http://www.cyberjalakam.com

ജാലകം

Monday, April 11, 2011

അറം പറ്റിയ പ്രാര്‍ഥനകള്‍

നമ്പ്യാര്‍ മാഷ് ഞങ്ങളുടെ മലയാളം അധ്യാപകനായിരുന്നു. കൂവപ്പടി ഗണപതി വിലാസം ഹൈസ്കൂളിലേക്ക് കയറി ചെല്ലുമ്പോള്‍ ഇടതു വശത്ത് പാര്‍വതി മന്ദിരം എന്ന നീളന്‍ കെട്ടിടം. നേരെ മുന്‍പില്‍ ഓഫീസും , സ്ടാഫ്ഫ് റൂമും , ലാബും എല്ലാം ചേര്‍ന്ന L  ഷേപ്പിലുള്ള കെട്ടിടം. വലതു ഭാഗത്ത്‌ കിണറിനോട് ചേര്‍ന്നുള്ള നീളന്‍ കെട്ടിടത്തിന്റെ  അവസാനത്തെ മുറിയായിരുന്നു ഞങ്ങളുടെ ഏഴാം ക്ളാസ് ഡി ഡിവിഷന്‍.

സ്വതവേ ഗൌരവക്കാരനായ മാഷിന്റെ ശിക്ഷാ നടപടികളിലൊന്നു ഇമ്പോസിഷന്‍ എഴുതിക്കുക എന്നതാണ് . അവിടിവിടെയായി നരച്ചു തുടങ്ങിയ കഷണ്ടി കയറിയ തലയും, നരച്ച കുറ്റി രോമങ്ങള്‍ നിറഞ്ഞ തുടുത്തു തൂങ്ങിയ കവിളുകളും, കുടവയറും ഒക്കെയായി നന്നേ വെളുത്ത ഒരാള്‍ . അതാണ്‌ ഓര്‍മ്മയില്‍ തെളിയുന്ന രൂപം. മസ്തിഷ്കം എന്നൊരു അദ്ധ്യായം, ആറോ ഏഴോ പേജു വരുന്ന ഒരു വമ്പന്‍ അദ്ധ്യായം. പഠിക്കാതെ വന്നവര്‍ക്കെല്ലാം ഇമ്പോസിഷന്‍ കൊടുത്തപ്പോള്‍ ക്ളാസ്സില്‍ ഒട്ടു മിക്കവര്‍ക്കും എഴുതേണ്ടി വന്നു. ഒന്നും രണ്ടും തവണയല്ല. ഇരുപത്തിയഞ്ച് തവണ.


ഏഴു പേജുകള്‍ ഇരുപത്തിയഞ്ചു തവണ എഴുതുക എന്നുള്ളത് , അതും വീട്ടുകാര്‍ കാണാതെ , അതും പിറ്റേ ദിവസത്തേക്ക് . എന്തു ചെയ്യുമെന്നറിയാതെ  എല്ലാവരും വ്യാകുലരായി. ചെയ്തില്ലെങ്കില്‍ ഇമ്പോസിഷന്റെ എണ്ണം കൂടും. കൂടെ അടിയും, ക്ളാസ്സിനു  പുറത്തു നിറുത്തലും തുടങ്ങിയ അഡിഷണല്‍ ശിക്ഷണ നടപടികള്‍ക്ക് വിധേയരാകേണ്ടിയും വന്നേക്കാം.

എല്ലാവരും ഇതികര്‍ത്തവ്യതാമൂഡരായി. ഖിന്നരായി. പിന്നെ പ്രാര്‍ഥനാ നിരതരായി. താന്താങ്ങളുടെ ഇഷ്ട ദൈവങ്ങളെ വിളിച്ചു പ്രാര്‍ത്ഥന തുടങ്ങി.  "നമ്പ്യാര്‍ സാറിനു വല്ല അസുഖവും വരുത്തി കുറച്ചു ദിവസത്തേക്ക് ക്ളാസ്സില്‍ വരാതാക്കണേ".  ആ ദിവസങ്ങള്‍ക്കുള്ളില്‍ എങ്ങിനെയും എഴുതി തീര്‍ക്കാം എന്നതായിരുന്നു ചിന്ത.

എല്ലാവരും പ്രാര്‍ത്ഥിച്ച പോലെ പിറ്റേന്ന് നമ്പ്യാര്‍ സാര്‍ വന്നിട്ടില്ല. അതിന്റെ പിറ്റേന്നും , ആ ആഴ്ചയിലും വന്നിട്ടില്ല. മെഴുകുതിരി നേര്‍ന്നവര്‍, പരസ്പരം എഴുതി സഹായിച്ചവര്‍ തുടങ്ങി എല്ലാവര്ക്കും സന്തോഷം. ഒരാഴ്ചക്കകം എല്ലാവരും തന്നെ ഇരുപത്തിയഞ്ച് തവണ എന്ന വൈതരണി കടന്നിരിക്കുന്നു. ഇനി എന്ന് വേണമെങ്കിലും നമ്പ്യാര്‍ സാര്‍ വന്നോട്ടെ.


മലയാളം ക്ളാസ് തുടങ്ങും മുന്‍പ് കുറെ ദിവസത്തേക്ക് ഒരു കെട്ട് പേപ്പറുകള്‍ സാറിന്റെ മേശപ്പുറത്തു റെഡി. ആ പേപ്പറുകള്‍ അനാഥമായി കുറെ നാള്‍ ഇരുന്നു . സാര്‍ വരുന്നതേയില്ല.
അന്വേഷിച്ചപ്പോള്‍ എന്തോ അസുഖമായി  ചികിത്സയിലാണെന്നറിഞ്ഞു . പകരം മറ്റൊരു മലയാളം അധ്യാപിക വന്നു . ഇമ്പോസിഷന്‍ ഇല്ല. അടിയും മറ്റു ശിക്ഷകളും കുറവ് . പതിയെ നമ്പ്യാര്‍ സര്‍ വിസ്മ്രിതിയിലായി.

ചേരാനല്ലൂര്‍ ശിവ ക്ഷേത്രത്തിന്റെ അടുത്തെവിടെയോ ആണ് നമ്പ്യാര്‍ സാറിന്റെ വീട്.  എന്റെ മുത്തശ്ച്ചന്റെ തറവാട് ശിവക്ഷേത്രത്തിന്റെ വലതു വശത്ത് പെരിയാറിനോട് ചേര്‍ന്നായിരുന്നു. തോട്ടുവയിലെത്തിയ മുത്തശ്ച്ചനടക്കം  ഏതാനും കുടുംബങ്ങളുടെ വേരുകള്‍ ചേരാനല്ലൂരിലായതിനാല്‍ ഇടക്കൊക്കെ ചേരാനല്ലൂര്‍ ശിവക്ഷേത്ര ദര്‍ശനം അവരെല്ലാം തന്നെ തലമുറകളായി മുടങ്ങാതെ നടത്തിപ്പോന്നിരുന്നു. ആ വകയിലാണ് പിന്‍ തലമുറക്കാരനായ എന്റെയും ഇടക്കുള്ള ശിവ ക്ഷേത്ര ദര്‍ശനം.

മധ്യ വേനലവധിക്ക് സ്കൂളടച്ചപ്പോള്‍ ആണെന്ന് തോന്നുന്നു ഒരു തവണ ശിവ ക്ഷേത്രത്തില്‍ പോയപ്പോള്‍ ഒരു നീണ്ട രോദനം . അതും ഉച്ചത്തില്‍ ...ആ പ്രദേശത്തുള്ളവര്‍ക്കെല്ലാം കേള്‍ക്കാവുന്നത്ര ഉച്ചത്തില്‍

" അയ്യോ ....അയ്യോ.... അമ്മേ...അയ്യോ .."

നിശ്ചിത ഇടവേളകള്‍ക്കിടയില്‍ അതങ്ങിനെ അനുസ്യൂതം തുടരുന്നു . അതെന്നെ വല്ലാതെ അസ്വസ്ഥതപ്പെടുത്തി .

അതാരുടെതാണ് ..എന്തുകൊണ്ടാണ് എന്ന എന്റെ ജിജ്ഞാസ എന്നെയൊരു തീരാ വേദനയിലെക്കാണെത്തിച്ചത് .

"അത്  നമ്പ്യാര്‍ സാറാണ്........ സാറിനു സുഖമില്ല. ക്യാന്‍സറാ.... കുറെ നാളായി . ഇപ്പോള്‍ വല്ലാതെ കൂടിയിരിക്കുന്നു. മരുന്നുകളൊന്നും ഏല്‍ക്കുന്നില്ല. വേദന സഹിക്കാനാവാതെ കരയുന്നതാണ്"

ഒരു നടുക്കം എന്നെ ബാധിച്ചു. നെഞ്ചെരിയുന്ന പോലെ . കണ്ണുകള്‍ നിറയുന്നു. വല്ലാത്തൊരു കുറ്റബോധം എന്നെ നീറ്റി തുടങ്ങി . സാറിനു അസുഖം വരാന്‍ പ്രാര്‍ത്ഥിച്ചവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നല്ലോ എന്നുള്ള വേദന എന്നെ അത്രയേറെ അസ്വസ്ഥനാക്കി.  വല്ല പനിയോ മറ്റോ വന്നു രണ്ടോ മൂന്നോ ദിവസം സാര്‍ ക്ളാസില്‍ വരരുതെന്നെ എല്ലാവരും ആഗ്രഹിച്ചുള്ളു. പക്ഷെ സംഭവിച്ചിരിക്കുന്നതറിഞ്ഞ എല്ലാവരും തന്നെ വല്ലാതെ വേദനിച്ചു.


ഞങളുടെ പ്രാര്‍ത്ഥന കൊണ്ടല്ല സാറിനു അസുഖം വന്നത് എന്ന് അറിയാമായിരുന്നു എങ്കില്‍  പോലും ഇനി മേലില്‍ ഒരിക്കലും ആര്‍ക്കും ദോഷം വരുത്തണേ എന്നൊരു പ്രാര്‍ത്ഥന നടത്തില്ലെന്ന് ഞാന്‍ ദൃഡപ്രതിന്ജ ചെയ്തു.

പക്ഷെ വേദന നിറഞ്ഞ ആ കരച്ചില്‍ എനിക്ക് മറക്കാനാവുമായിരുന്നില്ല .....അതുകൊണ്ടുതന്നെ  ആ കരച്ചില്‍ നിലക്കുന്നതു വരെ ചേരാനല്ലൂര്‍ യാത്രയില്‍ നിന്നും ഞാന്‍ മനപ്പൂര്‍വം ഒഴിഞ്ഞു നിന്നു. എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോളവിടെ പോകുമ്പോള്‍ പോലും ആ കരച്ചില്‍ എന്റെ ഓര്‍മ്മയില്‍ വേദനയുണര്‍ത്തി തെളിയും.

17 comments:

Unknown said...

ചെറുപ്പത്തില്‍ ഇങ്ങനെ ഒരു പ്രാര്‍ത്ഥന നടത്താത്ത ഒരാളുമുണ്ടാകില്ല ..
ചെറുപ്പം നമ്മെകൊണ്ട് അര്‍ത്ഥമറിയാതെ ചെയ്യിക്കുന്ന വികൃതികള്‍ വേദനകളായി ഭവിക്കുന്നത് വൈകി മാത്രം മനസ്സിലാക്കുന്ന കുട്ടിക്കാലം..!
നോവുണര്‍ത്തിയ ഓര്‍മ്മകള്‍..
നന്നായെഴുതി,,

Cm Shakeer said...

നിഷ്ക്കളങ്കരായ കുട്ടികളുടെ പ്രാര്‍ത്ഥനയായിരിക്കില്ല അദ്ദേഹത്തെ ആ അവസ്ഥയില്‍ എത്തിച്ചത്. എങ്കിലും അസ്ഥാനങ്ങളിലെ ചില തേട്ടങ്ങള്‍ക്ക് ചില പ്രത്യേക സമയങ്ങളില്‍ ദൈവം ഉത്തരം നല്‍കുമെന്ന് കേട്ടിട്ടുണ്ട്. 'നിങ്ങള്‍ നിങ്ങളുടെ സന്താനങ്ങളെ അനാവശ്യമായി ശപിക്കരുത്' എന്ന് പ്രവാചകന്‍ പഠിപ്പിച്ചത് അതിനാലാണ്. നന്നായി എഴുതി.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഈ അനുഭവത്തില്‍ നല്ലൊരു ഗുണപാഠം തെളിഞ്ഞുകിടപ്പുണ്ട്.
വായിച്ചു കഴിഞ്ഞപ്പോള്‍ വല്ലാത്തൊരു നൊമ്പരവും ഉള്ളില്‍ ബാക്കിയായി.
യാഥാര്‍ത്ഥ്യം ഇല്ല എന്ന് അറിഞ്ഞിട്ടും ചെയ്തത് തെറ്റായി എന്ന തോന്നല്‍ നമ്മുടെ ഉള്ളില്‍ ഉടലെടുക്കുന്നത് സന്മനസ്സല്ലാതെ മറ്റൊന്നുമല്ല.
ലളിതമായി, വേദന സ്ഫുരിക്കുന്ന വര്കളിലൂടെ അനുഭവം എഴുതി.

ചാണ്ടിച്ചൻ said...

ദൈവം നല്ലവനായത് കൊണ്ട്, ഒരാള്‍ക്ക്‌ ആപത്തു വരുത്തണേയെന്ന് പറഞ്ഞു പ്രാര്‍ഥിച്ചാലും, ഒരിക്കലും നടക്കാന്‍ പോകുന്നില്ല...നടന്നാല്‍ പിന്നെ ദൈവത്തെ അങ്ങനെ വിളിക്കാന്‍ പറ്റില്ലല്ലോ...
ഞാന്‍ വിശ്വസിക്കുന്നത്, ഇതൊക്കെ അങ്ങേരുടെ കര്‍മഫലം ആണെന്നാണ്‌...അത് കൊണ്ട് സുനിലേ, ഒരിക്കലും ഒരു വിഷമത്തിന്റെ ആവശ്യമില്ല...
എങ്കിലും പണ്ടുള്ളവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്....പ്രായമായവരും, കുട്ടികളും അറിഞ്ഞു ശപിച്ചാല്‍ അത് ഫലിക്കുമെന്ന്...ഫലിക്കുമോ? അറിയില്ല...

ശ്രദ്ധേയന്‍ | shradheyan said...

പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം തരുന്നവനാണ് ദൈവം. അതെങ്ങനെ, എപ്പോള്‍ എന്നൊന്നും മുന്കൂട്ടിക്കാണാന്‍ നമുക്ക് കഴിയണമെന്നില്ല. എന്നാല്‍, തേടുന്നവന്‍ ആരാണെന്നും തേടുന്നത് എന്താണെന്നും തിരിച്ചറിയാന്‍ ശേഷിയുള്ള ദൈവം ഒരിക്കലും പിഞ്ചു മനസ്സുകളുടെ നിഷ്കളങ്കതയെ കാണാതിരിക്കില്ല. മാഷുടെ അനുഭവം ദൈവ വിധിയാണ്. സുനിലിന്റെ കണ്ണില്‍ നിറഞ്ഞ കണ്ണീര്‍ തുള്ളികള്‍ മതി, മനസ്സിന്റെ മഹത്വം അടയാളപ്പെടുത്താന്‍.

Kalam said...

നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മക്കുറിപ്പ്‌.

വിചാരം said...

ഓരോരുത്തരുടെ വിശ്വാസമാണ് അവരുടെ മനസ്സിന്റെ ബലവും ബലമില്ലായ്മയും, നിങ്ങളെ എത്ര ആശ്വസിപ്പിച്ചാലും നിങ്ങടെ മനസ്സിന്റെ വ്യഥ വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു … യാഥാർത്ഥ്യത്തിലേക്ക് തിരികെ വരിക . മാഷിന് ക്യാൻസറാണ് അത് വന്നത് ശരീരത്തിൽ വളരുന്ന ആവശ്യമില്ലാത്ത കോശങ്ങളാൽ അല്ലാതെ ആരുടേയും പ്രാർത്ഥനകളാലല്ല

ഷബീര്‍ - തിരിച്ചിലാന്‍ said...

ഇത് വായിച്ച് തുടങ്ങിയപ്പോള്‍ പഠനകാലത്ത് എനിക്കും കിട്ടിയിരുന്ന ചില ഇമ്പോസ്സിഷന്‍ വിശേഷങ്ങള്‍ പങ്കുവെക്കാന്‍ തോന്നി. അവസാനമായപ്പോഴേക്കും ശരിക്കും സ്പര്‍ശിച്ചു... തമാശ പറയാനുള്ള മൂഡ് പോയി...

Muralee Mukundan , ബിലാത്തിപട്ടണം said...

ചെറുപ്പത്തിൽ മനസ്സ് കൊണ്ട് ചില ഗുരുവിനെയെങ്കിലും ശപിക്കാത്ത ശിഷ്യരുണ്ടാകുമോ...?

നാന്നായി പറഞ്ഞിരിക്കുന്നു കേട്ടൊ ഭായ്

വായന said...

വേദനിപ്പിക്കുന്ന ഓർമ്മ...

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

വേദനിപ്പിക്കുന്ന ഒരു അനുഭവക്കുറിപ്പ്...

lekshmi. lachu said...

വേദനിപ്പിക്കുന്ന ഓർമ്മ...നന്നായെഴുതി.

ബെഞ്ചാലി said...

വേദനിപ്പിക്കുന്ന ക്കുറിപ്പ്

Sidheek Thozhiyoor said...

നോമ്പരമുള്ള ചില ഓര്‍മ്മകള്‍ മനസ്സിലെക്കെത്തി ഇത് വായിച്ചുകൊണ്ടിരുന്നപ്പോള്‍..

Unknown said...

njaan innannu Sunilindea blog nokkiyathu ,... puthiya ' vibhavam ' adipolee oppam chila nombarangalum (KOONINMEL KURU).

smitha adharsh said...

ഞാനും ഓര്‍ത്തു. ഇമ്പോസിഷന്‍ എഴുതിയ പഴയ സ്കൂള്‍ കാലം..

മാഷിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ നന്നായി.

കാടൻ said...

കൊള്ളാട്ടോ.