http://www.cyberjalakam.com

ജാലകം

Tuesday, June 30, 2009

എ മിസ്ട് കാള്‍ ഫോര്‍ യു ..

ഇന്ന് ദോഹ ഒരു പൊടിക്കാറ്റൊടെയാണ് ഉണര്‍ന്നത് തന്നെ . നാലുമണിയോടെ തന്നെ സൂര്യന്‍ ഉദിചെന്ന് തോന്നുന്നു . ഒരു മിസ്ട് കാള്‍ കേട്ടു ഉറക്കമുണര്‍ന്നപ്പോള്‍ വാതില്‍ പഴുതിലൂടെ പകല്‍ വെളിച്ചം കടന്നു വരുന്നുണ്ടായിരുന്നു . സമയം നാലുമണി ആയിട്ടെ ഉള്ളു . വെകേഷന് നാട്ടില്‍ പോയ വടകരക്കാരന്‍ മണിച്ചേട്ടന്റെയാണ് കാള്‍ . മൂപ്പര്‍ ആറരക്കു വടകരയില്‍ പള്ളിയുണര്‍ന്നു എന്നറിയിക്കാനാവും .


സാധാരണ പ്രിയതമയുടെ അഞ്ചരക്കുള്ള മിസ്ട് കാള്‍ കേട്ടാണ് ഉണരാറുള്ളതു . മിസ്ട് കാള്‍ ജീവിതത്തിലെ ഒരു അനിവാര്യ ഘടകമായി മാറിയിരിക്കുന്നു . എന്റെ മാത്രമല്ല എല്ലാ പ്രവാസികളുടെയും അങ്ങനെ ആണെന്ന് തോന്നുന്നു .
ഓരോരുത്തരുടെയും നാട്ടിലുള്ള ഭാര്യമാര്‍ ഉണരുമ്പോള്‍ , ഉണ്ണുമ്പോള്‍ , ഉറങ്ങുമ്പോള്‍ , ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ , കുഞ്ഞുങ്ങള്‍ മുലകുടിച്ചുറങ്ങുമ്പോള്‍ , സ്മരണകളുടെ , വികാര തള്ളിച്ചകളുടെ ഒക്കെ മിസ്ട് കാള്‍ വന്നു കൊണ്ടേയിരിക്കും .

കൂട്ട് കുടുംബമാണേല്‍ മിസ്ട് കാളിന്റെ എണ്ണം കൂടും . അമ്മായി അമ്മയോ , നാത്തൂനോ ഒക്കെ ഉടക്കുണ്ടാക്കിയതിന്റെ ബാക്കി പത്രങ്ങള്‍ .

മിസ്ട് കാളിന്റെ എണ്ണം ഇങ്ങനെയൊക്കെ അര്‍ഥം വ്യാഖ്യാനിക്കും .
ഒറ്റ മിസ്ട് കാള്‍ ചുമ്മാ .. ആസ് യൂഷ്വല്‍ .. രണ്ടെണ്ണം അടുപ്പിചാണേല്‍ വല്ലാത്ത മിസ്സിംഗ്‌ .. ചിലപ്പോള്‍ വികാര പരവശമായ ഒരു ചുംബനം കൂടി അതിന്റെ ഒപ്പം ഉണ്ടെന്നു കണക്ക് കൂട്ടണം .

മൂന്നു മിസ്ട് കാള്‍ ആണെങ്കില്‍ " എന്നെ തിരിച്ചു വിളിക്കൂ .. ഇപ്പോള്‍ ഇവിടെ ആരും ഇല്ല .. അമ്മ കുളിക്കുകയോ അല്ലെങ്കില്‍ പുറത്തെവിടെയോ ആണ് .. അല്ലെങ്കില്‍ ഞാന്‍ എന്റെ വീട്ടില്‍ വന്നു .. ഇനി സൌകര്യംമായി സൊളളാം.. " ഇങ്ങനെയൊക്കെ മനസ്സിലാക്കാം .

നാട്ടില്‍ വെകെഷന് പോകുന്നവര്‍ക്കുമുണ്ട് മിസ്‌ട് കാളുകള്‍ .. നാട്ടില്‍ അവന്‍ ഭാര്യയോടോതുറങ്ങുന്ന സമയം മനസ്സില്‍ കണ്ടു ..ചില മിസ്‌ട് കാളുകള്‍ .. പ്രവാസി സുഹൃത്തുക്കളുടെ വക .. ഞങള്‍ ഇതൊക്കെ മനസ്സില്‍ കാണുന്നുണ്ട് എന്നറിയിക്കാന്‍ എന്ന വണ്ണം .

വെകേഷന്‍ കഴിഞ്ഞു തിരിക്കുന്നതിനു മുന്‍പ് അവിടെ നിന്നും മിസ്‌ട് കാളുകള്‍ ... ഞാന്‍ വരാറായി .. എന്റെ സമയം തീര്‍ന്നു കൊണ്ടിരിക്കുന്നു .. ഞാന്‍ നിങ്ങളെ മറന്നിട്ടില്ല .. എന്നെല്ലാം നമുക്ക് വ്യാഖ്യാനിക്കാം .

എല്ലാവരും ഭാര്യമാരുടെ വിളികള്‍ക്ക് പ്രത്യേക റിംഗ് ടോണുകള്‍ സെറ്റ് ചെയ്തിട്ടുണ്ടാവും . എല്ലാം തന്നെ പ്രണയ ഗാനങ്ങള്‍ . അത് ജാതി, മത, ഭാഷ , സാഹിത്യ അഭിരുചികള്‍ക്കനുസരിച്ചു .

"എന്റെയുള്ളില്‍ നീയാണ് , നെഞ്ചിനുള്ളില്‍ നീയാണ് "

"മുച്ചേ യാദ് രഹാ നാ .."

"നീ യെന്റെതല്ലേ ... ഞാന്‍ നിയെന്റെതല്ലേ .."

മുറിയിലുള്ള ഒരാള്‍ ഫോണ്‍ ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ കഴിവതും ശ്രദ്ധിക്കാതിരിക്കും .
മറ്റുള്ളവരുടെ ഫോണ്‍ സംഭാക്ഷണങ്ങള്‍ കാതോര്‍ക്കുന്നത് സ്വകാര്യതയിന്‍മേലുള്ള ഔപചാരികതയില്ലായ്മയാകയാല്‍ ആരും അതിനു കാതോര്‍ക്കാറില്ല . എങ്കില്‍തന്നെയും ചില വിരഹത്തിന്റെ , ഏകാന്തതയുടെ , ഉത്കണ്ടകളുടെ തേങ്ങലുകള്‍ നെഞ്ചിനെ നോവിച്ചുകൊണ്ട് കാതില്‍ വന്നലക്കാറുണ്ട്.

ചിലപ്പോള്‍ , പ്രണയത്തിന്റെ കാതര ശബ്ദങ്ങള്‍‍, രതിയുടെ സീല്‍ക്കാരങ്ങള്‍ , ചുംബനങ്ങളുടെ മര്‍മരങ്ങള്‍ മുറിയിലാകെ കാല്പനീകത നിറക്കുന്നു.

കുഞ്ഞുങ്ങളുടെ കളികൊന്ജലുകള്‍ , പൊട്ടിച്ചിരികള്‍ റൂമില്‍ ഒരു ബാല്യം നിറക്കുന്നു ..

"മോനെ കുട്ടായി ഇത് വാപ്പചിയാടാ .. മോന് സുഖമല്ലേ "

തെല്ലു നേരത്തെ നിശ്ശബ്ദത - അവന്‍ ഓര്‍മ്മയില്‍ ബാപ്പയുടെ മുഖം തിരയുകയാവാം.. ഒരു കൊല്ലം മുന്‍പ് വന്നു പോയതല്ലേ .. അന്നവന് രണ്ടു വയസ്സല്ലേ ഉണ്ടായിരുന്നുള്ളൂ ..
പിന്നെ ഓര്‍മ്മയില്‍ നിറമുള്ള ചോക്ലേറ്റുകളും , കളിപ്പാട്ടങ്ങളും കടന്നു വന്നു കാണണം .. ഒപ്പം ഉമ്മ ഫോട്ടോയില്‍ ചൂണ്ടിക്കാണിച്ചു തരാറുള്ള മുഖവും ..

"ങാ ബാപ്പച്ചി …. ബാപ്പച്ചി ഇനി വരുമ്പോ നിക്ക് പച്ച നിറോള്ള ജീപ്പ് കൊണ്ട് വരോ?”

നിര്‍ജീവങ്ങളായ കളിപ്പാട്ടങ്ങള്‍ പിതൃ സ്നേഹത്തിന്റെ ഓര്‍മ്മകളെ സജീവമാക്കുമ്പോള്‍ ഒരു ധന്യത സഹമുറിയന്റെ മുഖത്ത് വിരിഞ്ഞടരുന്നത് കാണാം .

മറ്റു ചിലപ്പോള്‍ കുടുംബ പ്രശ്നങളുടെ സങ്കീര്‍ണ്ണമായ കുരുക്കുകളിഴിക്കാന്‍ കൂലംകഷമായ കൂടിയാലോചനകളും , പ്രശ്നപരിഹാരങ്ങളും ഫോണ്‍ കാളുകള്‍ക്കൊടുവില്‍ വേണ്ടി വന്നേക്കാം .

പുറത്തു മരുഭൂമിയുടെ വന്യമായ ഗന്ധം പ്രസരിപ്പിക്കുന്ന ഉഷ്ണക്കാറ്റടിക്കുമ്പോള്‍, മുറിക്കകത്ത് പച്ചയായ, യാഥാര്ത്യങ്ങളുടെ ത്രസിപ്പിക്കുന്ന, ജീവിത ഗന്ധിയായ കാറ്റുറങാന്‍ ശ്രമിക്കുന്നു. സ്വപ്നങ്ങളുടെ , പ്രതീക്ഷകളുടെ ഒക്കെ കനമുള്ള പുതപ്പിനടിയില്‍ മയങ്ങാന്‍ കൊതിക്കുന്നു .

ഇങ്ങനെ എത്രയോ പേര്‍ ഇവിടെ ഇണകളെപ്പിരിഞ്ഞു തനിച്ചു താമസിക്കുന്നു. ഏകാകികളായ ഈ പുരുഷ ജന്മങ്ങളുടെ , വിരഹവും , രതിയുമാണോ കാറ്റിനെ ഇത്ര കണ്ടു ചൂടുറ്റതാക്കുന്നത് ?

ഈ കാറ്റല്ലേ ഈന്തപ്പനകളുടെ പെണ്‍ പൂക്കളില്‍ പരാഗണം നടത്തുന്നത് ..?

നിനവില്‍ , നിദ്രയില്‍ , ചിന്തയില്‍, നേരംമ്പോക്കിനായുള്ള നര്‍മ്മ സല്ലാപങ്ങളില്‍, ചില നേരങ്ങളില്‍ നിശ്വാസങ്ങളില്‍ പോലും സ്ത്രീകള്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ഉന്മത്തമാകുന്ന പൌരുഷം , കാറ്റില്‍ കലര്‍ന്നു പരാഗണത്തെ പരിപോഷിക്കുന്നുണ്ടാകുമോ ? അറിയില്ല ..

എന്തായാലും ഒന്നുറപ്പാണ് .

വാചാലമായ മൌനം പോലെ , ചില മണി നാദങ്ങളാല്‍ , വശ്യങ്ങളായ വരികളാല്‍ മുഖരിതമാകുന്ന ഈ മിസ്‌ട് കാളുകള്‍ മനസ്സിലുയരുന്ന ഉഷ്ണക്കാറ്റുകളെ ശീതീകരിക്കുന്നു .. അതിന്റെ അനുരണങ്ങള്‍ അങ്ങകലെ മണ്സൂണില്‍ നനഞ്ഞുറങ്ങുന്ന ഹൃദയങ്ങളില്‍ ഇളം ചൂടു പകരുന്നു ..

17 comments:

നിലാവ് said...
This comment has been removed by the author.
നിലാവ് said...

വാചാലമായി വ്യാഖ്യാനിക്കാവുന്ന ചില മൌനം പോലെ , മണി നാദങ്ങളാല്‍ , വശ്യങ്ങളായ വരികളാല്‍ മുഖരിതമാകുന്ന ഈ മിസ്‌ട് കാളുകള്‍ മനസ്സിലുയരുന്ന ഉഷ്ണക്കാറ്റുകളെ ശീതീകരിക്കുന്നു .. അതിന്റെ അനുരണങ്ങള്‍ അങ്ങകലെ മണ്സൂണില്‍ നനഞ്ഞുറങ്ങുന്ന ഹൃദയങ്ങളില്‍ ഇളം ചൂടു പകരുന്നു ..

കൊട്ടോട്ടിക്കാരന്‍... said...

മിസ്ഡ് കാളും ഉഷ്ണക്കാറ്റും തമ്മില്‍ ബന്ധമുണ്ടെന്നു മനസ്സിലായി...!

നന്നായിട്ടുണ്ട്...

Patchikutty said...

ശാരദനിലാവേ, ഒത്തിരി വിരഹം ഒന്നും ഇല്ലായിരുന്നെങ്കിലും വിവാഹത്തിന് മുന്‍പു ഒരിത്തിരി നാള്‍ ഞാനും ഈ മിസ്കോള്‍ പരിപാടി ചെയ്തിട്ടുണ്ട് അതൊക്കെ ഒന്ന് ഓര്‍ത്തു. ഫോണ്‍ ആണല്ലോ ഇന്നു നമ്മെ നാട്ടിലുള്ള നമ്മുടെ പ്രിയപെട്ടവരുമായി ചേര്‍ത്ത് നിര്‍ത്തുന്നത്‌...ഒന്നാലോചിച്ചു നോക്കിക്കേ മാസത്തില്‍ ഒരു കത്തും അഞ്ചും കൊല്ലം കൂടുമ്പോ കിട്ടുന്ന മുപ്പതു ദിവസ്സത്തെ അവധിയും ഒക്കെ ആയിരുന്ന കാലത്തേക്കാള്‍ ഒന്നുമില്ലന്കിലും ഉറങ്ങുമ്പോ, ഉറങ്ങാതപ്പോ, ഉണരുമ്പോ, ഒക്കെ അറിയാല്ലോ. പക്ഷെ ഇതൊക്കെ ഉണ്ടായിട്ടും വിവാഹ മോചനങ്ങളും, വിശ്വാസ വന്‍ചനകും, കുടംബ കലഹങ്ങളും, തമ്മില്‍ തല്ലും ഒക്കെ ഇന്നല്ലേ കൂടുതല്‍...അതും ഒരു സത്യം.

Patchikutty said...

കൂടെ ഒരു ചോദ്യം നാട്ടില്‍ പൊയ് വന്നപ്പോ മുടി വച്ച് പിടിപ്പിച്ചോ അതോ വേറെ വല്ലോരുടെം പോട്ടം ആണോ ? :-) വെറുതെ ഒരു കൌതുകം അതാ ചോദിച്ചേ.

khader patteppadam said...

തോട്ടുവക്കാരന്‍ മി.സുനില്‍ , 'മിസ്ഡ് കോള്‍'കണ്ടു. 'ടോക്ക്'കോളിനേക്കാള്‍ വാചാലമല്ലെ 'മിസ്ഡു' കോള്‍..? ഒതുക്കിപ്പിടിച്ച അര്‍ത്ഥ തലങ്ങളുടെ മൌന രാഗങ്ങളാണു 'മിസ്ഡ് കോളു'കള്‍ പലര്‍ക്കും. നന്ദി. നന്മ വരട്ടെ.

കുഞ്ഞന്‍ said...

മാഷെ,

മിസ്ഡ് കാളില്ക്കൂടി‍ ഉണ്ടാകുന്ന വികാരങ്ങള്‍ സംജ്ഞകള്‍ ഭാഷകള്‍ എല്ലാം നല്ലവണ്ണം അവതരിപ്പിച്ചെങ്കിലും, അവസാന ഭാഗത്തെത്തിയപ്പോള്‍ മിസ്ഡ് കാളില്‍ നിന്നും ലൈവ് കാളിലേക്ക് മാറിപ്പോയല്ലൊ സുനില്‍ ഭായി. രണ്ടും ഒറ്റനോട്ടത്തില്‍ തമ്മില്‍ ബന്ധമുണ്ടെങ്കിലും, അവസാന ഭാഗത്തില്‍ പറയുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും ഒരു പ്രവാസിയുടെ നെഞ്ചിലെ നെരിപ്പോടിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

Vinod said...

Nannayittund.
Nattil poyi vanna sesham virahavedana koodiyalle.

നിലാവ് said...

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്ക്കും നന്ദി ...
ഫോട്ടോ എന്റേത് തന്നെ .. നാട്ടില്‍ ചെന്നപ്പോള്‍ ഒരെണ്ണ തേച്ചു .. കുന്തളകാന്തി, നിബിടതാലാദി, ധുര്‍ദൂര പത്രാദി, നീല ഭ്രിന്ഗാദി ഇവയെല്ലാം സമം തേച്ചപ്പോള്‍ ..ദാ മുടിയങ്ങനെ തഴച്ചു വളരുന്നു ..ശൊറോ ശൊറോന്നു..
പിന്നെ ഗള്‍ഫ്‌ ഗേറ്റ് എന്ന ഓര് സാധനം വച്ചപ്പോ സംഭവം ഉഷാറായി ..

പിന്നെ കലഹവും , വഞ്ചനയും , വേര്‍പിരിയലും ഒക്കെ പ്രണയം ഇല്ലാത്തത് കൊണ്ടാണ് .. തീവ്രമായി പ്രണയിക്കുന്നവരെ , സ്നേഹിക്കുന്നവരെ ആര്‍ക്കാണ് വെറുക്കാന്‍ അല്ലെങ്കില്‍ ഉപേക്ഷിക്കാന്‍ , വഞ്ചിക്കാന്‍ ഒക്കെ കഴിയുക ..

അതല്ലേ കവി പാടിയത്

" ഒരൊറ്റ മതമുണ്ട്‌ ഉലകിന്നുയരാന്‍
പ്രേമമതൊന്നല്ലോ..
പരക്കെ നമ്മെ പാലമൃതൂട്ടും
പാര്‍വണ ശശി ബിംബം"

അരുണ്‍ കായംകുളം said...

ടെന്‍ഷനായി നില്‍ക്കുമ്പോള്‍ പ്രിയതമയുടെ മിസ്സ് കാള്‍ ഒരു സ്വാന്തനമാകാം,
പെന്‍ഷനായി ഇരിക്കുമ്പോള്‍ മകളുടെ മിസ്സ് കാള്‍ ഒരു സന്തോഷമാകാം,
ഫാഷനായി നില്‍ക്കുമ്പോള്‍ ലൌവറുടെ മിസ്സ് കാള്‍ ഒരു സ്റ്റൈലാകാം.

അങ്ങനെ അങ്ങനെ മിസ്സ് കാളിനു എത്ര അര്‍ത്ഥങ്ങള്‍!!

ബ്ലോത്രം said...

വല്ലാത്ത മിസ്ഡ് കോള്‍..

;)

കുമാരന്‍ | kumaran said...

പ്രവാസികളുടെ ദു:ഖത്തെ ഘനീഭവിക്കുമെങ്കിൽ മിസ്സ്ഡ് കാൾ എല്ലാവരും ചെയ്യട്ടെ.

VEERU said...

Dear Sunil,
ippolanu ivide ethiyathu...ellam ottayadikku vaayichu theerthu...manoharamayi ezhuthiyirikkunnu...pinne kilimanjaroyil aathma kathamshamundo?? nadanna sambhavam thanyaano?

ശാരദ നിലാവ് said...

വീരു ,
നീലം മാങ്ങകളുടെ , ഉദയ്‌ ഗുരുങ്ങിന്റെ , അപര്‍ണയുടെ , വിജയ നഗര സാമ്രാജ്യത്തിന്റെ പിന്തുടര്ച്ചക്കാരുടെ ഒക്കെ ഗ്രാമമായ കിളിമന്ജാരോ തികച്ചും സാങ്കല്‍പ്പീകമായ ഗ്രാമമാണ് . കഥാ പാത്രങ്ങളും അങ്ങനെ തന്നെ . ചിലയിടങ്ങളില്‍ ആത്മകഥാപരമായ ചില സന്ദര്‍ഭങ്ങള്‍ ഇല്ലാതില്ല .

ഇതെല്ലാം ഒറ്റയടിക്ക് വായിച്ചു തീര്‍ത്ത താങ്കളെ സമ്മതിക്കണം .. വളരെ സന്തോഷം തോന്നി .

വിജയലക്ഷ്മി said...

ee post nannaayirikkunnu mone ..

kunjadu said...
This comment has been removed by the author.
സൂത്രന്‍..!! said...

മൌന നൊമ്പരങ്ങള്‍ .... ഞാന്‍ ബാച്ചിയാണ് റൂമിലെ മറ്റുള്ളവര്‍ എല്ലാം വിവാഹിതരും അതിനാല്‍ എനിക്കറിയാം ഇപ്പറഞ്ഞത്‌ സത്യം ..