http://www.cyberjalakam.com

ജാലകം

Sunday, March 15, 2009

കിളി മന്ജാരോയിലെ രാപ്പകലുകള്‍ - ഭാഗം ഒന്ന്


ഉദയ് ഗുരുന്ഗ് എന്ന സുന്ദരനായ ചെറുപ്പക്കാരനും അവന്റെ അതിമനോഹരമായ ഗ്രാമവും

കിളിമന്ജാരോ ........

അതായിരുന്നു ആ ഗ്രാമത്തിന്റെ പേര് . അതീവ സുന്ദരമായ ഒരു ഗ്രാമം . കൊടൈക്കനാലിലെതു പോലുള്ള കാലാവസ്ഥ . മലനിരകളില്‍ നിന്നും മൂടല്‍മഞ്ഞിറങ്ങി വന്നു നമ്മെ തഴുകി കുളിരും , തണുപ്പും ചൊരിഞ്ഞു , സമീപ ദ്രിശ്യങ്ങളെപോലും കാഴ്ചയ്ക്ക് അപ്പുറത്തെക്കാക്കി തെല്ലിട ഒരു സങ്കോചത്തോടെ നിന്ന് പിന്നെ ഒരിന്ദ്രജാലക്കാരന്റെ കൈവഴക്കത്തോടെ എല്ലാം പഴയ മട്ടാക്കി , ആരിതിങ്ങനെ ചെയ്തെന്നു വിസ്മയിപ്പിച്ചു കൊണ്ട് വേണ്മേഘതുണ്ടുകള്‍ പോലെ ഒഴുകിപ്പോകുന്ന അവാച്യസുന്ദരമായ മായക്കാഴ്ചകള്‍. പ്രകൃതി അവളുടെ മാസ്മരീക ഭാവം കൊണ്ട് ,കാണികളെ കൌതുകത്തിന്റെ ഉന്നത ശ്രിന്ഗങ്ങളിലേക്ക് ആനയിച്ചു , അവനെ തന്റെ നിത്യ ദാസനാക്കി മാറ്റുന്ന കേളീരംഗം . അതായിരുന്നു കിളിമന്ജാരോ എന്ന ഗ്രാമം .


ആന്ധ്രാപ്രദേശിന്റെ ഒരു ഉള്‍നാടന്‍ ഗ്രാമമായിരുന്നു കിളിമന്ജാരൊ. "നീല മാങ്ങകളുടെ നാട് " എന്നാണത്രേ അതിന്റെ അര്‍ഥം . . ഞാന്‍ അവിടെ ചെന്ന കാലം മാമ്പഴക്കാലമല്ലായിരുന്നു . അതുകൊണ്ട് തന്നെ ആ സുന്ദര ഗ്രാമത്തിനു ഇത്ര മനോഹരമായ പേര് സമ്മാനിച്ച, ആ നീല മാമ്പഴങ്ങളെ കാണാനോ, രുചിക്കാനോ എനിക്ക് ഭാഗ്യമുണ്ടായില്ല . നീല മാങ്ങകളുണ്ടാകുന്ന വന്‍മാവുകള്‍ കണ്ടു ഞാന്‍ തല്ക്കാലം തൃപ്തിയടഞ്ഞു .


ഏറ്റവും രസകരവും , അത്ഭുതവുമായി എനിക്കനുഭവപ്പെട്ടത്‌ , അവിടെ ഞാന്‍ കാണുകയും , പരിചയപ്പെടുകയും ചെയ്തവയെല്ലാം തന്നെ ഒരു മുത്തശ്ശിക്കഥപോലെ അവിശ്വസനീയവും , ആകംഷാഭരിതവുമായിരുന്നു. ഞാനവിടെ ചെന്ന് പെട്ടതോ അതിലേറെ ആകസ്മീകവും, സംഭ്രമജനകവും.


യഥാര്‍ത്ഥത്തില്‍ എനിക്ക് ഗുല്‍ബര്‍ഗിനാണ് പോകേണ്ടിയിരുന്നത്‌ . അവിടെ ഒരു നേഴ്സിംഗ് കോളേജിലാണ് ഞാന്‍ അന്ന് പഠിച്ചിരുന്നത് . ബി എ ഇംഗ്ലീഷ് സാഹിത്യവും , പിന്നെ ഒരു രണ്ടു വര്‍ഷം ബോംബയില്‍ ജോലിയും , വീണ്ടും നാട്ടില്‍ തിരിച്ചെത്തി എം എ സോഷ്യോളാജിയും കഴിഞ്ഞു വെറുതെ ഇരിക്കുമ്പോള്‍ തോന്നിയ ഒരു പൂതി . നാട്ടില്‍ മിക്കവാറും പേര്‍ നേഴ്സിങ്ങിനു പോകുന്നു . എന്നാല്‍ പിന്നെ പോയേക്കാം എന്ന് ഞാനും കരുതി . യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വരുന്ന പണക്കൊഴുപ്പും , പിന്നെ അവിടുത്തെ ജീവിതത്തോടുള്ള ഒടുങ്ങാത്ത ഭ്രമവും എന്നെ അവിടെ കൊണ്ടെത്തിച്ചു എന്ന് പറയുന്നതാവും കൂടുതല്‍ ശരി .

ഗുല്‍ബര്‍ഗിനു ഒരു നൂറു കിലോമീറ്റെര്‍ ഇപ്പുറത്ത് വച്ചാണെന്ന് തോന്നുന്നു ബസ് കടന്നു പോയ്കൊണ്ടിരുന്ന ടൌണില്‍ നക്സലൈറ്റ് ആക്രമണമുണ്ടായത് . നേരം നന്നേ ഇരുട്ടിയിരുന്നു . ആരൊക്കെയോ ഓടുന്നു , എല്ലാവരോടും രക്ഷപെട്ടോളാന്‍ ആരൊക്കെയോ വിളിച്ചു പറയുന്നു . അലര്‍ച്ചയും , വെടിയൊച്ചയും, ആക്രനന്ദനങ്ങളും എല്ലാം ചേര്‍ന്ന് ഭീതിതമായ അന്തരീഷം . ഞാന്‍ മയക്കത്തില്‍ നിന്നുണര്‍ന്നു . ബസില്‍ എന്റെ സഹായത്രികനായിരുന്നവന്‍ എന്റെ കൈക്ക് പിടിച്ചു വലിച്ചു കൊണ്ടോടി . എന്താണ് സംഭവിക്കുന്നത്‌ എന്ന് എനിക്ക് മനസ്സിലായി വരുന്നതെ ഉണ്ടായിരുന്നുള്ളൂ .

ബസ് വന്ന ദിശയിലേക്ക് തന്നെ ഞങ്ങള്‍ തിരിഞ്ഞോടി . സ്റ്റാര്‍ട്ട് ചെയ്യാന്‍ തുടങ്ങിയ ഒരു ചരക്കു ലോറിക്കാരനോട് എന്റെ സഹയാത്രികന്‍ എന്തോ ചോദിക്കുന്ന കേട്ടു . ഭാഷ എനിക്ക് മനസ്സിലായില്ല, അവന്‍ ലോറിയുടെ പിന്നില്‍ കയറി, കൂടെ എന്നെയും വലിച്ചു കയറ്റി . ഉരുള ക്കിഴങ്ങിന്റെ ഒഴിഞ്ഞ വലിയ ചാക്ക് കെട്ടുകള്‍ക്കു മീതെ ഞങ്ങള്‍ കയറിക്കിടന്നു . വീതി കൂടിയ ടാര്‍ പോളിന്‍ കൊണ്ട് പുതച്ചു ഭയന്ന് വിറച്ചു കഴിഞ്ഞു കൂടി . എനിക്കുള്ള പോലെ ഭയമോ , പരിഭ്രമമോ അവനില്‍ കണ്ടില്ല . എനിക്ക് ചിരി വന്നു . കൂടെ ചിന്തയും .കുറച്ചു മുന്‍പ് എയര്‍ കണ്ടിഷന്‍, പുഷ് ബാക്ക് സീറ്റ് ലക്ഷ്വറി ബസ്സില്‍ കിടന്നുറങ്ങിയിരുന്ന ഞാന്‍ , ഇതാ ഇപ്പോള്‍ ഒരു പരിച്ചയവുമില്ലാത്ത ഏതോ ഒരു പരദേശിയോടൊപ്പം ഒരു ചരക്കു ലോറിയില്‍ ടാര്‍ പോളിനും പുതച്ചുറങ്ങുന്നു . മനുഷ്യന്റെ അവസ്ഥകള്‍ എത്ര പെട്ടെന്നാണ് മാറി മറയുന്നത് . ഓട്ടവും , ബഹളവും എല്ലാം കൂടി എന്നെ അവശനാക്കിയതുപോലെ , എനിക്ക് വല്ലാതെ ഉറക്കം വന്നു . പിന്നെ ഗാഡ നിദ്ര . ഇതെന്റെ മാത്രം പ്രത്യേകതയാണ് . എന്റെ കൂട്ടുകാരിലോ, വീടുകാരിലോ കാണാത്ത പ്രത്യേകത . എന്തെകിലും വിഷമം വന്നാല്‍ പിന്നെ ഉറക്കത്തിന്റെ അളവ് കൂടും . സാധാരണ ആളുകള്‍ക്ക് മനസ്സിന് വിഷമം വന്നാല്‍ ഉറക്കം തീരെ കുറയുമെന്നാണ് കേട്ടിരിക്കുന്നത് . എനിക്കെന്നാല്‍ അത്തരമൊരു അവസ്ഥയില്‍ ഉറക്കം തന്നെ ഉറക്കം .


ഉദയ് ഗുരുന്ഗ് , അതായിരുന്നു എന്റെ സഹയാത്രികനും , സഹശായിയും, എല്ലാറ്റിലുമുപരി എന്റെ രക്ഷകനുമായിരുന്ന അവന്റെ പേര് . കണ്ടാല്‍ ഒരു ഇരുപതു വയസ്സിനോടടുത്തു പ്രായം തോന്നും , സുമുഖനായ , ഭംഗിയായി വസ്ത്രം ധരിച്ച ഒരു ചെറുപ്പക്കാരന്‍ . തൂവെള്ള കുര്‍ത്തയും , പൈജാമയും ആണ് ധരിച്ചിരിക്കുന്നത്‌ . നിഷ്കളങ്കമായ, ആര്‍ക്കും പ്രിയം തോന്നുന്ന, ചാരുതയാര്‍ന്ന പുഞ്ചിരി.

" എന്താ ഇങ്ങനെ മിഴിച്ചു നോക്കുന്നത് , എഴുന്നേല്‍ക്കൂ .. ഞാന്‍ നിങ്ങള്‍ ഉണരാന്‍ കാത്തിരിക്കുക യായിരുന്നു. കുറച്ചു കൂടി കഴിഞ്ഞാല്‍ എന്റെ ഗ്രാമമെത്തി , ഇനി പേടിക്കാനില്ല . എന്നെ ഒരു നല്ല സുഹൃത്തായി കാണാം . " ഹിന്ദിയും ഇംഗ്ലീഷും കൂട്ടി കലര്‍ത്തി അവന്‍ പറഞ്ഞു .

ഞാന്‍ ചെറുതായി ഒന്ന് പുഞ്ചിരിച്ചു.. നേരം നന്നേ പുലര്‍ന്നിരിക്കുന്നു ... തലേന്ന് സംഭവിച്ചതെല്ലാം മെല്ലെ ഓര്‍ക്കാന്‍ ശ്രമിച്ചു . സത്യത്തില്‍ ബസ്സില്‍ വച്ച് പരസ്പരം ഒരു പുഞ്ചിരി കൈമാറിയതല്ലാതെ കാര്യമായൊന്നും ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിരുന്നില്ല . പിന്നെ ഞങ്ങള്‍ മെല്ലെ കുശലം പറയാന്‍ തുടങ്ങി .

അവന്റെ ഗ്രാമമെത്തി , തലയില്‍ വിവിധ വര്‍ണങ്ങള്‍ നിറഞ്ഞ തലേകെട്ടുള്ള, തടിയന്‍ ലോറി ഡ്രൈവറോട് അവന്‍ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു . പിന്നീട് പരസ്പരം തലയില്‍ മൂക്ക് ചേര്‍ത്ത് കൊണ്ട് അവര്‍ പിരിഞ്ഞു . അതാണവരുടെ അഭിവാദന രീതി എന്ന് ഞാന്‍ പിന്നീടറിഞ്ഞു . തമ്മില്‍ കാണുമ്പോഴും , പിരിയുമ്പോഴും ശിരസ്സില്‍ മണക്കുന്ന ഒരു ആചാരം .


ഞാന്‍ ചുറ്റും നോക്കി , ഹരിതഭംഗി വഴിഞ്ഞൊഴുകുന്ന മനോഹരമായ പ്രദേശം . കുന്നുകള്‍, മലകള്‍, പച്ച പുതച്ച മരങ്ങള്‍ , പൂക്കള്‍ , സുഗന്ധ വാഹിയായ കാറ്റ് , ആകെ ഒരു മൂന്നാര്‍, മറയൂര്‍ ലുക്ക് ഉള്ള ഗ്രാമം . റോഡു മാത്രം പൊട്ടി പ്പോലിഞ്ഞു കല്ലുകള്‍ ഇളകി , ദുര്‍ഘടമായ കഠിന കണ്ട കാകീര്‍ണ്ണം .


ഹിന്ദിയും ഇംഗ്ലീഷും ചേര്‍ത്ത് ഉദയ് ധാരാളം സംസാരിച്ചുകൊന്ടെയിരുന്നു . പുട്ടിനു തേങ്ങ ചേര്‍ക്കുന്ന പോലെ ഇടയ്ക്കിടയ്ക്ക് ചിരിച്ചു കൊണ്ടുള്ള അവന്റെ സംസാരം വളരെ ആകര്‍ഷകമായിരുന്നു . ഒരു പല്ല് അല്‍പ്പം നിരതെറ്റിയിരുന്നത് അവന്റെ ചിരിയെ കൂടുതല്‍ മനോഹരമാക്കി. കണ്‍ പോളകളില്‍ ധാരാളം കറുത്ത നിബിഡമായ കണ്‍ പീലികള്‍. മിഴി ചിമ്മുമ്പോള്‍ കാറ്റു പൊഴിയുന്നപോലെ. പുരികകൊടികള്‍ വില്ല് പോലെ വളഞ്ഞു ചാരുതയോടെ. ഇതെല്ലാം അവന്റെ നിഷ്കളങ്ക മുഖത്തിന്‌ ഒരു ചെറിയ ഒരു സ്ത്രൈണ ഭാവം ഉളവാക്കിയിരുന്നു . ഇവന് ഇതുപോലൊരു സഹോദരിയുണ്ടെങ്കില്‍ അവള്‍ എത്ര സുന്ദരിയായിരിക്കും എന്ന് ഞാന്‍ ഓര്‍ത്തു .


ഒരു സുന്ദരി ഒരു പക്ഷെ എന്നെ കാത്തു ഈ കിളിമന്ജാരോ യിലും കാണും എന്നെന്റെ മനസ്സ് പറഞ്ഞു . അല്ലെങ്കിലും ഓരോ യാത്രകളാണ് എനിക്ക് പ്രിയപ്പെട്ട സഖികളെ നേടി തന്നിട്ടുള്ളത് , ചിലപ്പോള്‍ സ്നേഹിതകള്‍ , ചിലപ്പോള്‍ പ്രണയിനികള്‍ , ചിലപ്പോള്‍ കാമിനികള്‍ . ഒരു കൊടൈക്കനാല്‍ ടൂറിലൂടെ അപര്‍ണാ മാധവന്‍, തന്ചാവൂരെന്ന ശില്പനഗരത്തിലെ രതീശില്പം വാസവി , മുംബൈയിലെ കോകില സെന്‍ , കാഞ്ഞിരപ്പള്ളിയിലെ മായാ മാത്യു ..


" എന്താ ഒരു ഗാഡമായ ആലോചന , എന്നെ പറ്റിയോ , ഈ ഗ്രാമത്തെ പറ്റിയോ " ഒന്ന് കൊണ്ടും പേടിക്കെണ്ടന്നെ " ഉദയ് എന്നെ ചിന്തകളില്‍ നിന്നും ഉണര്‍ത്തി .

ഇനി എന്ത് എന്ന മട്ടില്‍ ഞാന്‍ അവനെ നോക്കി .

അവന്‍ എന്നെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു . നമ്മളിപ്പോ പട്ടണത്തില്‍ നിന്നും വളരെയേറെ ദൂരെയാണ് . പ്രശ്നങ്ങള്‍ ഒതുങ്ങും വരെ ഇവിടെ തങ്ങുക . ഒരാഴ്ചക്ക് ശേഷം ഈ ലോറിക്കാരന്‍ തന്നെ ഗുല്‍ ബര്‍ഗ്ഗിനു ഇരുപതന്ച്ചു കിലോമീറ്റര്‍ അടുത്തുവരെയുള്ള ടൌണിലേക്ക് ലോഡുമായി പോകുന്നുണ്ട് . അക്കൂടെ പോകാം . എന്റെ കുടുംബ വീട് ഒഴിഞ്ഞു കിടക്കുന്നുണ്ട്‌ , അതുവരെ നമുക്ക് അവിടെ താമസിക്കാം . എനിക്കൊമൊരു കൂട്ടായല്ലോ . മറ്റു യാതൊരു നിര്‍വാഹവുമില്ലാത്തതിനാല്‍ എനിക്കത് സമ്മതിക്കേണ്ടി വന്നു . പിന്നെ ഈ ഗ്രാമത്തെ കുറിച്ചു കൂടുതല്‍ അറിയാന്‍ എനിക്കും ഒരു ഇഷ്ടം തോന്നി . എന്നിലെ സോഷ്യോളജിക്കാരന്‍ ഉണര്‍ന്നു . ആന്ത്രോപോളജിക്കാരന്‍
ജിജ്ഞാസുവായി .

ഞാന്‍ അവന്റെ സഹായ മനസ്തിതിക്ക് നന്ദി പറഞ്ഞു. തികച്ചും അപരിചിതനായ ഒരാള്‍ക്ക്‌ , ഒരു അന്യ ദേശക്കാരന്‍, അന്യ ഭാഷക്കാരന്‍ ചെയ്തു തരുന്ന ഈ സഹായത്തിനു എങ്ങനെ നന്ദി പറഞ്ഞു തീര്‍ക്കും എന്ന് ചിന്തിക്കുമ്പോഴും എന്റെയുള്ളില്‍ ഭയാശങ്കകളുടെ കാര്‍മേഘ ങ്ങള്‍ ഉരുണ്ടു കൂടുന്നുണ്ടായിരുന്നു . അപരിചിതനായ എന്നോട് കാണിക്കുന്ന ഈ ദയാവായപില്‍ ഇവന് എന്തെകിലും നിഗൂഡ പദ്തതികള്‍ ഉണ്ടായിരിക്കുമോ ......???. അങ്ങനെയും ചില അനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ടായിരുന്നു ... അതെന്നെ ആശങ്കാകുലനും , ചിന്താഭരിതനുമാക്കിതീര്‍ത്തു

തുടരും .....

6 comments:

അനില്‍ശ്രീ... said...

കിളിമഞ്ജാരോ ടാന്‍സാനിയയിലെ കൊടുമുടി അല്ലേ?... അത് ആന്ധ്രയിലും ഉണ്ടോ?... ഏതായാലും കുറച്ച് അസ്വാഭാവികത തോന്നുമെങ്കിലും എഴുതിയിടത്തോളം ഇഷ്ടമായി.

തുടരട്ടെ

Unknown said...

jaaano nnum parayu nniilla

ചങ്കരന്‍ said...

കഥയോ അനുഭവമോ? എന്തായാലും കിടിലമാകുന്നുണ്ട്, തുടരൂ.

കുഞ്ഞന്‍ said...

മാഷെ,

ചെറുകഥ എന്ന ലേബലില്‍ കൊടുത്തിട്ട് വായിക്കുമ്പോള്‍ അനുഭവകഥ പോലെ തോന്നുന്നല്ലൊ..!! തുടര്‍ന്നുള്ള ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു...

ഇഞ്ചൂരാന്‍ said...

മലനിരകളില്‍ നിന്നും മൂടല്‍മഞ്ഞിറങ്ങി വന്നു നമ്മെ തഴുകി കുളിരും , തണുപ്പും ചൊരിഞ്ഞു , സമീപ ദ്രിശ്യങ്ങളെപോലും കാഴ്ചയ്ക്ക് അപ്പുറത്തെക്കാക്കി തെല്ലിട ഒരു സങ്കോചത്തോടെ നിന്ന് പിന്നെ ഒരിന്ദ്രജാലക്കാരന്റെ കൈവഴക്കത്തോടെ എല്ലാം പഴയ മട്ടാക്കി , ആരിതിങ്ങനെ ചെയ്തെന്നു വിസ്മയിപ്പിച്ചു കൊണ്ട് വേണ്മേഘതുണ്ടുകള്‍ പോലെ ഒഴുകിപ്പോകുന്ന അവാച്യസുന്ദരമായ മായക്കാഴ്ചകള്‍. പ്രകൃതി അവളുടെ മാസ്മരീക ഭാവം കൊണ്ട് ,കാണികളെ കൌതുകത്തിന്റെ ഉന്നത ശ്രിന്ഗങ്ങളിലേക്ക് ആനയിച്ചു , അവനെ തന്റെ നിത്യ ദാസനാക്കി മാറ്റുന്ന കേളീരംഗം . അതായിരുന്നു കിളിമന്ജാരോ എന്ന ഗ്രാമം .
ഒറ്റയടിക്ക് വായിച്ചാല്‍ ശ്വാസം മുട്ടി ചാവൂലോ മാഷെ .??????
എന്തായാലും നന്നായിട്ടുണ്ട് , തുടര്‍ന്നുള്ള ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു .
ഭാവുകങ്ങള്‍ .

ശ്രീ said...

അനുഭവ കഥ തന്നെയല്ലേ? തുടരൂ