http://www.cyberjalakam.com

ജാലകം

Monday, July 20, 2009

C A T ക്യാറ്റ് ... പൂച്ച ...?


കൊയ്ത്തു കഴിഞ്ഞു പത്തായം നിറയെ നെല്ലും , തൊഴുത്തിനടുത്ത് വല്യ വൈക്കോല്‍ തുറുവും റെഡിയാക്കിക്കഴിയുംബോഴേക്കും അവരുടെ വരവായി .. എലി കുടുംബങ്ങളുടെ .. പിന്നെ പറയണ്ടാ ..എലികളുടെ തിരുവാതിരകളി തുടങ്ങുകയായി.

മച്ചിന്റെ മുകളില്‍ പലയിടങ്ങളിലായി നെല്ല് കുറുമി തിന്നിട്ടു ഉമി ഭദ്രമായി സൂക്ഷിചിട്ടുണ്ടാവും . ഉമി കൂട്ടി വച്ചിരിക്കുന്ന കണ്ടാല്‍ നെല്ല് തന്നെയാണെന്നെ തോന്നു. അത്ര വിദഗ്ദ്‌ധമായി കീറിയാണ് അരി എടുക്കുന്നത് . പിന്നെ മൂക്ഷിക സുന്ദരികള്‍ക്ക് പ്രസവിക്കാന്‍ വേണ്ടി കടലാസ്സും , പഞ്ഞിയും ഒക്കെ ചേര്‍ത്ത നല്ല കിടക്കകളും ഒരുക്കിയിട്ടുണ്ടാവും .


തട്ടിന്‍ മുകളില്‍ അട്ടഹാസങ്ങള്‍, ആര്‍പ്പു വിളികള്‍ , പൊട്ടിച്ചിരികള്‍ , കൂക്കി വിളികള്‍ , തലപന്ത് കളി , സമ്മേളങ്ങള്‍ എന്ന് വേണ്ട ..ഇവറ്റകളുടെ ബഹളം മൂലം ഉറക്കം വരെ നഷ്ടപ്പെടുമെന്ന അവസ്ഥയിലെത്തും.

എലിപ്പെട്ടിയില്‍ കപ്പ കോര്‍ത്ത്‌ വെച്ചാല്‍ .. ആര്‍ക്കു വേണമെടെ നിന്റെ ഉണക്ക കപ്പ .. ഈ കളി ഞങ്ങള്‍ കുറെ കണ്ടതാ എന്ന മട്ടില്‍ .. നോ മൈന്‍ഡ് .

കിടപ്പ് മുറിയില്‍ ഞാനൊരു വടി സൂക്ഷിച്ചിട്ടുണ്ടായിരുന്നു... ഒച്ചപ്പാട് വല്ലാതെ കൂടുമ്പോള്‍ എണീറ്റ്‌ വടി കൊണ്ട് മച്ചിനടിയില്‍ കുറെ കുത്ത് കൊടുക്കും . ശബ്ദം കേട്ട് കുറെ നേരം അവറ്റകള്‍ അടങ്ങിയിരിക്കും .

പിന്നെ " ഇതൊക്കെ ഞങ്ങടെയോരോ നമ്പറല്ലേ ഗോപൂ .. അയ്യേ...പറ്റിച്ചേ" ..എന്ന മട്ടില്‍ വീണ്ടും തുടങ്ങും .

അങ്ങനെ അച്ഛന്റെ ഇടപെടല്‍ അനിവാര്യമാകും . എമ്പാടും എലിവിഷം വച്ച് അത് തിന്നു കുറെ എലികളും , ചിലപ്പോള്‍ ചില വളര്‍ത്തു കോഴികളും ഒക്കെ ചത്തോടുന്ങുമ്പോള്‍ എല്ലാം ഒന്നു ശാന്തമാകും .

ഉണക്ക കപ്പക്ക്‌ പകരം വിഷം വക്കാന്‍ ഉപയോഗിക്കുന്ന മാധ്യമം പച്ച കപ്പ , ഉണക്ക മീന്‍ , ബോണ്ട എന്നിങ്ങനെയുള്ള ഫുഡ്‌ സ്റ്റഫ്സ് മാറ്റി മാറ്റി കൊടുക്കും . എലിയാണെലും അവരും ഒരു വെറായ്റ്റി ഡിഷസ് ആഗ്രഹിക്കുന്നുണ്ടാവില്ലേ ?

പക്ഷെ ചിലപ്പോള്‍ ഇവ വിഷം തിന്നിട്ടു മച്ചിലോ, ചായ്പ്പിലോ ഒക്കെ ചത്തു കിടക്കും . നാറ്റം വന്നു തുണ്ടങ്ങുംബോഴാണ് അറിയുക . പിന്നെ അതിനെ തോണ്ടി എടുത്തു കുഴിച്ചിടുക ഒരു വല്ലാത്ത പണി തന്നെ .

ഉദയന്‍ എന്ന ചെങ്ങാതിയുടെ വീട്ടില്‍ വച്ച് ഈ വക ഇന്റര്‍ നാഷണല്‍ കാര്യങ്ങള്‍ ഡിസ്കാസ് ചെയ്ത് ടെന്‍ഷനടിച്ച് ഇരിക്കുമ്പോളാണ് അവന്റെ അമ്മ ഒരാശയം മുന്നോട്ടു വച്ചത് .

"ഇവിടെ ഒരു പൂച്ചയിണ്ട് , കൊണ്ട് പോയി നോക്ക് , നല്ല മിടുക്കിയാ , എലിയേം , പാറ്റേം കണ്ടാല്‍ അവള് വിടൂല്ല "

വാട്ട്‌ ആന്‍ ഐഡിയ സര്‍ ജി .. പൂച്ചയെ എപ്പോ പിടിചൂന്നു ചോദിച്ചാ മതിയല്ലോ . ആ പൂച്ചയെ എനിക്ക് ഡോനെറ്റ് ചെയ്തപ്പോള്‍ അവരുടെ ഒരു ദുഃഖ ഭാവം കാണെണ്ടത് തന്നെ. എന്നോടുള്ള സ്നേഹം കൊണ്ട് സ്വന്തം കരളു പറിച്ചു തരുന്ന പോലെ .

ഒരു കുറിഞ്ഞി പൂച്ച. ചാര നിറം . ഉണ്ട കണ്ണുകള്‍ . മെലിഞ്ഞ ശരീരം . പൂച്ചപ്പൂടകള്‍ എഴുന്നു നില്‍ക്കുന്നു . കണ്ടാല്‍ വല്യ ഓമനത്തമൊന്നും തോന്നുന്നില്ല . ഇണക്കമില്ലാത്ത പോലെ ഒരു തരം വന്യഭാവം.

ഞാന്‍ പിടിക്കാന്‍ ചെന്നതെ അത് ചീറി കൊണ്ട് വന്നു

"അതെണക്കം ഇല്ലാതോണ്ടാ ... ഇങ്ങട് വാ മോളെ ...തച്..തച്..തച്.." ഉദയന്റെ അമ്മ ഒരു നയത്തില്‍ അതിന്റെ കുഞ്ചിക്കഴുതില്‍ പിടി മുറുക്കി തൂക്കിപ്പിടിച്ചു . ഇപ്പോള്‍ പൂച്ച വായുവില്‍ കൈകാലുകള്‍ ഇട്ടടിച്ചു ആക്രോശിച്ചു തുടങ്ങി . "മ്യക്രു..ക്രുമ്മ്മ്.. ക്രാ.."

പരോപകാരമേ പുണ്യം എന്ന മട്ടില്‍ സ്നേഹസമ്പന്നയായ ഉദയന്റെ ചേടത്തിയമ്മ വേഗം തന്നെ കാലിയായ ഒരു അരി സഞ്ചി എടുത്തു കൊണ്ട് വന്നു വിടര്‍ത്തിപ്പിടിച്ചു ... പൂച്ച പായ്ക്ക് അപ്പ്‌ ആയി ..

അങ്ങനെ അന്യന്റെ പ്രശ്നം സ്വന്തം പ്രശ്നം പോലെ കണ്ടു പരിഹരിക്കുന്ന ആ കുടുംബം എന്നെയും പൂച്ചയെയും യാത്രയാക്കി .

അന്നെനിക്കൊരു Yesdi ബൈക്കാണ് ഉണ്ടായിരുന്നത് . ബൈക്കിന്റെ ഹാണ്ടിലില്‍ തൂക്കിയിട്ട അരിസഞ്ചിയില്‍ കിടന്നു പൂച്ച അതിനാലാവും വിധം പരാക്രമം കാണിച്ചു കൊണ്ടേയിരുന്നു

Yesdi യുടെ ഇടി വെട്ടു ശബ്ദത്തില്‍ പൂച്ചയുടെ പോയിട്ട് പുലിയുടെ പോലും ആക്രോശം
പുറത്തു വരില്ല . ഈ ശബ്ദം തോട്ടുവാ നിവാസികള്‍ക്ക് ചിരപരിചിതമായിരുന്നു . എന്റെ വരവും പോക്കും വീടിന്റെ അര കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളവര്‍ പോലും ഈ ശബ്ദത്തിലൂടെ മനസ്സിലാക്കിയിരുന്നു

മൃഗ സ്നേഹം കൂടിയിട്ടു ചിലപ്പോള്‍ ഞാന്‍ ചില പട്ടി കുഞ്ഞുങ്ങളെയും , പൂച്ചകളെയും ഒക്കെ റോട്ടില്‍ നിന്നോ , കൂട്ടുകാരുടെ വീട്ടില്‍ നിന്നോ ഒക്കെ കൊണ്ട് വന്നു വളര്‍ത്താറുണ്ട് .

അവ അയല്പക്ക സന്ദര്‍ശനം തുടങ്ങുമ്പോള്‍ .. സന്ദര്‍ശനം സ്ഥിരമാക്കുമ്പോള്‍ അയല്‍പക്കക്കാര്‍ ‍ അഥിതിക്ക് ഫ്യൂരടാന്‍, തൈമെറ്റ് തുടങ്ങിയ ഹെല്‍ത്ത്‌ മിക്സുകള്‍ ചേര്‍ത്ത പലഹാരങ്ങളൊക്കെ കൊടുത്തു എന്നെന്നെക്കുമായി സായൂജ്യം നല്‍കിയിരുന്നു .

എന്നത്തേയും പോലെ മൃഗ സ്നേഹം തുളുമ്പുന്ന മനസ്സുമായി വീട്ടിലെത്തിയപ്പോള്‍ അമ്മ എനിക്കെതിരെ ജാന്‍സി റാണിയായി, ഉണ്ണിയാര്‍ച്ചയായി......

" വീണ്ടും എന്ങാണ്ടുന്നു പെറുക്കി കൊണ്ട് വന്നേക്കുന്നു ഒരു ചീഞ്ഞ പൂച്ചയെ , ഇവനെ കൊണ്ട് മടുത്തല്ലോ എന്റെ ഈശ്വരാ, ഈ വഴീ കെടക്കണ മാരണങ്ങളെയൊക്കെ ഇങ്ങോട്ട് കൊണ്ട് വരരുതെന്ന് എത്ര പറഞ്ഞാലും കേള്‍ക്കൂലാ , പൂച്ച കാട്ടം വാരാന്‍ എന്നെ കിട്ടില്ല .. അവനവന്‍ തന്നെ വാരിക്കോണം " അമ്മയുടെ കണ്ട്രോള്‍ പോയി .

" അമ്മെ ...ഇവള് ബഹു മിടുക്കിയാ .. പാറ്റേം, എട്ടുകാലിയേം, എലിയേം ഒക്കെ പിടിക്കും. കട്ടു തിന്നേം പെരക്കാത്തു കാഷ്ടിക്കുകേം ഒന്നുമില്ലെന്നാ ഉദയന്റെ അമ്മ പറഞ്ഞെ . കുറച്ചു കഴിയുമ്പം അമ്മ തന്നെ പറയും ഇവളെ ഇങ്ങോട്ട് കൊണ്ട് വരാന്‍ എന്തെ ഇത്ര വൈകിയേ എന്ന് ..ന്ഹാ.. " ഞാന്‍ പൂച്ചയുടെ സ്വഭാവ ഗുണങ്ങള്‍ വിശദീകരിച്ചു .

"അങ്ങനെയൊക്കെ ആയിരുന്നാ പൂച്ചക്ക് കൊള്ളാം , നിനക്കും. എനീങ്കിലും എലീടെ ശല്യം കുറയോന്നറിയാലോ" അമ്മ ഒന്ന് മയപ്പെട്ടു

കാരണം എലികള്‍ , നെല്ല് തിന്നു ബോറടിച്ചിട്ടു തേങ്ങാ മുറിയും , എത്തക്കായും എന്ന് വേണ്ട അലക്ക് സോപ്പ് വരെ മാന്തി പറിച്ചു വക്കുന്നു . വീട്ടിലുള്ള ഒരുമാതിരി ചാക്കുകളൊക്കെ കരണ്ട് മുറിക്കുന്നു .

സകലവിധ സത്സ്വഭാവങ്ങളും നിറഞ്ഞ , സ്നേഹവതിയാണെന്നു എന്നെ തെറ്റിദ്ധരിപ്പിച്ച ആ ചക്കിപ്പൂച്ചക്ക് ഞാന്‍ "ചിമ്മു" എന്നൊരു കിടിലന്‍ പേരുമിട്ടു ..

അരി സഞ്ചി തുറന്ന വഴി പൂച്ച റോക്കറ്റ് പോലെ പാഞ്ഞു പോയി . പിന്നീടാ റോക്കെറ്റ്‌ രാത്രി മുഴുവന്‍ കാറി കരഞ്ഞു വീട്ടിലുള്ളവരുടെ മുഴുവന്‍ ഉറക്കം കെടുത്തി .

ഞാന്‍ മിണ്ടാതെ ഗാഡ നിദ്രയിലാണന്ന ഭാവത്തില്‍ കണ്ണടച്ച് കിടന്നു . ഭാര്യയുണ്ടോ വിടുന്നു .
"കള്ള ഒറക്കം നടിച്ചു കിടക്കുവാന്നെനിക്കറിയാം .. ... എങ്ങാണ്ടുന്നൊരു കാട്ടുമാക്കാനേം വലിച്ചോണ്ട് വന്നിട്ട്... ഈ ഒച്ച കേട്ട് കുഞ്ഞെങ്ങാനും ഉണര്‍ന്നാല്‍ രാത്രി മുഴുവന്‍ എടുത്തോണ്ട് നടന്നോണം, എന്നെ കൊണ്ട് പറ്റില്ല .. കേട്ടോ"

...ഹും ഇവളാണോ ഒരു ഭാര്യ .. !

കല്യാണം കഴിഞ്ഞു ഇവളുടെ വീട്ടില്‍ കുറെക്കാലത്തേക്ക് പൂച്ചയെപ്പേടിച്ചു ഞാന്‍ ശരിക്കും ഉറങ്ങിയിട്ടെ ഇല്ലായിരിന്നു . ഒന്നല്ല ...അഞ്ച് എണ്ണമായിരുന്നു അവിടെ ഉണ്ടായിരുന്നത്. രാത്രി നല്ല ഉറക്കത്തിലായിരിക്കും മച്ചിന്റെ ഇളകി മാറിയ പലകകള്‍ക്കിടയില്ലൂടെ നേരെ നെഞ്ജിലേക്ക് ഒറ്റച്ചാട്ടം .. ചിലപ്പോള്‍ തുടരെ തുടരെ ഓരോന്നായി ..

ആദ്യ ദിവസം ഒരെണ്ണം നെഞ്ജിലേക്ക് ചാടിയപ്പോള്‍ ഞാന്‍ ഞെട്ടിയെനീറ്റു. " ഹെന്റെ അമ്മേ...."
ലൈറ്റിട്ടു നോക്കിയപ്പോള്‍ ഒരു ചക്കി പൂച്ച . ബാക്കി ഗ്യാന്ഗ് മൊത്തം ഊഴം കാത്തു മുകളില്‍ ഇരിക്കുന്നുണ്ട്‌ ..

ഈ പറയുന്ന ഭാര്യ എണീറ്റ്‌ ആ തടിച്ചി പൂച്ചയെ എടുത്തു .. കൂടെ കിടത്തി കൊണ്ട് പറഞ്ഞു .." ഇവരെല്ലാം സാധാരണ എന്റെ കൂടെയാ കിടക്കാറ്‌... ഇവിടെ കിടന്നോട്ടെ ഇല്ലേ .."

സംതൃപ്തമായ ദാമ്പത്യത്തിനു ക്ഷമ വളരെ വേണ്ടതാണെന്ന പാഠ പുസ്തകത്തിന്റെ ആദ്യ പാഠം ഞാന്‍ അന്നു തുറന്നു നോക്കി . പിന്നീടാ പാഠ പുസ്തകം തുടരെ തുടരെ വായിച്ചു വായിച്ചു എനിക്ക് മനപാഠമായി.

ആ ടീമാണ് ഇപ്പോ എനിക്കിട്ടു പാര പണിയുന്നത് .. എന്ത് പറയാന്‍

ക്ഷമ പുസ്തകത്തിന്റെ വേറൊരു അദ്ധ്യായം തുറന്നു, ദേഷ്യം കടിച്ചമര്‍ത്തി കൊണ്ട് ഞാന്‍ പറഞ്ഞു " ഓ അത് വീട് മാറിയെന്റെയാ... ഇന്ന് മാത്രമേ ഈ പ്രശ്നം ഉണ്ടാകൂന്നെ .. ഇതിന്റെ കാറിച്ച കേട്ടെങ്കിലും എലികള്‍ പോകുമോന്ന് നോക്കാം . "..

ബട്ട്‌ എന്റെ കഷ്ടകാലത്തിന് ഇത്രേം വൃത്തികെട്ട ഒരു പൂച്ചയെ ഞാന്‍ അതിനു മുന്‍പോ പിന്‍പോ കണ്ടിട്ടുണ്ടായിരുന്നില്ല .

എലിയേം, പല്ലിയേം, പാറ്റേം പിടിക്ക പോയിട്ട് അവറ്റകളെ ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല ചിമ്മു ..

ഐ ഡോണ്ട് കെയര്‍ ... നിങ്ങള്‍ എന്താന്നു വെച്ചാ ആയിക്കോ മക്കളെ ! എന്ന മട്ടിലിരിക്കും

അത് പോകട്ടെ എന്ന് വെക്കാം , കട്ടു തീറ്റ അവളുടെ ഒരു സ്ഥിരം സ്വഭാവമായിരുന്നു.

പാല്‍ കട്ടു കുടിക്കുന്നതില്‍ അവള്‍ക്കു ഒരു പ്രത്യേക വൈദഗ്ദ്യം തന്നെയുണ്ടായിരുന്നു . മീന്‍ കറിയോ ഇറച്ചി കറിയോ ആണേല്‍ കട്ടു തിന്നുന്നതില്‍ പി എച്ച് ഡി എടുത്തിട്ടുണ്ടോ എന്ന് തോന്നിപ്പോകും ...

ചില ദിവസങ്ങളില്‍ വൈകിട്ടത്തെ ചായ ഗോ...വി....ന്ദ .. കട്ടന്‍ ചായയെ എങ്ങിനെ സ്നേഹിക്കാം എന്നാലോചിച്ചു ... ഗ്ലാസിലെ കറുത്ത ദ്രാവകത്തെ നോക്കിയിരിക്കുമ്പോള്‍ കേള്‍ക്കാം " ആ സാറ് വന്നോ .. ഇന്നു ചായ വേണ്ടേ .. പുന്നാര പൂച്ച കൊണ്ട് തരും കേട്ടോ .. ആ കള്ളി പൂച്ചേ പിടിച്ചു മടീലോട്ടിരുതിക്കോ .. ഹോ .. എന്തൊക്കെ ഗുണ ഗണങ്ങളായിരുന്നു.. കാച്ചി വെച്ച ..പാലെ ...ഒരു തുള്ളി പോലും വെക്കാതെ ..പാത്രം വരെ നക്കി തുടച്ചു വച്ചിട്ടുണ്ട് . "

അമ്മയോ.. അമ്മയെ വെല്ലുന്ന മരുമകളോ ആയിരിക്കും ഈ മധുര വാണി പൊഴിക്കുന്നത്.

ഇതെല്ലാം ചിമ്മുവിന്റെ പൊടി നമ്പറരുകളാണെങ്കില്‍ അവളുടെ ക്രൂര വിനോദം മറ്റൊന്നായിരുന്നു .

പകല്‍ മുഴുവന്‍ മുറ്റത്തും പറമ്പിലും അലഞ്ഞു നടന്നിട്ട് രാത്രി മുറിയുടെ മൂലകളില്‍ കാഷ്ടി‌ക്കുക എന്ന ഒരു റോക്കിംഗ് ....

ഇതിനെതിരെ അമ്മ സായുധ വിപ്ലവം നയിച്ചു ... ചൂലു കൊണ്ടുള്ള പ്രഹരം ചിമ്മുവിനെ കൂടുതല്‍ ജാഗ്രതയോടെ ജീവിക്കാന്‍ പഠിപ്പിച്ചു . "കസ്തൂരി മണക്കുന്നല്ലോ കാറ്റേ നീ വരുമ്പോള്‍ " എന്ന പാട്ടും പാടി ഓരോ മുറിയിലും ഞാന്‍ എന്റെ ഘ്രാണശക്തി വിപുലമാക്കി നോക്കി. ആരും കാണാതെ പൂച്ച കാഷ്ടം എടുത്തു കളഞ്ഞാ അത്രയും ബഹളം കുറഞ്ഞിരിക്കുമല്ലോ.

മാസം ഒന്ന് കഴിഞ്ഞപ്പോഴേക്കും ചിമ്മു ആളൊന്നു കൊഴുത്തു .. നല്ല ഫുഡ്‌ അടിയല്ലേ .. ആളൊരു കൊച്ചു മാര്‍ജാര സുന്ദരിയായി തുടങ്ങി.

നെല്ല് പത്തായത്തില്‍ ഉണ്ടേല്‍ എലി വയനാട്ടീന്നു വരെ ‍ വരും ..എന്ന് പറഞ്ഞ പോലെ ഇത് വരെ കണ്ടിട്ടില്ലാത്ത , ഈ എലികള്‍ ഇവിടെ തിമിര്‍ക്കുമ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാത്ത ഒരു മാര്‍ജാര യുവാവ് പ്രത്യക്ഷപ്പെട്ടിരിക്കുന്നു . ..

അവളുണ്ടോ മൈന്ട് ചെയ്യുന്നു .. .. അവഗണന സഹി കെട്ടിട്ടാവണം മാര്‍ജാര കോമളന്‍ രാത്രികളുടെ വൈകിയ യാമങ്ങളില്‍ , ഞങ്ങളുടെ എല്ലാവരുടെയും ഗാഡനിദ്രക്കു ഭംഗം വരുത്തികൊണ്ട് അവളെ പീഡിപ്പിക്കാന്‍ ‍ ശ്രമിച്ചു തുടങ്ങി .

അവള്‍ എതിര്‍ത്ത് നിന്നു .. എന്തിനു പറയുന്നു ആകെ ബഹളമയം...

ഒട്ടു മിക്ക രാത്രികളിലും എല്ലാവരും ഉറക്കമുണര്‍ന്നു ഈ കടും കൈ ചെയ്യുന്ന കണ്ടന്‍ പൂച്ചയെ ഓടിക്കേണ്ട ഗതി കേടിലായി.

ചിമ്മുവിന്റെ ആദ്യ കാലങ്ങളിലെ കരച്ചില്‍ ഒരു ശീലമായപ്പോള്‍, അത് വെറും നനഞ പടക്കമാണെന്ന് മനസ്സിലാക്കി എലികള്‍ പൂര്‍വ്വാധികം ശക്തിയോടെ സമ്മേളനങ്ങള്‍ ആരഭിച്ചിരുന്നു . അതിന്റെ കൂടെ ഈ പൂച്ചപ്പടയും കൂടെയായപ്പോള്‍ ..വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് പറഞ്ഞ പോലെ .

ഒരു ദിവസം അയല്പക്ക ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തികൊണ്ട് , ഒരു വീട്ടിലെ മാത്രമല്ല വേണ്ടി വന്നാല്‍ നാട്ടിലെയും സമാധാനം കെടുത്താന്‍ തനിക്കാവുമെന്നു ചിമ്മു തെളിയിച്ചു . തൊട്ടടുത്ത വീട്ടിലെ കുട്ടികള്‍ ഓമനിച്ചു വളര്‍ത്തിയ ഒരു തത്തമ്മ . ചിമ്മു കൂടിന്റെ വാതില്‍ തഞ്ചത്തില്‍ തുറന്നു തത്തമ്മയെ പിടിച്ചു തിന്നാന്‍ തുടങ്ങിയപ്പോഴേക്കും കുട്ടികള്‍ ‍ കണ്ടു. ചിമ്മുവിനെ തല്ലിയോടിച്ചു.

പക്ഷെ തത്ത ചത്തുപോയി . അവര്‍ക്ക് ഞങ്ങളോട് ചെറിയ നീരസവുമായി .

എലികളെ പിടിക്കുന്നത്‌ ഒരു പഴഞ്ചന്‍ ഏര്‍പ്പാട്‌ ആയതുകൊണ്ടാണോ എന്നറിയില്ല ..ചിമ്മു വേറൊരു പരിപാടി കണ്ടെത്തി .. അവളും മോഡേണ്‍ ആണെന്ന് പറയട്ടെ എന്നു കരുതിയാവും ..

പറമ്പില്‍ നിന്നും അരണയെ പിടിച്ചു ഇറയതിട്ടു ദോശ ചുടുന്നപോലെ തിരിച്ചിട്ടും മറിച്ചിട്ടും കളിക്കുന്ന മറ്റൊരു ടൈം പാസ്സ്‌ .....

പിന്നെ തവളകള്‍ . ഓന്തുകള്‍ .. ഒരിക്കല്‍ ഒരു പാവം അണ്ണാന്‍ കുഞ്ഞിനെയും ആ കഠോര മനസ്കയായ മാര്ജാരത്തി പിടിച്ചു തിന്നു കളഞ്ഞു . തന്റെ ധീര കൃത്യങ്ങള്‍ കണ്ടു എല്ലാവരും അഭിനന്ദിക്കട്ടെ എന്ന് കരുതിയെന്നോണം കഴിവതും എല്ലാവരുടെയും മുന്‍പില്‍ വച്ചാണ് ഈ പരിപാടികളില്‍ അധികവും . ഈ തിന്നതിന്റെ ഒക്കെ അവശിഷ്ടങ്ങള്‍ .. എന്നെ വീട്ടുകാരുടെ മുന്‍പില്‍ ക്രൂശിക്കാന്‍ ഇട്ടു കൊടുക്കുക എന്ന ലക്ഷ്യത്തോടെ ഉപേക്ഷിച്ചിട്ട് പോകും .

ഈ കളിയുടെ അതി ഭീകരമായ ഒരൈറ്റം അവതരിപ്പിച്ചതോടെ അവളുടെ നാടകത്തിനു തിരശീല വീണു.

ഒരു ഉച്ചയുറക്കത്തിലായിരുന്ന ‍ ഞാന്‍ ഒരു സീല്‍ക്കാരം കേട്ടു ഞെട്ടിയുണര്‍ന്നപ്പോള്‍ ഒരു പച്ചില പാമ്പ് തൊട്ടടുത്ത്‌ തലയുയര്‍ത്തി നില്‍ക്കുന്നു . അതിന്റെ വാലറ്റം ചിമ്മുവിന്റെ വായില്‍ .. "ഹെന്റമ്മോ .." ഞാന്‍ അലറി .. ചിമ്മുവിനുണ്ടോ കൂസല്‍ .. ഈ പേടി തോന്ടനെ കാണിക്കാന്‍ വന്ന എന്നെ വേണം തല്ലാന്‍ എന്ന മട്ടില്‍ പാമ്പിനെയും കൊണ്ട് ഓടി മറഞ്ഞു .

ഈക്കളി ഇനി വിട്ടാല്‍ പറ്റില്ലെന്ന് എനിക്കുറപ്പായി .

അച്ഛനും,അമ്മയും, അനിയനും എന്തിനേറെ എന്റെ പ്രിയതമ പോലും എനിക്കെതിരെ പട നയിച്ചു .

"എങ്ങാണ്ട് തോട്ടിലോഴുക്കാന്‍ വച്ചേരുന്ന സാധനത്തിനെ ഏറ്റെടുതോണ്ട് വന്നേക്കുന്നു .. .. അവരെങ്ങണ്ട് ശല്യം കാരണം ഒഴിവാക്കാന്‍ ഇരുന്നതായിരിക്കും. ഇവനല്ലാതെ വേറെ ആരേലും ഈ നശൂലം പിടിച്ചേനെ കൊണ്ട് വരോ."

"എങ്ങനെ പേടിച്ചിട്ടു വീട്ടിക്കെടന്നുറങ്ങും ... ആ പച്ചില പാമ്പ് പനിറാന്നു പറയണ പാമ്പാ.. പറന്നു വന്നു കണ്ണില്‍ കൊത്തണ എനം "

"ഈ സാധനത്തിനെ നീ തിരിച്ചു കൊണ്ട് വിടുന്നോ ..അതോ ഞാന്‍ തല്ലി കൊല്ലണോ?” അച്ഛന്‍ അന്ത്യശാസനം നല്‍കി.


" വല്ല മുന്‍ജന്മ ശത്രുക്കളുടെം പുനര്‍ജന്മമായിരിക്കോ എന്തോ ? അല്ലാണ്ട് ഒരു പൂച്ചക്ക് ഇത്രയ്ക്കു ദ്രോഹം ചെയ്യാന്‍ പറ്റുവോ " അമ്മയുടെ സംശയം ന്യായം തന്നെ എന്നെനിക്കു തോന്നി .. അത്രക്കല്ലേ ഈ കില്ല പൂച്ച ചെയ്തു കൂട്ടിയെക്കുന്നെ .

ഇത് തീക്കളി തന്നെ .. ഇനി ഇവളെ വച്ചോന്ടിരുന്നാല്‍ മനസ്സമാധാനം മാത്രമല്ല ജീവനും അപകടത്തിലാവും എന്ന് തിരിച്ചറിഞ്ഞ ഞാന്‍ ചിമ്മുവിനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു .

ഉദയന്റെ വീട്ടില്‍ തിരിച്ചു കൊണ്ട് വിട്ടു ഒരു സൌഹൃദം തകര്‍ക്കേണ്ടെന്നു എനിക്ക് തോന്നി . വേറെ എവിടെയെങ്കിലും കൊണ്ട് കളയാം .

ഒടുവില്‍ അന്നു രാത്രിയില്‍ ഉണക്ക മീന്‍ കാട്ടി വശീകരിച്ചു, ആ പഴയ അരിസഞ്ചിയില്‍ തന്നെ പിടിച്ചിട്ടു ചിമ്മുവ്നിനെ ഞാന്‍ പതിനഞ്ച് കിലോമീറെര്‍ ദൂരം ബൈക്കോടിച്ചു കൊണ്ട് പോയി നാട് കടത്തി .

ഒരു തട്ടു കടയുടെ അടുത്താണവളെ ഉപേക്ഷിച്ചത്. വല്ല വേസ്റ്റു തിന്നാണെങ്കിലും പട്ടിണി കിടക്കാതിരിക്കട്ടെ.

വല്ലാത്ത സങ്കടത്തോടെ തിരിഞ്ഞു തിരിഞ്ഞു നോക്കികൊണ്ടാണ്‌ ഞാന്‍ വണ്ടിയില്‍ തിരിച്ചു
വന്നു കയറിയത് . പക്ഷെ ചിമ്മുവിനൊരു കൂസലുമില്ല .

അവള്‍ ഇത് പ്രതീക്ഷിചിരുന്നതാണെന്നു തോന്നി . "ഒരു ചേഞ്ച്‌ ആര്‍ക്കാനിഷ്ടമില്ലാത്തത്" എന്ന മട്ടില്‍ അവള്‍ നടന്നകന്നു...

20 comments:

ശാരദ നിലാവ് said...

സംതൃപ്തമായ ദാമ്പത്യത്തിനു ക്ഷമ വളരെ വേണ്ടതാണെന്ന പാഠ പുസ്തകത്തിന്റെ ആദ്യ പാഠം ഞാന്‍ അന്നു തുറന്നു നോക്കി . പിന്നീടാ പാഠ പുസ്തകം തുടരെ തുടരെ വായിച്ചു വായിച്ചു എനിക്ക് മനപാഠമായി.

അരുണ്‍ കായംകുളം said...

നന്നായിരിക്കുന്നു.ഓഫീസിലിരുന്നാ വായിച്ചത്.വളരെ ടച്ചിംഗ്

ശ്രീ said...

ചിമ്മു അപകടകാരി ആയിരുന്നല്ലേ? പൊതുവേ പുച്ചകള്‍ അത്ര ശല്യക്കാരാകാറില്ല.

എന്റെ വീട്ടില്‍ ഉണ്ടായിരുന്നവ എല്ലാം വളരെ ഡീസന്റ് ആയിരുന്നു. :)

ഇഞ്ചൂരാന്‍ said...

നല്ല സരസമായ ഒഴുക്ക് ,നന്നായിരിക്കുന്നു സുനില്‍ മാഷെ . പിന്നെ വീട്ടില്‍ വന്നപ്പോഴേക്കും പൂച്ച തിരിച്ചു വന്നില്ലേ ?
ഞാനിത് വായിച്ചു പുഞ്ഞിരിക്കുമ്പോള്‍ ആ ഫിലിപിനി പെണ്ണ് എനിക്ക് ഭ്രാന്ത് പിടിച്ചോ ?? എന്നുള്ള ഭാവത്തില്‍ നോക്കുന്നു.

ഇഞ്ചൂരാന്‍ said...

നല്ല സരസമായ ഒഴുക്ക് ,നന്നായിരിക്കുന്നു സുനില്‍ മാഷെ . പിന്നെ വീട്ടില്‍ വന്നപ്പോഴേക്കും പൂച്ച തിരിച്ചു വന്നില്ലേ ?
ഞാനിത് വായിച്ചു പുഞ്ഞിരിക്കുമ്പോള്‍ ആ ഫിലിപിനി പെണ്ണ് എനിക്ക് ഭ്രാന്ത് പിടിച്ചോ ?? എന്നുള്ള ഭാവത്തില്‍ നോക്കുന്നു.
ഹ ഹ.

!!!!ഗോപിക്കുട്ടന്‍!!Gopikuttan!!!! said...

എന്റെ പൂച്ചയുടെ പേര്‌ ചിന്നു എന്നായിരുന്നു. പാവം ഒരു കണ്ടന്‍ പൂച്ച ഓടിച്ച് കീണറ്റില്‍ വീഴ്ത്തുകയായിരുന്നു. പക്ഷേ എല്ലാരും പറയുന്നത് ചിന്നു പെണ്ണല്ല ആണാണ്‌ എന്നാണ്‌. എന്തായാലും സുനിലേട്ടന്റെ പോസ്റ്റ് വായിച്ചപ്പോള്‍ ഒരു സങ്കടം തോന്നി. ഇഷ്ട്ടായിട്ടോ!

krish | കൃഷ് said...

ha ha.. rasakaram.

കുമാരന്‍ | kumaran said...

മനോഹരമായ എഴുത്ത്. നല്ല പോസ്റ്റ്.

ramaniga said...

സുനില്‍
നന്നായിരിക്കുന്നു

വാഴക്കോടന്‍ ‍// vazhakodan said...

നന്നായിരിക്കുന്നു,മനോഹരമായ എഴുത്ത്.
ഇഷ്ട്ടായിട്ടോ!!!

മുരളിക... said...

എന്റെ പോന്നുവിനോളം വരില്ല മാഷേ എന്നാലും ഈ ചിമ്മു..

Typist | എഴുത്തുകാരി said...

ഇഷ്ടായി പൂച്ചവിശേഷം.

the man to walk with said...

haha ishtaayi

ബഷീര്‍ വെള്ളറക്കാട്‌ / pb said...

പൂച്ചപുരാണം നന്നായി :)

Areekkodan | അരീക്കോടന്‍ said...

മനോഹരമായ എഴുത്ത്.

siva // ശിവ said...

നല്ല അവതരണം...

കുഞ്ഞന്‍ said...

സുനില്‍ മാഷെ..

ഈ പൂച്ച പുരാണം രസകരമായിട്ടൊ..ചിലപ്പോള്‍ ആ ക്യാറ്റത്തി കൈക്കുലി വാങ്ങിയിട്ടുണ്ടാകും റാറ്റത്തികളുടെയടുത്തുനിന്ന്. മ്യാവൂ...മ്യാവു...

ഗന്ധർവൻ said...

:0)

ചേച്ചിപ്പെണ്ണ് said...

നല്ല പോസ്റ്റ്‌
എന്റെ വീട്ടിലെ മിണ്ടാ പ്രാണികളെ കുറിച്ച് ഞാനും ഒരു പോസ്റ്റ്‌ ഇട്ടിട്ടുണ്ട് ...

saleem said...

''എലികല്ളുടെ തിരുവാതിര കളിക്ക് നിലവിളക്ക് കത്തിച്ചത് ആരാ ,.. നിലാവാണോ ?'' പൊട്ടിയ ഓടിനിടയിലൂടെ അരിച്ചിറങ്ങുന്ന നിലാവ് മച്ചില്‍ തട്ടുമ്പോള്‍ വിളക്ക് കത്തിച്ചു വെച്ചതാന്നോന്നു തോന്നിയിട്ടുണ്ട് പലപ്പോഴും . ആ സ്മരണകള്‍ ഉണര്‍ത്തിയതിന് നന്ദി ,... ദൈവം അനുഗ്രഹിക്കട്ടെ !! (ചിരിച്ചുപോയി കേട്ടോ )