http://www.cyberjalakam.com

ജാലകം

Tuesday, August 11, 2009

നീല നിക്കറും മാര്‍സിലി മേരിയും ...

അങ്ങനെ ഇത്തവണ പത്താം ക്ലാസ്സിലെക്കാണ് പോകുന്നത് . അതിന്റെ ഒരു ഗമയൊക്കെ വേണ്ടേ . ഞാന്‍ കട്ടായം പറഞ്ഞു “എനിക്കൊരു നീല നിക്കര്‍ വേണം , ബ്രൌണ്‍ കളര്‍ ചെക്ക്‌ ഷര്‍ട്ടും”

മധ്യ വേനല്‍ അവധി കഴിഞ്ഞു സ്കൂള്‍ തുറക്കുന്നതിനു ഒരു മാസം മുന്‍പെങ്കിലും തുണിയെടുത്ത് കൊടുത്താലെ നാരായണന്‍ ചേട്ടന്‍ നിക്കറും ഷര്‍ട്ടും തയ്ച്ചു തരു . എങ്കില്‍ തന്നെയും കിട്ടുന്നത് സ്കൂള്‍ തുറന്നു ഒന്നോ രണ്ടോ ആഴ്ച കഴിയുമ്പോഴാണ് . ഫലത്തില്‍ ഒരു സ്കൂള്‍ തുറപ്പിനു പോലും കോടിയുടുത്തു സ്കൂള്‍ പോകാന്‍ കഴിയില്ല . അത്ര തന്നെ .

പുത്തന്‍ ഡ്രസ്സ്‌ ഇട്ടു വരുന്നവരെ സഹപാഠികള്‍ ‍ നുള്ളും . പിച്ചല്‍കോടി എന്ന് പറഞ്ഞു കൊണ്ടുള്ള പിച്ചല്‍. വ്യക്തിപരമായ വിദ്വേഷം ആഴത്തിലുള്ള ഒരു നുള്ളലിലൂടെ അനുമോദനമെന്നപോലെ കൊടുക്കാന്‍ പറ്റുന്ന അവസരം.

ഒരു നിക്കറും ഷര്‍ട്ടുമാണ് ഒരു വര്‍ഷത്തേക്കുള്ള ബട്ജറ്റ്‌ . ബാക്കിയെല്ലാം തലേ വര്‍ഷത്തെ ഉപയോഗിച്ച് കൊള്ളണം. ഓരോ വര്‍ഷവും തയ്പ്പിക്കാനുള്ള അളവ് കൊടുക്കുമ്പോള്‍ അച്ഛന്‍ പറയും "നാരായണാ പിള്ളേര് വളരുന്ന പ്രായാ ..കുറച്ചു വലിപ്പത്തീ തയ്ച്ചാ ഒന്ന് രണ്ടു കൊല്ലം കൂടെ ഇടാം"

യഥാര്‍ത്ഥത്തില്‍ ഇവിടെ അളവെടുക്കലിനു പ്രസക്തി നഷ്ടപ്പെടുന്നു .. മനോധര്‍മ്മത്തിനാണ് പ്രാധാന്യം . നാരായണന്‍ ചേട്ടന്റെ മനോധര്‍മ്മത്തിന്റെ വിജയം, ഒരു ഫിറ്റ് ഷര്‍ട്ടും , നിക്കറും ഇടാനുള്ള എന്റെ മോഹത്തെ വ്യാമോഹമാക്കി മാറ്റികൊണ്ടേയിരുന്നു.

പാവാടപോലത്തെ ലൂസ് നിക്കറു മിട്ടു ആഞ്ഞു ‍ നടക്കുമ്പോള്‍ നിക്കറിന്റെ തുമ്പ് രണ്ടു വശത്തേക്കും ടാറ്റാ കൊടുക്കുന്ന മട്ടില്‍ ആടിക്കളിച്ചു കൊണ്ടിരിക്കും.

മുറിക്കയ്യന്‍ ഷര്‍ട്ടിന്റെ കൈക്കുള്ളിലൂടെ രണ്ടോ മൂന്നോ പേരുടെ കൈപ്പത്തി കയറ്റി രസിക്കാം . അതും കാറ്റത്ത്‌ ആടിക്കളിക്കും.

ഷര്‍ട്ടിനുള്ളില്‍ വേണേല്‍ പുസ്തക സഞ്ചി വരെ ഒളിപ്പിക്കാം.

ഇതെന്റെ മാത്രം കാര്യമൊന്നും അല്ല. ഒട്ടു മിക്കവരുടെയും അവസ്ഥ ഇങ്ങനെ തന്നെ .

ചെറിയ ക്ലാസ്സുകളില്‍ ഈ വല്യ നിക്കര്‍ ഒരു സൌന്ദര്യ പ്രശ്നം മാത്രമായിരുന്നെങ്കില്‍ , ഹൈസ്കൂളിലേക്ക് കടന്നപ്പോള്‍ അതൊരു സ്വകാര്യ പ്രശ്നമായി തോന്നിതുടങ്ങി.


നിക്കറിനടിയില്‍ അടിവസ്ത്രം ധരിക്കുക തുടങ്ങിയ ഏര്‍പ്പാടുകളൊന്നും അന്ന് സ്കൂള്‍
കുട്ടികള്‍ക്കിടയില്‍ തുടങ്ങിയിട്ടില്ല . പക്ഷെ പ്രായതിനുണ്ടോ ഈ വക വകതിരുവുകള്‍ .
ചില നേരങ്ങളില്‍ കൌമാരത്തിന്റെ അഹങ്കാരം നിക്കറിന്റെ അതിര്‍ വരമ്പുകള്‍ ഭേദിച്ച് പുറം ലോകത്തേക്ക് എത്തി നോക്കുക പതിവായി . കാലുകള്‍ പിണച്ചു വക്കുക എന്നതാണൊരു പോംവഴി .

പക്ഷെ എന്റെ കൂട്ടുകാരന്‍ സന്തോഷിന്റെ നിക്കറും ഷര്‍ട്ടും എന്നും കളര്‍ ഫുള്ളും, ടയിറ്റ്‌ ഫിറ്റും . നീല നിക്കര്‍ അതിരിടുന്ന വെളുത്ത തുടകള്‍ക്കു തന്നെ ഒരു ഭംഗിയുണ്ട് .

അതുപോലൊരു നീല നിക്കര്‍, ടയിറ്റ്‌ ഫിറ്റായിട്ട് തയ്പ്പിചിടുക എന്നൊരു അത്യാഗ്രഹം എന്നോ എന്റെയുള്ളില്‍ കുടിയേറി.

അങ്ങനെ പത്താം ക്ലാസ്സിലേക്കുള്ള തുണി എടുത്തപ്പോള്‍ ഞാന്‍ കട്ടായം പറഞ്ഞു . എനിക്കൊരു നീല നിക്കര്‍ വേണം , ബ്രൌണ്‍ കളര്‍ ചെക്ക്‌ ഷര്‍ട്ടും .

"പത്താം ക്ലാസിലെക്കല്ലേ , ഇത് വരെ ഒരു ക്ലാസ്സിലും തോക്കാതെ പഠിച്ചതല്ലേ (ഞങ്ങളുടെ സ്കൂളില്‍ അതൊക്കെ വല്യ കാര്യമായിരുന്നു, നല്ലൊരു ശതമാനം തോറ്റു തോറ്റു മടുത്തിട്ട് ഇടയ്ക്കു വച്ച് പഠിപ്പ് നിര്‍ത്തും) എടുത്തു കൊടുത്തേരു " അമ്മ സപ്പോര്‍ട്ട് ചെയ്തു ..

കിം ഫലം .. സ്കൂള്‍ തുറന്നപ്പോഴും ഡ്രസ്സ്‌ തയ്ച്ചു കിട്ടിയിട്ടില്ല ... ക്ലാസ്സില്‍ ഒട്ടു മിക്കവരും പുത്തന്‍ ഡ്രസ്സ്‌ ഇട്ടു വന്നിരിക്കുന്നു . ഞാന്‍ ഒരു പഴയ കാക്കി ലൂസ് നിക്കറും ഒരു നിറം മങ്ങിയ വെള്ള ഷര്‍ട്ടും ധരിച്ച്.....അതിന്റെയാണേല്‍ ഒരു ബട്ടനും ഇല്ല.

എന്നെ ഞെട്ടിച്ചു കളഞ്ഞ മറ്റൊരു കാര്യം എല്ലാ ആണ്‍കുട്ടികളും മുണ്ടിലേക്ക് മാറിയിരിക്കുന്നു. ഞാനൊരാള്‍ മാത്രം നിക്കര്‍ ധാരി . എനിക്ക് എല്ലാവരോടും ദേഷ്യം തോന്നി .

അന്ന് വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ തന്നെ ഞാന്‍ ഡിക്ലയര്‍ ചെയ്തു " മുണ്ടുടുക്കാതെ ഞാന്‍ സ്കൂളിലെക്കില്ല"

വീട്ടുകാര്‍ സമ്മതിച്ചു .പക്ഷെ ടൌണില്‍ പോയി വാങ്ങണം . ഒരു ദിവസം ഷമിച്ചേ പറ്റൂ .
അങ്ങനെ വിഷമിചിരിക്കെ അതാ വരുന്നൂ എന്റെ നീല നിക്കറും ചെക്ക്‌ ഷര്‍ട്ടും . എന്റെ സ്വപ്നം സഫലമായി .

ആര്‍ത്തി പിടിച്ചു ഞാന്‍ ഇട്ടു നോക്കിയപ്പോള്‍ കറക്റ്റ് അളവ് . നീല നിക്കറിന്റെ ശോഭയില്‍ കാലുകള്‍ക്ക് എത്ര ഭംഗി. മുണ്ട് കിട്ടണമെങ്കില്‍ ഒരു ദിവസം കൂടി കാത്തിരിക്കണം . നാളെ ഒരു ദിവസം കൂടി നിക്കറില്‍ പോകാം എന്ന് നിനച്ചു . എന്റെ ഒരു പാട് കാലത്തെ ആഗ്രഹമല്ലേ . പക്ഷെ നിക്കറിന് ഇറക്ക കുറവുണ്ടോ എന്നൊരു സംശയം ..

വഴിഞ്ഞൊഴുകുന്ന സന്തോഷത്തോടെ, തലമുടി ചീകിയോരുക്കി ഒരു കിളി കൂടുണ്ടാക്കി , ഒരു ചന്ദനക്കുറിയും അതിന്റെ നടുക്കൊരു സിന്ദൂരകുറിയും തൊട്ടു ഉന്മേഷവാനായി കൂവപ്പടി ഗണപതി വിലാസം ഹൈസ്കൂളിന്റെ പടി കടന്നു ആദ്യം കാണുന്ന പാര്‍വതീ മന്ദിരത്തില്‍ പത്തു ഡി ക്ലാസ്സിലെക്കെത്തി.

നിക്കര്‍ കുറച്ചു ചെറുതാണോ എന്ന് സംശയം തോന്നിയത് മുരളി ( ക്ലാസ്സിലെ മൂപ്പനാണ്... തക്കാളി, കാ‍ന്താരി തുടങ്ങിയ കൊച്ചു പുസ്തകങ്ങള്‍ തരുന്ന ഗുരുവാണ്) സ്ഥിരീകരിച്ചു .
" എന്തുവാടാ എ പടത്തിലെ മാതിരി തൊടയോക്കെ കാണിച്ചു നടക്കുന്നെ , നിനക്ക് മുണ്ടുടുത്ത് കൂടെ"

എന്ത് ചെയ്യാന്‍ ഇന്ന് വൈകിട്ട് വരെ അഡ്ജസ്റ്റ് ചെയ്യണമല്ലോ. കഴിവതും ആരുടെയും മുന്‍പില്‍ പെടാതെ ..ബെഞ്ചില്‍ തന്നെ ഇരുന്നു വൈകുന്നെരമാക്കാം ...

ക്ലാസ്സിന്റെ വാതില്‍ക്കല്‍ തന്നെ ഷൈജന്‍ നില്‍ക്കുന്നുണ്ട്‌ (ആളൊരു ചെറിയ വഴക്കാളി). കുറച്ചു്ചു നേരം അവന്റെ കൂടെ ചെന്നു നിന്നു.

അതാ വരുന്നു ഷൈജന്‍ന്റെ ഒരു ശത്രു . മാര്‍സിലി മേരി .

ശത്രുതക്ക് തക്കതായ കാരണമൊന്നും ഇല്ല . ഇവളുടെ സംസാരവും , മാനറിസങ്ങളും മറ്റും അവനിഷ്ടപ്പെടുന്നില്ല അത്ര തന്നെ . ചില ചില്ലറ വാ വാക്കേറ്റങ്ങളൊക്കെ അവര്‍ മുന്‍പേ നടത്തിയിരുന്നു .

മാര്‍സിലി ക്ലാസ്സിനകത്തേക്ക് കാലെടുത്തു വച്ചതും ഇവന്‍ കാല്‍ മുന്നോട്ടു നീട്ടി . അവന്റെ കാലില്‍ തട്ടി മാര്‍സിലി അതാ മൂക്കും കുത്തി നിലത്തു കിടക്കുന്നു. പിന്നെ മാര്‍സിലിയുടെ കരച്ചിലും മറ്റുമായി വല്യ ബഹളം.

" ആണുങ്ങളോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും മോളെ"..ഷൈജന്‍ അഭിമാനത്തോടെ , പ്രതികാരം തീര്‍ത്ത സംതൃപ്തിയോടെ നെഞ്ച് വിരിച്ചു കൊണ്ട് പുറത്തേക്കു പോയി .

ക്ലാസ്സ്‌ തുടങ്ങി . ക്ലാസ്സ്‌ ടീച്ചര്‍ ചെവിയില്‍ അരിവാള് പോലെ വളഞ്ഞു നില്‍ക്കുന്ന രോമങ്ങളുള്ള പൈലി സാര്‍, ഹാജര്‍ വിളി തുടങ്ങിയതെ കേട്ടു മാര്‍സിലിയുടെ ദീന രോദനം .

"എന്താ എന്ത് പറ്റി.. എന്താ കരയുന്നെ ?" കരച്ചില്‍ മൂലം മാര്‍സിലിക്ക് ഒന്നും പറയാനാകുന്നില്ല

അടുത്തിരിക്കുന്ന കരിങ്കാലി പറഞ്ഞു " സാറേ ഇവളെ ഷൈജനും സുനിലും കൂടി ഇടക്കാല് വച്ച് വീഴ്ത്തി"

ഞാന്‍ ഞെട്ടിപ്പോയി ...ഈശ്വരാ ..എന്റെ തോട്ടുവാ തേവരേ ..ഈ ഞാനോ .. ഇടക്കാല് വയ്ക്കുന്നത് പോയിട്ട് .. ഉള്ള കാലു തന്നെ ആരും കാണാതിരിക്കട്ടെ എന്ന് വിചാരിച്ചിരിക്കുമ്പോള്‍..

"ഇവിടെ വാടാ രണ്ടു പേരും .. നീയൊക്കെ പെണ്‍ പിള്ളേരെ ഇടക്കാല് വച്ച് വീഴ്ത്തും അല്ലേടാ ..." പൈലി സാര്‍ ചെവിയിലെ പൂട വിറപ്പിച്ചു കൊണ്ട് അലറി .

ചൂരല്‍ അന്തരീക്ഷത്തില്‍ സീല്‍ക്കാരമുളവാക്കി കൊണ്ട് പലവട്ടം ഷൈജന്‍ന്റെ കൈകളെ പ്രഹരിച്ചു .

അവനു യാതൊരു കൂസലുമില്ല .. ബ്രിട്ടീഷുകാരുടെ തോക്കിന് മുന്‍പില്‍ വിരിമാറ് കാണിച്ചു നിന്ന ദേശാഭിമാനികളെപ്പോലെ തന്റേടത്തോടെ തന്നെയുള്ള നില്‍പ്പ് .

അടുത്ത ഊഴം എന്റെതാണ് .. ചെറിയ നിക്കറും ഇട്ടുകൊണ്ട്‌ ഈ പെണ്‍കുട്ടികളുടെ മുന്‍പില്‍ .. അടി തുടയില്‍ കൊണ്ടാല്‍ .. നീല നിക്കറും ..വെളുത്ത തുടയും.. ചുവന്ന പാടുകളും .ദൈവമേ . ക്ലാസ്മുറി തകര്‍ന്നു വീണെങ്കില്‍.. ഒരു ബോധക്കേടുണ്ടായെങ്കില്‍...

ഷൈജനെ തല്ലിയതിന്റെ ശക്തിയില്‍ സ്ഥാനം തെറ്റിയ കണ്ണട യഥാസ്ഥാനത്താക്കിയപ്പോഴാണ് പൈലി സാര്‍ എന്നെ കാണുന്നത് തന്നെ.

" എടാ നീയോ .. നിന്റെ അച്ഛനെ കാണട്ടെ ..നീ പെണ്‍ പിള്ളേരെ വഴി നടത്തില്ല അല്ലെ .. മൊട്ടേന്നു വിരിഞ്ഞില്ല അപ്പോഴേക്കും അവന്‍ ഇടക്കാല് വെക്കാന്‍ നടക്കുന്നു .. നീട്ടെടാ കൈ ... അല്ലെ വേണ്ട കാലുംമേ തന്നെ ആവട്ടെ .. നാട്ടുകാരും..വീട്ടുകാരും ഒക്കെ കാണട്ടെ .."

ഞാന്‍ അപമാനം കൊണ്ട് പുകഞ്ഞു. മരിച്ചു പോയെങ്കില്‍ എന്നാഗ്രഹിച്ചു.... ദയനീയമായി മാര്‍സിലിയെ നോക്കി .

എന്നെ മാത്രമല്ല ക്ലാസ്സിനെ മൊത്തം അമ്പരപ്പിച്ചുകൊണ്ട് മാര്‍സിലി കരച്ചിലൊതുക്കി പറഞ്ഞു " സാറേ സുനില്‍ ഒന്നും ചെയ്തിട്ടില്യാ .... അവനവിടെ ചുമ്മാ നില്‍ക്കുന്നെ ഉണ്ടായിരുന്നുള്ളൂ"

എന്റെ തേവരേ ..ഞാന്‍ രക്ഷപെട്ടല്ലോ ..മാര്‍സിലി നിനക്ക് ഇന്ന് എന്റെ വക ഐസ്‌ ഫ്രീ ..

" പോയി സീറ്റിലിരിക്കെടാ .. മേലാല്‍ ഇങ്ങനെ എങ്ങാനും കേട്ടാ നിന്നെയൊക്കെ ഞാന്‍ പൊരിക്കും ..ങ്ഹാ..." പൈലി സാര്‍ ഗര്‍ജ്ജിക്കുന്ന സിംഹമായി മാറാന്‍ ശ്രമിച്ചു .

അന്നുച്ച കഴിഞ്ഞപ്പോള്‍ ഞാന്‍ പ്രതുപകാരമായി എന്റെ ST പൈസ കൊടുത്തു ഒരു ഐസ് വാങ്ങി മാര്‍സിലിക്ക് സമ്മാനിച്ചു. അവള്‍ ‍വാങ്ങിയില്ല.

ബട് " എനിക്ക് വഴക്കൊന്നൂല്യാട്ടോ പക്ഷെ ഇനി അവന്റെ കൂടെ കൂട്ട് കൂടിയാ ഞാന്‍ രക്ഷിക്കില്യാട്ടോ .. എന്ന് മൊഴിഞ്ഞു .

ഹോ...ഇവളുടെ ഒക്കെ ഔദാര്യത്തില്‍ രക്ഷപ്പെടെണ്ടി വന്നല്ലോ എന്നൊരു ചളിപ്പ്‌ എനിക്ക് ഫീല്‍ ചെയ്തു .

അങ്ങനെ ഒരു പതിനാലു കാരന്‍ കുട്ടിനിക്കറുമിട്ടു പെണ്‍പിള്ളേരുടെ മുന്‍പില്‍ തലയും താഴ്ത്തി ..ലജ്ജിച്ചു ..അപമാനം സഹിച്ചു .. അറ്റ്‌ ലാസ്റ്റ് മാനം കുറെയൊക്കെ തിരിച്ചു കിട്ടി .

അന്ന് വൈകിട്ട് അച്ഛന്‍ രണ്ടു ഒറ്റ മുണ്ടുകള്‍ വാങ്ങി തന്നു നിക്കറിടലിനു വിരാമമിട്ടു . അങ്ങനെ ഞാനും വലിയ ചെക്കനായി .

19 comments:

VEERU said...

"ttoooooooo" narial phod diya bhai. !!!!!!!!!!1

ശ്രീ said...

പോസ്റ്റ് നന്നായി മാഷേ. സ്ക്കൂള്‍ ജീവിതത്തിലെ ഓര്‍മ്മകളിലേയ്ക്ക് വായനക്കാരെ കൂടി കൂട്ടിക്കൊണ്ടു പോകാന്‍ സാധിയ്ക്കുന്നുണ്ട്.

എന്തായാലും അടി കൊള്ളാതെ രക്ഷപ്പെട്ടു... അല്ലേ?

Jayesh/ജയേഷ് said...

ചില കാര്യങ്ങള്‍ തുറന്ന് പറയാന്‍ ധൈര്യം കാണിച്ചതിന്‌ അഭിനന്ദനങ്ങള്‍

മണ്ടന്‍ കുഞ്ചു. said...

ന്‍റെ ഏട്ടാ........
കലക്കി.....

കണ്ണനുണ്ണി said...

ശ്ശൊ മേരികൊച്ച്ചിനു ഒരിത്തിരി ലൈന്‍ ഉണ്ടായിരുന്നോ എന്നൊരു സംശയം ...ഇല്യേ?

Ashly said...

ഇതെന്താ ? എല്ലാവരും കൂടി എന്നെ nostalgic അടിപിച്ചു പരിപ്പക്കാന്‍ ഇറങിയിരികുവാണോ ? ആ കണ്ണനെ പോസ്റ്റ്‌ ഇപ്പം വായിച്ചിട്ടേ ഉള്ളു

എന്ടമോ....കൊല്ല് ... nostalgic അടിച്ചിടു ഇരിയ്കാന്‍ വയ്യ !!!!

അരുണ്‍ കരിമുട്ടം said...

ഇപ്പം ഈ മേരി എവിടാ?
നിക്കറിട്ടാല്‍ ഗുണ്ടകള്‍ കൂട്ട് വേണോ?
ഹ..ഹ..ഹ

khader patteppadam said...

ഓര്‍ക്കാനൊരു പിടി മുത്തുകള്‍... വലുതായതില്‍,വലിയ ആളായതില്‍ ഇപ്പൊ നഷ്ടബോധം തോന്നുന്നുണ്ടോ..?

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

വീരു ....ശ്രീ.... നന്ദി,

ജയേഷ്..... ധൈര്യം തീരെയില്ല അതിനാല്‍ പലതും വിട്ടു കളയുന്നുണ്ട്... ഇന്നത്തെ കുട്ടികളെപ്പോലെ
മുറിക്കുള്ളില്‍ അടങ്ങിയിരിക്കുന്നവരല്ലായിരുന്നു പണ്ടത്തെ നാട്ടിന്‍ പുറത്തെ കുട്ടികള്‍ ... അവര്‍ അലഞ്ഞു നടക്കാത്ത വീടുകളും , പറമ്പുകളും , തോടും, പുഴയും , കുളങ്ങളും ഉണ്ടാവില്ല .. അതിനാല്‍ അവര്‍ക്കറിയാത്ത കാര്യങ്ങളും ..

മിടുക്കന്‍ കുഞ്ചു....ക്യാപ്ടന്‍ ... നന്ദി

കണ്ണനുണ്ണി ... എനിക്കന്നു പതിമൂന്നു വയസ്സ് കഴിഞ്ഞിട്ടേ ഉള്ളു .. കഷ്ടിച്ച് നാല് വയസ്സായപ്പോ ‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ത്തതാണ്.... സഹപാഠികളില്‍ മിക്കവാറും എന്നെക്കാള്‍ രണ്ടോ മൂന്നോ വയസ്സിനു മൂത്തവര്‍. മേരിയൊക്കെ എന്നെക്കാള്‍ വലിയ പെണ്‍കുട്ടി ആയിരുന്നു ..

അരുണ്‍ .... മേരിയെ പത്താം ക്ലാസ്സ്‌ കഴിഞ്ഞു ഞാന്‍ കണ്ടിട്ടില്ല ... അന്നത്തെ നാട്ടു നടപ്പനുസരിചാണേല്‍ ഒരു മൂന്നു നാല് വര്‍ഷത്തിനുള്ളില്‍ തന്നെ കെട്ടിച്ചു വിട്ടു കാണും.

ഖാദര്‍.... വലുതായതില്‍ യാതൊരു നഷ്ടബോധവുമില്ല ..മറിച്ച്‌ വളരെ സന്തോഷം. കാരണം അതൊരു സ്നേഹശൂന്യമായ ബാല്യ കാലമായിരുന്നു. ധാരാളം വിലക്കുകള്‍ നിറഞ്ഞ ഒന്ന്..

Anil cheleri kumaran said...

എന്തൊരു മനോഹരമായ എഴുത്താണിത്!!!
അധികം ആരും കണ്ടതായി തോന്നുമ്മില്ല. ഞാൻ കുറേപ്പേറ്ക്ക് ലിങ്ക് അയച്ചിട്ടുണ്ട് കേട്ടൊ..
(എന്റെയൊക്കെ സ്കൂൾ കാലവും ഇതേ പോലെ തന്നെ., )ആയിരമായിരം അഭിനന്ദനങ്ങൾ!

മീരാ അനിരുദ്ധൻ said...

പെരുമ്പാവൂർകാരൻ സുനിൽ വളരെ നന്നായി എഴുതിയിരിക്കുന്നു.സ്കൂൾ ഓർമ്മകൾ നന്നായി

ഗീത said...

ഈ ബ്ലോഗിന്റെ സുന്ദരമായ പേരു കണ്ട് വന്നതാണ്. ബാല്യകാലസ്മരണകളുടെ ഈ പോസ്റ്റ് നന്നായിട്ടുണ്ട്.

പാവത്താൻ said...

നാന്നായിരിക്കുന്നു നിലാവേ...ഞാനും മുണ്ടുടുക്കാന്‍ വീട്ടില്‍ സമരം നടത്തേണ്ടി വന്നിട്ടുണ്ട്.. ആശംസകള്‍.

വയനാടന്‍ said...

നന്നായിരിക്കുന്നു സുഹ്രുത്തേ ക്ഥ(?);
ഓണാശംസകൾ

Anonymous said...

it took me back to my school, the same ganapathy vilasam, the parvathis manthiram, X-D
Thank you

Unknown said...

haai ,.. ugranayittundu ,.. but ithu narmam anoo ? ennnil bhoodhakaala smrannakal unnarthi.

Anonymous said...

സുനില്‍, ഇതു പോലത്തെ ഒരു നിക്കര്‍ കഥ എനിക്കുമുണ്ട്. ഇത് വായിച്ചപ്പോഴാണ് അത് എനിക്ക് ഓര്‍മ്മ വന്നത്..... വളരെ നല്ല ആവിഷ്കാരം. ഇനിയും നര്‍മ്മകഥകള്‍ പ്രതീക്ഷിക്കുന്നു..

സ്വന്തം ചാക്കോച്ചന്‍ said...

ഹായ് ചേട്ടാ ഞാനും ഒരു കൂവപ്പടി പഞ്ചായത്ത്കാരന്‍ ആണ് പിന്നെ ഈ ഷൈജന്‍ എന്ന് പറഞ്ഞ ആള്‍ കോണ്‍ഗ്രസിലെ ആ ഷൈജന്‍ തന്നെ ആണോ??/

സ്വന്തം ചാക്കോച്ചന്‍ said...

https://www.facebook.com/joji336 ഓര്‍ joji336@gmail.com ല്‍ മറുപടി തന്നാ മതി