http://www.cyberjalakam.com

ജാലകം

Saturday, October 3, 2009

കൊച്ചു കൊച്ചു വലിയ കാര്യങ്ങള്‍

ഞായറാഴ്ച്ചകള്‍ ഒന്ന് കൊതി തീരെ ഉറങ്ങിയെഴുന്നെല്‍ക്കാനുള്ളതാണ് എന്നാണു സങ്കല്പം.

വൈകി എഴുന്നേറ്റു, അലസതയോടെ വേണ്ടതിലതികം സമയമെടുത്ത് പത്രം വായന , അടുക്കളയില്‍ ദോശ ചുടുന്ന ഭാര്യയോടു ചേര്‍ന്ന് നിന്ന് ദോശ ചൂടോടെ കഴിക്കുക. കുട്ടികളോടോത്ത് കളിക്കുക.

പിന്നെ ഓരോ ദിവസവും കാണുമ്പൊള്‍ ഞായറാഴ്ച ചെയ്യാമെന്ന് കരുതുന്ന വീട് വൃത്തിയാക്കല്‍, മുറ്റം വൃത്തിയാക്കല്‍, കൊച്ചു കൊച്ചു ഇലക്ട്രിക്‌ , പ്ലംബിംഗ് പണികള്‍ അങ്ങനെ പലതും . പിന്നെ ഇഷ്ട വിഭവങ്ങളൊരുക്കിയോരൂണും പിന്നെ ഉച്ചമയക്കവും.

ഇങ്ങനെ ഒക്കെയാവും ജോലിക്ക് പോകുന്ന ഭാര്യയും ഭര്‍ത്താവും സ്വപ്നം കാണുന്നത് .

പക്ഷെ യാഥാര്‍ത്ഥ്യത്തില്‍ ഇതെല്ലാം വ്യാമോഹങ്ങളാകുന്നു.

വളരെക്കുറച്ചു സ്വന്തക്കാരിലോ , ബന്ധു ജനങ്ങള്‍ക്കിടയിലോ ‍ മാത്രം ഒതുങ്ങേണ്ട പല ചടങ്ങുകളും വന്‍ സംഭവമാക്കി മാറ്റാന്‍ നോക്കുമ്പോള്‍ അല്ലെങ്ങില്‍ മാറി പോകുമ്പോള്‍ ചോറൂണ്, മാമോദീസ , ആദ്യ കുര്‍ബാന , പുര വാസ ബലി , പിറന്നാള്‍ , ഷഷ്ടി പൂര്‍ത്തി, വിവാഹ വാര്‍ഷീകം എന്ന് വേണ്ട പങ്കെടുക്കേണ്ട ചടങ്ങുകളുടെ പട്ടിക നീളുകയായി .

 അതും... കാത്തു കാത്തിരിക്കുന്നൊരു ഞായറാഴ്ചയില്‍ തന്നെ. ‍ അഞ്ചു പരിപാടികള്‍ വരെ കിട്ടിയ ഞായറാഴ്ച്ചകള്‍ വരെ ഒരു സാധാരണക്കാരനായ എനിക്കുണ്ടായിട്ടുണ്ട് . അപ്പോള്‍ പല മേഖലകളില്‍ പ്രശസ്തരായവരുടെ കാര്യം എന്താണോ ആവോ .

എന്ത് ചെയ്യാം പോയല്ലേ പറ്റൂ. ബൈക്കിന്റെ ഗതിയാണ് കഷ്ടം. ഭാര്യയും ഭര്‍ത്താവും കൂടാതെ മുന്നിലൊരു കുട്ടി , പിന്നിലൊരു കുട്ടി , പിന്നെ കുറെ ഗിഫ്റ്റ് പാക്കറ്റുകളും ..ഒരു മൊബൈല്‍  സൂപ്പര്‍ മാര്‍കെറ്റ്‌ .


അങ്ങനെ ഒരു ഞായറാഴ്ച്ചയെക്കൂടി സംഭവ ബഹുലമാക്കി കൊണ്ട് രണ്ടു ആഘോഷങ്ങള്‍ ആഗതമായിരിക്കുന്നു.  സുഹൃത്തുക്കളുടെ കുട്ടികളുടെതാണ് -ഒരു പേരിടലും, ഒരു പിറന്നാളും.


സ്കൂട്ടറിന്റെ സ്റ്റെപ്പിനി പോലെ ഏതിലെ പോയാലും അനിവാര്യതയായി പിന്തുടരുന്ന പ്രിയതമയുമായി അതിരാവിലെ ഒരിടത്തെത്തി .ആളുകള്‍ എത്തി തുടങ്ങുന്നതെ ഒള്ളു. ഇവിടെ ഹാജര്‍ വച്ചിട്ട് വേണം കുറച്ചു ദൂരെയുള്ള അടുത്ത ആഘോഷത്തില്‍ പങ്കെടുക്കാന്‍. സുഹൃത്തിന്റെ കല്യാണം കഴിഞ്ഞു മൂന്നു നാല് വര്‍ഷങ്ങള്‍ കാത്തിരുന്നുണ്ടായ കുട്ടിയായതിനാല്‍ കാര്യമായ പേരിടല്‍ ആഘോഷം തന്നെ.

വരുന്നവര്‍ പലരും പല പല സമ്മാനപ്പൊതികളും കൊണ്ട് കൊടുക്കുന്നുണ്ട് . കുഞ്ഞിന്റെ അമ്മ ചിരിച്ച മുഖത്തോടെ എല്ലാം വാങ്ങി ശ്രദ്ധയോടെ അടുക്കി വക്കുന്നുമുണ്ട്.


സുഹൃത്തിന്റെ ചേട്ടന്റെ രണ്ടു കുട്ടികള്‍ ഇതെല്ലാം കണ്ടു മിണ്ടാതെ നിക്കുന്നുണ്ട്. ഏകദേശം എട്ടും നാലും വയസ്സ് പ്രായമുള്ള രണ്ടു പെണ്‍ കുട്ടികള്‍. ഇളയവള്‍ക്ക് ചില സമ്മാനപ്പൊതികള്‍ തുറന്നു നോക്കണം എന്നുണ്ടെന്നു തോന്നി. അവളുടെ കൈകള്‍ ഓരോ സമ്മാനപ്പൊതിയിലും പരതുമ്പോള്‍ മൂത്തവള്‍ തടഞ്ഞു കൊണ്ടേയിരിക്കുന്നു.

ക്ഷമ നശിച്ചു ഒരു പാക്കെറ്റ് ഇളയവള്‍ പൊട്ടിച്ചു നോക്കാനൊരു ശ്രമം നടത്തി.

" അതൊക്കെ അവിടെ പൊട്ടിച്ചു നിരത്തല്ലേ , നിങ്ങള്‍ പുറത്തു പോയി കളിക്കിന്‍ പിള്ളേരെ "? ഇതൊക്കെയേ കുഞ്ഞാവക്കുള്ളതാ ..കേട്ടോ! - സുഹൃത്തിന്റെ ഭാര്യ

ഞാന്‍ പറഞ്ഞതല്ലേ നിന്നോട് എന്ന മട്ടില്‍ മൂത്തവള്‍ ഇളയവളെ നോക്കി . രണ്ടു പേര്‍ക്കും സങ്കടമുണ്ടെന്നു എനിക്ക് തോന്നി .

ഒരു സമ്മാനപ്പൊതിയെങ്കിലും അവര്‍ പ്രതീക്ഷിക്കുന്ന പോലെ .

തടിച്ച ശരീരവുമായി പൊട്ടി ചിരിച്ചു കൊണ്ടു വന്ന ഒരു സ്ത്രീ ഇളയവളെ നോക്കി കൊണ്ട് പറഞ്ഞു " നിനക്കല്ലേ മിണ്ടാന്‍ വല്യ ഗമ , ഞങ്ങക്കെ ഇനി കുഞ്ഞാവ ഇണ്ടല്ലോ.. അവള് നല്ലോണം വര്‍ത്താനം പറഞ്ഞോളും .. നിന്നെ ഇനി ആര്‍ക്കു വേണം .. കുറുമ്പി ..ഹ ഹ ഹ ഹ "

ഇളയവള്‍ക്കു കരച്ചില്‍ വരുന്നുണ്ടെന്ന് തോന്നി .. വല്ലാതെ അവഗണിക്കപ്പെട്ട പോലെ തോന്നിക്കാണും.. ഇത്ര കാലവും ഇവളായിരുന്നിരിക്കണം ഇവിടുത്തെ സ്റ്റാര്‍

പിന്നെയും ചിലര്‍ വന്നു പോകുന്നതും , കുട്ടികള്‍ അവരുടെ മുഖത്തേക്കും
സമ്മാനപ്പൊതികളിലേക്കും മാറി മാറി നോക്കുന്നതും ഞാന്‍ ഹാളിലിരുന്നു കാണുന്നുണ്ടായിരുന്നു.

അപൂര്‍വ്വം ചിലര്‍ അവരോടു കുശലം പറഞ്ഞു .

ചിലരൊക്കെ ആ തടിച്ച സ്ത്രീ പറഞ്ഞപോലെ "കൊച്ചച്ചനു കുഞ്ഞാവ ഉണ്ടായല്ലോ .. ഇനീപ്പോ നിന്നെ വേണ്ടല്ലോ .. " എന്നൊക്കെയുള്ള ചില കമെന്റുകള്‍ കുട്ടികളോട് പറയുന്നുമുണ്ടായിരുന്നു.

ഒരു സ്ത്രീ .... സുഹൃത്തിന്റെ നാട്ടുകാരി .. ബൈക്കില്‍ പോകുമ്പോള്‍ ചിലപ്പോള്‍ പശുക്കളുമായി... പുല്ലും കെട്ടുമായി ... വാഴക്കുലകളുമായി..അല്ലെങ്കില്‍ പാടത്തും പറമ്പിലുമുള്ള പണിക്കാര്‍ക്കുള്ള കഞ്ഞിയുമായി… ഒക്കെ റോഡിലൂടെ നടന്നു പോകുന്ന അവരെ ഞാന്‍ പല തവണ കണ്ടിട്ടുണ്ട് .

അവര്‍ കുഞ്ഞിനടുത്തെത്തി ..ആദ്യം മൂത്തയാളോട് എന്തോ കുശലം പറഞ്ഞു
പിന്നെ ഇളയവളോടും ..... അവളെ ചേര്‍ത്ത് പിടിച്ചു ഒരു ഉമ്മയും കൊടുത്തു .

പിന്നെ കയ്യിലിരുന്ന പാക്കെറ്റ് തുറന്നു മൂന്നു പാവകള്‍ പുറത്തെടുത്തു. മൂന്നു കരടി കുട്ടികള്‍ ..പിന്നെ അവ മൂന്നു കുഞ്ഞുങ്ങള്‍ക്കും സമ്മാനിച്ചു .

രണ്ടു കുട്ടികള്‍ക്കും എന്തെന്നില്ലാത്ത സന്തോഷം ... വലിയ വില പിടിപ്പുള്ളതോ, കുട്ടികളില്‍ കൌതുകമുണര്‍ത്തുന്ന എന്തെങ്കിലും പ്രത്യേകതയോ അതിനില്ലായിരുന്നു .

എങ്കിലും കുട്ടികള്‍ അവര്‍ക്ക് കിട്ടിയ ഏറ്റവും വില പിടിപ്പുള്ള സമ്മാനം പോലെ അതിനെ ചേര്‍ത്ത് പിടിച്ചു. പിന്നീട് മുറിക്കു പുറത്തോട്ടു പോയി . അവരുടെ അമ്മയെ കാണിക്കാന്‍ ആയിരിക്കണം എന്നെനിക്കു തോന്നി .

ഉന്നത വിദ്യാഭ്യാസവും , ലോക പരിചയവും ഒന്നും ഇല്ലാത്ത ഒരു സാധാരണ ഗ്രാമീണ കര്‍ഷക സ്ത്രീ . അവരുടെ വിവേകവും , ദീര്‍ഘവീക്ഷണവും , കുട്ടികളെ കൈകാര്യം ചെയ്ത രീതികളും എന്നെ അത്ഭുതപ്പെടുത്തി .

വിദ്യാ സമ്പന്നരെന്നു നടിക്കുന്നവര്‍ കാണാതെ പോകുന്ന കൊച്ചു കൊച്ചു വലിയ കാര്യങ്ങള്‍ . അതിലൊന്ന്‌ അവരെന്നെ പഠിപ്പിച്ചു .

44 comments:

ശാരദനിലാവ്‌ said...

വിദ്യാ സമ്പന്നരെന്നു നടിക്കുന്നവര്‍ കാണാതെ പോകുന്ന കൊച്ചു കൊച്ചു വലിയ കാര്യങ്ങള്‍ . അതിലൊന്ന്‌ അവരെന്നെ പഠിപ്പിച്ചു .

VEERU said...

എന്നാലും മാഷേ...സമ്മതിച്ചു തന്നിരിക്കുന്നു...താങ്കളുടെ നിരീക്ഷണ പാടവം..അതും പ്രത്യേകിച്ചാരും ശ്രദ്ധിക്കാൻ സാധ്യതയില്ലാത്ത കിളുന്തു പൈതങ്ങളെ..
പിന്നെ താങ്കൾ പറഞ്ഞപോലെ പലപ്പോളും വിവേകത്തോടെയും സ്നേഹത്തോടെയുമുള്ള ഇത്തരം പെരുമാറ്റങ്ങൾ തീർത്തും വിദ്യഭ്യാസം കുറഞ്ഞവരിൽ നിന്നും വളരെ അത്ഭുതത്തോടെ തന്നെ ഞാനും ശ്രദ്ധിച്ചിട്ടുണ്ട്..!!
അതു എല്ലാവർക്കും മുൻപിൽ തുറന്നു കാട്ടാനുള്ള ശ്രമത്തിനു ആശംസകൾ !!

ശാരദനിലാവ്‌ said...

വീരു ,
ഇളയ കുട്ടികളെ നമ്മള്‍ തലോലിക്കുമ്പോള്‍ അടുത്ത് നില്‍ക്കുന്ന മൂത്ത കുട്ടികളെ പലപ്പോഴും അവഗണിക്കുന്നു. മനപ്പൂര്‍വ്വമല്ല ..പക്ഷെ നാം ചിന്തിക്കുന്നില്ല .

നമ്മള്‍ തീരെ ചിന്തിക്കാതെ അവരോടു പറയുന്ന കമെന്റുകള്‍ അവരെ വല്ലാതെ വേദനിപ്പിക്കും. അവരും നമ്മുടെ വാത്സല്യം കൊതിച്ചു തന്നെയാണ് നില്‍ക്കുന്നത് . പ്രതേകിച്ചും പുതിയ കുഞ്ഞെത്തിയതോടെ തന്നോടുള്ള സ്നേഹം കുറയുമോ എന്നുള്ള ആശങ്കയില്‍.
അപ്പോഴാകട്ടെ നമ്മള്‍ അവരെ തലോടുന്നതിനു പകരം അവഗണിച്ചും, കുറ്റപ്പെടുത്തിയും മുറി വേല്‍പ്പിക്കുന്നു. മനപ്പൂര്‍വ്വമല്ല എങ്കില്‍ തന്നെയും
കുട്ടികളെ കുട്ടികളായി കാണാതെ സമപ്രായക്കാരെപ്പോലെ കണക്കിലെടുത്താണ് നാമുടെ പല പെരുമാറ്റങ്ങളും.
ഞാനിതൊക്കെ വളരെ വൈകിയാണ് മനസ്സിലാക്കിയത്. പല പാഠങ്ങളും സാധാരണക്കാരില്‍ സാധാരണക്കാരായവരില്‍ നിന്നും .

കണ്ണനുണ്ണി said...

ഇഷ്ടപ്പെട്ടു മാഷെ...
ഈ ചെറിയ സംഭവം മനോഹരമായി അവതരിപ്പിച്ചതിനും .... കുഞ്ഞു കാര്യങ്ങള്‍ ശ്രടിക്കുവാന്‍ മനസ്സില്‍ ഇത്തിരി ഇടം ഉണ്ടാക്കിയതിനും ....നന്ദി

കുക്കു.. said...

നല്ല പോസ്റ്റ്‌..!
ആശംസകള്‍..

ramanika said...

കുട്ടികളുടെ മനസ്സ് അതു കാണാന്‍ കഴിയണം, ആ സാധാരണ ഗ്രാമീണ കര്‍ഷക സ്ത്രീയെ പോലെ

നല്ല പോസ്റ്റ്‌ !

കുമാരന്‍ | kumaran said...

മനോഹരമായ വിവരണം. നല്ല പോസ്റ്റ്.

വയനാടന്‍ said...

സത്യം.
നമ്മളൊക്കെ കണ്ടു പഠിക്കേണ്ട കാറ്റ്യം. തികച്ചും വലിയ കാര്യങ്ങൾ തന്നെ. വളരെ നല്ല പോസ്റ്റ്‌.

ഷെയിക്ക് ജാസിം ബിന്‍ ജവാഹിര്‍ said...

ആശംസകള്‍.

Typist | എഴുത്തുകാരി said...

പല സ്ഥലത്തും കാണാറുണ്ടിതു്. പുതിയൊരു കുട്ടി വന്നു കഴിയുമ്പോള്‍, മൂത്തയാളോട് ഇനി ഞങ്ങള്‍ക്കു വാവയുണ്ടല്ലോ എന്നു കൂടക്കൂടെ പറയുന്നതു്. ആ കുഞ്ഞുമനസ്സു് ആരും കാണാറില്ല.

ശാരദനിലാവ്‌ said...

കണ്ണനുണ്ണി , കുക്കു , രമണിക, കുമാരന്‍ , വയനാടന്‍ , ഷേക്ക് ജാസീം .. നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി .

എഴുത്തുകാരി ...വളരെ ശരിയാണ് പറഞ്ഞത് ..

കുഞ്ഞു വാവക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ , പണ്ട് കിട്ടിയിരുന്ന പോലെ ഒരു ഉരുള ഉരുട്ടി അമ്മ തനിക്കും വായില്‍ വച്ചു തരുമെന്ന പ്രതീക്ഷയോടെ നില്‍ക്കുന്ന കടിഞ്ഞൂല്‍ പുത്രനോട് "പൊട്ടന്‍ നോക്കി നിക്കുന്ന കണ്ടില്ലേ .. കുഞ്ഞിനു കുറുക്കു കൊടുക്കുമ്പോ നോക്കി നിന്ന് , അതിനു കൊതി കിട്ടൂലോ..പോടാ അപ്പുറത്ത് .." എന്നൊക്കെ ചിന്തിക്കാതെ ചില അന്ധവിശ്വാസങ്ങളുടെ പുറത്തു പറഞ്ഞു പോകാറില്ലേ ..
അങ്ങനെ അവനെ വെറും കടിഞ്ഞൂല്‍ പൊട്ടനാക്കി മാറ്റും ..

ബിനോയ്//HariNav said...

നല്ല വിഷയം, നന്നായി പറഞ്ഞു മാഷേ. നന്ദി :)

പാവത്താൻ said...

വളരെ നല്ല വിഷയം.വലിയ കാര്യം തന്നെ.വിദ്യാഭ്യാസം കൊണ്ടു നഷ്ടപ്പെടുന്ന ചില കാര്യങ്ങള്‍ ആ കര്‍ഷക സ്ത്രീ കാട്ടിത്തന്നു. അഭിനന്ദനങ്ങള്‍ ഈ നല്ല നിരീക്ഷണത്തിനും എഴുത്തിനും. നന്ദി അല്പം കൂടി ശ്രദ്ധാപൂര്‍വ്വം പെരുമാറുവാന്‍ പഠിപ്പിച്ചതിന്.

ഹാഫ് കള്ളന്‍ said...

എനിക്കിഷ്ടായി ഈ പോസ്റ്റ്‌ .. എന്റെ അച്ഛനും അമ്മയും ഈ കാര്യം ശ്രദ്ധിച്ചിരുന്നു എന്ന് തോന്നുന്നു .. ഇപ്പൊ തിരിഞ്ഞു നോക്കുമ്പോള്‍ .. (താങ്ക്സ് അച്ഛന്‍ ആന്‍ഡ്‌ അമ്മ :) ) .. എന്റെ ഒരു ബന്ധുവിന്റെ പയ്യന്‍സ് ഒന്ടരുന്നു .. അനിയത്തി ഉണ്ടായപ്പോള്‍ എല്ലാരും അവനെ തഴഞ്ഞു കലിപ്പായി .. വന്‍ പ്രധിഷേധം .. ഒടുവില്‍ അവന്റെ അമ്മമ്മ വന്നു പുള്ളിക്കാരനെ സ്ഥലം മാറ്റുന്ന വരെ കാര്യങ്ങള്‍ നീങ്ങി .. ഒന്ന് ശ്രധിചിരുന്നെന്കില്‍ അതൊക്കെ ഒഴിവാക്കാമായിരുന്നു !

ഹാഫ് കള്ളന്‍ said...
This comment has been removed by the author.
ശ്രീ said...

വളരെ ശരിയാണ് മാഷേ. ഞാനും പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് ഇക്കാര്യം. ഒരു കുഞ്ഞ് ജനിച്ചാല്‍ ആ കുഞ്ഞിന്റെ മുതിര്‍ന്ന കുട്ടികളോട് ഇതു പോലുള്ള കമന്റുകള്‍ പറഞ്ഞ് അവരെ കളിയാക്കുന്നതിനോടാണ് ഭൂരിഭാഗം പേര്‍ക്കും താല്പര്യം. വിവേകത്തോടെ പെരുമാറുന്നവര്‍ ചുരുക്കം.

പോസ്റ്റ് നന്നായി.

khader patteppadam said...

ഓ..ഞായറാഴ്ച..വല്ലാത്തൊരു പേടി സ്വപ്നം തന്നെ. ആ ഗ്രാമീണ സ്ത്രീയുടെ ലാളിത്യം പോലെ സ്വച്ഛതയുടെ നുറുങ്ങു നേരങ്ങള്‍ക്കായി കൊതി തോന്നുന്നു.

കുഞ്ഞൻ said...
This comment has been removed by the author.
കുഞ്ഞൻ said...

മാഷെ..

ചെറിയ സംഭവങ്ങൾ,അത് ഭംഗിയായി അവതരിപ്പിക്കാനും അതിന്റെ തീക്ഷ്ണത നില നിർത്തിക്കൊണ്ട് തമാശ നിറഞ്ഞ രംഗങ്ങൾ സൃഷ്ടിക്കാനും മാഷിന് ഒരു പ്രത്യേക കഴിവ് തന്നെയാണ് ഇതിനുമുമ്പിൽ ഈയുള്ളവന്റെ പ്രണാമം.

അപ്പുവിന്റെ വീട് എന്ന സിനിമയിലെ പ്രമേയം കൂട്ടിവായിക്കപ്പെടേണ്ടതാണ്. എന്തായാലും കുട്ടികളുടെ സന്തോഷമാണ് വീടിന്റെ വെളിച്ചവും ഐശ്വര്യവും. ആ പാവക്കുട്ടികളെ സമ്മാനിച്ച സ്ത്രീ തികച്ചും അഭിനന്ദനങ്ങൾ അർഹിക്കുന്നവർ തന്നെ.

ശാരദനിലാവ്‌ said...
This comment has been removed by the author.
ശാരദനിലാവ്‌ said...
This comment has been removed by the author.
ശാരദനിലാവ്‌ said...

ബിനോയ്‌ ... അഭിപ്രായം സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു ..

പാവത്താന്‍ ... താങ്കളുടെ നന്ദി കൂടുതല്‍ അര്‍ഹിക്കുന്നത് ആ കര്‍ഷക സ്ത്രീയാണ് ..

ഹാഫ്‌ കള്ളന്‍ ... ഇവിടെ ദോഹയില്‍ ഉള്ള ഒരു സുഹൃത്തിന്റെ രണ്ടു കുട്ടികളില്‍ ഒന്‍പതു വയസ്സുള്ള മൂത്ത മകള്‍ അവളുടെ അമ്മക്കൊരു കത്തെഴുതി കൊടുത്തിരിക്കുന്നു ..
" മമ്മി ഐയാം യുവര്‍ ഡോട്ടര്‍ .. ഡോണ്ട് ഫോര്‍ഗെറ്റ്‌ ഇറ്റ്‌ ..യുവര്‍ ബിഹേവിയര്‍ ഫീല്സ് മി അയാം നോട്ട് "... അമ്മ ഞെട്ടിപ്പോയി .

ശ്രീ ... വളരെ സന്തോഷം ..

khader patteppadam .. സ്വച്ഛതയുടെ നുറുങ്ങു നേരങ്ങള്‍ ലഭിക്കട്ടെ എന്നാശംസിക്കുന്നു

Murali Nair I മുരളി നായര്‍ said...

ചെറുതുകളുടെ ദൈവം..........
ഗംഭീരമായി ശാരദെ........ഇങ്ങനെ നിരീക്ഷിക്കണം....
പിന്നെ വിദ്യാഭ്യാസം എന്ന് പറഞ്ഞാല്‍ എല്ലാം അല്ലല്ലോ അല്ലെ...

nalini said...

വളരെ നന്നായിട്ടെഴുതി കാര്യങ്ങൾ..
നിരീക്ഷണ പാടവം കൊള്ളാം
ഇനിയും എഴുതുക ആശംസകൾ !!

താരകൻ said...

നല്ല നിരീക്ഷണം...കുട്ടികളുടെ സൈക്കോളജി മനസ്സിലാക്കുവാനുള്ള സഹജാവബോധം കാണിച്ച അവരെ ഇങ്ങനെയൊരു പോസ്റ്റിലൂടെ അപ്രീഷ്യേറ്റ് ചെയ്തത് നന്നായി

Sukanya said...

വിദ്യാസമ്പന്നരെക്കാള്‍ പക്വതയാര്‍ന്ന പെരുമാറ്റം ഒരു സാധാരണ സ്ത്രീയില്‍ നിന്നുണ്ടായി. പലപ്പോഴും ഞാനും കണ്ടിട്ടുണ്ട്. അത് എടുത്ത്‌ കാട്ടിയത്‌ നന്നായി.

സ്വതന്ത്രന്‍ said...

ഒരു സിനിമയായാലും ,ചിത്രമായാലും ,കവിതയോ ,കഥയോ ,നോവലോ ആയാലും
വായിക്കുന്നവരുടെ മനസ്സില്‍ ചില മുറിവുകള്‍ അല്ലെങ്കില്‍ ചില ഓര്‍മപെടുത്തലുകള്‍
ഉണ്ടാക്കിയാല്‍ അവിടെ അതിന്റെ സൃഷ്ടാവ് വിജയിച്ചു .

ആ നിലയിലാണെങ്കില്‍ താങ്കളുടെ ഈ പോസ്റ്റ്‌ വിജയിച്ചു എന്നെനിക്കു ഉറപ്പിച്ചു
പറയാന്‍ കഴിയും .നന്നായിട്ടുണ്ട് .

ശാരദനിലാവ്‌ said...

കുഞ്ഞന്‍ മാഷേ .. താങ്കളുടെ ഈ അഭിപ്രായം അകൈതവമായ ആനന്ദം തരുന്നു ..
അനുമോദനത്തിലെ ഈ ധാരാളിത്തം താങ്കളുടെ ഹൃദയവിശാലത കൊണ്ടാണെന്ന് കരുതേണ്ടിയിരിക്കുന്നു ..

മുരളീ ...ശാരദെ എന്നൊക്കെ ഇത്ര സ്നേഹത്തില്‍ ഒരു ഇട്ടിക്കണ്ടപ്പന്‍ ആണായ എന്നെ വിളിക്കുമ്പോള്‍ ആകെ നാണിച്ചു പോകുന്നു .. അപ്പോള്‍ സ്ത്രീകളെ എത്ര സ്നേഹത്തിലും ഈണത്തിലും ആയിരിക്കും വിളിക്കുക എന്നോര്‍ക്കുമ്പോള്‍ താങ്കളുടെ ശ്രീമതി തീര്‍ച്ചയായും ഭാഗ്യവതി തന്നെ ...

ശാരദനിലാവ്‌ said...

നളിനി ... താങ്കളുടെ അഭിപ്രായങ്ങള്‍ക്ക് വളരെ സന്തോഷം

താരകന്‍ , സുകന്യ ..
തീര്‍ച്ചയായും ശരിയാണ് .. വിദ്യാഭ്യാസത്തിലൂടെ അറിവ് കിട്ടണമെന്നില്ല .. ഞാന്‍ സൈക്കോളജി തിയറികള്‍ ‍ കാണാപ്പാടം പടിചെഴുതിയവനാണ്.. പക്ഷെ യാഥാര്‍ത്ഥ ജീവിതത്തില്‍ അത് ഉപയോഗിക്കുന്നതെങ്ങിനെയാണെന്ന് ഒരു ഗ്രാമീണ സ്ത്രീയില്‍ നിന്നല്ലേ പഠിച്ചത് ..

സ്വതന്ത്രന്‍ ..നിങ്ങളുടെ ഈ ഓര്‍മ്മപ്പെടുതലുകള്‍ക്ക് നന്ദി ..

Jijo said...

കുഞ്ഞുമനസ്സുകളൂടെ നൊമ്പരങ്ങള്‍ അധികമാരും ശ്രദ്ധിച്ചു കാണാറില്ല. ഈ പറയുന്ന ഞാനും ചിലപ്പോഴൊക്കെ ചിന്തിക്കാതെ പെരുമാറാറുണ്ട്‌. എന്‌റ്റെ രണ്ടു മക്കള്‍ തമ്മില്‍ നാലു വയസ്സിന്‌റ്റെ വ്യത്യാസമുണ്ട്‌. മൂത്തവന്‍ കുട്ടിയാണെന്നത്‌ പലപ്പോഴും ഞാന്‍ മറന്നു പോകും. പിന്നീട്‌ ആലോചിക്കുമ്പോള്‍ കഷ്ടം തോന്നും.

ഈ കുറിപ്പിന്‌ നന്ദി. വളരെ ഇഷ്ടപ്പെട്ടു.

smitha adharsh said...

ദോഹക്കാരനാണല്ലേ? കണ്ടത്തില്‍ സന്തോഷം..
പോസ്റ്റ്‌ കലക്കി..ഞാന്‍ വീട്ടിലെ രണ്ടാമത്തെയും,ഇളയതും ആയ കുട്ടി ആയി ജനിച്ചത് കൊണ്ട് എന്റെ ചേട്ടന്‍ 'അടിച്ചു പൊളിച്ചു കലക്കി' കളഞ്ഞ സാധനങ്ങളെ എനിക്ക് കളിക്കാനും,ഉപയോഗിക്കാനും കിട്ടിയിട്ടുള്ളൂ..എനിക്ക് താഴെ ഒരെണ്ണം ഉണ്ടായാല്‍ അതിനെ റാഗ് ചെയ്തു ശരിയാക്കാന്‍ ഞാന്‍ കാത്തിരുന്നത് വെറുതെയായി,അങ്ങനെ ഒരു സംഭവം ഉണ്ടായില്ല.ആ നിരാശ ഇപ്പോഴും ഉണ്ട്..
അപ്പൊ,വീണ്ടും കാണാം മാഷേ.

abuakhif said...

ചില കാര്യങ്ങള്‍ ആ കര്‍ഷക സ്ത്രീ കാട്ടിത്തന്നു. ഇഷ്ടപ്പെട്ടു.അഭിനന്ദനങ്ങള്‍...

വീ കെ said...

വളരെ നല്ല നിരീക്ഷണം..
മറ്റാരും അത്ര പെട്ടെന്ന് ശ്രദ്ധിക്കാത്ത കാര്യമാണ് ഇത്തരം സന്ദർഭങ്ങളിൽ ആ വീട്ടിലെ മറ്റു കുഞ്ഞു കുട്ടികളുടെ കാര്യം..
ഞങ്ങളുടെ കണ്ണു തുറപ്പിച്ചതിന് നന്ദി.

ആശംസകൾ.

raadha said...

സത്യം, നമ്മള്‍ പലപ്പോഴും ശ്രദ്ധിക്കാന്‍ മറന്നു പോവുന്ന ചെറിയ ചെറിയ കാര്യങ്ങള്‍ എത്ര വലിയ പാടങ്ങളാണ് പഠിപ്പിക്കുന്നത് അല്ലെ? പോസ്റ്റ്‌ ഇഷ്ടപ്പെട്ടു.

unnimol said...

ee post valare ishttayi

pattepadamramji said...

പലരും കാര്യമാക്കാതെ കളി പോലെ ചിരിച്ചു തള്ളുന്ന ഒരു വലിയ കാര്യം അവതരിപ്പിച്ചത്‌ ഉചിതമായി. നന്നയി ഇഷ്ടപ്പെട്ടു.

അരുണ്‍ കായംകുളം said...

ചെറുതായി വിശദീകരിച്ചെങ്കിലും ഒരു വലിയ പാഠമാ മാഷേ:)

ശാന്തകാവുമ്പായി said...

കൊച്ചു കാര്യമല്ല.വലിയ കാര്യം തന്നെയാണ്‌ അവർ പഠിപ്പിച്ചത്‌.

റോസാപ്പുക്കള്‍ said...

വളരെ നല്ല ഒരു പോസ്റ്റ്

Sureshkumar Punjhayil said...

Valiyalokathile cheriya manushyar...!

Manoharam, Ashamsakal...!!!

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...
This comment has been removed by the author.
പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

അമ്മ പറയാറുണ്ട്..എന്നേക്കാള്‍ നാല് വയസ്സിനിളയ അനിയത്തിയെ കാട്ടില്‍ കൊണ്ട് കളയാന്‍ പറഞ്ഞു കുഞ്ഞു നാളില്‍ ഞാന്‍ കരയുമായിരുന്നത്രേ..ഇതൊക്കെയാവും കാരണം :)

ചേച്ചിപ്പെണ്ണ് said...

നല്ല കണ്ണുകള്‍ , താങ്കളുടെ ...

കാര്‍ത്ത്യായനി said...

showed d difference btw sight and vision....

gud one..best wishes...