http://www.cyberjalakam.com

ജാലകം

Sunday, September 27, 2009

ഉണ്ണി ജോസഫിന്റെ വൈതരണികള്‍

..........


കന്യകാസ്ത്രീ ആവാന്‍ മഠത്തില്‍ ചേര്‍ന്ന സോഫി ചേച്ചിയെ കെട്ടിപ്പിടിച്ചു കൊണ്ടുറങ്ങുന്ന ഒരു സുന്ദര സ്വപ്നത്തിലായിരുന്ന ഉണ്ണികുട്ടന്‍ അമ്മച്ചിയുടെ ഒച്ച കേട്ടാണ്‌ ഉണര്‍ന്നത് .. നോക്കിയപ്പോ സോഫി ചേച്ചിയില്ല .. കിടക്കപ്പായില്‍ താന്‍ മാത്രം


പശൂന്റെ കരച്ചില് കേട്ടാ.. ലിറ്റര്‍ കണക്കിന് പാലാ അകിട് ചുരന്നു ഒഴുകണേന്നു തോന്നും .. മിണ്ടാണ്ടവിടെ നിന്നോണം "


അമ്മച്ചീം പശൂം തമ്മിലുള്ള യുദ്ധം തുടങ്ങി . ഉണ്ണിക്കുട്ടന്റെ ഉറക്കം മുറിഞ്ഞു .

എന്നും ഇത് കേട്ടുകൊണ്ടാണ് ഉണ്ണി ജോസഫ്‌ എന്ന ഉണ്ണിക്കുട്ടന്‍ ഉറക്കമുണരുന്നത് .

പക്ഷെ കിടക്കപ്പായീന്നെണീക്കണേല്‍ അമ്മച്ചി ചായ ആറ്റുന്ന ശബ്ദം കേള്‍ക്കണം. അതാ അവന്റെയൊരു ശീലം ...


വയസ്സ് പത്തെ ആയിട്ടുള്ളൂ ...പോരെങ്കില്‍ രണ്ടു പെണ്‍ കൊച്ചുങ്ങള്‍ക്ക്‌ ശേഷം കാണാന്‍ കൊതിച്ചുണ്ടായ ആണ്‍കുട്ടിയും .

അതുകൊണ്ടെന്താ വീട്ടിലെ കരിനിയമങ്ങളില്‍ ഉണ്ണിക്കുട്ടന് കുറെ ഇളവുകള്‍ ഒക്കെയുണ്ട്.

"അര മുക്കാമണിക്കൂറ് വലിച്ചോണ്ടിരുന്നാ മൂന്നു ലിറ്റര്‍ പാലാ കിട്ടണേ... അതിനാ പുലര്‍ച്ചെ മൂന്നു മണിയാകുമ്പോ മൊതല് കെടന്നു തൊഴുതു പൊളിക്കണേ..."

അമ്മച്ചീടെ വായ ഇനിയൊന്നു അടയണേല്‍ പാതിരയാവും . അതുവരെ പശൂനോടോ, ഈ പാവം ഉണ്ണിക്കുട്ടനോടോ, അപ്പച്ചനോടോ , ആരും വീട്ടിലില്ലേല്‍ വളര്‍ത്തു കോഴിയോടോ , പട്ട്യോടോ, പൂച്യോടോ ഒക്കെ ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും.


"കള്ളിപ്പശു...പാല് ചൊരത്തെഡീ .നേരം കൊറേ ആയല്ലോ ഞാന്‍ ഈ വലി തുടങ്ങീട്ടു .. ഇത് കറന്നു കൊണ്ട് കൊടുത്തിട്ട് വേണം പലചരക്ക് കടേലെ പറ്റു തീര്‍ക്കണേല്‍ ....പിണ്ണാക്ക് .. ഓക്കെ..തവിട്.... ഇതൊന്നും ഇല്ലാണ്ട് നിനക്ക് വെള്ളം ഇറങ്ങൂലാല്ലോ.. ഈ ആഴ്ചത്തെ പറ്റു രൂപാ അഞ്ഞൂറാ .. നിനക്ക് ഇത് വല്ലോം അറിയണോ"


അമ്മച്ചി പശൂന് ചെലവിനു കൊടുക്കണതിന്റെ കണക്കു പറഞ്ഞു തുടങ്ങി . എന്തേലും ആത്മാഭിമാനം ഉള്ള പശുവാണേ പട്ടിണി കിടക്കത്തെയുള്ളൂ. അമ്മാതിരി കഴുത്തറപ്പന്‍ കണക്കല്ലേ അമ്മച്ചി പറയുന്നേ.


മൂത്ത ചേച്ചി സോഫി കന്യാസ്ത്രീ ആവാന്‍ മഠത്തില്‍ ചെര്‍നിരിക്കുവാ .. രണ്ടാമത്തെ ചേച്ചി ലിസി നഴ്സിങ്ങിന് പഠിക്കുന്നു. അതോണ്ട് അവര്‍ക്കിതൊന്നും കേള്‍ക്കണ്ട .

ഇത് മാത്രമല്ല വൈകിട്ട് അപ്പച്ചന്റെ കള്ളു കുടി കഴിഞ്ഞുള്ള ബഹളോം കാണണ്ട.

സോഫി ചേച്ചി മഠത്തില്‍ പോകാന്‍ തീരുമാനിച്ചപ്പോ മറ്റത്തിലെ കുര്യന്‍ ചേട്ടന്‍ ഉണ്ണിക്കുട്ടനോട് പറഞ്ഞു "എടാ ഉണ്ണി അവളോട്‌ പഠിക്കാന്‍ പോകാന്‍ പറ , എന്തോന്നിനു ഇപ്പോ മഠത്തില്‍ പോണു ..കുറച്ചു കാലം കാത്തിരിക്കാന്‍ ഞാന്‍ ‍ പറഞ്ഞെന്നു പറ"

പക്ഷെ ഉണ്ണികുട്ടന് സോഫി ചേച്ചിയോടത് പറഞ്ഞു മുഴുമിക്കാനായില്ല ..അമ്മച്ചി തൊട്ടു പിറകില്‍.

“ഞാന്‍‌ കാണണ്ടാരുന്നു പെണ്‍കൊച്ചിനെ കാണുമ്പോ അവന്റെ ഒരെളക്കം ..മൊട്ടേന്നു വിരിഞ്ഞിട്ടില്ല.. ഇനി വിരിഞ്ഞാ തന്നെ അവന്റെ അപ്പന്‍ മാത്തച്ചന്‍ ലക്ഷങ്ങള് കിട്ടാണ്ട്‌ ചെക്കനെ പെണ്ണ് കെട്ടിക്കോ. ഇവിടെ എന്തോന്നിരിക്കുന്നു എടുത്തു കൊടുക്കാന്‍.”

സോഫി ചേച്ചിയെ കാണാന്‍ നല്ല ചന്തം ഉണ്ടെന്നു എല്ലാരും പറയും . പക്ഷെ പഠിക്കാന്‍ മണ്ടിയാ. പള്ളീപ്പോണ വഴി അമ്മച്ചി കൂടെയില്ലേ ചെലരൊക്കെ മിണ്ടാനും പറയാനും വരും . ചേച്ചി പേടിച്ചിട്ടു മുഖം താഴ്ത്തും.

ലിസി ചേച്ചിയും സുന്ദരി തന്നെ .. പക്ഷെ ചിരിയും കളിയും ഒക്കെ തീരെ കുറവാ .. ആളു പാവമാണേലും എല്ലാവരോടും.. എല്ലാറ്റിനോടും ദേഷ്യോം , പകയും ഉള്ള പോലത്തെ പെരുമാറ്റമാണെന്ന് ലിസി ചേച്ചിയുടെ കൂട്ടുകാരികള്‍ തന്നെ പറയാറുണ്ട്‌ . അത് കൊണ്ട് ആരും ലിസി ചേച്ചി യോട് കിന്നാരം പറയാന്‍ വരത്തില്ല.


ലിസിചേച്ചിയെക്കാളും സ്നേഹോം സോഫി ചേച്ചിക്കാ. ഉണ്ണികുട്ടന്റെ ഉറക്കോം അന്നൊക്കെ സോഫി ചേച്ചീടെ കൂടെത്തന്നെ.

സോഫി ചേച്ചി ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോ അമ്മച്ചിയാ പറഞ്ഞെ. ഇനി തനിച്ചു കിടക്കണ്ടാ.. ഉണ്ണി കുട്ടനേം കൂടെ കിടത്താന്‍ ..

" അപ്പനെപ്പേടിച്ചു ജീവിക്കേണ്ട അവസ്ഥയാണല്ലോ എന്റെ കൊച്ചുങ്ങള്‍ക്ക്‌ കര്‍ത്താവേ .. ഇതൊക്കെ ആരോട് പറയാനൊക്കും . ആരെയേലും പിടിച്ചേപ്പിക്കണ വരെ കേടൊന്നും വരാതെ കാത്തോണേ കര്‍ത്താവേ " എന്നു പിറു പിറുക്കുന്നു മുണ്ടായിരിന്നു ..

“ഓരോ വായീനോക്കികള് പറയണ കേട്ടോണ്ട്‌ നടക്കാതെ നിനക്ക് പഠിക്കാനോന്നുമില്ലേ ഉണ്യെ?”

“നീ അടുക്കളേലോട്ട് ചെല്ല് മോളെ . അമ്മച്ചീടെ ഗതി നിനക്ക് വരരുതു .. അന്തസ്സായിട്ടു ജീവിച്ചു മരിക്കേങ്കിലും ചെയ്യാലോ ..”

ഉണ്ണിക്കൊന്നും മനസ്സിലായില്ല. സോഫിചേച്ചി നിറഞ്ഞു തുടങ്ങിയ കണ്ണുകള്‍ തുടച്ചുകൊണ്ട് അകത്തേക്ക് പോയി .

“ദൈവ വിളിയുണ്ടായ കൊച്ചിനെ ഓരോന്ന് പറഞ്ഞു ഇളക്കാന്‍ നടക്കാണ്‌.. എടാ ഉണ്ണി ഇനി അവനെ എങ്ങാന്‍ കണ്ടു മിണ്ടീന്നറിഞ്ഞാ നിന്റെ തൊട ഞാന്‍ പൊളിക്കും.!”

കുറെക്കഴിഞ്ഞു നോക്കിയപ്പോ അമ്മച്ചി നെല്ല് പുഴുങ്ങിക്കൊണ്ട് മുറ്റത്തെ അടുപ്പിനരികില്‍ തലകുനിച്ചിരിക്കുന്നു. മൂക്ക് പിഴിഞ്ഞ് ഉടുമുണ്ടില്‍ തേക്കുന്നുമുണ്ട് .

കരയുകയാണെന്ന് തോന്നീട്ട് ഉണ്ണികുട്ടന്‍ അടുത്ത് ചെന്നു..

"എന്താ അമ്മച്ചീ കരയണേ"?


"അത് കണ്ണീ  പൊക പോയിട്ടാ മോനെ “

പിന്നെ അമ്മച്ചി ഉണ്ണികുട്ടനെ ചേര്‍ത്തണച്ചു കൊണ്ടു പറഞ്ഞു . "നീ മൂത്തതായിരുന്നേല്‍ അമ്മച്ചിക്കെത്ര ആശ്വാസമായിരുന്നെടാ... എന്റെ കൊച്ചിന്റെ കണ്ണീരു കാണണ്ടായിരുന്നു.. "

"എന്റെ മോന്‍ നന്നായി പഠിക്കണം കേട്ടോ .. ലിസി ചേച്ചിയെ നഴ്സിങ്ങിന് വിട്ട പോലെ മോനേം വിടണ്ടേ ..? .. "

"മോന്‍ പോയി അപ്പന്‍ വന്നോന്ന് നോക്കിക്കേ .. കുടിച്ചു കൂത്താടി നാല് കാലിലായിരിക്കും വരവ് ..എന്റീശോയേ ഞാനെന്തു പാപം ചെയ്തു ഈ കുരിശു ചുമക്കാനും വണ്ണം .."

കണ്ണില്‍ പുക പോയിട്ടോന്നുമല്ല അമ്മച്ചി കരഞ്ഞതെന്നു ഉണ്ണിക്കു മനസ്സിലായി. അപ്പന്‍ കള്ളു കുടിച്ചു വന്നു വഴക്കുണ്ടാക്കുമ്പോ അമ്മച്ചിക്ക് പതിവുള്ളതാ ഈ കരച്ചില്‍ .

സോഫി ചേച്ചി മഠത്തില്‍ പോയ ശേഷം ശരിക്കും തനിച്ചായിപ്പോയപോലെ ഉണ്ണിക്കുട്ടന് തോന്നി . അല്ലേല്‍ രാവിലെ സോഫിചേച്ചിയാവും ഉണ്ണിക്കുട്ടനെ വിളിച്ചുണര്‍ത്തി ചായ കൊടുക്കുന്നത്. കൂടെ കെട്ടിപ്പിടിച്ചൊരു ഉമ്മയും . .

അതൊക്കെ ഓര്‍ത്തപ്പോള്‍ തന്നെ ഉണ്ണിക്കുട്ടന്റെ കണ്ണു നിറഞ്ഞു .. സോഫി ചേച്ചിയെ കാണാന്‍ വല്ലാത്ത ആശ തോന്നി .

അടുക്കളേല്‍ ചായ ഒഴിക്കുന്ന ഒച്ച കേട്ടപ്പോള്‍   ഉണ്ണി കുട്ടന്‍  ഇനി പായില്‍ നിന്നും എഴുന്നേറ്റു പോയേക്കാം എന്ന് തീരുമാനിച്ചു .

ചായകുടി കഴിഞ്ഞാ പിന്നെ സൊസൈറ്റിയില്‍ പാല് കൊണ്ട് പോകുന്നത് ഉണ്ണി കുട്ടന്റെ ജോലിയാണ് . പിന്നെ കുറച്ചു നേരം മൂരിക്കുട്ടീടെ കൂടെ കളിക്കും.

മൂരാച്ചി എന്നാണ് ഉണ്ണികുട്ടന്‍ പശുവിനിട്ടിരിക്കുന്ന പേര് .

അതിനു ഉണ്ണികുട്ടനെ തീരെ പിടിത്തമല്ല. കാണുമ്പോഴേ തല കുലുക്കി കൊണ്ട് വരും . അത് കൊണ്ടാണ് ഉണ്ണി ഈ പേര് തന്നെ ഇട്ടിരിക്കുന്നത് .


പക്ഷെ മൂരാച്ചിയുടെ കാള കുട്ടിയും ഉണ്ണിയും വല്യ സ്നേഹത്തിലാണ് .

അവന്‍ ഉണ്ടായിട്ടു ആറു മാസമായിക്കാനും . കപ്പേള പ്പെരുന്നാളിന്റെ പിറ്റേന്ന് ഉണ്ടായതാ. അമ്മച്ചിക്ക് വല്യ സങ്കടമായി ..പശു കുട്ടി ഉണ്ടായില്ലെന്നും പറഞ്ഞ്..

ഇതൊക്കെയാണ് ഉണ്ണിക്കു മനസ്സിലാവാത്തത് .. മനുഷ്യര്‍ക്ക്‌ ആണ്‍കുട്ടിയുണ്ടായാ സന്തോഷം , പക്ഷെ പശുക്കള്‍ക്ക് കൂറ്റന്‍ കിടാവുണ്ടായാ  സങ്കടം .. എന്തോ ...ഓരോ കാര്യങ്ങള്‍ ..ആരോട് ചോദിക്കാനാ..

ചോദിച്ചാ പറയും " പിള്ള വായില് വല്യ വല്യ കാര്യങ്ങളാണല്ലോ ... നിനക്ക് പഠിക്കാനോന്നുമില്ലേ .അതിലൊരു സംശയോം ഇല്ലേ ?... " എന്നൊക്കെയാവും മറുപടി

വല്യമ്മച്ചീം വല്യപ്പച്ചനും പെരുനാള് കൂടാന്‍ വന്നപ്പോ കളിപ്പാട്ടം വാങ്ങാന്‍ തന്ന കാശ് കൊണ്ട് ഉണ്ണികുട്ടന്‍ മൂരികുട്ടിക്കൊരു മണി മേടിച്ചു കഴുത്തില്‍ കെട്ടി കൊടുത്തു . പള്ളിപ്പറമ്പിന്നു വാങ്ങിയതാ.

മണി കെട്ടിയെപ്പിന്നെ അവന്‍ മൂരിക്കൊരു പേരും ഇട്ടു "മണികണ്ഠന്‍"

അമ്മച്ചി പറഞ്ഞു "ഉണ്ണികുട്ടാ അത് ഹിന്ദുക്കളുടെ പേരല്ലേ" ..

"അമ്മച്ചീ നന്ദന്‍ പറഞ്ഞത് കഴുത്തില്‍ മണികെട്ടിയവന്‍ എന്നാ അതിന്റെ അര്‍ഥം എന്നാണല്ലോ
 ഉണ്ണിക്കുട്ടന്റെ ഉറ്റ ചെങ്ങാതിയാണ് ..നന്ദന്‍ ..


അമ്മച്ചിക്ക് ഉത്തരം മുട്ടി .. " ആ നന്ദന്റെ കൂട്ട് കൂടി നടന്നോ .. അവന്‍ പഠിച്ചു നല്ല മാര്‍ക്ക് വാങ്ങും ..നീയോ ? ഉണ്ണിക്കു ദേഷ്യം വന്നു ....ഇതാണ് കുഴപ്പം ..എന്ത് പറഞ്ഞാലും ഒടുവില്‍ പഠിത്തത്തില്‍ കൊണ്ടെത്തിക്കും.

" മണികണ്ഠന്‍ ആയാലും കിണികണ്ഠന്‍ ആയാലും പാല് കുടി മാറിയാ പിടിച്ചു കൊടുക്കാനുള്ളതാ..." അമ്മച്ചി പറഞ്ഞത് കേട്ട് ഉണ്ണികുട്ടന്‍ ഞെട്ടിപ്പോയി

"വേണ്ടമ്മച്ചി.. അത് പാവല്ലേ .. അതിനെ നമുക്ക് വളര്‍ത്തി വല്യ മൂരിയാക്കാം.. എന്നിട്ട് പശൂനെ ചവിട്ടാന്‍ കൊണ്ട് വന്ന മൂരിയെപ്പോലാക്കാം .. അപ്പൊ നമുക്ക് കാശ് കിട്ടൂലെ അമ്മച്ചി " ഉണ്ണി കുട്ടന്‍ യാചിച്ചു ..

" എന്താ ഈ ചെക്കന്‍ പറയണേ .. ഇതിനെ എന്ത് പറഞ്ഞാ മാതാവേ മനസ്സിലാക്കുന്നെ .. എടാ ചെക്കാ അത് നമുക്ക് പറ്റിയ പണി അല്ല ..ഇതിനെ വല്ല ഇറച്ചി വെട്ടുകാരും കൊണ്ട് പോയ്‌ അറത്തോളും ..ഹല്ലാ പിന്നെ കൂറ്റന്‍ ക്ടാവിനെ അല്ലെ വളര്‍ത്തുന്നെ.."

"അയ്യോ അമ്മച്ചി പശൂനേം കാളേം കൊന്നാല് വൈതരണീ കടക്കാന്‍ പറ്റില്ല ..അപ്പൊ നമക്ക് സ്വര്‍ഗ്ഗത്തില്‍ പോകാന്‍ പറ്റൂല. "

"എന്തോന്ന്, എന്തോന്ന് ? "

"അമ്മച്ചീ സ്വര്‍ഗ്ഗത്തില്‍ പോണ വഴി വൈതരണീന്നു പറയണ ഒരു നദീണ്ട് ... നെറച്ചും തീയാ അതീ കൂടെ ഒഴുകണേ .. പശുക്കളാ ആളോളെ അക്കരെ കടത്തി വിടണേ .. പശൂനേം കാളേം ഒക്കെ കൊല്ലണവരേം തിന്നണ വരേം പശുക്കള് അക്കരെ കടത്തില്ല ..അപ്പൊ അവര്‍ക്ക്
സ്വര്‍ഗ്ഗത്തീ പോകാന്‍ പറ്റൂല്യാ.., നന്ദന്‍ പറഞ്ഞതാ ഇതോക്കെ " ഉണ്ണിക്കുട്ടന്‍ വിശദീകരിച്ചു

" ങാഹാ... ആ  ചെക്കന്റെ കൂടെ കൂടി ഇതൊക്കെയാ പഠിത്തം . . .. അതൊക്കെ അവര്‍ക്ക് പറഞ്ഞിട്ടുള്ളതാ .. നമുക്കേ...അങ്ങനെയൊന്നുമില്ല .. ഒരു കഥേം കൊണ്ട് വന്നേക്കുന്നു.. പൊക്കോണം എന്റെ മുന്നീന്ന്..


പിന്നെ തൊണ്ടയിടറിക്കൊണ്ടു പറഞ്ഞു  "നിന്റെ അപ്പന്‍ കൂടെ ഇണ്ടാവാണ്ടിരുന്നാ ഏതു നരകോം നിക്ക് സ്വര്‍ഗ്ഗാ. ഇതിലും വല്യ വൈതരണി ഏതാ ഒള്ളെ ."


പിന്നെ രണ്ടു മാസം കൂടെ കഴിഞ്ഞു ഒരു ദിവസം സ്കൂള്‍ വിട്ടു ഉണ്ണികുട്ടന്‍ വന്നപ്പോ കാള കുട്ടിയെ കാണാനില്ല.

ഒരു മണി അനാഥമായി ഇറയത്തു കിടക്കുന്ന കണ്ടപ്പോള്‍ മണികണ്ഠനെ ഇറച്ചി വെട്ടുകാരന്‍ കൊണ്ട് പോയെന്ന് ഉണ്ണി കുട്ടന് മനസ്സിലായി.


വൈകിട്ടത്തെ കട്ടന്‍ കാപ്പീം ചക്ക ഉലത്തീതും ഉണ്ണിക്കുട്ടന്‍ കഴിച്ചില്ല .. എന്തോ കളഞ്ഞു പോയ പോലെ .. കാള കുട്ടിയെ കുറിച്ച് ഓര്‍ക്കുംതോറും അവനു സങ്കടം കൂടി കൂടി വന്നു ....

അതിന്റെ നെറ്റിയിലെ വെളുത്ത ചുട്ടിയും , മുന്‍ കാലിലെ മുട്ടിന്‍ മേല്‍ വാച്ച് കെട്ടിയ പോലുള്ള വെള്ള പാടും ഓര്‍മ്മയില്‍ തെളിഞ്ഞു നില്‍ക്കുന്നു .


"ഉണ്ണി കുട്ടാ ഇങ്ങനെ വിഷമിക്കാണ്ട് ഇന്റെ മോന്‍ വന്നു വല്ലോം കഴിക്ക്... അമ്മച്ചിക്കാ വല്യ കാളകുട്ടീനെ വലിച്ചോണ്ട് നടക്കാന്‍ വയ്യാഞ്ഞിട്ടല്ലേ .. ഇങ്ങട്ട് പിടിച്ചു വലിച്ചാ ഇരട്ടി ശക്തീല് അങ്ങട്ട് വലിക്കും ..


പിന്നെ ആ കിട്ടിയതീന്നു ലിസിചേച്ചിക്ക് കൊറച്ചു രൂപാ അയച്ചു കൊടുക്കാലോ . അതവിടെ കാശില്ലാണ്ട്‌ ഞെരുങ്ങിയാ കഴിയണേ.


പറ്റിയാ മഠത്തില്‍ വരെ ഒന്ന് പോയി സോഫീനേം കാണാലോ .സോഫീനെ കാണാന്‍ പോകുമ്പോ വല്ല പലഹാരങ്ങളൊക്കെ മേടിച്ചോണ്ട് പോകാം . കൂടാതെ ചെരിപ്പും , സോപ്പും , ബ്രെഷും ഒക്കെ വേണംന്ന് അവള് പറഞ്ഞേരുന്നു ..


അവിടുത്തെ മദറിനും വല്യ സിസ്റര്‍മാര്‍ക്കും ഇടയ്ക്കു ചെല്ലുമ്പോ പലഹാരങ്ങളൊക്കെ കൊണ്ട് കൊടുത്താ അവള്‍ക്കു വല്ല പരിഗണനേം കിട്ടിയാലോ എന്ന് വച്ചിട്ടാ ..


ഇന്റെ മോളെ അവിടെട്ട് കഷ്ടപ്പെടുതാണ്ടിരുന്നാ മതിയാര്‍ന്നു .. എന്തൊക്കെയാ ഇപ്പോ കേള്‍ക്കണേ ... ഇ‍ന്റെ കര്‍ത്താവേ അവിടുത്തെ മണവാട്ടിയാവണ്ടവളല്ലേ അവള് .. നീ തന്നെ കാത്തോളണേ

ചേച്ചിമാര്‍ക്ക് ആ കാശ് ഉപകാരപ്പെടുമെന്നറിഞ്ഞപ്പോള്‍ ഉണ്ണി കുട്ടനൊരു ചെറിയ സന്തോഷം തോന്നി .

പിറ്റേന്ന് സ്കൂളില്‍ പോയി വരുന്ന  വഴി ഒരു പെട്ടി ഓട്ടോയില്‍ നാലഞ്ചു കാള ക്ടാക്കളെ കയ്യും കാലും കൂട്ടി കെട്ടി അങ്ങാന്‍ വയ്യാത്ത രീതിയില്‍ ഇട്ടിരിക്കുന്നു .

അതിലൊരെണ്ണം മണികണ്ഠനെപ്പോലെ നെറ്റിയില്‍ ച്ചുട്ടിയുള്ളത് . ഉണ്ണിക്കുട്ടന്റെ നെഞ്ചില്‍ ഒരാന്തലുയര്‍ന്നു. അവനു കരച്ചില്‍ വന്നു .

കൂടെയുണ്ടായിരുന്ന നന്ദനെ അത് കാണിച്ചു കൊടുത്തപ്പോഴേക്കും ഉണ്ണി കുട്ടന്‍ കരഞ്ഞു പോയി .

പെട്ടി വണ്ടിക്കടുത്തു നിന്ന് കാശ്‌ എണ്ണുന്ന ഇറച്ചി വെട്ടുകാരന്റെ ഉണ്ട കണ്ണും , മുഖത്തെ ക്രൌര്യവും കണ്ടപ്പോള്‍ ഉണ്ണിക്കുട്ടന് ഭയം തോന്നിയെങ്കിലും അവന്‍ വണ്ടിക്കരികിലെത്തി.

"ഈ കാളക്കുട്ടി …. മണികണ്ഠന്‍…എന്റെതാ .. ഇതിനെ എനിക്ക് വേണം .." അവന്‍ മെല്ലെ മണികണ്ഠനെ തലോടി .

പക്ഷെ അവന്‍ അനങുന്നെ ഇല്ല . കണ്ണുകള്‍ തുറിച്ചിരിക്കുന്നു.


"കൊണ്ട് പോയിട്ട് എന്തിനാണാവോ ? വളര്‍ത്താനാ.. " ഇറച്ചി വെട്ടുകാരന്‍ പുശ്ച സ്വരത്തില്‍ ചോദിച്ചു.


പിന്നെ ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു "എടാ ചെക്കാ അത് കൊറേ മുന്പെങ്ങാണ്ട് ചത്ത്‌ കെടക്കുന്നതാ.


നാളെ വെട്ടി മുറിച്ചു തൂക്കിയിടുമ്പോ നീ വേണേല്‍ ഒരു കിലോ വാങ്ങി കറി വച്ച് കഴിച്ചോ ...ഹ ഹ ഹ .. ചത്ത കാള കുട്ടീനെ വളര്‍ത്തണോത്രെ .. പോടാ..പോ.. .. സമയം കളയാതെ .."

പകച്ചു പോയ ഉണ്ണിക്കുട്ടനെ നന്ദന്‍ വന്നു പിടിച്ചു വലിച്ചു കൊണ്ട് പോയി .

വഴി നീളെ നന്ദന്‍ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു " ഉണ്ണി നീ വിഷമിക്കല്ലേ .. എന്റെ വീട്ടിലെ അമ്മിണിപ്പശു പേറടുത്തു നില്‍ക്കുന്നുണ്ട്‌ . അവള് പ്രസവിക്കുമ്പോ നിനക്ക് അതിന്റെ കുട്ടിയെ കളിപ്പിക്കാലോ .. നീ കരയല്ലേ "


ഉണ്ണിക്കുട്ടന് വിശപ്പും ദാഹവും ഇല്ലാതായി .. രാത്രി അമ്മച്ചിയോടൊപ്പം പ്രാര്‍ത്ഥന എത്തിച്ചപ്പോ അവനു ഈശോയോടു പോലും ദേഷ്യം തോന്നി .

ഉറക്കത്തില്‍ അവനെ നന്നായി പനിച്ചു .. സ്വപ്നത്തില്‍ അവന്‍ മണികണ്ഠന്റെ കൂടെ കളിക്കുകയായിരുന്നു .

പിന്നെ അവനെ കാണാതായി . തെരഞ്ഞു ചെന്നപ്പോള്‍ ഇറച്ചിക്കടയില്‍ മരവിച്ച കണ്ണുകളുമായി അവന്റെ നെറ്റിയില്‍ വെളുത്തചുട്ടിയുള്ള തല മുറിച്ചു വച്ചിരിക്കുന്നു .

"അയ്യോ അമ്മച്ചീ..അയ്യോ .." അവന്‍ ഞെട്ടി എണീറ്റു.

അമ്മച്ചി വന്നു നോക്കിയപ്പോള്‍ പൊള്ളുന്ന പനി ..അപ്പോഴും അവന്‍ തേങ്ങുന്നുണ്ടായിരുന്നു

അമ്മച്ചീ ഇന്റെ മണികണ്ഠന്‍.. അവനെ കൊന്നമ്മച്ചീ ... ഞാന്‍ കണ്ടു ..അമ്മച്ചീ ഞാന്‍ കണ്ടു

അമ്മച്ചി ഉണ്ണിക്കുട്ടനെ പൊതിഞ്ഞു പിടിച്ചു..പിന്നെ തെരു തെരെ ഉമ്മ വച്ചു " ഇന്റെ പൊന്നു മോനെ ... അമ്മച്ചിയോട്‌ പൊറുക്കെടാ "


അപ്പോഴും ഇതൊന്നുമറിയാതെ ഉണ്ണിക്കുട്ടന്റെ അപ്പച്ചന്‍ മദ്യ ലഹരിയില്‍ ഉറക്കത്തില്‍ക്കിടന്നു ഞരങ്ങുന്നുണ്ടായിരുന്നു.



…………….

26 comments:

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ബ്ലോത്രം ഓണപ്പതിപ്പില്‍ വന്ന കഥ ...

വിവാഹ പ്രായമെത്തിയ പെണ്‍കുട്ടികളുടെ മാനം
മദ്യപാനിയും, ദുര്‍നടപ്പുകാരനുമായ അവരുടെ പിതാവില്‍ നിന്നും രക്ഷിക്കാന്‍ പാട് പെടേണ്ടി വന്ന ഒരമ്മയെ എനിക്കറിയാമായിരുന്നു ....

നീണ്ടു മനോഹരമായ കണ്ണുകളും ,
നുണക്കുഴി കവിളുകളുമായി
ജീവിതത്തെക്കുറിച്ച് ഏറെ സ്വപ്നങ്ങള്‍ നെയ്ത
അതീവ സുന്ദരിയായിരുന്ന..വീട്ടിലെ സാഹചര്യങ്ങള്‍ മൂലം കന്യാകാസ്ത്രീ ആകേണ്ടി വന്ന എന്റെ സ്കൂള്‍ മേറ്റ്‌ ..,

വിറ്റു കളഞ്ഞ തന്റെ കാള കുട്ടിയെ ടൌണില്‍ ഒരു പാണ്ടി ലോറിയില്‍ നിന്നും മറ്റൊരു ചെറു വണ്ടിയിലേക്ക് വലിച്ചെറിയുന്ന കണ്ടു പൊട്ടിക്കരഞ്ഞ എന്റെയൊരു കോളേജ് മേറ്റ്‌

ഇവര്‍ക്കെല്ലാം ഈ കഥ സമര്‍പ്പിക്കുന്നു ...

ramanika said...

ഉണ്ണിയും മണികണ്ടന്നും അമ്മച്ചിയും ആ വീട്ടിലെ അവസ്ഥയും മനസ്സില്‍ ഒരു നൊമ്പരമായി നില്‍ക്കുന്നു
വളരെ ഇഷ്ടപ്പെട്ടു

കണ്ണനുണ്ണി said...

ആ മൂരികുട്ടന്റെയും അവനെയോര്‍ത്തു കരയുന്ന ഉണ്നിക്കുട്ടന്റെയും ഒക്കെ മുഖം മനസ്സില്‍ വരുന്നു... :(

Anil cheleri kumaran said...

ഉണ്ണിക്കുട്ടനു വേണ്ടി ഒരിറ്റു കണ്ണുനീര്‍.. മനോഹരമായ കഥ.

Unknown said...

നല്ല കഥ...

ash said...

ജീവനുള്ള കഥാപാത്രങ്ങള്‍ ... നല്ല കഥ... ആശംസകള്‍ ....

വീകെ said...

പല പെൺകുട്ടികളുടേയും ദൈവ വിളി ഇങ്ങനെയൊക്കെ തന്നെയാവും...?!
സ്വന്തം അഛനേയും സഹോദരങ്ങളേയും വരെ പേടിച്ചു ജീവിക്കേണ്ട അവസ്ഥ....!

കഥ അടിപൊളി ആയീട്ടൊ...

ആശംസകൾ.

മുരളി I Murali Mudra said...

നന്നായി ശാരദെ....നമുക്ക് ചുറ്റുമുള്ള കഥാപാത്രങ്ങള്‍ തന്നെയാണ്..എന്നാലും മനസ്സില്‍ തട്ടും വിധം അവതരിപ്പിച്ചു..ഉണ്ണിക്കുട്ടന്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്നു..(ബ്ലോത്രത്തില്‍ വായിച്ചതാണ്...എന്നാലും ഇവിടെ കമന്റ്‌ ചെയ്യണമെന്നു തോന്നി..)

VEERU said...

പതിവു പോലെ രസകരം സുനിലേ...ഹൃദയത്തിൽ തൊടുന്ന ഭാഷ ഇനിയുമിനിയും കഥകളിലൂടെ കേൾക്കാൻ കത്തിരിക്കുന്ന
നിന്റെ സുഹൃത്ത്.

Maya Sajeev said...

നന്നായി മോളെ ശാരദെ, ആ തൂലികക്ക് ദീര്ഘായുസ്സ് നേരുന്നു !

കുളക്കടക്കാലം said...

ലളിതമായ ഭാഷയില്‍ മനോഹരമായ അവതരണം. ഇങ്ങനെ എത്രയോ നേര്‍കാഴ്ച്ചകള്‍ നമുക്കിടയില്‍.....ഇല്ലാത്ത പുകയില്‍ ,ഇല്ലാത്ത കരടുകളില്‍ കലങ്ങി നിറയുന്ന അമ്മമാരുടെ കണ്ണുനീര്‍ ...സഭാവസ്ത്രങ്ങളില്‍ വിലങ്ങുവയ്ക്കപ്പെട്ട ജീവിത സ്വപ്‌നങ്ങള്‍....

നന്നായി

അരുണ്‍ കരിമുട്ടം said...

ഒരുപാട് പേരുടെ സങ്കടങ്ങളാണ്‌ ഈ കഥ അല്ലേ?
നന്നായിരിക്കുന്നു

Muralee Mukundan , ബിലാത്തിപട്ടണം said...

കൊള്ളാം ,നൊമ്പരങ്ങലുടെ ഒരു കൂമ്പാരം..
അവതരണം നന്നായിരിക്കുന്നു.

hshshshs said...

മാഷേ ങ്ങടെ എയ്ത്ത് പണ്ടേ മ്മക്കിട്ടാണ്..ഇയ്യിടെ ഞമ്മളെയ്തിയ കബിതേല് നാലു വരി ങ്ങക്കായി മാറ്റിബെച്ചട്ട്ണ്ട്..ബായിച്ച് ബിവരം പറയൂലേ?

കാട്ടിപ്പരുത്തി said...

നന്നായി പറഞ്ഞിട്ടുണ്ട്- പക്ഷെ ഇടക്കൊരോര്‍മക്കുറിപ്പാവുകയും ചെയ്യുന്നുവെന്നു മാത്ര്ം - ഒന്ന് ശ്രദ്ധിച്ചാല്‍ തീരുന്ന പ്രശ്നമെയുള്ളൂ.

ഒരു നുറുങ്ങ് said...

കഥ കൊള്ളാം..
മനസ്സ് തൊട്ടു,നാടെങ്ങും ഇതുതന്നെ വലിയ ദുരന്തം!
ഓണനാളില്‍ കുടിച്ചുപൂസായവര്‍,ദൈവനാട്ടിനൊരു
റിക്കാര്‍ഡ് നേടിത്തന്നില്ലേ!

Jayesh/ജയേഷ് said...

good one

വയനാടന്‍ said...

മനസ്സിൽ തട്ടി സുഹ്രുത്തേ എഴുത്ത്‌
:):)

അഭി said...

ഉണ്ണിക്കുട്ടനും , വീട്ടിലെ പ്രശ്നങ്ങള്‍ മൂലം മഠത്തില്‍ ചേര്‍ന്ന സോഫിയും എല്ലാം മനസ്സില്‍ ശരിക്കും പതിഞ്ഞുപോയി . എവിടെ ഒക്കെയോ കണ്ട മുഖങ്ങള്‍

ഇഞ്ചൂരാന്‍ said...

nalla tuching aya kadha ...

sunil bhai, valare nannayirikkunnu...
ashamsakal

പ്രദീപ്‌ said...

മാഷേ , മനുഷ്യന്‍റെ പ്രശ്നങ്ങളെ നോക്കികാണാന്‍ കഴിയുന്ന നിങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു . ഇഷ്ടപെട്ട പുസ്തകങ്ങളുടെ ലിസ്റ്റ് കണ്ടപ്പോള്‍ തന്നെ ഞാന്‍ പ്രതീക്ഷിച്ചു , നല്ല കഥകള്‍ ആയിരിക്കുമെന്ന് .

നിങ്ങള്‍ ഈ പോസ്റ്റ്‌ , സമര്‍പ്പിച്ചില്ലേ നിങ്ങളുടെ ജീവിതത്തില്‍ കണ്ട രണ്ടു സുഹൃത്തുക്കള്‍ക്ക് . ? ഞാനും സമര്‍പ്പിക്കട്ടെ ഒരാള്‍ക്ക് വേണ്ടി .????
ഇന്ന് നിങ്ങളുടെ നാട്ടില്‍ നിന്ന് ഒരു പാവപ്പെട്ട പെണ്‍കുട്ടി എന്നെ ഫോണ്‍ ചെയ്തു .( എന്‍റെ കൂട്ടുകാരിയുടെ കൂട്ടുകാരി ,) അവള്‍ യു കെ വരാനായി ഏജന്റിനു പണം കൊടുത്തു. പക്ഷെ പറ്റിക്കപെടലിന്റെ വക്കത്ത് നില്‍ക്കുന്നു .
അതേ കുറിച്ചു അന്വേഷിക്കാന്‍ വേണ്ടിയാണ് എന്നെ വിളിച്ചത് .
എന്നേ കൊണ്ട് ആകാവുന്നത് ഞാന്‍ ചെയ്തു .
ഒരു പാവപ്പെട്ട കൂലിപ്പണിക്കാരന്റെ മകള്‍ . അവളേ കൂട്ടികൊണ്ട് പോയി ഏജന്റിനോട് സ്ട്രോങ്ങ്‌ ആയി സംസാരിക്കാന്‍ പോലും ആരുമില്ല .
ഒത്തിരി പറയാനുണ്ട് . വേണ്ട .
നിങ്ങള്‍ എഴുതൂ , നല്ല കഥകള്‍ ഇനിയും

നീര്‍വിളാകന്‍ said...

മനുഷ്യ മനസ്സുകള്‍ക്കുള്ളിലേക്ക് കടന്നു ചെന്നു പെറുക്കിയെടുത്ത ഒരു കഥ... വള്രെ മനോഹരം... അഭിനന്ദനങ്ങള്‍!


എന്റെ പേജുകളും സന്ദര്‍ശിക്കൂ...

http://keralaperuma.blogspot.com/

http://neervilakan.blogspot.com/

★ Shine said...

നല്ല കഥ... ആശംസകള്‍ ....

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

കമെന്റുകള്‍ തീര്‍ച്ചയായും സന്തോഷം തരുന്ന ഒന്നാണ് . വിലയിരുത്തലുകള്‍ കൂടി ഉണ്ടാകുമ്പോള്‍ അത്യധികം സന്തോഷം. ഞാന്‍ എഴുതുന്നത്‌ തീരെ ബോറല്ലെന്നു കേള്‍ക്കുമ്പോള്‍ വീണ്ടും എഴുതാന്‍ തോന്നുന്നു .

ഈ പോസ്റ്റു വായിച്ച എല്ലാവരെയും എന്റെ സന്തോഷവും നന്ദിയും അറിയിക്കുന്നു

അരുണ്‍ said...

കൊള്ളാം വളരെ നന്നായിട്ടുണ്ട്..ഇത്രെയും കാര്യങ്ങള്‍ കോര്‍ത്തിണക്കിയല്ലോ...ആശംസകള്‍...

Unknown said...

ithupoloru kadha (omanakuttan) enikku 5thil padikanundayirunnu. karanju poyi vayichu kazhinjappo.