http://www.cyberjalakam.com

ജാലകം

Thursday, August 20, 2009

ഓര്‍മ്മകള്‍ക്കെത്ര... സുഗന്ധം .. എന്‍ ആത്മാവിന്‍... നഷ്ട സുഗന്ധം ..

ചിങ്ങപ്പുലരികളുടെ ദീപ്ത സ്മരണകള്‍ മനസ്സിന്റെ ചില്ല് ജാലകങ്ങളില്‍ ഗൃഹാതുരതയുടെ നനുത്ത മഞ്ഞു പകരുമ്പോള്‍ രണ്ട് ഓണക്കിളികള്‍ ചിറകടിചെത്തി. അവ ജാലക വാതില്‍ തുറന്നു അകത്തെക്കെത്താനുള്ള വ്യഗ്രതയില്‍ ചിറകടിച്ചു കൊണ്ടേയിരിക്കുന്നു.

മറവിയെന്ന സ്വയം കൃതമായ ജാലക വിരികള്‍ വകഞ്ഞ് മാറ്റി, സ്മ്രിതിയുടെ ചില്ല് ജാലകങ്ങള്‍ ഞാന്‍ അവര്‍ക്കായ്‌ മലര്‍ക്കെ തുറന്നിട്ടു.

വല്ലാത്ത തേജസ്വോടെ ജ്വലിച്ചു നിന്ന് , ഭസ്മ ധൂളികളില്‍ സുഗന്ധം ബാക്കി വച്ച് എരിഞ്ഞടങ്ങുന്ന കര്‍പ്പൂരം പോലെ

ശ്രീദേവിയും , നന്ദിനിയും ആമുഖങ്ങളില്ലാതെ ഹൃതടതിലേക്ക് കടന്നു വന്നു .. നന്നേ കറുത്ത കൃശ ഗാത്രികളായ രണ്ടു പെണ്‍ കുട്ടികള്‍ .. ചന്തം കുറഞ്ഞ എന്നാല്‍ ചുറു ചുറുക്കും പ്രസന്നതയും വേണ്ടുവോളമുള്ളവര്‍ ... ഞങ്ങളുടെ കുട്ടികാലത്തെ ഓണ നാളുകളുടെ ഒരു പിടി ഓര്‍മ്മകളുമായെതിയിരിക്കുന്നു...

" അതേയ് ഞാനൊരു സ്ഥലം കണ്ടു പിടിച്ചൂലോ....എന്തോരം കൊങ്ങിണി പൂക്കളാന്നോ, ചോപ്പും , മഞ്ഞേം, വെള്ളേംണ്ട്.. ആരോടും പറയൂലാ" ശ്രീദേവി ഞങ്ങളുടെ പൂ പറിക്കാന്‍ പോകുന്ന സംഘത്തോട് പ്രഖ്യാപിക്കുന്നു.

"എന്നാ ഞാനും കണ്ടെണ്ട് ഒരേടം, എന്തോരം തങ്കരളി പൂവാന്നോ , പിന്നെ കാക്കപ്പൂവും , കാക്കര്‍ണാന്‍ പൂവുംണ്ട്. കൊങ്ങിണി പ്പൂ കാട്ടി തന്നാ ഇതും കാട്ടി തരാം" നന്ദിനിയുടെ ഓഫര്‍

"അത് വേണ്ട മോളെ .. നീ ചുമ്മാ നോണ പറയാ .. ഞാന്‍ പറയില്യാ.. " ശ്രീദേവിക്കത്ര വിശ്വാസം പോര ..

ഞങ്ങള്‍ പത്തു പന്ത്രണ്ടു പേരുണ്ട് .. ആണും പെണ്ണും ..പല പ്രായക്കാരായിട്ട്..പൂ പറിക്കാന്‍ ആരുടെ കൂടെ പോകണം എന്ന സംശയത്തിലായി.

തല്‍ക്കാലം സാധാരണ പോകാറുള്ള ഇടങ്ങളിലേക്ക് പോകാന്‍ തീരുമാനമായി. തോട്ടുവായില്‍ ധാരാളം കൃഷിയിടങ്ങളുണ്ട് ..പല പേരുകളില്‍ അറിയപ്പെടുന്നവ . ഈ പൂവിറുക്കല്‍ സംഘം മെല്ലെ അങ്ങോട്ട്‌ നീങ്ങി ..

ഈറ്റ കൊണ്ട് പനമ്പ് നെയ്യുമ്പോള്‍ ബാക്കി വരുന്ന പേപ്പളി കൊണ്ട് ഉണ്ടാക്കുന്ന പൂക്കൂടയും, പൊക്കം കുറഞ്ഞ ഇനത്തിലുള്ള മുളയായ അമയില്ലി കൊണ്ടുണ്ടാക്കിയ ചെറിയ തോട്ടിയും എല്ലാവരുടെയം കയ്യിലുണ്ട് .

ചില പയ്യന്‍സ് ഈ പൂക്കൂടക്കും, മുളന്തോട്ടിക്കും ഒപ്പം ബട്ടന്‍ പോയ നിക്കറിനെ ഒരു കൈ കൊണ്ട് മുറുക്കിപ്പിടിച്ചും, മൂക്കൊലിപ്പ് തുടച്ചും കഷ്ടപ്പെടുന്നുണ്ട് .

പെണ്‍കുട്ടികളില്‍ ചിലര്‍ പേന്‍ കടിക്കുന്ന മൂലം തല "കിര്‍ കിര്‍ " എന്ന് ചൊറിയുന്നുമുണ്ട്.

ശ്രീദേവി തന്റെ വെള്ളക്കല്ല് വെച്ച കമ്മലിന്റെ ശങ്കിരി ഒന്ന് കൂടി പിരിച്ചു മുറുക്കി വച്ചു.

“എന്ത് പറ്റീഡി പെണ്ണെ ” നന്ദിനി ചുഴിഞ്ഞു നോക്കികൊണ്ട് ചോദിച്ചു

“വല്ലാതെ കൊതിച്ചു കിട്ടിയതാ . എന്തോരേം കരഞ്ഞിട്ടാന്നറിയോ ഒരു ചിട്ടി വട്ടമെത്തി കിട്ടീപ്പോ അച്ഛന്‍ മേടിച്ചു തന്നത്.. ഇനീപ്പോ ഒരു ജിമിക്കി കിട്ടണ എന്നാണാവോ ..”


ജിമിക്കിയുള്ളവര്‍ സഹതാപത്തോടെയും , വെറും മൊട്ടു കമ്മല്‍ മാത്രം ഇട്ടവര്‍ അസൂയയോടെയും അവളെ നോക്കി .

“പൂ പറിക്കാന്‍ കണ്ട പറമ്പിലെല്ലാം അലഞ്ഞു നടക്കുമ്പോ വീണു പോയാ ..പോയത് തന്നെ .. പിന്നെ വരവ് കമ്മലിടെണ്ടി വരും .. അല്ലേല്‍ കാതിലെ ഓട്ട അടഞ്ഞു പോവാണ്ട് തുളസി തണ്ടോ ...ഈര്‍ക്കിലിയോ തിരികി വക്കേണ്ടി വരും ..”


"ഈര്‍ക്കിലി വച്ചാ ചെലര്ടെ കാതു പഴുക്കും ". കാതിലെ കമ്മല്‍ പോയത് കൊണ്ടോ, അതോ ഇല്ലാത്തത് കൊണ്ടോ , ഈര്‍ക്കിലി വച്ച് നീര് വന്ന കാതു കാട്ടി കൊണ്ട് നന്ദിനി ശബ്ദം താഴ്ത്തി പറഞ്ഞു .

"ഉപ്പു നീര് പൊരട്ടിയാ മതി " ഒരുത്തി പറഞ്ഞു

തെക്കേ മന കൂടിയാവും ചിലപ്പോ അമ്പലപ്പറമ്പിലേക്കുള്ള നടത്തം. പ്രകാശിനി എന്ന് വിളിക്കുന്ന അത്തോല് കുട്ടിയെ കണ്ടാ നന്ദിനി വിളിക്കും!

" പൂ പറിക്കാന്‍ വരണ്ടോ "

"മോഹന്ട് ..ഇല്ലത്തുന്നു വിടില്യാച്ചാ എങ്ങന്യാ വര്വാ.." അതിനു സങ്കടം ..

"മോഹിചോണ്ടിരുന്നോളൂട്ടോ .. ഞങ്ങള് പോണു .." ഇതുങ്ങടെ കാര്യം കഷ്ടം തന്നെ .. കുളീം തൊഴലും അല്ലാണ്ടെ എങ്ങട്ടും വിടില്യാന്നു വച്ചാ .. നന്ദിനിക്ക് ദേഷ്യം വരും .

"പിന്നെ പീടികക്കുടിമനേലെ മതിലിന്‍റ്റരികില്‍ രാജമല്ലി പൂത്തു നിക്കണ്ട്.. മഞ്ഞേം ചുവപ്പും .കട്ടൊടിച്ചാലോ . "... രമേശന്‍

"വേണ്ട വേണ്ട .. ഞാനില്യാട്ടോ .. ന്നെ വീട്ടിലറിഞ്ഞാ ചതക്കും". ..എനിക്ക് പേടിയായി ..

"വേണ്ടെങ്കി വേണ്ടാ .. പാഞ്ചക്കാട്ടു മടത്തിലെ മുറ്റത്ത്‌ പവിഴ മല്ലിപ്പൂ പൊഴിഞ്ഞു വീണു കിടക്കുന്നുണ്ടാവും അതെടുതാലോ" രമേശന്‍ പുതിയ ഐഡിയ ഇട്ടു.

"എടാ മണ്ടാ അത് നാളേക്ക് ചീഞ്ഞു പോകും .. രാവിലെ വീണു കിടക്കുന്നതല്ലേ " വീണ തന്റെ വിജ്ഞാനം പ്രകടിപ്പിച്ചു.

“അമ്പലപ്പറമ്പില്‍ പോയാ തങ്കരളി പൂ ധാരാളം കിട്ടും , പിന്നെ ചെമ്പകപ്പൂവും. വെളിയത്തെകുടീല്‍ തുമ്പ കാട് പിടിച്ചു കിടക്കണ്ടാവും, കോടപ്പാടത് പോയാ കൊങ്ങിണി പൂ .. ചുവപ്പും, മഞ്ഞേം, വെള്ളേം .. ആദ്യം അവിടന്ന് തുടങ്ങാം “ നന്ദിനി ലീഡറായി.

അമ്പലത്തിലെ ചെമ്പകത്തില്‍ നിന്നും പൂ പറിക്കുമ്പോള്‍ നന്ദിനി പറയും " മൊട്ടു പറിക്കല്ലെട്ടോ... ദൈവത്തിനു ഇഷ്ടല്യ .. മൊട്ടു പറിക്കണേ.. വിരിഞ്ഞു പൂവായിട്ടെ പറിക്കാവൂ.."


അമ്പലപ്പറമ്പിലെ പൂ പറിക്കല്‍ കഴിഞ്ഞാല്‍ പിന്നെ കാട്ടു ബദാമിന്റെ കായ്‌ തല്ലി പൊട്ടിച്ചുള്ള തീറ്റയാണ് . പിന്നെ ഞോട്ടാ ഞോടിയന്‍.. പഴം ..മൂക്കട്ട പഴമെന്നും പറയും.. പിന്നെ പൂച്ച പഴം
ഒടുവില്‍ ദാഹം തീര്‍ക്കാന്‍ അമ്പലക്കിണറിലെ നെല്ലിപ്പലകയിട്ട തണുത്ത വെള്ളം കോരിക്കുടിക്കും.

ഈ ഇടവേളകളില്‍ ചിലപ്പോള്‍ ഞങ്ങള്‍ വടക്കന്‍ പാട്ടുകളുടെ സിനിമ കണ്ടതിന്റെ ഊര്‍ജ്ജത്തില്‍ ചില അങ്കം വെട്ടിക്കളികള്‍ പരീക്ഷിക്കും. മിക്കവാറും അമ്പലപ്പറമ്പില്‍ വച്ച് . തെങ്ങിന്റെ പുറം മടലില്‍ നിന്നും ശ്രദ്ധിച്ചു വെട്ടി ചീന്തിയെടുക്കുന്നതാണു ചുരിക . പാള കൊണ്ട് പരിച. വാളുണ്ടാക്കാന്‍ ഓല ചീന്തി കളഞ്ഞു മടല്‍ വാളിന്റെ ആകൃതിയില്‍ വെട്ടിയെടുക്കും .

ഇത്തരം പയറ്റുകളില്‍ മിക്കവാറും ഉണ്ണിയാര്‍ച്ചയാകുന്നത് നന്ദിനി. അവളോട്‌ പയറ്റി ഞാനും,മനോജും , മധുവും , രമേശനും എല്ലാം തോല്‍ക്കും . ആ നേരത്തെ അവളുടെ മുഖ ഭാവവും ഡയലോഗും സിനിമയിലെ ഉണ്ണിയാര്‍ച്ചയെ തോല്‍പ്പിക്കും വിധമായിരുന്നു.


കിഴക്കേ മനക്കലെ തൊടീല്‍ കാട് പോലെ പടര്‍ന്നു കിടക്കുന്ന വള്ളികളില്‍ നിറയെ വീണ്ട പൂക്കള്‍ .. പിന്നെ തോട്ടു പുഞ്ചയിലേക്ക് വെള്ളം തിരിച്ചു വിടുന്ന കൈതോടിന്റെ ഇറമ്പിലെല്ലാം നിറയെ കാക്ക പൂവും, അരിപൂവും.. നുള്ളിയെടുക്കാന്‍ വല്യ കഷ്ടപ്പാട് തന്നെ .. എത്ര പറിച്ചാലും കൂട നിറയില്ല .. പൂക്കളത്തിന്റെ ഒരു കളോങ്കിലും നിറക്കാനുള്ളത്രേങ്കിലും പറിക്കണ്ടേ ..

പിന്നെ കാളാം പറമ്പിലെ നേന്ത്ര വാഴ തോട്ടത്തില്‍ എമ്പാടും കാകര്‍ണാന്‍ പൂക്കള്‍ നിലം നിറയെ പടര്‍ന്നു കിടക്കുന്നുണ്ടാവും . കുനിഞിരുന്നു കുറെ നുള്ളിയെടുത്ത് കഴിയുമ്പോഴേക്കും അവശതയാകും .

കല്ലിങ്കല്‍ മടത്തിലെ പറമ്പില്‍ പൂക്കളൊന്നും കാര്യമായിട്ടില്ല. പക്ഷെ പേരക്കയും , ബബ്ലൂസ്‌ നാരങ്ങയും , ചാമ്പക്കയും , ലൂപിക്കയും , നെല്ലിക്കാ പ്പുളിയും , സപ്പോട്ടയും , മാന്ഗോ സ്റ്റീനും കാലാവസ്ഥ ക്കനുസരിച്ച് കിട്ടും. അവര്‍ക്കാണേല്‍ ഈ കുട്ടിപ്പട്ടാളങ്ങള്‍ അവരുടെ പറമ്പിലൂടെ അലഞ്ഞു നടന്നു ഇതൊക്കെ പറിച്ചു തിന്നുന്നതില്‍ യാതൊരു പരാതീമില്ല.

അന്നല്‍ പറമ്പില്‍ കരിമ്പ്‌ വിളഞ്ഞു തുടങ്ങിയിട്ടുണ്ടാവും . ആരും കാണാതെ നല്ല വിളഞ്ഞ നീല കരിമ്പോ , മഞ്ഞ കരിമ്പോ ഒടിച്ചെടുത്തു തിന്നുക കൂടി ചെയ്‌താല്‍ അലഞ്ഞു നടന്നതിന്റെ ക്ഷീണം മാറും.

കരിമ്പിന്റെ പുറം തൊലി കടിച്ചു വലിച്ചു കീറി കളഞ്ഞിട്ടു, കാമ്പ് ചവച്ചു നീര് കുടിക്കുകയാണ് പതിവ് . കടവായ്‌ കീറി നീറുന്നുണ്ടാവും , കരിമ്പിന്റെ പൊരിപ്പല്‍ ചുണ്ടിലും മുഖത്തും , കരിമ്പ്‌ നീരിനോപ്പം ഒട്ടിപ്പിടിക്കും.

വെയില് ചൂടേറുംമ്പോഴേക്കും പൂക്കൂട നിറയും .. പൂക്കള്‍ കൂടി കലരാതിരിക്കാന്‍ ഓരോന്നും ചേമ്പിലയില്‍ പൊതിഞ്ഞു വെവ്വേറെ വയ്ക്കും.

ഇങ്ങനെ സംഘം ചേര്‍ന്നാണ്‌ പൂക്കള്‍ ശേഖരിക്കുന്നതെന്കിലും , എല്ലാവരും ചില പൂ സങ്കേതങ്ങള്‍ സ്വകാര്യമാക്കി വക്കും .. പിറ്റേന്ന് ഓരോ വീട്ടിലും ചെന്ന് പൂക്കളം കാണുമ്പോഴായിരിക്കും അവരുടെ സ്വകാര്യ ശേഖരത്തിലെ പൂക്കളെ കാണുക ..

ഇക്കാര്യത്തില്‍ രമേശനാണ് മുന്‍പില്‍ . മധുവും, മനോജും, സുരേഷേട്ടനും, അനിലും ഒക്കെ ഇക്കാര്യത്തില്‍ വളരെ പിന്നില്‍ .. അവര്‍ ചുമ്മാ വരുന്നെന്നെ ഉള്ളു ..അത്ര വല്യ ഇഷ്ടമോന്നും പൂക്കളോടില്ല


ചേമ്പിലയില്‍ ശേഖരിച്ച പൂക്കളെല്ലാം അല്‍പ്പം വെള്ളം തളിച്ച് മുറ്റത്ത്‌ മഞ്ഞു കൊള്ളാന്‍ വയ്ക്കും .. എന്നാലേ രാവിലെ പൂക്കള്‍ക്ക് ഉണര്‍വ്വ് ഉണ്ടാവു.

അത്തവും. ചിത്തിരയും കഴിവതും വെളുത്ത പൂക്കളാണ് ഇടുക. ചോതി മുതല്‍ എല്ലാ നിറങ്ങളിലുമുള്ളവ. മുറ്റം അടിച്ചു വൃത്തിയാക്കി അറ വാതിലിനു നേരെ മിറ്റത്ത് വൃത്താകൃതിയില്‍ ചാണകം മെഴുകിയാണ് പൂവിടുക.



ആദ്യം ഒരു തുളസിക്കതിര്‍ കിഴക്കോട്ടു തിരിച്ചു വക്കും .ചുറ്റും അല്‍പ്പം തുമ്പ പൂക്കളും. പിന്നെ വെന്തി, വാടാമല്ലി, സൂര്യകാന്തി, നന്ദ്യാര്‍ വട്ടം , പവിഴമല്ലി, അരളി , കാക്കപ്പൂവ്, അരിപ്പൂ, കൃഷ്ണകിരീടം( ആറു മാസപ്പൂ എന്നും പറയും), മുക്കുറ്റി, കൂവ പ്പൂ, ശംഖു പുഷ്പം, കോളാമ്പി എന്ന് വേണ്ട കയ്യില്‍ കിട്ടുന്ന പൂവും ഇലയും എല്ലാം പറിച്ചിടും.


ചെമ്പരത്തി പൂക്കള്‍ അധികവും പൂക്കളത്തിനു നടുവില്‍ കുടയുണ്ടാക്കി വയ്ക്കാനാണ് ഉപയോഗിക്കുക. ചേന തണ്ട് കടയോടെ വെട്ടി, ഇലകള്‍ നീക്കി ഈര്‍ക്കിലികൊണ്ട് ചെമ്പരത്തി പ്പൂക്കള്‍ അതില്‍ കുത്തി നിര്‍ത്തും . ഈ പൂ കുട പൂക്കളത്തിനു നടുവില്‍ വയ്ക്കും.


എല്ലാദിവസവും  രാവിലെ തന്നെ എഴുന്നേറ്റു പച്ച ചാണകം  മെഴുകണം .. മിക്കവാറും തൃക്കെട്ടെടെ അന്ന് വരെ ഓണപ്പരീക്ഷയിണ്ടാവും ... പരീക്ഷക്കിരിക്കുമ്പോ ... മൂക്ക് ചൊറിയുമ്പോള്‍ ചാണകത്തിന്റെ മണം കയ്യില്‍ നിന്നുയരും.

പരീക്ഷ കഴിഞ്ഞാ പിന്നെ പൂത്തറയും, തൃക്കാക്കര അപ്പനെയും ഉണ്ടാക്കലാണ് പണി. നല്ല ചുവപ്പന്‍ മണ്ണ് ചവിട്ടിക്കുഴച്ചു ഉരുട്ടി വക്കും . പിറ്റേന്ന് വെള്ളം വലിഞ്ഞു കഴിയുമ്പോള്‍ ഓരോ ഉരുളയും പലകയില്‍ മൂന്നു വശവും അടിച്ചു പരത്തി ഒതുക്കി ത്രികോണം കുത്തനെ നിര്‍ത്തിയ പോലെ ആക്കി മാറ്റി മിനുക്കി ഉണക്കി എടുക്കും ...

 പിന്നെ അമ്മിക്കല്ല് ..ആട്ടു കല്ല്‌ ..ഉരല്‍ ..ഇങ്ങനെ കലാ വസനക്കനുസരിച്ചു പല രൂപങ്ങളും ഉണ്ടാക്കും .ശ്രീദേവിയുടെ വീട്ടില്‍ ഇങ്ങനെ ധാരാളം രൂപങ്ങള്‍ ഉണ്ടാകും ..കുശലം പറയാനെന്ന മട്ടില്‍ അനിയന്‍ ചിലപ്പോ ഒന്ന് രണ്ടെണ്ണം അവിടന്ന് അടിച്ചു മാറ്റും .

തിരുവോണത്തിന്റെ അന്ന് ഒരു നാല് മണിയാകുമ്പോഴേ കേള്‍ക്കാം ശ്രീദേവിയുടെ വീട്ടില്‍ നിന്നും തേവരെ കൊള്ളുന്നതിന്റെ (പൂജിക്കുന്നതിന്റെ ) ശബ്ദം ...

"ഓണതപ്പോ ...കൂഒയ് ..കൂയ്‌ .."


ഞാനും അനിയനും ചാടിയെഴുന്നെല്‍ക്കും.. പിന്നെ ത്ജടുതിയില്‍ പല്ല് തേപ്പു , കുളി .. എല്ലാം കഴിഞ്ഞു .. അരിമാവ് അറ വാതിലിലും .. ഇറയത്തും.. മുറ്റത്ത്‌ പൂത്തറയില്‍ , ആവണി പലകയില്‍ നിരത്തി വച്ചിരിക്കുന്ന ..തുളസിക്കതിര്‍ ചൂടിയ തൃക്കാക്കരയപ്പന്‍ മാരുടെ മേലും അണിയും ..

പിന്നെ തുമ്പക്കുടം കൊണ്ട് അവയെ മൂടും .. തോര്‍ത്ത്‌ മുണ്ട് തറ്റുടുത്ത്‌ കിഴക്കോട്ടു തിരിഞ്ഞു നിന്ന് നിലവിളക്ക് കൊളുത്തും .. നാളികേരമുടച്ച്‌ തൃക്കാക്കരയപ്പനെ തളിക്കും.. ഒരു പൂവടയും .. വച്ച് കുടയും ചൂടിച്ചു കഴിഞ്ഞാല്‍ ഞങ്ങളും ഓണം വിളിക്കും ..

"ഓണതപ്പോ ...കൂഒയ് ..കൂയ്‌ .."

എന്നെക്കാള്‍ നാല് വയസ്സിനെന്കിലും മൂത്തവരായിരുന്നു.. ശ്രീദേവിയും , നന്ദിനിയും..
അമ്പല കടവിലെ നീന്തല്‍ കളികളില്‍ , ആല്‍ മരത്തിലെ വള്ളികളില്‍ ഊഞ്ഞാലാടി രസിക്കുന്നതില്‍ , അമ്പലപ്പറമ്പിലെ ചെമ്പകമരത്തില്‍ കയറി പൂ പറിക്കുന്നതില്‍... അങ്ങനെ ബാല്യ കാല കുതൂഹലങ്ങളില്‍ സമര്‍ത്ഥരായ രണ്ടു പേര്‍ ..

ഓണവും, വിഷുവും, ധനു മാസത്തിലെ തിരുവാതിരയും , വൃശ്ചികത്തിലെ ഏകാദശിയും തികച്ചും കാര്‍ഷീക ഗ്രാമമായ തോട്ടുവയില്‍ സന്തോഷം വിതച്ചു കൊണ്ട് കടന്നു പോയ്കൊന്ടെയിരിന്നു ...

പത്താം ക്ലാസ്സ്‌ പാസ്സായി ..ടൈപ്പും ഷോര്‍ട്ട് ഹാണ്ടും പഠിച്ചു ശ്രീദേവി ബോംബയിലുള്ള ചേട്ടനോപ്പം പോയി ..


ഏതാണ്ട് ആ സമയത്ത് തന്നെ നന്ദിനിയുടെ കല്യാണവും കഴിഞ്ഞു . കല്യാണം എന്നൊന്നും പറയാനില്ല . ഒരുത്തനോടൊപ്പം ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു ..അത്ര തന്നെ ..

ആരും ഞെട്ടിയില്ല ..കാരണം യാതൊരു ചന്തവുമില്ലാത്ത, ഒരു ദരിദ്ര കുടുംബത്തിലെ പെണ്‍കുട്ടിക്ക് അത്രയ്ക്കുള്ള യോഗമൊക്കെയെ ഉള്ളെന്നു എല്ലാവരും വിധിച്ചു . പിന്നെയും ഉണ്ടായിരിന്നു കാരണങ്ങള്‍ ..

അധികം നാള്‍ കഴിഞ്ഞില്ല .. ഒരു കള്ളക്കര്‍ക്കിടകത്തില്‍ കോരി ചൊരിയുന്ന മഴയില്‍ ... ‍ നന്ദിനി ആത്മഹത്യ ചെയ്തു എന്ന് കേട്ട് ഞാന്‍ ഞെട്ടിപ്പോയി.   അതൊരു കയ്യബദ്ധം പറ്റിയുള്ള കൊലപാതകം ആണെന്ന് പലരും പറയുന്നുണ്ടായിരുന്നു. നാട്ടുകാര്‍ കാരണങ്ങള്‍ പലതും കണ്ടെത്തി ..


ഞാന്‍ കാണാന്‍ പോയില്ല .. അവളുടെ ഊര്‍ജസ്വലത നിറഞ്ഞ ചിരിക്കുന്ന മുഖം മനസ്സില്‍ നിന്ന് മായ്ച്ചു കളയാന്‍ ഞാന്‍ ഇഷ്ടപെട്ടില്ല .. അതങ്ങനെ തന്നെ മതി എന്ന് ഞാന്‍ നിനച്ചു .. തുറിച്ചുന്തിയ കണ്ണുകളും, പുറത്തേക്കു നീട്ടിയ നാവും കാണാന്‍ ഞാന്‍ ഭയന്നു..

എനിക്കന്നു കഷ്ടിച്ച് പതിനാലു വയസ്സ് കാണും. ഞാന്‍ വല്ലാതെ സങ്കടപ്പെട്ടു. എനിക്ക് തോന്നി എന്നോളം സങ്കടം മറ്റാര്‍ക്കും ഇല്ലെന്ന്. അവളുടെ സങ്കടങ്ങളും , ദാരിദ്രങ്ങളും , കഷ്ടപ്പാടുകളും പിന്നെ വാത്സല്യവും എന്നോളം അറിഞ്ഞിട്ടുള്ള സുഹൃത്തുക്കള്‍ ഇല്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്


തൂങ്ങി മരിച്ചതിന്റെ യാതൊരു ലക്ഷ്ണങളും ഇല്ലാതെ, കാലുകള്‍ നിലത്തു മുട്ടി.. വെറുതെ ചാരി നില്‍ക്കുന്ന രീതിയിലാണ് ശരീരം തൂങ്ങി നിന്നിരുന്നത് എന്നൊക്കെ കണ്ടവര്‍ പറഞ്ഞറിഞ്ഞു.

കുടുംബത്തില്‍ മുതിര്‍ന്ന ധാരാളം പേര്‍ ജീവിച്ചിരിക്കെ ‍ മൃതദേഹം ദഹിപ്പിക്കുക പതിവില്ലാത്തതാണ്. ‍ എന്നിട്ടും അവളുടെ ശരീരം ദഹിപ്പിച്ചത്‌ തെളിവ് നശിപ്പിക്കനാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. പോസ്റ്റ്‌ മോര്‍ട്ടം ഒന്നും ഉണ്ടായില്ലെന്ന് തോന്നുന്നു.


അവളുടെ ചിത പകുതിയെരിഞ്ഞപ്പോഴേ ശക്തമായ മഴയില്‍ നനഞ്ഞു കുതിര്‍ന്നു ചിത കെട്ടടങ്ങി .പിന്നെ എല്ലാം വാരി കുഴിചിട്ടത്രേ.

ജീവിതം മാത്രമല്ല മരണം പോലും അവളോട്‌ ക്രൂരത കാട്ടി . ബീഭത്സകമായ ക്രൂരത.

ഞാനറിയുന്ന നന്ദിനി ഒരിക്കലും ആത്മഹത്യ ചെയ്യില്ല. തീയില്‍ കുരുത്തവള്‍ , കനലില്‍ വിളഞ്ഞവള്‍ എന്നൊക്കെ അല്‍പ്പം അതിശയോക്തി കലര്‍ത്തി പറയാവുന്ന ജീവിതം.

ദുഖങ്ങളും ദുരിതങ്ങളും അവള്‍ക്കു പുത്തരിയൊന്നുമല്ലായിരുന്നു. ആ പൂമൊട്ട് വിരിയാന്‍ തുടങ്ങിയപ്പോഴേ പൊഴിഞ്ഞു വീണു... അതോ തല്ലിക്കൊഴിച്ചോ ..

ഒരു പക്ഷെ മടുതിട്ടുണ്ടാവാം .. ദുരിതങ്ങള്‍ക്കോരറുതി എന്നെങ്കിലും കിട്ടിയിട്ട് വേണ്ടേ. രക്ഷപ്പെടാനുള്ള അവസാനത്തെ ശ്രമമായിരുന്നിരിക്കാം ആ വിവാഹം. അയാളെക്കുറിച്ച് വളരെ മോശമായ പലതും കേട്ടിരുന്നു. അവസാനത്തെ വാതിലും അടഞ്ഞപ്പോള്‍ , ഇനിയൊരു മേല്‍ഗതി ഇല്ലെന്നു തോന്നിയപ്പോള്‍ ചെയ്തു പോയതോ അതോ ഒരു എല്ലാവരും പറയുന്ന പോലെ ഒരു കുടുംബ കലഹത്തിന്റെ ഇരയായതോ . എന്തോ ആ ജീവന്‍ പൊലിഞ്ഞു.


ചില ഓണക്കാലങ്ങളില്‍ ശ്രീദേവി ഏട്ടന്റെ കുടുംബത്തോടൊപ്പം നാട്ടിലെത്തിയിരുന്നു .. പഴയപോലെ തന്നെ ചിരിയും കളിയും .. പൂക്കളമൊരുക്കലും ..

തമ്മില്‍ കാണുമ്പോള്‍ ചിലപ്പോള്‍ ഞങള്‍ പോയ്‌പ്പോയ ഓണക്കാലങ്ങളെ കുറിച്ച് അയവിറക്കാറുണ്ടായിരുന്നു

സമപ്രായക്കാരായ പലരും കല്യാണം കഴിഞ്ഞു എട്ടും പത്തും ഒക്കെ വയസ്സുള്ള കുട്ടികളുടെ അമ്മമാരായപ്പോഴും നീണ്ടു നീണ്ടു പോകുന്ന തന്റെ വിവാഹത്തെക്കുറിച്ച് അവള്‍ ആശങ്കപ്പെടുമായിരുന്നു.


ഏകദേശം മുപ്പതു വയസ്സുള്ളപ്പോഴാണെന്നു തോന്നുന്നു ശ്രീദേവിയുടെ കല്യാണം നടന്നത് . ബോംബയില്‍ വച്ചായിരുന്നതിനാല്‍ എനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല.


പിന്നീട് കണ്ടപ്പോള്‍ ഒരമ്മയാവനുള്ള കാലതമാസമായിരുന്നു അവളുടെ സങ്കടം. ‍  പിന്നെ വഴിപാടുകളും , ചികിത്സയും , പ്രാര്‍ഥനയും ഒക്കെയായി കുറെ വര്‍ഷങ്ങള്‍ .


കല്യാണം കഴിഞ്ഞു അഞ്ചോ ആറോ വര്‍ഷം കാത്തിരുന്നിട്ടാണ് അവള്‍ക്കൊരമ്മയാവാന്‍ ഭാഗ്യം ലഭിച്ചത് .
 ആ വിവരമറിഞ്ഞ് ഞങ്ങള്‍ ചുറ്റുവട്ടത്ത് താമസിക്കുന്നവരെല്ലാം സന്തോഷിച്ചു.


വരാന്‍ പോകുന്ന ഒരോണക്കാലതിലെങ്കിലും പരിഭവങ്ങളും , പരാതികളും , നിരാശകളുമില്ലാതെ പഴയ പ്രസരിപ്പോടെ അവളെ കാണാമല്ലോ എന്ന് ഞാന്‍ ആശിച്ചു ..

പക്ഷെ അതൊരു വ്യാമോഹമാക്കി കൊണ്ട് .. തന്നെ സ്നേഹിക്കുന്നവരില്‍ നിന്നും അകലേക്ക് കഴിഞ്ഞ നവംബറില്‍ ഒരു രോഗബാധ ശ്രീദേവിയെയം കൊണ്ട് പോയി ....

കഷ്ടിച്ച് രണ്ടു വയസ്സായ കുഞ്ഞിനെയും, ഭര്‍ത്താവിനെയും തനിച്ചാക്കി

അവളുടെ ശരീരം ബോംബയുടെ മണ്ണിലും .. ആത്മാവ് തോട്ടുവയുടെ അന്തരീക്ഷത്തിലും ലയിച്ചു ..

രണ്ടു ഓണക്കിളികള്‍...കാലത്തിന്റെ അപ്രഹിത പ്രയാണത്തില്‍ ഒലിച്ചു പോയ ചെമ്പക പുഷ്പങ്ങള്‍ ..

അവര്‍ പോയ ലോകത്ത് പൂക്കളും, പൂ വിളികളും , പൂക്കളങ്ങളും ഉണ്ടാകുമോ.. ഓണക്കാലങ്ങളില്‍ അവര്‍ക്കും പോയ കാലം അയവിറക്കാനൊക്കുമൊ.. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ..

പക്ഷെ ജീവിതത്തിന്റെ തിരക്കിനിടയില്‍പ്പെട്ടു പല പല തീരങ്ങളിലടിഞ്ഞു പോയ അവരുടെ എല്ലാ ബാല്യ കാല സുഹൃത്തുക്കളുടെയും ഓണക്കാല ഓര്‍മ്മകളില്‍ ഇവര്‍ ജ്വലിച്ചു നില്‍ക്കും .. ഇവരില്ലാത്ത ഓണക്കാല ഓര്‍മ്മകള്‍ ഞങ്ങള്‍ക്കാര്‍ക്കും ഉണ്ടാകാന്‍ ഇടയില്ല ....

22 comments:

VEERU said...

Happy vinayaka chathurthi !!!

"TTOOOO" aadyam nalikeram udakkatte vaayichu pinne commentam ......

VEERU said...

very nice yaarr...!!

vayanayude avasaanam , kazhinju poya aa nalla onakkalathodoppam illathaaya aa randu kilikalum(typical grameena suhruthukal) oru idarchayaayi thondayil kurungiyo ..ennoru samshayam...

Unknown said...

ഇപ്പൊഴത്തെ ഓണം ഒരു ഓണം ആണൊ? ഞങളുടെ കാലത്തെ ഓണം ആയിരുന്നു ഓണം ..ഓണത്തിന്റെ അന്ന് രാവിലെ തന്നെ എഴുന്നേറ്റ് വിഷുക്കണി കാണും.. പിന്നെ കുളിച്ച് പള്ളിയില്‍ പോയി തിരിച്ചു വരുമ്പോഴേക്കും അപ്പന്‍ കാത്തിരിക്കുന്നുടാവും..എന്തിനാണെന്നൊ? ഓണത്തിനു വിഷുക്കൈ നീട്ടം തരാന്‍...ആ പൈസക്ക് ബിവറാജെസില്‍ നിന്നു കുപ്പിയും വാങ്ങി വീട്ടില്‍ വന്ന് തൂശന്‍ ഇലയില്‍ അച്ചാറും പപ്പടവും വിളമ്പി മെഴുകുതിരി കത്തിചു വച്ച് ക്രിസ്മസ് കേക്ക് മുറിക്കും....

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

കഥ എന്ന വിഭാഗത്തില്‍ പെടുത്തിയെങ്കിലും ഇത് വെറും കഥയല്ല .. ജീവിത ഗന്ധിയായ, പച്ചയായ അനുഭവങ്ങളാണ് ..

Anil cheleri kumaran said...

മനോഹരമായ രചന.

കണ്ണനുണ്ണി said...

മനസ്സില്‍ ഇന്നും ഇരുള്‍ വീഴാതെ കിടക്കുന്ന നനുത്ത ചില ഓണക്കാല ഓര്‍മ്മകളെ പൊടി തട്ടി എടുത്തു വായിച്ചു തുടങ്ങിയപ്പോ....
മുക്കുറ്റിയും, തുമ്പയും...പറിക്കാന്‍ മനസ്സ് തുടിച്ചു...
പക്ഷെ ഇത്തിരി വേദന തന്നു ആണല്ലോ എഴുതി നിര്‍ത്തിയത്.....
അതെന്തായാലും..... തനി നാട്ടിന്‍പുറത്ത് കാരനായ എനിക്ക് ഒരുപാട് ആസ്വദിക്കാന്‍ കഴിഞ്ഞു ഈ കഥ...

പാവപ്പെട്ടവൻ said...

"ഓണതപ്പോ ...കൂഒയ് ..കൂയ്‌ .."
ഓര്‍മ്മകളുടെ കഥയ്ക്ക് ഓണമായി

മാണിക്യം said...

ശ്രീദേവിയുടേയും , നന്ദിനിയുടേയും കൂടെ ഞാനും പൂക്കൂടയും ചെറിയ തോട്ടിയും മനസ്സില്‍ പിടിച്ചു കാടായ കാടും തോടിയും താണ്ടി പൂക്കളമിട്ടു ഓണം വിളിച്ചു
...............
ഓണതപ്പോ ...കൂഒയ് ..കൂയ്‌ ..

ചുറ്റും നോക്കി
പുന്ചിരിച്ചു നില്ക്കുന്നു ശ്രീദേവിയും,നന്ദിനിയും....
അങ്ങനെ ഓര്‍ക്കാനാ എനിക്കിഷ്ടം അവരീ ലോകം വിട്ടു പോവണ്ടാ കൌമാരപ്രസരിപ്പോടെ ഈ ഓണത്തിനും ബൂലോകമനസ്സില്‍ പൂക്കുടയും പൂവിളുയും
ഓണം കൊള്ളലുമായി നിറഞ്ഞു നില്ക്കട്ടെ
"ശ്രീദേവിയും , നന്ദിനിയും..."


മനോഹരമായി എഴുതിരിക്കുന്നു

അരുണ്‍ കരിമുട്ടം said...

നന്ദിനിയും, ശ്രീദേവിയും..
വിഷമിപ്പിച്ചല്ലോ മാഷേ.ഇത് കഥയായി മാത്രം കരുതുന്നു, അല്ലാതെ പച്ചയായ അനുഭവമായി കാണാന്‍ തോന്നുന്നില്ല

Typist | എഴുത്തുകാരി said...

നന്ദിനി, ശ്രീദേവി എന്നീ പേരുകള്‍ കേള്‍ക്കുമ്പോള്‍ തന്നെ ഒരു ഗ്രാമത്തിന്റെ മണം വരുന്നില്ലേ? പൂക്കള്‍ പറിച്ചിരുന്നതും, ചില സങ്കേതങ്ങള്‍ ആര്‍ക്കും കാണിച്ചുകൊടുക്കാതിരുന്നതും, ചേമ്പിലയില്‍ പൊതിഞ്ഞുവക്കുന്നതുമൊക്കെ വായിച്ചപ്പോള്‍, അതു ഞങ്ങളൊക്കെ തന്നെയായിരുന്നില്ലേ എന്നു തോന്നി.

താരകൻ said...

eഎന്നാത്മാവിൻ നഷ്ട സുഗന്ധം....

വയനാടന്‍ said...

നൊമ്പരപ്പെടുത്തി ഈ ഓർമ്മക്കഥ.
"അവളുടെ ശരീരം ബോംബയുടെ മണ്ണിലും .. ആത്മാവ് തോട്ടുവയുടെ അന്തരീക്ഷത്തിലും ലയിച്ചു ..

എന്തൊരു പ്രയോഗം സുഹ്രുത്തേ

Jayasree Lakshmy Kumar said...

മനസ്സിനെ ചെറുപ്പകാലത്തിലേക്കെത്തിച്ചു ഈ പോസ്റ്റ്. പറഞ്ഞു വന്ന കഥ ഒരു നൊമ്പരവുമായി

Sreenanda said...

നൊമ്പരമുണര്‍ത്തിയ നല്ലൊരു കഥ. ശ്രീദേവിയും നന്ദിനിയും മനസ്സില്‍ നിന്നും മായുന്നില്ല.
എനിക്ക് തോന്നി, ആ ആതോല്കുട്ടി ഞാന്‍ തന്നെയായിരുന്നെന്ന്. പൂക്കളം ഇടുമായിരുന്നെകിലും അത് വീട്ടിലെ പൂക്കള്‍കൊണ്ട് മാത്രമായിരുന്നു. പൂവട്ടികളുമായി പറമ്പുകള്‍ തോറും നടന്നു പൂപറിക്കാനൊന്നും വീട്ടില്‍ നിന്നും വിടത്തില്ലായിരുന്നു.

നന്ദി, നല്ലൊരു വായന തന്നതിന്.

അനൂപ് കോതനല്ലൂർ said...

ഓർമ്മകളിൽ ഒരു പൂക്കാലം.
മനസ്സിൽ എവിടെയോ ഒരു ഓണകാലവും കുറെ ഓർമ്മകളും ബാക്കിയാകുന്നു

Anonymous said...

ithu vayichappol oru nostalgic feeling. nice story

കൂട്ടുകാരൻ said...

സത്യം..... ഒരു നനവുള്ള ഓര്‍മകുറിപ്പായ ഇതിനെ ഒരു കഥ ആയി കൂട്ടാന്‍ തോന്നണില്ല.

the man to walk with said...

hridhayam thottu vedhanippicha oru pinviliyaanu ..
ee ona post..

Onashamsakal

Sureshkumar Punjhayil said...

Ee ormmakal eppozum sugandham parathatte...!

Manoharam, Ashamsakal...!!!

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

എന്റെ ഓണ കഥ വായിച്ച എല്ലാവര്‍ക്കും, പ്രതേകിച്ചു കമന്റ്‌ എഴുതി പ്രോത്സാഹിപ്പിച്ച
വീരു ...
ലോലന്‍ ...
കണ്ണനുണ്ണി ....
കുമാരന്‍ ....
പാവപെട്ടവന്‍ ....
മാണിക്യം .....
രമണിക .......
അരുണ്‍ കായംകുളം ....
എഴുത്തുകാരി....
താരകന്‍......
വയനാടന്‍ ....
ലക്ഷ്മി .....
ശ്രീനന്ദ ....
അനൂപ്‌ കോതനല്ലൂര്‍ ...
അജ്ഞാത ....
കൂട്ടുകാരന്‍ ....
the man to walk with ....
Sureshkumar Punjhayil .....

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണ ആശംസകള്‍ ....

khader patteppadam said...

'ഓര്‍മ്മകള്‍ക്കെത്ര...' കഥ മനസ്സിനെ ഈറനണിയിച്ചു.

Prakash said...

കഥ എന്ന വിഭാഗത്തില്‍ പെടുത്തിയെങ്കിലും ഇത് വെറും കഥയല്ല .. ജീവിത ഗന്ധിയായ, പച്ചയായ അനുഭവങ്ങളാണ് ..