്റ്റ് ക്ലബ്ബില്‍ മെംബെര്‍ഷിപ്‌ കൊടുക്കാം..!
സമദിന് കൊട്ടുവടി കഷായം!

കഥാകാരാ.....


നിഗൂഢത ബാക്കി
നിര്ത്തിയതെന്തിനു..?

ചാറ്റല്‍ said...

സുനില്‍ ജീ താങ്കള്‍ ശരിക്കും ഒരു കഥാകാരന്‍ തന്നെ
നാട്ടില്‍ സ്ഥിരമായതുകൊണ്ട് ഇത്തരം ജീവിതങ്ങളെ ഒരുപാട് കണ്ടുമുട്ടാറുണ്ട്
ചിലതൊക്കെ നമ്മുടെതുപോലെ പുട്ടുകുട്ടിയിലൂടെ മാറ്റമില്ലാത്ത വട്ടത്തിലും നീളത്തിലും പുറത്തുചാടുന്നത്
പിന്നെ ചിലത് ആര്‍ക്കും പിടിതരാത്തത്
എന്തായാലും നന്നായി എന്നെ പറയാനുള്ളൂ
ഒരു ഉപദേശമുണ്ട് എഴുതി കഴിഞ്ഞാല്‍ സഗീറിനെ ഒന്ന് കാണിച്ചു കഥയാണോ അനുഭവമാണോ എന്നൊക്കെ തീരുമാനിച്ചു മതി പോസ്റ്റല്‍

അനില്‍@ബ്ലോഗ് // anil said...

സുനില്‍, നല്ല എഴുത്ത്.
ജാനിയെ എവിടെയോ പരിചയം ഉണ്ട്.
:)

smitha adharsh said...

ജാനിമാര്‍ മിക്കപ്പോഴും അകാല ചരമം അടയലാണ് പതിവ്..
മോഹിക്കുന്നതൊന്നും നടക്കാത്തത് കൊണ്ട് ഒരു സാധാ ഭാര്യയും,അമ്മയും,വീട്ടമ്മയും ഒക്കെ ആയി മാറും..
എഴുത്ത് നന്നായി..

വീ കെ said...

എന്തിനാണ് ഇങ്ങനെ കുറേ സംശയങ്ങൾ മാത്രം ബാക്കി വച്ചു കൊണ്ടൊരു കഥ...?
അനുഭവിച്ചറിഞ്ഞ കഥാകാരന് ഉത്തരമില്ലെങ്കിൽ വായനക്കാർക്ക് എങ്ങനെ ഉത്തരം പറയാനാകും...?
എഴുത്ത് നന്നായിട്ടുണ്ട്...

ലീല എം ചന്ദ്രന്‍.. said...

നല്ല എഴുത്ത്.

ജാനകി.... said...

ഇവിടെ ആദ്യമാണ്.....
കഥയിലെ കയ്യടക്കം ശ്രദ്ധേയമാണ്...
നന്നായിരിക്കുന്നു

മനോജ്‌ വെങ്ങോല said...

നല്ല കഥ.

മനോജ്‌ വെങ്ങോല said...

പ്രിയ സുനില്‍,
പെരുമ്പാവൂരില്‍ നിന്ന്‌ ഒരു സമ്പൂര്‍ണ്ണ വെബ്‌ മാഗസിന്‍ വരുന്നൂ. ഇലോകംഓണ്‍ലൈന്‍.കോം.

സര്‍ഗ്ഗാത്മകതയുടെ ഈ സൈബര്‍ ലോകത്തിലേയ്ക്ക്‌ സ്വാഗതം..

കൂടുതല്‍ വിവരങ്ങള്‍ വരുംദിനങ്ങളില്‍ http://perumbavoornews.blogspot.com ല്‍ നിന്ന്‌ ലഭിയ്ക്കും.

Arif Zain said...

സൂപര്‍, പണിപ്പെട്ടുണ്ടാക്കുന്ന, എന്നാല്‍ അവിശ്വസനീയമായ പരിണാമഗുപ്തിയൊന്നുമില്ലാത്ത ഒരു നല്ല കഥ

ഖരാക്ഷരങ്ങള്‍ kharaaksharangal said...

കഥ കൊള്ളാം. അവസാനം, ഇത്രയധികം സൌഹൃദം ഉണ്ടായിരുന്നിട്ടും വര്‍ഷങ്ങള്‍ക്കു ശേഷം സമദിനെ കണ്ടുമുട്ടുമ്പോള്‍ ഒഴിഞ്ഞുമാറുക - അതില്‍ ഒരു അസ്വാഭാവികത ഉള്ളതുപോലെ തോന്നുന്നു.

Anas. M said...

കുറഞ്ഞ സ്വഭാവികതയെങ്കിലും നിരസിക്കാനാവാത്ത അവതരണ മിടുക്ക്