http://www.cyberjalakam.com

ജാലകം

Sunday, February 28, 2010

അമ്മ മണം

ചിലനേരത്ത് ചില ഗന്ധങ്ങളുടെ സമവാക്യങ്ങളൊക്കുമ്പോള്‍
ഓര്‍ത്തുപോകുന്നു ഞാനമ്മയെ
അതേതെന്നു, എന്തെന്നു, എത്രയെന്നു ചികയുമ്പോള്‍
 ആ മണങ്ങളെന്നെ അമ്മക്കരികിലെന്നാശ്വസിപ്പിക്കുന്നൂ വൃഥാ

പുലരി തെളിയും മുന്‍പു, കിഴക്കിനിയിലെ പവിഴമല്ലിയാദ്യത്തെ
പൂ പൊഴിക്കും മുന്‍പുണരും അമ്മക്കു
പൈംപാലിന്‍റെ, നറുവെണ്ണയുടെ, കടഞ്ഞെടുത്ത മോരിന്‍റെ
ചൂടു ചായയുടെ ,നെയ്യില്‍ മൊരിഞ്ഞ ചൂടു ദോശയുടെ മണം

കറുമ്പിപയ്യിന്‍റെ തൊഴുത്തു കഴുകി വരുമ്പോളമ്മക്കു
കറുമ്പിയുടെ മൂത്രത്തിന്‍റെ, ചാണകചൂരുള്ള ഗന്ധം

ഇന്നും ബെല്ലടിക്കുമെന്നോര്‍ത്തു സ്കൂളിലേക്കിറങ്ങാന്‍
കല പില കൂട്ടി ചിണുങ്ങവേ പൊതി ചോറുമായ് വന്നു
ചേര്‍ത്തു പിടിച്ചണച്ചു മുടി കോതിയൊതുക്കുമ്പോള്‍
അമ്മക്കിഞ്ചിയുടെ, കറിവേപ്പിലയുടെ, പച്ചമുളകിന്‍റെ ഗന്ധം

പാടത്തു കൊയ്ത്തു മുറുകുമ്പോളമ്മക്കു ചേറിന്‍റെ,
പുന്നെല്ലിന്‍റെ, പ്ലാവില കുത്തിയ കുമ്പിളില്‍ക്കോരിയ
ഇരുപ്പുഴുക്കലരിക്കഞ്ഞിയുടെ  കൊതിയൂറും മണം

അച്ഛമ്മയും, അമ്മായിമാരും പറയും കഥകള്‍
വെള്ളം ചേര്‍ക്കാതച്ഛന്‍ വിഴുങ്ങി വിസര്‍ജ്ജിക്കുമ്പോള്‍
അടുക്കള കോലായിലൊരു കോണില്‍ തലചായ്ച്ചു
തേങ്ങലോതുക്കി കരയുന്നമ്മക്കു കണ്ണുനീരുപ്പിന്‍റെ ഗന്ധം


നാരകചോട്ടിലെ നിശാഗന്ധിപ്പൂമൊട്ടിന്‍ ഒടുവിലെയിതളും
വിടരുമ്പോള്‍ ഏറെ വൈകി ഉറങ്ങാനണയും അമ്മക്കച്ഛന്‍റെ ഗന്ധം

കാലങ്ങള്‍ കരളിലുറക്കി കണ്‍ മണിയായ്‌ ‍ പോറ്റിയവന്‍
ഒരുനാള്‍ കാമിനിയുടെ കരം പിടിച്ചകന്നപ്പോളമ്മക്കു
ഭക്തിയിലൊളിപ്പിച്ചു നീറ്റിയ  കര്‍പ്പൂര ഗന്ധം

ഈ അമ്മ മണങ്ങളില്‍ മനസ്സുടക്കുമ്പോഴും
വിരളമായുള്ള ഫോണ്‍ വിളികള്‍ക്കൊടുവില്‍
ഇനി എന്ന് വരും നീയെന്‍റെ മക്കളെയെന്നു പതം പറയുമ്പോളാ
വരണ്ട മാറിടം ചുരത്തും മുലപ്പാലിന്‍റെ ഗന്ധം മാത്രം
വാസനിക്കുന്നില്ലെന്ന്, അറിയുന്നില്ലെന്ന് നടിക്കുന്നു ഞാന്‍

26 comments:

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

എല്ലാവര്‍ക്കും ഉണ്ടാകും കുറെ അമ്മ മണങ്ങള്‍.. പക്ഷെ നമ്മുടെ കുട്ടികള്‍ക്ക് അവരുടെ അമ്മമാര്‍ ഉപയോഗിക്കുന്ന ഏതെങ്കിലും ബ്രാന്‍ഡട്‌ പെര്‍ഫ്യൂമിന്‍റെ രൂക്ഷ ഗന്ധങ്ങള്‍ ആയിരിക്കും ഓര്‍മ്മയില്‍ വരിക.

തണല്‍ said...

ചൊട്ടയിലെ ശീലം ചുടലവരെയെന്നു പഴമൊഴി .
അതു കഴിഞ്ഞു ചാരത്തിനു മുലപ്പാലിന്‍ മണം .
അമ്മയെന്നെഴുതിയ വാക്കിനും നറുമണം .
അമ്മയുടെ കാലടിപ്പാടില്‍ സ്വര്‍ഗ്ഗത്തിന്‍ സുഗന്ധം !!

ഒരു പുരുഷായുസ്സ് എഴുതിയാലും തീരാത്തതാണല്ലോ സുനില്‍ ഈ വിഷയം.മനുഷ്യന് ഏറ്റവും കടപ്പാട് വേണ്ടത് തന്റെ മാതാവിനോടായിരിക്കണമെന്നും മാതാവിന്റെ കാലടിപ്പാടിന്നടിയിലാണ് സ്വര്‍ഗമെന്നും മുഹമ്മദ്‌ നബി പഠിപ്പിച്ചിട്ടുണ്ട് .
മാതൃത്വത്തെ ക്കുറിച്ച് എത്ര എഴുതിയാലും ബോറടിക്കില്ല.തുടരട്ടെ....
ആശംസകള്‍!!!

ചാറ്റല്‍ said...

ഞാനൊരു കൊച്ചു കുട്ടിയായി ഉമ്മ മണങ്ങള്‍ തേടി തിരിച്ചു നടക്കാന്‍ ഈ കവിത കാരണമായി,
ഓര്‍മ്മകളുടെ ചെപ്പില്‍ സൂക്ഷിച്ച അമ്മ മണങ്ങള്‍ ശാരദ നിലാവിലാകെ പ്രസരിക്കുന്നു
വല്ലാത്തൊരു വല്ലായ്ക തോന്നി,
എന്തിനാണിങ്ങനെ സങ്കടപ്പെടുത്തുന്നത്

മുരളി I Murali Nair said...
This comment has been removed by the author.
മുരളി I Murali Nair said...

എന്നെ കരയിപ്പിച്ചപ്പോള്‍ സമാധാനമായല്ലോ...!!!

ശ്രദ്ധേയന്‍ | shradheyan said...

പ്രാര്‍ത്ഥനകളോടെയാണ് വായിച്ചത്. ഉമ്മയ്ക്കിപ്പോള്‍ ആശുപത്രിയുടെ മണമാവും. ഉപ്പ ആശുപത്രിയിലാണ്.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ, കരുതലിന്റെ മണം...

smitha adharsh said...

അമ്മയുടെ മണം ആര്‍ക്കു മറക്കാനാകും? അഭിമാനിക്കുന്നു.......ഞാനും ഒരു അമ്മയാണ് എന്നതില്‍..
വരികള്‍ നന്നായി എന്ന് പറഞ്ഞാല്‍ കുറഞ്ഞു പോകും..

ഏ.ആര്‍. നജീം said...

അമ്മ.... ആ വാക്കിനെക്കാള്‍ മധുരതരമായതെന്താ ഈ ലോകത്ത്..

ഉമ്മയുടെ സ്നേഹം സാമപ്യം ഒരിക്കല്‍ കൂടി മനസ്സിലൂടെ കടന്നുപോയി...

നന്ദി സുനില്‍

മോഹനം said...

ഇങ്ങനെയൊക്കയേ പാര പണിയാന്‍ പറ്റൂ...

ഞാന്‍ ഈ നാട്ടുകാരനേ അല്ലാ..

VEERU said...

ചേട്ടാ...,
വളരെ മനോഹരമായിരിക്കുന്നു.ട്ടാ..ഈ കവിത... ശരിക്കും മനസ്സിൽ കൊണ്ടു...പറഞ്ഞ പോലെ ഇത്ര മനോഹരമായ ഗന്ധങ്ങൾ പുതുതലമുറക്കു കിട്ടാനിടയില്ല..
പിന്നെ അവിവേകമെങ്കിൽ പൊറുക്കുക..
“അച്ഛമ്മയും, അമ്മായിമാരും പറയും കഥകള്‍
വെള്ളം ചേര്‍ക്കാതച്ഛന്‍ വിഴുങ്ങി വിസര്‍ജ്ജിക്കുമ്പോള്‍” ഇവിടെ “ഛർദ്ദിക്കുമ്പോൾ” എന്ന പദമല്ലേ കൂടുതൽ ചേരുക...സംഗതി പ്രാസമില്ലെങ്കിലും??

കൊട്ടോട്ടിക്കാരന്‍... said...

വംശനാശം സംഭവിയ്ക്കുന്ന അപൂര്‍വ്വ സംഗതികളിലൊന്ന്....

ഇഞ്ചൂരാന്‍ said...

കൊള്ളാം.. ഈ അമ്മമണം

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

തീര്‍ച്ചയായും അമ്മ ആ വാക്കുകള്‍ ആ ഓര്‍മ്മകള്‍ ......പിന്നെ എനിക്ക് എന്റെ അമ്മ എന്റെ ഏറ്റവും നല്ല കൂട്ടൂക്കാരിയാണ്! കവിത നല്ല നിലവാരം പുലര്‍ത്തി.

Cm Shakeer(ഗ്രാമീണം) said...

നന്നായിരിക്കുന്നു സുനില്‍.. മാതൃവാത്‍സല്ല്യത്തിന്റെ സുഗന്ധം‍ തേടിയുള്ള മനസ്സിന്റെ ഈ തീര്‍ത്ഥ യാത്ര. അഭിനന്ദനങ്ങള്‍.

Mukundan said...

വളരെ നന്നായിരിക്കുന്നു... തീര്‍ത്തും ശരിയായ വരികള്‍ ... ഈ മണങ്ങള്‍ എല്ലാം , എല്ലാവരും അനുഭവിച്ചത് തന്നെ ആയിരിക്കും ...

ഒഴാക്കന്‍. said...

എന്തിനാ എന്നെ ഇങ്ങനെ കരയിപ്പിക്കുന്നെ

jayanEvoor said...

അമ്മ... അമ്മ... അമ്മ...!

വീ കെ said...

കവിത കൊള്ളാം....
ഇതിനൊരു കവിതയുടെ മണമുണ്ട്...!!

ശ്രീ said...

ടച്ചിങ്ങ് മാഷേ...

ചേച്ചിപ്പെണ്ണ് said...

ammayude gandham ente kannu nirachu sunil ..
sathyamaayum ...

ente ammakk enthu gandhamaanu ..

..ente daivame ..ente amme ....

ചേച്ചിപ്പെണ്ണ് said...

ഇതാ വേറെ ഒരമ്മ ..

പുഴയോരമെന്നോരതുരാലയം ..
തീവ്ര പരിചരണ മുറിയിലെ തണുപ്പ് ..
ഡീ ഡാഡി കുട്ടനോരുമ്മ കൊടുത്തൂന്നവന്‍ ..
മുപ്പതു വയസ്സവുന്നവന് അച്ഛനില്‍ നിന്നുള്ള ആദ്യത്തെ ഉമ്മ ..
അവനെ ഒരു കുഞ്ഞു ചിരിയായ് ആദ്യം കണ്ടപ്പോള്‍
എന്റെ അമ്മയുടെ കണ്ണില്‍ ഞാന്‍ കണ്ട കണ്ണീര്‍ ..
ഡാഡി ന്നു വച്ചാ എന്താ ന്നു അവന്‍ ചോദിച്ച
ഏഴു വയസ്സ് കാരീടെ പൊള്ളുന്ന ഓര്‍മ്മ ..
ഹന്‍ എഴുതിയ പോലെ ഓര്‍മ്മകള്‍ മായ്ക്കണ മഷിത്തണ്ട് കിട്ടിയിരുന്നെങ്കില്‍ ..

സുനില്‍ സേതു അടയാളങ്ങളില്‍ എഴുതിയ പോലെ ദൈവത്തിനു അല്പം മാത്രം താഴെ നില്കണ ജീവിയാണ് അമ്മ .. അല്ലെ ?

പാവത്താൻ said...

മനോഹരം...

ബിലാത്തിപട്ടണം / Bilatthipattanam said...

സുനിൽ ഒരിക്കലും നമ്മുടെ ജീവിതത്തിൽ നിന്നും വിട്ടുപോകാത്ത മണങ്ങളാനവ...
തുളസിയിലയിട്ട് കാച്ചിയ വെളിച്ചെണ്ണയുടെ, ആ പഴയ കായ മെഴുക്കുവരട്ടിയുടെ,കൊതിയൂറും ചാളക്കൂട്ടാന്റെ,...അങ്ങിനെയെത്രയെത്ര ഗന്ധങ്ങൾ...അല്ലേ...

കുഞ്ഞൻ said...

സുനിൽ മാഷെ..

കവിതയും ഭംഗിയായി എഴുതുവാനുള്ള കഴിവ്, എന്തിന് ഒളിച്ചുവയ്ക്കുന്നു മാഷെ; ഇത്തരം സ്പർശിയായ ലാളിത്യമുള്ള പദ്യങ്ങളാണുമാഷെ എന്നേപ്പോലുള്ളവർക്ക് വേണ്ടത്.

അമ്മയുടെ ആ സാമീപ്യത്തിലെ മണം ഈ വരികളിൽ നിറയുന്നുമാഷെ..അഭിനന്ദനംസ് & സന്തോഷം.

അച്ഛന്റെ ദേഷ്യത്തിന്റെ ഒരുവരി വായിക്കുമ്പോൾ ഒരു കല്ലുകടിപോലെ ഫീൽ ചെയ്യുന്നുണ്ട് മാഷെ എന്തൊ ഒരു ചേരായ്ക..

കാണാമറയത്ത് said...

നന്നായിരിക്കുന്നു സുനില്‍... ഈ അമ്മമണം. ജീവന്റെ അവസാനം വരെ നമ്മെ പിന്തുടരുന്നത്. ആശംസകള്‍