http://www.cyberjalakam.com

ജാലകം

Monday, November 9, 2009

കനവിലെ കളിചുംബനങ്ങള്‍

ഉറക്കത്തിന്റെ ആഴങ്ങളിലായിരുന്നിരിക്കണം

ഒരു മൃദു ചുംബനം, പാല്‍ മണമുള്ളത്‌

കണ്ണിലും, കവിളിലും തെരു തെരെ

മകളായിരുന്നു , ഒരു കൊല്ലം മുന്‍പൊരു ഒന്നര വയസ്സുകാരി

പിന്നെ പൊട്ടിച്ചിരിച്ചു കൊണ്ടെന്റെ നെഞ്ചില്‍ തല ചായ്ച്ചുറങ്ങി

കാല്‍ത്തള കൊണ്ടെന്റെ നെഞ്ചിലൊരു നീറ്റല്‍

കണ്‍ തുറന്നപ്പോള്‍ കുഞ്ഞെവിടെ , പാല്‍ മണക്കും കളി കൊഞ്ചലെവിടെ

ബോധമുണര്‍ന്നപ്പോള്‍, നൈരാശ്യം മേലങ്കിയുമായ്‌ വന്നു പൊതിഞ്ഞു

വര്‍ഷമൊന്നെ കഴിഞ്ഞുള്ളു , ഇനിയുമുണ്ട് ഒന്ന് കൂടിയവധിക്കായ്‌

കണ്‍ നിറഞ്ഞു , നെഞ്ചിലൊരു വിങ്ങല്‍ കുറുകി

ചുറ്റിലും ഉറങ്ങുന്ന സഹജരുടെ ശ്വാസ നിശ്വാസങ്ങളുടെ താളം

ഒരുവന്‍, മധുവിധുവിന്റെ മധുരം ഏറെ രുചിക്കും മുന്‍പു പറന്നവന്‍

ഉറക്കത്തില്‍ മെല്ലെ പുഞ്ചിരിക്കുന്നു, മുഖം തെല്ലു വിടര്‍ന്നു ചുവക്കുന്നു

പ്രിയയായിരിക്കാം, സ്വപ്നത്തില്‍ സല്ലപിച്ചിരിക്കയും

നിയോഗങ്ങള്‍ , നിരാസങ്ങളും ചേര്‍ന്നതാണല്ലോ

ഇപ്പോള്‍ നീറ്റല്‍ നെഞ്ചിനു പുറത്തല്ല അകത്തു കിടന്നാളുന്നു

തെല്ലുറങ്ങാം ,സ്വപ്നങ്ങള്‍ എങ്കിലും നഷ്ടമാവാതിരിക്കട്ടെ

25 comments:

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

കഴിഞ്ഞ രാവില്‍, കനവില്‍ വന്നെന്റെ കപോലങ്ങളെ കളിചുംബനങ്ങളാല്‍ കുതിര്‍ത്ത എന്റെ കുഞ്ഞു മകള്‍ക്കായി ..

VEERU said...

സുനിലേട്ടാ...അപ്പ കവിതയും വഴങ്ങും അല്ലേ?
കലക്കീട്ടുണ്ട് മാഷേ...
ആശംസകൾ !!കുഞ്ഞു മോളോട് അന്വേഷണം അറിയിക്കുക !!

Anil cheleri kumaran said...

ഒരു കൊല്ലം കൂടി കാത്തിരിക്കാമെന്നേ.. ജീവിതത്തിലെ അനിവാര്യതയാണല്ലോ ഇതൊക്കെ. കുഞ്ഞിമോളുടെ ഓര്‍മ്മ മതിയല്ലോ ആ കാത്തിരിപ്പിന്റെ വിരസതയകറ്റാന്‍..

കവിത ടച്ചിങ്ങ്. നന്നായി.

അരുണ്‍ കരിമുട്ടം said...

കവിതയെക്കാള്‍ ഉപരി വാക്കിലെ സങ്കടം മനസില്‍ തട്ടി

ഇനിയും എഴുതുക..
ഒരു കവി കൂടെ ആകട്ടെ..
:)

ramanika said...

വളരെ ഇഷ്ടപ്പെട്ടു
മനോഹരം!

Patchikutty said...

കണ്ണ് നനയിച്ചല്ലോ നിലാവേ...
ഒപ്പം കവിത വഴങ്ങുന്നുണ്ടല്ലോ... ദൈവം അനുഗ്രഹിക്കട്ടെ

raadha said...

വേഗം കണ്ണുകള്‍ ഇറുകെ പൂട്ടൂ..
വീണ്ടും സുന്ദര സ്വപ്‌നങ്ങള്‍ കാണട്ടെ..
ആശംസകള്‍..

താരകൻ said...

തെല്ലുറങ്ങാം ,സ്വപ്നങ്ങള്‍ എങ്കിലും നഷ്ടമാവാതിരിക്കട്ടെ ...നല്ല സ്വപ്നങ്ങൾ ആശംസിക്കുന്നു

ഹന്‍ല്ലലത്ത് Hanllalath said...

ഇതു കവിതയല്ല മനസ്സില്‍ തൊട്ട വരികളില്‍...
പ്രവാസത്തിന്റെ തീച്ചൂട് കാണുന്നു
പൊള്ളുന്നു
ഒന്നു കൂടി വായിച്ചലെന്റെ കണ്ണിനിയും നനയും


നന്മകള്‍ നേരുന്നു സഹോദരാ..

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

വീരു (വസന്തന്‍ ), കുമാരന്‍ , അരുണ്‍ , രമണിക , പാച്ചിക്കുട്ടി, രാധ , താരകന്‍,
hAnLLaLaTh .. ഞാനെഴുതിയ വരികള്‍ ഇഷ്ടപ്പെട്ട എല്ലാവര്‍ക്കും നന്ദി ...

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

സ്വപ്നങ്ങള്‍ എങ്കിലും നഷ്ടമാവാതിരിക്കട്ടെ ......

:) ഇഷ്ടപ്പെട്ടു ..

ബിനോയ്//HariNav said...

മനസ്സില്‍ തൊട്ട വരികള്‍ മാഷേ.
ഈയിടെയായി എല്ലാവരും വിരഹദുഖത്തിലാണല്ലോ. നമ്മുടെ ഗോപി വെട്ടിക്കാട്ടിന്‍റെ കവിത മകള്‍ അറിയാന്‍ ... ഇന്ന് വായിച്ചതേയുള്ളു :)

Typist | എഴുത്തുകാരി said...

ഇതു കവിതയയല്ലല്ലോ, മനസ്സു് തന്നെയല്ലേ. കണ്ണ്` നനഞ്ഞു തുടങ്ങി. മകളെ കാണാനുള്ള കാത്തിരിപ്പ്‌ ‌ഇനി ഒരു വര്‍ഷം കൂടി. എന്തു ചെയ്യാം സുഹൃത്തേ, കാത്തിരിക്കയല്ലാതെ. ആ കുഞ്ഞുമോളെക്കാണാന്‍ ഞങ്ങള്‍ക്കു കൂടി കൊതിയാവുന്നു.

ശ്രീ said...

നെഞ്ചിലെ നീറ്റല്‍ മനസ്സിലാകുന്നു മാഷേ. ഹൃദയസ്പര്‍ശിയായ വരികള്‍...

വീകെ said...

ബൂലോഗത്തിന് ഒരു കവിയെ കൂടി പ്രതീക്ഷിക്കാമൊ...?

വിഷമിക്കേണ്ടടൊ...ഒറ്റക്കല്ലല്ലൊ...!!
ഞങ്ങളൊക്കെയില്ലെ കൂട്ടിന്..
ലക്ഷം ലക്ഷം പ്രവാസികൾ പിന്നാലെ...

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

പ്രവീണ്‍ വട്ടപ്പറമ്പത്ത് - കണ്ണടച്ച് കിടന്നാല്‍ കിനാവിന്റെ പടി കടന്നെത്തുന്ന നാട്ടു വഴികളും , വീടും , വീടുകാരും , കൂട്ടുകാരും, കുഞ്ഞുങ്ങളും , പ്രിയതമയും ഒക്കെയായി സ്വപ്ന സഞ്ചാരത്തിലാണ് പ്രവാസികള്‍ പലപ്പോഴും . കാലമെത്ര കഴിഞ്ഞാലും കിനാവില്‍ നിന്ന് പെട്ടെന്നു ഉണര്‍ന്നാല്‍ സ്വപ്നവും യാഥാര്‍ത്യവും തിരിച്ചറിയാന്‍ തെല്ലു നേരമെടുക്കും. തൊട്ടു മുന്‍പ് കണ്ടും മിണ്ടിയും ഇരുന്നവര്‍ ദൂരെ , ഏറെ ദൂരെയാണല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു നീറ്റല്‍. ഇതുകൊണ്ടാകാം പ്രവാസ ജീവിതത്തില്‍ , പ്രത്യകിച്ച് ബാച്ചിലര്‍ ജീവിതത്തില്‍ ഉറക്കം എല്ലാവര്ക്കും പ്രിയങ്കരമാകുന്നു.

ബിനോയ്//ഹരിനവ്‌ ഗോപി വെട്ടിക്കാടിന്റെ കവിത ഞാന്‍ വായിച്ചു ..താങ്ക്സ്

Typist | എഴുത്തുകാരി - അവള്‍ വളരുന്നത് , കൊന്ജുന്നത് എല്ലാം മനക്കണ്ണില്‍ കണ്ടു കൊണ്ടേയിരിക്കുന്നു. ഇതു എന്റെ മാത്രം കഥയല്ല , എത്രയോ എത്രയോ പേരുടെ കണ്ണീരു തിങ്ങിയ മുഖം ഞാന്‍ കണ്ടുകൊണ്ടെയിരിക്കുന്നു. ഈ വരികള്‍ അവര്‍ക്കെല്ലാം വേണ്ടിയുള്ളതാണ് .

ശ്രീ - വളരെ നന്ദി .

വീ കെ- ചേട്ടായി ... നിങ്ങളുടെ ജീവിത പരീക്ഷകള്‍ക്ക് മുന്‍പില്‍ എന്റെ കഥക്ക് തീരെ പ്രസക്തി ഇല്ലെന്നറിയാം .. ചിന്നുവിന്റെ നാടിലൂടെ ഞാനത് വായിച്ചു കൊണ്ടേയിരിക്കുന്നു .
പിന്നെ ഈ വരികളെ കവിതയെന്നു വിളിക്കാമെങ്കില്‍ അശോകേട്ടാ ചിലപ്പോള്‍ ഇനിയും എഴുതുമെന്നു തോന്നുന്നു .

ചാറ്റല്‍ said...

ഉള്ളു പൊള്ളുന്നെടോ.............നെഞ്ചില്‍ തല ചായ്ച്ച് മക്കളാരോ ഉറങ്ങുന്നത് പോലെ

Deepa Bijo Alexander said...

"നിയോഗങ്ങള്‍ , നിരാസങ്ങളും ചേര്‍ന്നതാണല്ലോ

ഇപ്പോള്‍ നീറ്റല്‍ നെഞ്ചിനു പുറത്തല്ല അകത്തു കിടന്നാളുന്നു

തെല്ലുറങ്ങാം,സ്വപ്നങ്ങള്‍ എങ്കിലും നഷ്ടമാവാതിരിക്കട്ടെ "

മനസ്സിൽ തട്ടുന്ന വരികൾ...

jyo.mds said...

നന്നായിരിക്കുന്നു-മനസ്സിനെ സ്പര്‍ശിച്ചു.

ചേച്ചിപ്പെണ്ണ്‍ said...

ഒരു നിറകണ്‍ ചിരി ..... അല്ലെ ...
നന്നായിട്ടുണ്ട് ...
ഈ അച്ഛന് ഞാന്‍ വേരുകള്‍ അയച്ചുതരാം ....

Anonymous said...

athimanoharam

ഏ.ആര്‍. നജീം said...

അവധിക്ക് ഇനിയും രണ്ട് മാസമുണ്ട് അപ്പോഴേയ്ക്കും സകല മൂഡും കളഞ്ഞല്ലോ..
ഞാനും ഒരു പെണ്‍‌കുട്ടിയുടെ അച്ഛനായത് കൊണ്ടാവാം.. :)

എന്തായാലും ഈ തോന്നലാണ് കവിതയുടെ വിജയം.. അഭിനന്ദനങ്ങള്‍

jayanEvoor said...

നിനവുകള്‍... നൊമ്പരങ്ങള്‍....
എന്റെ വകയായും ഒരു നിറ കണ്‍ ചിരി കൂടി...!

ഹാരിസ്‌ എടവന said...

പ്രവാസമാണല്ലോ
നിറയെ

Kalam said...

Touching...